അധ്വാനവും ആത്മാര്‍ഥതയും

ശൈഖ് അബ്ദുല്‍മുഹ്‌സിന്‍ ഇബ്‌നുഹമദ് അല്‍ബദ്ര്‍

2018 ഒക്ടോബര്‍ 20 1440 സഫര്‍ 09

ഉദ്യോഗം ഒരു അമാനത്താണ്. ഉദ്യോഗസ്ഥന്‍ തന്റെ ജോലി ആത്മാര്‍ഥതയോടും താല്‍പര്യത്തോടും നിര്‍വഹിച്ചാല്‍ ഇഹത്തിലും പരത്തിലും അവന് പ്രതിഫലം ലഭിക്കും. അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ച് താല്‍പര്യപൂര്‍വം ജോലിയെടുക്കുന്നവന്‍ തന്റെ ചുമതല നിറവേറ്റിയവനും ഭൗതികമായി ജോലിക്കുള്ള കൂലി അര്‍ഹിക്കുന്നവനും പാരത്രികലോകത്തെ പ്രതിഫലം നേടി വിജയിക്കുന്നവനുമായിത്തീരും. മനുഷ്യര്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്കുള്ള പ്രതിഫലവും കൂലിയും ഉണ്ടാകുന്നത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നതോടൊപ്പവും പ്രതിഫലേച്ഛയോടൊപ്പവുമാണ് എന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു:

അല്ലാഹു പറഞ്ഞു: ''അവരുടെ രഹസ്യാലോചനകളില്‍ മിക്കതിലും യാതൊരു നന്മയുമില്ല. വല്ല ദാനധര്‍മവും ചെയ്യുവാനോ, സദാചാരം കൈക്കൊള്ളുവാനോ, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുവാനോ കല്‍പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്നപക്ഷം അവന് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്'' (സൂറത്തുന്നിസാഅ്: 114).

അബൂമസ്ഊദ്(റ)വില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ''വല്ലവനും തന്റെ കുടുംബത്തിന് (അല്ലാഹുവില്‍നിന്ന്) പ്രതിഫലം മോഹിച്ച് ചെലവ് നല്‍കിയാല്‍ അത് അവന് ധര്‍മമാണ്'' (ബുഖാരി, മുസ്‌ലിം).  

അല്ലാഹുവിന്റെ റസൂല്‍ﷺ സഅ്ദ് ഇബ്‌നു അബീവക്വാസ്വ്(റ)വിനോട് പറഞ്ഞു:''അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് താങ്കള്‍ ചെലവഴിക്കുന്ന യാതൊന്നുമില്ല; താങ്കള്‍ക്കതിന് പ്രതിഫലം നല്‍കപ്പെടാതെ. എത്രത്തോളമെന്നാല്‍ താങ്കള്‍ താങ്കളുടെ ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ഉരുളക്ക് പോലും'' (ബുഖാരി, മുസ്‌ലിം). 

ഒരു മുസ്‌ലിം, മറ്റുള്ളവരോട് തന്റെമേല്‍ നിര്‍ബന്ധമായ ബാധ്യത നിര്‍വഹിച്ചാല്‍ അവന്റെ ഉത്തരവാദിത്തം അവന്‍ നിറവേറ്റി. എന്നാല്‍ പ്രതിഫലവും കൂലിയും അവന്‍ നേടുന്നത് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോഴും അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുമ്പോഴും മാത്രമാണ്. ഇതാണ് ഉപരി സൂചിത പ്രമാണ വചനങ്ങള്‍ അറിയിക്കുന്നത്. 

ജോലിസമയം ജോലിക്കുവേണ്ടി

തനിക്ക് നിശ്ചയിക്കപ്പെട്ട ജോലിക്ക് നിര്‍ണയിക്കപ്പെട്ട സമയം പ്രസ്തുത ജോലിക്കായി വിനിയോഗിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ടതുണ്ട്. ആ സമയത്ത് ഇതര കാര്യങ്ങളില്‍ വ്യാപൃതനായി സമയം കളയുന്നത് അമാനത്തില്‍ വരുത്തുന്ന വീഴ്ചയാണ്. 

തന്റെ കൂലി സമ്പൂര്‍ണമായി സ്വീകരിക്കുവാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നു. അത് തെല്ലും കുറക്കപ്പെടുന്നത് അവന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ജോലിസമയം ജോലിയുടെ നന്മക്കല്ലാതെ മറ്റു കാര്യങ്ങളില്‍ വിനിയോഗിച്ച് തെല്ലും കുറക്കാതിരിക്കലും അയാളുടെ ബാധ്യതയാണ്.  

തങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായി സ്വീകരിക്കുകയും അന്യരുടെ അവകാശങ്ങളില്‍ കുറവ് വരുത്തുകയും ചെയ്യുന്ന, അളവുകളിലും തൂക്കങ്ങളിലും കൃത്രിമം കാണിക്കുന്നവരെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു: ''അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും  ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്? ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്! അതെ, ലോക രക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ്‌വരുന്ന ദിവസം'' (സൂറത്തുല്‍ മുത്വഫ്ഫിഫീന്‍: 16).

