സുന്നത്തിലേക്ക് മടങ്ങുക

അലി ഗശ്ശാന്‍

2018 സെപ്തംബര്‍ 01 1439 ദുല്‍ഹിജ്ജ 20

അല്ലാഹുവിന്റെ റസൂലിന്റെ വചനങ്ങള്‍ പ്രാമാണികമായി സ്ഥിരപ്പെടുന്നത് അദ്ദേഹത്തിന്റെ വിയോഗശേഷം മറ്റുള്ളവര്‍ അത് പ്രയോഗവല്‍ക്കരിച്ചിട്ടുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയല്ല; അല്ലാതെ തന്നെ അത് സ്ഥിരപ്പെട്ടതാണ്. 'ഉമര്‍(റ) ഇന്ന ഹദീഥിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടും നിങ്ങളോ മറ്റാരെങ്കിലുമോ ഒരെതിര്‍പ്പും പറഞ്ഞില്ലല്ലോ' എന്നിങ്ങനെയുള്ള ന്യായങ്ങളൊന്നും മുസ്‌ലിംകളാരും പറഞ്ഞതായി കേട്ടിട്ടില്ല. എന്നാല്‍ അവരെല്ലാം ഹദീഥിനെ സ്വീകരിക്കുകയും എതിരുള്ളതിനെ ഒഴിവാക്കുകയും ചെയ്തതായിട്ടാണ് അറിയപ്പെട്ടിട്ടുള്ളത്. ആ ഹദീഥ് ഉമര്‍(റ)വിന്ന് ലഭിച്ചിരുന്നുവെങ്കില്‍ അദ്ദേഹവും അങ്ങനെ ചെയ്യുമായിരുന്നു. പ്രവാചകനില്‍നിന്ന് ലഭിക്കുന്നതെല്ലാം സ്വീകരിക്കുന്നതില്‍ അദ്ദേഹം അതീവ തല്‍പരനായിരുന്നുവല്ലോ. അല്ലാഹുവിനെ സൂക്ഷിച്ചും റസൂലിന്റെ കല്‍പനകളും അറിവും പിന്‍പറ്റിക്കൊണ്ടുമായിരിക്കണം തന്റെ കടമകള്‍ നിറവേറ്റേണ്ടതെന്ന തിരിച്ചറിവിന്റെയും റസൂലല്ലാത്ത മറ്റാര്‍ക്കും ശാസനാധികാരം ഇല്ലെന്ന ഉറച്ച വിശ്വാസത്തിന്റെയും അല്ലാഹുവിനോടുള്ള അനുസരണം പ്രവാചകനോടുള്ള അനുസരണത്തിലാണ് നിലകൊള്ളുന്നതെന്ന തികഞ്ഞ ബോധത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അത്.

ഇനി ഒരാള്‍ ഇങ്ങനെ ചോദിച്ചെന്ന് വിചാരിക്കുക: 'ഉമര്‍(റ) ഒരു രീതി നടപ്പാക്കി. പിന്നീട് ഹദീഥ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അതില്‍ നിന്ന് പിന്‍മാറി. ഇതിനൊരു ഉദാഹരണം കാണിച്ച് തരാമോ?'ഞാന്‍ പറഞ്ഞു: 'അങ്ങനെയൊന്ന് ഞാന്‍ കാണിച്ച് തന്നാല്‍?' അയാള്‍ പറഞ്ഞു: 'കാണിച്ച് തന്നാല്‍ അതില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഒന്ന്, സുന്നത്ത് കണ്ടില്ലെങ്കില്‍ സ്വാഭിപ്രായ പ്രകാരം പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടെന്ന്; മറ്റൊന്ന്, സുന്നത്ത് കണ്ട് കഴിഞ്ഞാല്‍ സ്വന്തമായ അഭിപ്രായത്തെ കൈവെടിയല്‍ നിര്‍ബന്ധമായിത്തീരുമെന്ന്. സുന്നത്ത് സ്ഥിരപ്പെടുവാന്‍ നബിﷺക്ക് ശേഷം അത് ആരെങ്കിലും പ്രവര്‍ത്തിച്ചതായി ഉദ്ധരിക്കപ്പെടണം എന്ന നിലപാട് അടിസ്ഥാനരഹിതമാണ്. സുന്നത്തിനോട് എതിര്‍ നില്‍ക്കുന്നത് കാണപ്പെടുന്നു എന്നുള്ളത് സുന്നത്തിന്റെ മതിപ്പ് ഒട്ടും കുറക്കുന്നതല്ല.'

