അന്യായമായ ബിദ്അത്ത് ആരോപണം

ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ്

2024 മാർച്ച് 16, 1445 റമദാൻ 06

സുന്നത്തും ബിദ്അത്തും; ഒരു സംക്ഷിപ്ത പഠനം 8

അഹ്‌ലുസ്സുന്നയിലെ ചിലരെ അയോഗ്യരായി പ്രഖ്യാപിക്കലും ബിദ്അത്ത് ആരോപിക്കലും

നേരത്തെ പറഞ്ഞ, ചില വ്യക്തികളെ അനുകൂലിക്കുകയും അനുകൂലിക്കാതിരിക്കുകയും ചെയ്തതിന്റെ പേരിൽ ആളുകളെ പരീക്ഷിക്കുകയും അഹ്‌ലുസ്സുന്നക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കുകയും ചെയ്യുന്ന ഫിത്‌നയോട് സമാനമാണ് ഈ കാലഘട്ടത്തിൽ അഹ്‌ലുസ്സുന്നയിലെ ചിലർതന്നെ അവരിൽ പെട്ട ചില സഹോദരങ്ങളെ ജർഹ് നടത്തിയും (അയോഗ്യത പ്രഖ്യാപിച്ച്) അവരിൽ ബിദ്അത്ത് ആരോപിച്ചും കൊണ്ടുള്ള പ്രവർത്തങ്ങൾ. അതിനെത്തുടർന്ന് അത്തരം ആളുകളെ ബഹിഷ്‌കരിക്കുവാനും അവരുമായുള്ള ബന്ധം വിഛേദിക്കുവാനും അവരിൽനിന്ന് അറിവു തേടുന്നത് അവസാനിപ്പിക്കുവാനുമൊക്കെ ആഹ്വാനം നടത്തുകയും ചെയ്യുന്നു. സത്യത്തിൽ മേൽപറഞ്ഞ അയോഗ്യത കൽപിക്കലും ബിദ്അത്ത് ആരോപിക്കലുമെല്ലാം ചില ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലും ബിദ്അത്തല്ലാത്തതിനെ ബിദ്അത്തായി തെറ്റിദ്ധരിച്ചുമൊക്കെയാണ്. അതിനൊരു ഉദാഹരണമാണ് ശൈഖ് ഇബ്‌നുബാസും ശൈഖ് ഇബ്‌നു ഉസൈമീനും അവർ കണ്ട ചില നന്മകളുടെ അടിസ്ഥാനത്തിൽ ചില സംഘങ്ങളുടെ കൂടെചേർന്നു പ്രവർത്തിക്കാമെന്ന് അവർ രണ്ടുപേരും ഫത്‌വ നൽകി എന്നതും പ്രസ്തുത ഫത് വയിൽ തൃപ്തരല്ലാത്ത ഒരു ചെറുസംഘം ആ വിഭാഗത്തെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്തു എന്നതും. എന്നുമാത്രമല്ല ആ വിഭാഗത്തോട് സഹകരിച്ച് ക്ലാസ്സുകളെടുക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നവരെക്കൂടി ആക്ഷേപിക്കുകയും സച്ചരിതരായ മുൻഗാമികളുടെ മാർഗത്തിൽ (മൻഹജുസ്സലഫിൽ) കണിശതയില്ലാത്തവരും അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നവരുമായും അവരെ വിമർശിക്കുകയും ചെയ്തു. എന്നാൽ ശൈഖ് ഇബ്‌നു ബാസും ശൈഖ് ഇബ്‌നു ഉസൈമീനും പ്രസ്തുത വിഭാഗത്തിന്റെ പരിപാടികളിൽ സഹകരിച്ച് ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തുകയും ചെയ്തിട്ടുമുണ്ട്.

