മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം

അബൂറാഷിദ അൽകാസിമി കുടയത്തൂർ

2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20

(ഭാഗം:2)

മാതൃകാപരമായ ലജ്ജ

അബൂ സഈദുൽ ഖുദ്‌രിയ്യ്(റ) പറയുന്നു: “മണിയറയിലെ മണവാട്ടിയെക്കാൾ കൂടുതൽ ലജ്ജയുള്ള ആളായിരുന്നു നബിﷺ. അനിഷ്ടസഷമായ എന്തെങ്കിലും കണ്ടാൽ അവിടുത്തെ മുഖത്തിൽനിന്ന് നമുക്കത് മനസ്സിലാകുമായിരുന്നു’’ (ബുഖാരി).

കരുണയും അലിവും

“ലോകത്തിനു കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല’’ (21:107).

അബൂദർറ്(റ) പറയുന്നു: “നബിﷺ ഒരിക്കൽ രാത്രിയിൽ നമസ്‌കരിക്കവേ പ്രഭാതമാകുന്നതുവരെ ഒരേ ആയത്ത് ഓതിക്കൊണ്ടിരുന്നു. അങ്ങനെ റുകൂഉും സുജൂദും നിർവഹിച്ചു.’’ ‘നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ തീർച്ചയായും അവർ നിന്റെ ദാസന്മാരാണല്ലോ. നീ അവർക്ക് പൊറുത്തുകൊടുക്കുകയാണെങ്കിൽ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും’ (5:118). പ്രഭാതമായപ്പോൾ ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, പ്രഭാതമാകുന്നതുവരെ അവിടുന്ന് ഈ ആയത്ത് ഓതിക്കൊണ്ടേയിരുന്നു. അതുകൊണ്ട് അങ്ങ് രണ്ടു റുകൂഉം സുജൂദും നിർവഹിച്ചു.’ നബിﷺ പറഞ്ഞു: ‘നിശ്ചയം, എന്റെ ഉമ്മത്തിന് വേണ്ടിയുള്ള ശുപാർശക്ക് എന്റെ രക്ഷിതാവിനോട് ഞാൻ തേടി. അത് എനിക്ക് അവൻ നൽകുകയും ചെയ്തു. അല്ലാഹുവിനോട് ഒന്നിനെയും പങ്കുചേർക്കാത്തവർക്ക് ഇൻശാ അല്ലാഹ് അത് കരസ്ഥമാകുന്നതാണ്’’ (അഹ്‌മദ്).

മാലിക് ബിൻ ഉവൈരിസ്(റ) പറയുന്നു: “എന്റെ ജനതയിൽ പെട്ട കുറച്ചു വ്യക്തികളുമായി ഞാൻ നബിﷺയുടെ അടുക്കൽ വന്നു. ഇരുപത് രാത്രി ഞങ്ങൾ അവിടെ കഴിച്ചുകൂട്ടി. നബിﷺ കരുണയുള്ള സ്‌നേഹിതനായിരുന്നു. അങ്ങനെ ഞങ്ങളുടെ കുടുംബങ്ങളുടെ അടുക്കൽ പോകാനുള്ള ഞങ്ങളുടെ ആഗ്രഹം മനസ്സിലാക്കിയ നബിﷺ പറഞ്ഞു: ‘നിങ്ങൾ മടങ്ങി പോയിക്കൊള്ളുവിൻ. അവരുടെ കൂടെ കഴിച്ചുകൂട്ടുകയും അവർക്ക് (മതകാര്യങ്ങൾ) പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുവിൻ. നിങ്ങൾ നമസ്‌കരിക്കണം. നമസ്‌കാര സമയങ്ങളിൽ നിങ്ങളിൽ ഒരാൾ ബാങ്ക് വിളിക്കുകയും നിങ്ങളിൽ വലിയ ആൾ നിങ്ങൾക്ക് ഇമാമത്ത് നിൽക്കുകയും ചെയ്യട്ടെ’’ (ബുഖാരി).

വിനയം

അല്ലാഹു നബിﷺയോട് പറഞ്ഞു: “താങ്കളെ പിന്തുടരുന്ന സത്യവിശ്വാസികൾക്ക് താങ്കളുടെ ചിറക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക’’ (26:215). അതായത് അവരോട് മയമായി പെരുമാറുക. നബിയോട് അല്ലാഹു സത്യവിശ്വാസികളായ പാവപ്പെട്ടവരോടും മറ്റുള്ളവരോടും വിനയം, കൃപ എന്നിവ പ്രകടിപ്പിക്കുവാൻ കൽപിച്ചു.