ഞാന്‍ (ഇമാംശാഫിഈ) പറയുന്നു; 'അശ്‌യമദ്ദബാബിക്ക് ലഭിച്ച നഷ്ട പരിഹാര സ്വത്തില്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് അനന്തരാവകാശം കൊടുക്കണമെന്ന് നബിﷺ എനിക്കെഴുതി' എന്ന് ഉമര്‍(റ)വിനോട് പറയുന്നതുവരെ ഭര്‍ത്താവിന്റെ ഘാതകനില്‍ നിന്ന് നഷ്ടപരിഹാരമായി ലഭിച്ച സ്വത്തില്‍ ഭാര്യക്ക് അനന്തരാവകാശം ഇല്ല എന്നതായിരുന്നു ഉമര്‍(റ)വിന്റെ നിലപാട്. ഉടനെ ഉമര്‍(റ) തന്റെ അഭിപ്രായത്തില്‍ നിന്ന് പിന്‍മാറി (അഹ്മദ്, അബൂദാവൂദ്, തുര്‍മുദി, ഇബ്‌നുമാജ).

പിന്നീട് ശാഫിഈ ഇമാം ചോദ്യകര്‍ത്താവിന്റെ മുമ്പില്‍ താഊസിന്റെ ഹദീഥിനെ കൊണ്ട് വരുന്നു. അതിങ്ങനെയാണ്: ഉമര്‍(റ) ചോദിച്ചു: 'ഗര്‍ഭസ്ഥ ശിശുവിന്റെ (നഷ്ടപരിഹാര)ത്തെക്കുറിച്ച് നബിﷺയില്‍ നിന്ന് വല്ലതും കേട്ട ആരെങ്കിലുമുണ്ടോ?' അപ്പോള്‍ ഹമലുബ്‌നു മാലിക് എഴുന്നേറ്റുനിന്നുകൊണ്ട് പറഞ്ഞു: 'ഞാനൊരിക്കല്‍ എന്റെ രണ്ട് ഭാര്യമാര്‍ക്കിടയില്‍ ആയിരിക്കുമ്പോള്‍ ഒരുവള്‍ മറ്റവളെ ഒരു തറികൊണ്ട് അടിച്ചു. അടികൊണ്ടവള്‍ ഉടനെ ഒരു ചാപ്പിള്ളയെ പ്രസവിച്ചു. ഇതറിഞ്ഞ നബിﷺ ആ കുറ്റവാളി ഒരടിമയെ മോചിപ്പിക്കേണ്ടതാണെന്ന് കല്‍പന പുറപ്പെടുവിച്ചു.' ഉമര്‍(റ) പറഞ്ഞു: 'ഈയൊരു വിവരം ഞാനറിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍ മറ്റൊരു രീതിയില്‍ വിധിച്ച് പോകുമായിരുന്നു; ഇത് പോലുള്ള കാര്യങ്ങളില്‍ സ്വന്തമായ അഭിപ്രായമനുസരിച്ച് വിധി നടത്തുന്ന സ്ഥിതി സംജാതമായേനെ' (അഹ്മദ്, അബുദാവൂദ്, ഇബ്‌നുമാജ).

ശാഫിഈ പറയുന്നു: ''ദഹ്ഹാകിന്റെ ഹദീഥ് തന്റെ സ്വന്തമായ അഭിപ്രായത്തിനെതിരാണ് എന്ന് മനസ്സിലാക്കി ഉമര്‍(റ) ഉടനെ അതില്‍ നിന്ന് പിന്‍മാറി. ഭ്രൂണത്തെ പുറംതള്ളിയ കേസില്‍ നബിﷺയുടെ വിധി ഞാന്‍ കേട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റൊന്ന് വിധിച്ച് പോകുമായിരുന്നു എന്ന് പറഞ്ഞു. സ്വന്തമായ അഭിപ്രായ പ്രകാരം ആയിപ്പോകുമായിരുന്നു വിധി എന്നാണദ്ദേഹം അവിടെ പറഞ്ഞത്.''