അതുപോലെയുള്ള മറ്റൊരു ഉദാഹരണമാണ് ചിലയാളുകളുടെ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനെ വിലക്കുകയും താക്കീത് നൽകുകയും ചെയ്തുകൊണ്ടുള്ള അറിയിപ്പുകളുണ്ടായത്. ആ ആളുകൾ ഇവരുദ്ദേശിക്കുന്ന വ്യക്തികളെയോ സംഘങ്ങളെയോ ആക്ഷേപിച്ചു സംസാരിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഖേദകരമെന്നു പറയട്ടെ, അതിന്റെ മുഖ്യ പങ്കുവഹിക്കുന്ന വ്യക്തി മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ ശരീഅഃ കോളേജിൽ എന്റെ വിദ്യാർഥിയായിരുന്ന ഒരാളാണ്. ഹി.1395-1396 അധ്യയന വർഷത്തെ ബാച്ചിലാണ് അയാൾ പുറത്തിറങ്ങിയത്. 119 വിദ്യാർഥികൾ പുറത്തിറങ്ങിയ പ്രസ്തുത ബാച്ചിൽ അദ്ദേഹത്തിന്റെ സ്ഥാനം 104 ആയിരുന്നു. മതവിജ്ഞാനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ചെയ്ത ഒരു വ്യക്തിയായിട്ടൊന്നും അറിയപ്പെട്ട ആളായിരുന്നില്ല അയാൾ. റെക്കോർഡ് ചെയ്യപ്പെട്ട വൈജ്ഞാനികമായ ക്ലാസ്സുകളൊന്നും അയാളുടെതായി ഞാൻ കണ്ടിട്ടുമില്ല. ചെറുതോ വലുതോ ആയ ഒരു രചനയും ദീനീ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ളതായി ഞാനറിഞ്ഞിട്ടുമില്ല. എന്നാൽ അദ്ദേഹത്തിന്റെ കാര്യമായ പണി അഹ്‌ലുസ്സുന്നയിൽ പെട്ട മറ്റുള്ളവരെക്കുറിച്ച് ഇത്തരം അയോഗ്യത പ്രഖ്യാപിക്കലും ബിദ്അത്താരോപി ക്കലും അവരിൽനിന്ന് ആളുകളെ വിലക്കലും താക്കീത് ചെയ്യലുമൊക്കെയാണ്. താൻ വിമർശിക്കുന്നവരിൽ ചിലരുടെയെങ്കിലും ചെറുവിരലിനോളം അയാൾ എത്തിയിട്ടില്ല എന്നതാണ് സത്യം. കാരണം അവർ ഉപകാരപ്രദമായ ധാരാളം ക്ലാസ്സുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും സമൂഹത്തിന് സേവനം ചെയ്തവരാണ്.

ഇദ്ദേഹത്തിന്റെ സുദീർഘമായ ടെലഫോൺ സംഭാഷണമടങ്ങിയ ഒരു കാസറ്റ് തലക്ക് വെളിച്ചമുള്ള ആരെങ്കിലും കേട്ടാൽ സത്യത്തിൽ അത്ഭുതപ്പെട്ടുപോകും. അഹ്‌ലുസ്സുന്നയിൽപെട്ട ധാരാളം ആളുകളുടെ പച്ചമാംസം അതിലൂടെ അയാൾ തിന്നുന്നതുണ്ട്. പ്രസ്തുത കാസറ്റിലെ ചോദ്യകർത്താവ് ആവശ്യമില്ലാത്ത പലതും അയാളോട് ചോദിക്കുന്നുമുണ്ട്. ഈ ഒരു കാസറ്റിൽ മാത്രം മുപ്പതിലധികം ആളുകളെക്കുറിച്ചാണ് ഇയാളോട് ചോദിക്കുന്നത്. അക്കൂട്ടത്തിൽ മന്ത്രിയും പ്രായം ചെന്നവരും ചെറുപ്പക്കാരും ഒക്കെയുണ്ട്. അവരിൽ വളരെ ചുരുക്കം ചിലർ ആക്ഷേപാർഹരുമാണ്. അദ്ദേഹത്തോട് പ്രസ്തുത കാസറ്റിൽ ചോദിക്കപ്പെടാത്തതിന്റെ പേരിൽ മാത്രം രക്ഷപ്പെട്ടവരും ഉണ്ട്. ഇതിൽ രക്ഷപ്പെട്ട ചിലരാകട്ടെ അദ്ദേഹത്തിന്റെ മറ്റു ചില കാസറ്റുകളിൽ രക്ഷപ്പെട്ടിട്ടുമില്ല. ഇന്റർനെറ്റിൽ എല്ലാം വിശദമായി ഉണ്ട്താനും. മത വിദ്യാർഥികളുടെയും പണ്ഡിതന്മാരുടെയും പച്ചമാംസം തിന്നുന്ന ഇപ്പണി അവസാനിപ്പിക്കുകയാണ് അയാൾ വേണ്ടത്. യാതൊരു ഉപകാരമോ പ്രയോജനമോ ഇല്ലാത്ത പ്രസ്തുത വാക്കുകളെ അവഗണിക്കുക യാണ് വിദ്യാർഥികളും യുവാക്കളും ചെയ്യേണ്ടത്. എന്നിട്ട് ഉപകാരപ്രദമായ വിജ്ഞാനങ്ങളിൽ അവർ വ്യാപൃതരാകണം. അതിലൂടെ അവർക്ക് നല്ല നേട്ടങ്ങളും ഇരുലോകത്തും നല്ല പര്യവസാനമുണ്ടാവുകയും ചെയ്യും.