നബിﷺ കുട്ടികളുടെ അടുക്കൽ കൂടി നടന്നുപോകുമ്പോൾ അവരോട് സലാം പറയുമായിരുന്നു(ബുഖാരി). നബിﷺ ചെരിപ്പ് കുത്തുകയും വസ്ത്രം തുന്നുകയും ചെയ്യുമായിരുന്നു. നബിﷺ അവിടത്തെ ആടിനെ കറക്കുമായിരുന്നു(അഹ്‌മദ്). പാവപ്പെട്ടവരുടെ കൂടെ ഇരിക്കുമായിരുന്നു(മുസ്‌ലിം). വിധവകളുടെയും അനാഥകളുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ അവരുടെ കൂടെ നടക്കുമായിരുന്നു (നസാഈ). എത്ര ചെറിയതാണെങ്കിലും ക്ഷണിക്കുന്നവരുടെ ക്ഷണം സ്വീകരിക്കുമായിരുന്നു, രോഗിയെ സന്ദർശിച്ചിരുന്നു, ജനാസയിൽ പങ്കെടുക്കുമായിരുന്നു, കഴുതപ്പുറത്ത് യാത്ര ചെയ്യുമായിരുന്നു, അടിമയുടെ ക്ഷണം സ്വീകരിക്കുമായിരുന്നു...

ധൈര്യം

അലിയ്യു ബ്‌നു അബീത്വാലിബ്(റ) പറയുന്നു: “ബദ്ർ യുദ്ധം അതിരൂക്ഷമായ സന്ദർഭത്തിൽ നബിﷺക്ക് ഞങ്ങൾ സംരക്ഷണ കവചം ഒരുക്കി. നബിയാകട്ടെ ജനങ്ങളിൽ ഏറ്റവും വീറോടെയായിരുന്നു. നബിയെക്കാൾ മുശ്‌രിക്കുകളോട് അടുത്തു നിൽക്കുന്നവരായി ആരും ഉണ്ടായിരുന്നില്ല’’ (അഹ്‌മദ്).

ബറാഅ് ബിൻ ആസിബ്(റ) പറയുന്നു: “അല്ലാഹുവിൽ സത്യം! യുദ്ധം ചൂടുപിടിച്ചപ്പോൾ ഞാൻ നബിﷺയെ സംരക്ഷിക്കുകയായിരുന്നു. നിശ്ചയം, നമ്മളിൽ ശത്രുക്കളുമായി നേർക്കുനേരെ നിന്ന നമ്മുടെ ഇടയിൽ ഏറ്റവും ധൈര്യമുള്ള ആളാണ് നബിﷺ’’ (മുസ്‌ലിം).

അനസ് ബിനു മാലിക്(റ) പറയുന്നു: “നബിﷺ ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമയായിരുന്നു. ജനങ്ങളിൽ ഏറ്റവും ധർമ്മിഷ്ഠനായിരുന്നു. ജനങ്ങളിൽ വലിയ ധൈര്യശാലിയായിരുന്നു. ഒരു രാത്രി മദീന നിവാസികൾ പേടിച്ചുവിറച്ചു. ശബ്ദം കേട്ട ഭാഗത്തേക്ക് ജനങ്ങൾ നീങ്ങി. അപ്പോൾ അവിടെ പോയി സംഭവം മനസ്സിലാക്കിയിട്ട് മടങ്ങിവരുന്ന നബിയെ അവർ കണ്ടുമുട്ടി. പിരടിയിൽ വാൾ തൂക്കിയിട്ട് അബൂത്വൽഹ(റ)യുടെ കുതിരപ്പുറത്ത് ജീനി ഇല്ലാതെയാണ് നബിﷺയുടെ വരവ്. അവിടുന്ന് പറയുന്നുണ്ട്: ‘നിങ്ങൾ ഭയപ്പെടേണ്ട, നിങ്ങൾ പേടിക്കേണ്ടതില്ല...’ അനസ്(റ) പറയുകയാണ്: ‘നബി അതിവേഗത്തിൽ പായുന്ന കുതിരയുടെ പുറത്തായിരുന്നു. ഞാൻ നബിയെ സമുദ്രം കണക്കെ ഒഴുകിപ്പോകുന്ന പോലെ കണ്ടു’ (ബുഖാരി). ഇത് നബിﷺയുടെ അമാനുഷികതയിൽ പെട്ടതാണ്. ജീനിയില്ലാത്ത കുതിരപ്പുറത്ത് അതിവേഗത്തിലുള്ള യാത്ര ഏറെ സാഹസികമാണ്.

ധർമനിഷ്ഠ

ഇബ്‌നു അബ്ബാസ്(റ)പറയുന്നു: “ജനങ്ങളിൽ ഏറ്റവും ധർമ്മിഷ്ഠനായിരുന്നു നബിﷺ. റമദാനിൽ ജിബ്‌രീൽ നബിﷺയെ കണ്ടുമുട്ടുന്ന സന്ദർഭത്തിൽ വളരെ ധർമം ചെയ്യുമായിരുന്നു. റമദാനിൽ എല്ലാ രാത്രിയും നബിയെ ജിബ്‌രീൽ കാണാൻ വന്നിരുന്നു. നബിﷺയെ ക്വുർആൻ ഓതിക്കേൾപിക്കുമായിരുന്നു. ശക്തിയായ കാറ്റിനെക്കാൾ നബിﷺ നന്മയിൽ മുന്നേറുന്ന ആളായിരുന്നു’’ (ബുഖാരി).