''ഒരു ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ നൂറ് ഒട്ടകം നഷ്ടപരിഹാരമായി കൊടുക്കണമെന്ന നബിവചനം നിലവിലുള്ളപ്പോള്‍ ജീവനുണ്ടാകാന്‍ സാധ്യതയുള്ളതാണെന്ന നിലക്ക് ഭ്രൂണത്തിനും നൂറ് ഒട്ടകമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അതിന് ജീവനില്ലാതിരിക്കാനാണ് സാധ്യതയെങ്കില്‍ നഷ്ടപരിഹാരമായി ഒന്നും നല്‍കേണ്ടതില്ലെന്നും മനസ്സിലാക്കാം. എന്നാല്‍ നബിﷺയുടെ ഈ വിധി അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ തന്റെ വിധിയില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും തന്റെ അഭിപ്രായമനുസരിച്ചുള്ള തീരുമാനം വര്‍ജിക്കുകയും ചെയ്തു. ഇതായിരുന്നു അദ്ദേഹത്തിന്റെ ഏത് കാര്യത്തിലുമുണ്ടായിരുന്ന നിലപാട്. ആ മഹനീയമായ മാത്യകയാണ് ജനങ്ങള്‍ പിന്‍തുടരേണ്ടതും.''

അല്ലാമാ അഹ്മദ് ശാകിര്‍ പറഞ്ഞു: ''ഇമാം ശാഫിഈ (ഇഖ്തിലാഫുല്‍ ഹദീഥ്- പേജ്:20-21)) ദഹ്ഹാകിന്റെയും ഹമലുബ്‌നു മാലികിന്റെയും രണ്ട് ഹദീഥുകളെ എടുത്ത് കാട്ടിക്കൊണ്ട് പറയുന്നു: ''ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത് നിവേദകരുടെ പരിശോധനയില്‍ സത്യസന്ധമാണെന്ന് തെളിയിക്കപ്പെട്ട ഹദീഥ് അത് ഒരാളുദ്ധരിച്ചതാണെങ്കിലും അത് സ്വീകരിക്കാമെന്നതിന് തെളിവുണ്ട്. ഇത് ഏതെങ്കിലും നിലക്ക് തള്ളിക്കളയാന്‍ പറ്റുമെങ്കില്‍ ഉമര്‍(റ) ആ രണ്ട് പേരോടും പറയുമായിരുന്നു: 'ദഹ്ഹാകേ, നീ നജ്ദുകാരനാണ്. ഹമലുബ്‌നുമാലികേ, നീ തിഹാമക്കരനാണ്. നിങ്ങള്‍ രണ്ട് പേരും റസൂലിനെ കണ്ടതും റസൂലിനോട് സഹവസിച്ചതും ചുരുങ്ങിയ കാലം മാത്രമാണ്. ഞാനും എന്നോടൊപ്പമുള്ള മുഹാജിറുകളും അന്‍സ്വാറുകളും എന്നും നബിയോടൊപ്പം ഉണ്ടായിരുന്നവരാണ്. എന്നിട്ടെന്തേ ഞങ്ങള്‍ക്ക് ആ നബിവചനം ലഭിക്കാതെ നിങ്ങള്‍ക്ക് മാത്രം അത് ലഭിച്ചത്? നീ ഏക ഒരുത്തനാണല്ലോ, നിനക്ക് പിഴവും മറവിയും പറ്റിപ്പോയിക്കൂടേ?' എന്നാല്‍ ഉമര്‍(റ)വിന് സത്യം മനസ്സിലാവുകയും ഭര്‍ത്താവിന്റെ നഷ്ടപരിഹാര സ്വത്തില്‍ ഭാര്യക്കുള്ള അനന്തരാവകാശത്തെ തടഞ്ഞുകൊണ്ടുള്ള തന്റെ അഭിപ്രായത്തില്‍ നിന്ന് പിന്‍മാറുകയുമാണ് ചെയ്തത്. ഗര്‍ഭസ്ഥശിശു ജീവനോടെ പുറത്ത് വരാനാണ് ഇടവരുത്തിയത് എങ്കില്‍ അതിന് നഷ്ടപരിഹാരം നൂറ് ഒട്ടകവും ജീവനില്ലാതെയാണെങ്കില്‍ നഷ്ടപരിഹാരം ഒന്നുമില്ലെന്നുമുള്ള വിധിയായിരുന്നു അദ്ദേഹം നടപ്പിലാക്കുക. പക്ഷേ, അല്ലാഹു അദ്ദേഹത്തെ അവന്റെ ഇഷ്ടത്തില്‍ ഉറപ്പിച്ച് നിര്‍ത്തി. തന്നിഷ്ടം വെടിഞ്ഞ് പ്രവാചക വചനത്തില്‍ അദ്ദേഹത്തെ നിലനിര്‍ത്തി. 'പാടില്ല', 'അതെങ്ങനെയാണ്' എന്നീ ശൈലികളൊന്നും സ്വീകരിക്കുവാനോ നബിﷺയില്‍ നിന്ന് വന്ന റിപ്പോര്‍ട്ടിനെതിരെ സ്വന്തം അഭിപ്രായം മെനയാനോ ആര്‍ക്കും ഒരിക്കലും പാടില്ലാത്തതാണ്. വിശ്വസ്തരായവരില്‍ നിന്ന് വന്ന റിപ്പോര്‍ട്ടിനെ തള്ളുവാനും പാടില്ല. അത് ഒരാളില്‍ നിന്ന് ഒരാള്‍ എന്ന രീതിയില്‍ വന്നതാണെങ്കിലും ശരി.