ഹാഫിദ് ഇബ്‌നു അസാകിർ(റഹി) പറയുന്നു: “എന്റെ സഹോദരാ, താങ്കൾ അറിയണം! എന്നെയും നിങ്ങളെയും അല്ലാഹു അവന്റെ തൃപ്തി നേടാൻ അനുഗ്രഹിക്കുമാറാകട്ടെ. അവനെ ഭയപ്പെടുകയും യഥാവിധം അവനെ സൂക്ഷിക്കുകയും ചെയ്യുന്നവരിൽ അവൻ നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ. നിശ്ചയം, പണ്ഡിതന്മാരുടെ മാംസം വിഷം തീണ്ടിയതാണ്. അവരെ നിന്ദിക്കുന്നവരുടെ മറ പടച്ചറബ്ബ് പിച്ചിച്ചീന്തി വഷളാക്കുമെന്ന അല്ലാഹുവിന്റെ (പതിവു) നടപടിക്രമം സുപരിചിതവുമാണ്’’ (തബ്‌യീനു കദിബിൽ മുഫ്തരി, പേജ് 29).

അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരെയും പ്രബോധകരെയും ദുഷിച്ചു പറയുന്നതിൽനിന്ന് നാവിനെ സൂക്ഷിക്കണമെന്ന കാര്യത്തിൽ ധാരാളം ആയത്തുകളും ഹദീസുകളും സച്ചരിതരായ മുൻഗാമികളുടെ വാക്കുകളും ‘രിഫ്ക്വൻ അഹ്‌ലുസ്സുന്ന ബി അഹ്‌ലിസ്സുന്ന’ എന്ന എന്റെ ചെറുകൃതിയിൽ ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും ഈ വ്യക്തിയെ തൃപ്തിപ്പെടുത്തിയില്ല എന്ന് മാത്രമല്ല അത് പ്രസിദ്ധീകരണയോഗ്യമല്ല എന്നാണത്രെ അദ്ദേഹം പറഞ്ഞത്. അതിനെയും അത് പ്രച്ചരിപ്പിക്കുന്നതിനെയും അദ്ദേഹം താക്കീത് ചെയ്യുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട് പോലും. ആരെങ്കിലും പ്രസ്തുത വിമർശനം കാണുകയും എന്റെ പ്രസ്തുത ചെറുകൃതി (രിസാല) വായിക്കുകയും ചെയ്താൽ തീർച്ചയായും ആ വിമർശനങ്ങൾക്ക് എന്റെ ഗ്രന്ഥവുമായി യാതൊരു ബന്ധവുമില്ലെന്നും അത് വേറെ വഴിയിലും ഇത് മറ്റൊരു വഴിയിലുമാണെ ന്നും മനസ്സിലാകും.