ജാബിർ ബിൻ അബ്ദുല്ല(റ) പറയുന്നു: “ഒരു കാര്യത്തെ സംബന്ധിച്ചു നബിﷺയോട് ചോദിക്കപ്പെട്ടാൽ ഇല്ല എന്ന് പറയുമായിരുന്നില്ല’’(ബുഖാരി).

അനസ്ബ്‌നു മാലിക്(റ) പറയുന്നു: “ഇസ്‌ലാമിന്റെ പേരിൽ എന്തെങ്കിലും ഒരു കാര്യം നബിﷺയോട് ചോദിച്ചാൽ അത് നൽകാതിരുന്നിട്ടില്ല. നബിയുടെ അടുക്കൽ ഒരാൾ വന്നു, അദ്ദേഹത്തിന് നബി രണ്ട് മലകൾക്കിടയിൽ കൊള്ളുന്ന ആട്ടിൻപറ്റത്തെ നൽകി. അദ്ദേഹം തന്റെ ജനതയിലേക്ക് പോയിട്ട് പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങൾ മുസ്‌ലിംകളായിക്കൊള്ളുക. കാരണം തീർച്ചയായും മുഹമ്മദ് ദാരിദ്ര്യത്തെ ഭയപ്പെടാതെ സംഭാവന നൽകുന്നതാണ്’’ (മുസ്‌ലിം).

അല്ലാഹുവിലുള്ള ഭയഭക്തി

മുഥർറഫി(റ)ന്റെ പിതാവ് പറയുന്നു: “ഞാൻ നബിﷺ നമസ്‌കരിക്കുന്നത് കണ്ടു. അവിടുത്തെ നെഞ്ചിൽനിന്ന് കരച്ചിലിനാൽ ആട്ടുകല്ല് കറക്കുമ്പോഴുള്ള ഞരക്കം പോലെ ഒരു ഞരക്ക ശബ്ദം കേൾക്കാമായിരുന്നു’’ (അബൂദാവൂദ്).

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: “അബൂബക്ർ(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങ് നരച്ചുവല്ലോ.’ അപ്പോൾ നബിﷺ പറഞ്ഞു: ‘എനിക്ക് നരയുണ്ടായത് ഹൂദ്, വാക്വിഅ, വൽമുർസലാത്ത്, അമ്മയതസാഅലൂൻ, ഇദശ്ശംസു കുവ്വിറത്ത് എന്നീ സൂറത്തുകളിലെ പരലോക ചർച്ചകളെക്കുറിച്ച് ചിന്തിച്ചിട്ടാണ്’ (തർമുദി).

ഐഹിക വിരക്തി

ഉമർ(റ) നബിﷺയുടെ അടുക്കൽ വന്നു. അവിടുന്ന് പായയിൽ കിടക്കുകയാണ് (ഈത്തപ്പന മടൽ കൊണ്ട് നെയ്തത്). അതിന്റെ മുകളിൽ ഒന്നും വിരിച്ചിട്ടില്ല. തലക്കടിയിൽ അകത്ത് ഈത്തപ്പനയുടെ നാരുനിറച്ച തോൽകൊണ്ടുള്ള തലയണയുണ്ട്. നബിﷺയുടെ തലയുടെ ഭാഗത്ത് ഊറക്കിടാത്ത തോൽ തൂക്കിയിട്ടിരിക്കുന്നു. ഉമർ(റ) പറയുന്നു: ‘നബിﷺയുടെ പാർശ്വഭാഗത്ത് പായയുടെ അടയാളം ഞാൻ കണ്ടു. അപ്പോൾ ഞാൻ കരഞ്ഞു.’ നബിﷺ ചോദിച്ചു: ‘എന്താണ് നീ കരയുന്നത്?’ ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, നിശ്ചയം കിസ്‌റയും കൈസറും; അവർക്കാകട്ടെ സർവസൗകര്യങ്ങളുമുണ്ട്-താങ്കൾ അല്ലാഹുവിന്റെ ദൂതരായിരിക്കെ! അപ്പോൾ നബിﷺ അരുളി: ‘ഈ ലോകം അവർക്ക് ലഭിക്കുമ്പോൾ നമുക്ക് പരലോകം (അവിടെ സുഖസൗകര്യങ്ങൾ) കിട്ടുന്നതിനെ നീ തൃപ്തിപ്പെടുന്നില്ലെയോ?’(ബുഖാരി).

(തുടരും)