അല്ലാഹു പറഞ്ഞു: ''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം! അവക്കിടയില്‍ ഭിന്നിപ്പുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധി കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നത് വരെ അവര്‍ വിശ്വാസികളാവുകയില്ല'' (സൂറഃ അന്നിസാഅ്: 65).

ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു: ''പരിശുദ്ധിയുടെയും മാന്യതയുടെയും ഉടമസ്ഥനായ അല്ലാഹു സത്യം ചെയ്ത് കൊണ്ട് പറയുന്നു; ഏതേത് കാര്യത്തിനും പ്രവാചകനെ വിധികര്‍ത്താവാക്കുന്നതുവരെ ആരും തന്നെ സത്യവിശ്വാസികളാവുകയില്ല. അദ്ദേഹം വിധിച്ചതെന്തോ അത് പ്രത്യക്ഷമായും പരോക്ഷമായും അനുസരിക്കേണ്ടതായ സത്യം മാത്രമാകുന്നു. അതാണ് അല്ലാഹു പറഞ്ഞത് 'നീ വിധി കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അങ്ങനെ അത് പൂര്‍ണമായി സമ്മതിച്ചനുസരിക്കുകയും ചെയ്യുക'. അതായത് നിന്നെ വിധികര്‍ത്താവാക്കുമ്പോള്‍ അവരുടെ അന്തരാളത്തില്‍ നിന്നുള്ള അനുസരണം കാണപ്പെടും. നീ വിധിച്ചതിനെ കുറിച്ച് മനസ്സില്‍ ഒരു വിഷമവും തോന്നാതെ ഒളിഞ്ഞും തെളിഞ്ഞുമെല്ലാം, മനോവിഷമവും തടസ്സവാതങ്ങളും തര്‍ക്കങ്ങളുമില്ലാതെ സര്‍വാത്മനാ അവര്‍ അതിന് വഴങ്ങുന്നവരാണ്. ഒരു ഹദീഥില്‍ വന്ന പ്രകാരം:

''എന്റെ ശരീരം ആരുടെ കൈയിലാണോ അവന്‍ സത്യം, നിങ്ങളില്‍ ആരും സത്യവിശ്വാസിയാവുകയില്ല; തന്റെ താല്‍പര്യങ്ങള്‍ മുഴുവന്‍ ഞാന്‍ കൊണ്ടുവരുന്നതിനോട് പൊരുത്തപ്പെട്ടുകൊണ്ടാകുന്നത് വരെ'' (ബഗവി- ശറഹുസ്സുന്നഃ, നവവി ഫീ അര്‍ബഈന്‍, അല്‍ബാനി ദുര്‍ബലമെന്ന് അഭിപ്രായപ്പെടത്).