സത്യത്തിൽ, ഒരു കവി പറഞ്ഞതുപോലെയാണ് കാര്യങ്ങൾ: “ചെങ്കണ്ണ് ബാധിച്ചതിനാൽ സൂര്യപ്ര കാശത്തെ കണ്ണ് വെറുക്കുന്നു. രോഗം ബാധിച്ചതിനാൽ സ്വാദിഷ്ടമായ ഭക്ഷണത്തിനെ വായും നിരാകരി ക്കുന്നു.’’

എന്റെ കൃതിയായ ‘രിഫ്ക്വൻ അഹ്‌ലുസ്സുന്ന ബി അഹ്‌ലിസ്സുന്ന’യെ വിമർശിച്ചുകൊണ്ട് ആ വിദ്യാർഥി ഞാൻ പറഞ്ഞതായി പറഞ്ഞത് “ശൈഖ് ഇബ്‌നു ബാസിന്റെയും ശൈഖ് ഇബ്‌നു ഉസൈമീന്റെയും രീതി അഹ്‌ലുസ്സുന്നയുടെ മറ്റ് പണ്ഡിതന്മാരുടെ രീതിക്കെതിരാണ്. ഇത് ശരിയായ രീതിയല്ല, സംശയം വേണ്ട. അതായത് അവർ എതിരാളികൾക്ക് കൂടുതലായി ഖണ്ഡനങ്ങൾ നടത്താറില്ല.’’ ഇപ്പറഞ്ഞത് ശരിയാണെങ്കിൽ അഹ്‌ലുസ്സുന്നയുടെ മൻഹജിന് എതിരാണ്. സത്യത്തിൽ അത് ഈ രണ്ട് പണ്ഡിതന്മാരെയും ആക്ഷേപിക്കലാണ്.

അതിനുള്ള മറുപടി പലതുണ്ട്:

ഒന്ന്) ഞാനെഴുതിയതിൽ ശൈഖ് ഇബ്‌നു ബാസ്(റഹി) ഖണ്ഡനങ്ങൾ കൂടുതലൊന്നും നടത്താത്ത വ്യക്തിയാണെന്ന് പറഞ്ഞിട്ടില്ല. പ്രത്യുത അദ്ദേഹത്തിന്റെ ഖണ്ഡനങ്ങൾ ധാരാളമുണ്ട്. എന്റെ കൃതിയിലുള്ളത് ഖണ്ഡനം വേണ്ടെന്നല്ല, മറിച്ച് അത് മാന്യവും സൗമ്യവും ആകണമെന്നും അബദ്ധം പറ്റിയവർ തെറ്റ് തിരുത്തണമെന്ന ഗുണകാംക്ഷ വേണമെന്നും ആരോപിക്കപ്പെടുന്ന തെറ്റ് വ്യക്തവും ആരോപണം നീതിയുക്തവുമാകണം എന്നൊക്കെയാണ്; ഇത്തരം ഖണ്ഡനങ്ങളുടെ ശരിയായ രീതിയും രൂപവുമറിയാ നാഗ്രഹിക്കുന്നവർ ശൈഖ് ഇബ്‌നു ബാസിന്റെ ഖണ്ഡനങ്ങൾ പരിശോധിക്കണമെന്നുമാണ്.