മദ്ഹബീ പക്ഷപാതിത്തം വെച്ച്പുലര്‍ത്തുന്നവര്‍ ശരിയായ പാന്ഥാവില്‍ നിന്നെത്ര അകെലയാണെന്ന് ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. തങ്ങളുടെ മദ്ഹബിന് വിരുദ്ധമാണെന്നതല്ലാത്ത മറ്റ് യാതൊരു ന്യായവുമില്ലാതെ പ്രവാചകന്റെ ഹദീഥിനെ തള്ളിക്കളയുകയാണവര്‍. തങ്ങളുടെ ഇമാം അല്ലെങ്കില്‍ മദ്ഹബ് മുഴുവന്‍ സുന്നത്തുകളും ഉള്‍ക്കൊള്ളുന്നുവെന്നും സുന്നത്തിന്റെ മേല്‍ വിധിനടത്താന്‍ യോഗ്യമാണ് മദ്ഹബെന്നും അവര്‍ ധരിച്ച് വശായിരിക്കുന്നു. എന്നാല്‍ സുന്നത്ത് മദ്ഹബിന്റെ മേല്‍ വിധിനടത്തലാണ് നിര്‍ബന്ധം എന്നതാണ് സത്യം.

യഥാര്‍ഥത്തില്‍ ഇമാമുമാരുടെ അഭിപ്രായങ്ങള്‍ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവരായിക്കഴിഞ്ഞിട്ടുണ്ട് തങ്ങളെന്ന് ഈ മദ്ഹബ് പക്ഷപാതികള്‍ മനസ്സിലാക്കിക്കൊള്ളട്ടെ.

ഇമാംശാഫിഈ തന്റെ രിസാലയില്‍ പറയുന്നു: ''അനുകരണം അവരെ അശ്രദ്ധരാക്കിയരിക്കുന്നു. നമുക്കും അവര്‍ക്കും അല്ലാഹു പൊറുത്ത് തരുമാറാകട്ടെ.''

''സുന്നത്ത് ലഭിക്കാതെ പോയതിനാല്‍ ചിലര്‍ അതിനെതിരായി പറഞ്ഞുപോയെന്ന് വരാം; കരുതിക്കൂട്ടിയല്ല. ചിലപ്പോള്‍ അശ്രദ്ധ കാരണം വ്യാഖ്യാനം പിഴച്ചെന്നും വരാം.''

''മുഴുവന്‍ സുന്നത്തും നഷ്ടപ്പെടാതെ ലഭിച്ച ഒരാളെയും നമുക്കറിഞ്ഞുക്കൂടാ. സുന്നത്തിനെക്കുറിച്ചറിയുന്ന എല്ലാവരെയും ഒരുമിച്ച് കൂട്ടാന്‍ കഴിഞ്ഞാല്‍ ഒട്ടുമിക്ക സുന്നത്തും ലഭ്യമാകും. എന്നാല്‍ അവരില്‍ ഓരോരുത്തരുടെയും അറിവിനെ വേര്‍തിരിച്ചാല്‍ അതില്‍ പലതും പലര്‍ക്കും ലഭിച്ചിട്ടുണ്ടായിരിക്കുകയില്ല. പക്ഷേ, അവരില്‍ ഒരാള്‍ക്ക് നഷ്ടപ്പെട്ടത് മറ്റെ ആളില്‍ കണ്ടെത്താന്‍ കഴിയും. അവര്‍ അറിവില്‍ പല തട്ടുകളാണ്. ചിലര്‍ക്ക് കുറെ വശമുണ്ടായരിക്കും. ചിലത് നഷ്ടപ്പെട്ടിട്ടുമുണ്ടാകും. ചിലര്‍ക്ക് മറ്റവരെക്കാള്‍ ലഭിച്ചിട്ടുണ്ടാവുകയില്ല. കൂടുതല്‍ വശമുണ്ട് എന്നത് നഷ്ടപ്പെട്ട് പോയതിനെ തന്റെ പദവിയോളമെത്തിയിട്ടില്ലാത്തവരോട് ചോദിച്ചറിയാതിരിക്കാന്‍ കാരണമല്ല. മാത്രമല്ല തന്റെ പദവിയിലുള്ളവരോടും ചോദിക്കേണ്ടതാണ്. അങ്ങനെ നബിﷺയുടെ മുഴുവന്‍ സുന്നത്തും ലഭിക്കാനത് കാരണമാകും. അപ്പോള്‍ പണ്ഡിത സമൂഹം അത് മുഴുവന്‍ ഒരുമിച്ച് കൂട്ടിയവര്‍ എന്ന പദവിക്കര്‍ഹരായി. എന്നാലും അത് വേണ്ടത് പോലെ പഠിക്കുന്നതില്‍ അവര്‍ വിവിധ തട്ടുകളിലായിരിക്കും നിലകൊള്ളുന്നത്'' (അര്‍രിസാല, പേജ്: 43).

അല്ലാമാ ഉസ്താദ് അഹ്മദ് ശാകിര്‍ ചിലത് കൂടി പറഞ്ഞിട്ടുണ്ട്. അതിങ്ങനെ വായിക്കാം: ''സുന്നത്തിന്റെ കാര്യത്തില്‍ ഇമാംശാഫിഈ(റ) ഗഹനമേറിയ വീക്ഷ്ണവും സൂക്ഷ്മമായ വിലയിരുത്തലുമാണ് നടത്തിയിട്ടുള്ളത്. അദ്ദേഹവും അദ്ദേഹത്തിന്റെ മുമ്പ് കഴിഞ്ഞ് പോയ പണ്ഡിതന്‍മാരും സുന്നത്തിനെ സമാഹരിച്ചെടുത്ത രീതിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചയാണത്. സുന്നത്തിന്റെതായ ഗ്രന്ഥങ്ങള്‍ മാത്രം രചിക്കപ്പെട്ടിരുന്നില്ലാത്ത കാലമാണത്. ഏതാനും ചിലത് ശേഖരിച്ചുവെച്ചതൊഴിച്ചാല്‍, ശേഷം വലുതും ചെറുതുമായ ഗ്രന്ഥങ്ങളിലായിട്ട് മഹാരഥന്മാരായ പണ്ഡിതന്‍മാര്‍ അത് സമാഹരിച്ചെടുത്തു. അക്കൂട്ടത്തിലാണ് ശാഫിഈയുടെ ശിഷ്യനായ അഹ്മദ്ബ്‌നു ഹമ്പലിന്റെ അല്‍മുസ്‌നദ്. പ്രസ്തുത ഗ്രന്ഥത്തെക്കുറിച്ച് അദ്ദേഹം പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: ''അമ്പതിനായിരത്തി എഴുന്നൂറോളം ആളുകളില്‍ നിന്ന് ഞാന്‍ അത് പരിശോധിച്ച് ഒരുമിച്ചുകൂട്ടി. ഹദീഥിനെക്കുറിച്ച് മുസ്‌ലിംകള്‍ ഭിന്നാഭിപ്രായത്തില്‍ അകപ്പെട്ടാല്‍ നിങ്ങള്‍ അതിലേക്ക് മടങ്ങുക. അതില്‍ കണ്ടാല്‍ (അത് തന്നെ പരിഹാരം). ഇല്ലെങ്കിലോ അത് പ്രമാണമല്ല. അതേസമയം കുറ്റമറ്റ വളരെയധികം ഹദീഥുകള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്. മുസ്‌നദില്‍ ഇല്ലാത്ത നിരവധി ഹദീഥുകള്‍ ബുഖാരിയിലും മുസ്‌ലിമിലും കാണാം. പ്രഗത്ഭരായ ആറ് പണ്ഡിതന്‍മാര്‍ ആറ് ഹദീഥ് ഗ്രന്ഥങ്ങള്‍ രചിച്ചു. അവയില്‍ നിരവധി ഹദീഥുകള്‍ മുസ്‌നദില്‍ ഇല്ലാത്തവയുണ്ട്. ഇവ കൂടാതെയും മുസ്‌നദുകള്‍ ഉണ്ട്. പക്ഷേ, മുഴുവന്‍ ഹദീഥുകളും അവയിലും ഉള്‍ക്കൊള്ളുന്നില്ല. എങ്കിലും അതിലെ ഹദീഥുകള്‍ മുഴുവനും പ്രസിദ്ധമായ ഹാകിമിന്റെ 'മുസ്തദ്‌റക്', ബൈഹക്വിയുടെ 'സുനനുല്‍ കുബ്‌റാ', ഇബ്‌നുല്‍ ജാറൂദിന്റെ 'മുന്‍തഖാ', 'സുനനുദ്ദാരിമി', മആജിമുത്ത്വബ്‌റാനീ അഥ്ഥലാഥഃ, അബുയഅ്‌ല, ബസ്സാര്‍ എന്നീ രണ്ട് പേരുടെ മുസ്‌നദ് എന്നീ ഗ്രന്ഥങ്ങളിലെ ഹദീഥുകളോടൊപ്പം നാം ചേര്‍ത്ത് വെക്കുകയാണെങ്കില്‍ മുഴുവന്‍ ഹദീഥുകളും ഒരുമിച്ച്കൂട്ടി എന്ന് പറയാം. അതില്‍നിന്നൊന്നും നമുക്ക് പാഴായിട്ടില്ലെന്ന് വിചാരിക്കാമെന്ന് മാത്രമല്ല; ഉറപ്പിക്കുക തന്നെ ചെയ്യാം. അതാണ് ശാഫിഈ(റ) പറഞ്ഞതിന്റെ വിവക്ഷ: 'സുന്നത്ത് വശമുള്ള എല്ലാവരെയും ഒരുമിച്ച് കൂട്ടാന്‍ കഴിഞ്ഞാല്‍ ഒട്ടുമിക്ക സുന്നത്തും ലഭ്യമാകും.' 'അപ്പോള്‍ പണ്ഡിത സമൂഹം അത് മുഴുവന്‍ ഒരുമിച്ച് കൂട്ടിയവരാണ് എന്ന് വന്നു.' ശാഫിഈ ഇത് പറഞ്ഞത് ഹദീഥ് ഗ്രന്ഥരചന യാഥാര്‍ഥ്യമാകുന്നതിന്റെ മുമ്പത്തെ അവസ്ഥയിലാണെന്ന് ഓര്‍ക്കണം. അദ്ദേഹത്തിന്റെ അറിവ് അപാരം തന്നെ.''