രണ്ട്) ശൈഖ് ഇബ്‌നു ഉസൈമീന്റെ ഖണ്ഡനരീതിയെക്കുറിച്ച് ഞാനതിൽ ചർച്ച ചെയ്തിട്ടില്ല. കാരണം, അദ്ദേഹം ഖണ്ഡനമേഴുതിയ ചെറുതോ വലുതോ ആയ ഒരു രചനയും എന്റെ അറിവിലില്ല. ശൈഖ് അവർകളുടെ അടുത്ത ശിഷ്യന്മാരിൽ ഒരാളോട് അന്വേഷിച്ചപ്പോൾ അത്തരമൊരു വിമർശനഗ്രന്ഥം അദ്ദേഹത്തിനുള്ളതായറിയില്ല എന്നാണ് അദ്ദേഹവും പറഞ്ഞത്. അത് ശൈഖിന്റെ കാര്യത്തിൽ ആക്ഷേപമോ ന്യൂനതയോ അല്ല. കാരണം ദീനീ വിജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ക്ലാസ്സുകളിലും ഗ്രന്ഥരചനകളിലുമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യശ്രദ്ധ.

മൂന്ന്) ശൈഖ് ഇബ്‌നു ബാസി(റ)ന്റെ ഖണ്ഡനരീതി, മേൽപറഞ്ഞ വിദ്യാർഥിയുടെയും അതുപോലുള്ള വരുടെയും രീതിക്ക് കടകവിരുദ്ധമായിരുന്നു. ശൈഖിന്റെ രീതി സൗമ്യവും മാന്യവും ഗുണകാംക്ഷാനിർഭര വുമായിരുന്നു. വിമർശിക്കപ്പെടുന്ന വ്യക്തിക്ക് വിമർശനം ഉപകാരപ്പെടണമെന്നും അദ്ദേഹത്തെ നേരായ പാതയിലേക്ക് കൈപിടിച്ചാനയിക്കണമെന്നുമായിരുന്നു ശൈഖിന്റെ ലക്ഷ്യവും ആഗ്രഹവും. എന്നാൽ ഇക്കൂട്ടരുടെ ശൈലിയാകട്ടെ പരുഷവും ആളുകളെ വെറുപ്പിച്ചകറ്റുന്നതും ഗുണകാംക്ഷയില്ലാത്തതുമാണ്. ഇദ്ദേഹം ആക്ഷേപം പറഞ്ഞവരിൽ എത്രയോ പേരെ ശൈഖ് ഇബ്‌നു ബാസ്(റഹി) പ്രശംസിക്കുകയും അംഗീകരിക്കുകയും അവർക്കുവേണ്ടി ദുആ ചെയ്യുകയും ആളുകൾക്ക് ദീൻ പഠിപ്പിക്കാനും ദഅ്‌വത്ത് ചെയ്യാനുമൊക്കെ അവർക്ക് പ്രേരണയും പ്രോത്സാഹനം നൽകുകയുമൊക്കെ ചെയ്തിട്ടുള്ളതാണ്. അവരിൽ നിന്ന് അറിവ് സ്വീകരിക്കാനും അവരെ ആ വഴിക്ക് ഉപയോഗപ്പെടുത്താനും ആളുകളെ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ചുരുക്കത്തിൽ, ശൈഖ് ഇബ്‌നു ബാസ്(റഹി) വിമർശകർക്ക് മറുപടി പറയാത്തയാളാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇബ്‌നു ഉസൈമീന്റെ(റഹി) ഖണ്ഡനത്തെ കുറിച്ചും ഞാൻ ചർച്ച ചെയ്തിട്ടില്ല. എനിക്കെതിരിൽ വിമർശകർ പറഞ്ഞത് എന്റെ ഗ്രന്ഥത്തിൽ പറഞ്ഞതിനോട് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ നിലപാടുകളിലെ വ്യക്തതക്കുറവും കൃത്യതയില്ലായ്മയുമാണ് അത് വ്യക്തമാക്കുന്നത്. ഇതാണ് അദ്ദേഹം എഴുതിവിട്ടതിന്റെ അവസ്ഥയെങ്കിൽ എഴുതിവിടാതെ വാമൊഴിയായി പറഞ്ഞതിന്റെ സ്ഥിതി എന്തായിരിക്കും?