അല്ലാമാ അഹ്മദ് ശാകിറിന്റെ ഈ അഭിപ്രായത്തെക്കുറിച്ച് നമ്മുടെ ശൈഖ് അല്ലാമാ മുഹമ്മദ് നാസ്വിറുദ്ദീനുല്‍ അല്‍ബാനിയോട് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ''ഉസ്താദ് അഹ്മദ് ശാകിര്‍ ഹദീഥ് ഗ്രന്ഥങ്ങളെക്കുറിച്ച് പറഞ്ഞെങ്കിലും മുഴുവന്‍ ഹദീഥുകളും അതില്‍ ഉള്‍ക്കൊള്ളുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഉസ്താദ് പറയാത്ത വേറെയും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളുണ്ട്. 'സ്വഹീഹു ഇബ്‌നുഖുസൈമ', 'സ്വഹീഹു ഇബ്‌നുഹിബ്ബാന്‍', 'മുസ്വന്നഫു ഇബ്‌നു അബീശൈബ', 'മുസ്‌നദ് ഇബ്‌നു അബീശൈബ', 'മുസ്വന്നഫു അബ്ദുര്‍റസാഖ്' പോലുള്ള ഗ്രന്ഥങ്ങള്‍ ഉദാഹരണങ്ങളാണ്.

നമുക്ക് പറയാനുള്ളത് മദ്ഹബ് ഏതാകട്ടെ, ഇമാം ആരാകട്ടെ ഹദീഥിനെ കുറിച്ച് ആഴത്തിലുള്ള അറിവിന്റെ അഭാവത്തില്‍ പോലും ഹദീഥ് സ്വഹീഹായി വന്നാല്‍ തഖ്‌ലീദ് കൈവെടിയല്‍ നിര്‍ബന്ധമാണെന്നാണ്. അഭിപ്രായ വ്യത്യാസത്തില്‍ നിന്ന് മോചിതരാവാനുള്ള മാര്‍ഗവും അതാണ്.

അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോല്‍ സുന്നത്തിനെ മുറുകെ പിടിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് നബിﷺ പറഞ്ഞു:

''എനിക്ക് ശേഷം ജീവിക്കുന്ന ഏതൊരാളും ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ കണ്ടേക്കാം. ആ സന്ദര്‍ഭത്തില്‍ നിങ്ങള്‍ എന്റെ സുന്നത്തിനെയും സച്ചരിതരായ ഖലീഫമാരുടെ ചര്യയെയും മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ട് കടിച്ച് പിടിക്കുക, നൂതനാചാരങ്ങളെ കരുതിയിരിക്കുക. കാരണം എല്ലാ പുതിയതും ദുരാചാരമാണ്. എല്ലാ ദുരാചാരങ്ങളും വഴികേടുമാണ്'' (അഹ്മദ്, അബൂദാവൂദ്, തുര്‍മുദി, ഇബ്‌നുമാജ).