വിമർശകൻ പറയുന്നു: “സത്യത്തിൽ ഞാൻ ആ കൃതി വായിച്ചിട്ടുണ്ട്. അഹ്‌ലുസ്സുന്നയുടെ നിലപാടും ഞാൻ അതിൽനിന്ന് മനസ്സിലാക്കിയിട്ടുണ്ട്. ചില പണ്ഡിതന്മാരുടെ ഖണ്ഡനങ്ങൾ നിങ്ങളും കണ്ടിട്ടു ണ്ടാകും. ഖണ്ഡനങ്ങൾ അവിടംകൊണ്ടാവസാനിക്കുന്നതായി ഞാൻ കരുതുന്നില്ല. തീർച്ചയായും വേറെയും ചില ഖണ്ഡനങ്ങളുമുണ്ട്. ഒരു കവി പറഞ്ഞതുപോലെ: ‘ഒരു കുന്തവുമേന്തി സ്വന്തം സഹോദരൻ വരുന്നു. നിശ്ചയം, നിന്റെ പിതൃസഹോദരന്റെ മക്കളുടെ അടുക്കലും കുന്തങ്ങളുണ്ട്.’’

ഈ കവിതാശകലം ഉദ്ധരിച്ചതിലും അദ്ദേഹത്തിന് പിഴവു പറ്റിയിട്ടുണ്ട്. ശരിയായ രൂപത്തിലല്ല അതുദ്ധരിച്ചത്. എന്താണെങ്കിലും നമുക്ക് പറയാനുള്ള മറുപടി ഇതാണ്:

ശൈഖ് ഇബ്‌നു ബാസിന്റെ, നാം മുമ്പ് സൂചിപ്പിച്ച രീതിയിൽനിന്ന് വ്യത്യസ്തമായ രീതി തുടരുന്ന അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞതിലൂടെ തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്യുന്നത്. ഞാൻ സത്യത്തിൽ ഒരു ആയുധവുമേന്തി വന്നിട്ടില്ല. മറിച്ച്, ഞാൻ നസ്വീഹത്തോടെ ചില കാര്യങ്ങൾ ഉണർത്തുക മാത്രമാണ് ചെയ്തത്. പക്ഷേ, വിമർശകനും അതുപോലെയുള്ളവർക്കും അത് സ്വീകരിക്കാൻ കഴിയുന്നില്ല എന്നുമാത്രം. കാരണം നസ്വീഹത്ത് (ഗുണകാംക്ഷയോടെയുള്ള ഉപദേശങ്ങൾ) രോഗികൾക്ക് മരുന്ന് നൽകുന്നതുപോലെയാണ്. ചില രോഗികൾ മരുന്നിനു നല്ല കയ്പ്പുണ്ടെങ്കിലും അത് വാങ്ങി ഉപയോഗിക്കും. അതിൽനിന്ന് പ്രതീക്ഷിക്കുന്ന ഗുണങ്ങളും നേട്ടങ്ങളുമാണതിന് കാരണം. എന്നാൽ ഗുണകാംക്ഷയോടെ നൽകപ്പെടുന്ന ഉപദേശങ്ങൾ ദേഹേച്ഛകൾ തടഞ്ഞുവെച്ചിരിക്കുന്ന ചിലർക്ക് അരോചകമായിരിക്കും. അവരത് സ്വീകരിക്കില്ലെന്ന് മാത്രമല്ല, അതിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും ഉപദേശിച്ചവർക്കെതിരിൽ തിരിയുകയും ചെയ്യും.

എല്ലാവർക്കും ഹിദായത്തിനും (സന്മാർഗത്തിൽ നിലനിൽക്കാനും) തൗഫീക്വിനും (റബ്ബിന്റെ അനുഗ്രഹത്തിനും) പിശാചിന്റെ കുതന്ത്രങ്ങളിൽനിന്നും കെണികളിൽനിന്നുമുള്ള രക്ഷക്കും വേണ്ടി ഞാൻ അല്ലാഹുവിനോട് തേടുകയാണ്.

ഈ വിമർശകനായ വിദ്യാർഥിയുടെ കൂടെ മറ്റു മൂന്നുപേരും കൂടി ചേർന്നിട്ടുണ്ട്. രണ്ട് ആളുകൾ മക്കയിൽനിന്നും മദീനയിൽ നിന്നുമാണ്. അവർ രണ്ടുപേരും മദീനാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ എന്റെ വിദ്യാർഥികളിൽപെട്ടവരുമാണ്. ഒരാൾ ഹിജ്‌റ 1384-1385 അധ്യയനവർഷത്തിൽ പുറത്തിറങ്ങിയ ആളും മറ്റെയാൾ ഹിജ്‌റ 1391-1392 അധ്യായനവർഷത്തിൽ ഇറങ്ങിയ വ്യക്തിയുമാണ്. മൂന്നാമത്തെ വ്യക്തിയാകട്ടെ നാടിന്റെ അങ്ങ് തെക്കേ അറ്റത്തുള്ളയാളാണ്. രണ്ടും മൂന്നും വ്യക്തികൾ എന്റെ കൃതി വിതരണം ചെയ്യുന്നവരെ ‘മുബ്തദിഉകൾ’ എന്ന് പറഞ്ഞിട്ടുണ്ട്. അത് മൊത്തത്തിലുള്ള ബിദ്അത്താരോപ ണവും അടച്ചുള്ള ആക്ഷേപവുമാണ്. അവർ അറിഞ്ഞോ ഇല്ലേ എന്നെനിക്കറിയില്ല; എന്റെ കൃതി വിതരണം ചെയ്തത് പണ്ഡിതന്മാരും മതവിദ്യാർഥികളുമാണ്. അവരെ ബിദ്അത്തുകാരെന്ന് പറയാനൊരിക്കലും ന്യായമില്ല. ഇത്തരം ബിദ്അത്ത് ആരോപണങ്ങൾക്ക് വല്ല അടിസ്ഥാനവും ന്യായങ്ങളുമുണ്ടെങ്കിൽ ഇത്തരക്കാർ അത് ശ്രദ്ധയിൽ പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മക്ക ഹറമിലെ ഇമാമും ഖതീബുമായ ശൈഖ് അബ്ദുറഹ്‌മാൻ അസ്സുദൈസ് മസ്ജിദുൽ ഹറമിലെ മിമ്പറിൽ വെച്ച് നടത്തിയ ഖുത്വ‌്ബയിൽ അഹ്‌ലുസ്സുന്നയിൽപെട്ടവർ പരസ്പരം ആക്ഷേപങ്ങൾ ചൊരിയുന്നതിനെ വിമർശിച്ചും താക്കീത് ചെയ്തും സംസാരിച്ചത് കേൾക്കുവാൻ താൽപര്യപ്പെടുന്നു. അത് ഏറെ പ്രാധാന്യമുള്ളതും ഉപകാരപ്രദവുമാണ്.

എല്ലാവർക്കും റബ്ബ് തൃപ്തിപ്പെടുന്ന നന്മകൾക്ക് തൗഫീക്വ് കിട്ടുവാനും മതത്തിൽ ശരിയായ ജ്ഞാനം നേടുവാനും സത്യപാതയിൽ ഉറച്ച് നിൽക്കുവാനും അനാവശ്യകാര്യങ്ങളിൽനിന്ന് വിട്ടകന്ന് ഇപ്രകാരമുള്ള നന്മകളിൽ വ്യാപൃതരാകുവാനുമൊക്കെയുള്ള അ നുഗ്രഹത്തിനായി ഞാൻ അല്ലാഹുവിനോട് തേടുന്നു. തീർച്ചയായും അവൻ അത് നൽകി നമ്മെ അനുഗ്രഹിക്കാൻ കഴിവുള്ളവനും അതിന്റെ വക്താവുമാണ്. അല്ലാഹു നമ്മുടെ പ്രവാചകൻ മുഹമ്മദ് നബിﷺക്കും അവിടുത്തെ കുടുംബത്തിനും സഹചാരികൾക്കും നന്മകൾ പ്രദാനം ചെയ്യട്ടെ.