ഉദ്യോഗസ്ഥനുണ്ടാകേണ്ട അടിസ്ഥാന യോഗ്യതകള്‍

ഉദ്യോഗസ്ഥനെയും ജോലിക്കാരനെയും തെരഞ്ഞെടുക്കുന്നതില്‍ അടിസ്ഥാനമാക്കേണ്ടത് അയാള്‍ പ്രാപ്തനും (ക്വവിയ്യ്) വിശ്വസ്തനും (അമീന്‍) ആവുക എന്നതാണ്. കാരണം, പ്രാപ്തിയുണ്ടെങ്കിലേ തന്നോട് ആവശ്യപ്പെട്ട ജോലി നിര്‍വഹിക്കുവാന്‍ ഒരാള്‍ക്ക് സാധിക്കൂ. അമാനത്തുകൊണ്ട് മാത്രമെ ആവശ്യപ്പെട്ടതായ ജോലി, തന്നെ ബാധ്യതാമുക്തനാക്കും വിധം ചെയ്യുവാനും അയാള്‍ക്ക് സാധിക്കൂ. അമാനത്ത് കൊണ്ടാണ് കാര്യങ്ങള്‍ അതിന്റേതായ സ്ഥാനങ്ങളില്‍ വെക്കാനാവുന്നതും ക്വുവ്വത്(ശക്തി) കൊണ്ടാണ് ഉത്തരവാദിത്തം നിര്‍വഹിക്കുവാന്‍ സാധ്യമാകുന്നത് എന്ന് സാരം.

മൂസാ(അ) മദ്‌യന്‍കാരനായ വ്യക്തിയുടെ രണ്ട് പെണ്‍മക്കള്‍ക്ക് വെള്ളംകോരി നല്‍കിയപ്പോള്‍ അവരില്‍ ഒരു പെണ്‍കുട്ടി മൂസാ(അ)യെ കുറിച്ച് പറഞ്ഞതായി അല്ലാഹു പറയുന്നു: ''എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ'' (സൂറത്തുല്‍ ക്വസ്വസ്വ്: 26).

സുലൈമാന്‍ നബി(അ)ക്കുവേണ്ടി സബഇലെ രാജ്ഞിയായ ബല്‍ക്വീസിന്റെ സിംഹാസനം കൊണ്ടുവരുവാന്‍ സന്നദ്ധത പ്രകടിപ്പിച്ച, ജിന്ന് വര്‍ഗത്തിലെ ഇഫ്‌രീത്ത് പറഞ്ഞതായി ക്വുര്‍ആനില്‍ ഇങ്ങനെ കാണാം: ''അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു'' (സൂറത്തുന്നംല്: 39).

സിംഹാസനം ചുമക്കുവാനും ഹാജരാക്കുവാനുമുള്ള കഴിവിനെയും അതിലുള്ളത് സൂക്ഷിക്കുന്നതിനെയും ഒന്നിച്ച് പറഞ്ഞു എന്ന് സാരം.

യൂസുഫ്(അ) രാജാവിനോട് പറഞ്ഞതായി അല്ലാഹു പറയുന്നു: 

''താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും'' (സൂറത്തുയൂസുഫ്: 55).

ശക്തിയുടെയും വിശ്വാസ്യതയുടെയും വിപരീതമാണ് അശക്തിയും വഞ്ചനയും. അശക്തിയും വഞ്ചനയുമാകട്ടെ ജോലിയില്‍ ആളുകളെ നിശ്ചയിക്കാതിരിക്കുവാന്‍ അടിസ്ഥാനവും ജോലിയില്‍നിന്ന് ആളുകളെ ഒഴിവാക്കുവാനുള്ള യഥാര്‍ഥ ന്യായവുമാണ്. 

ഉമര്‍(റ) സഅദ്(റ)വിനെ കൂഫയുടെ അമീറായി നിശ്ചയിച്ചപ്പോള്‍ അവിടത്തെ വിവരദോഷികള്‍ സഅദ്(റ)വിനെ കുറിച്ച് ആക്ഷേപം പറഞ്ഞു. ഉമര്‍(റ)വിനോട് അദ്ദേഹത്തിനെതിരില്‍ അവര്‍ സംസാരിച്ചു. ഈ സന്ദര്‍ഭത്തില്‍ അരാജകത്വം ഒഴിവാക്കുവാനും ആരും സഅദിനെ കയ്യേറ്റം ചെയ്യാതിരിക്കുവാനും ഉമര്‍(റ) അദ്ദേഹത്തെ കൂഫയുടെ അമീര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിലാണ് നന്മയെന്ന് കണ്ടു. എന്നാല്‍ ഉമര്‍(റ) മരണാസന്നനായ വേളയില്‍ സ്വഹാബികളില്‍നിന്ന് ആറു പേരെ ഖലീഫയെ തെരെഞ്ഞെടുക്കുവാന്‍ നിശ്ചയിച്ചപ്പോള്‍ അവരില്‍ സഅദുമുണ്ടായിരുന്നു. സഅദ്(റ) ഭരണനേതൃത്വത്തിന് കൊള്ളാത്തവനായതുകൊണ്ടാണ് താന്‍ അദ്ദേഹത്തെ സ്ഥാനമൊഴിപ്പിച്ചതെന്ന് തെറ്റിദ്ധരിക്കപ്പെടുമെന്ന് ഉമര്‍(റ) ഭയന്നു. പ്രസ്തുത തെറ്റിദ്ധരിക്കപ്പെടലിനെ അദ്ദേഹം ഇപ്രകാരം പറഞ്ഞുകൊണ്ട് നിരാകരിച്ചു: 

''ഖിലാഫത്ത് സഅദിനാണ് ലഭിക്കുന്നതെങ്കില്‍ സഅദായിരിക്കണം ഖലീഫ. അദ്ദേഹമല്ലെങ്കില്‍ ആരാണോ ഖലീഫയായി നിശ്ചയിക്കപ്പെടുന്നത് അയാള്‍ സഅ്ദിനെ സഹായിയായി സ്വീകരിക്കട്ടെ. കാരണം ഞാന്‍ സഅദിനെ അദ്ദേഹത്തിന്റെ അശക്തത കാരണത്താലോ അദ്ദേഹം വഞ്ചന നടത്തിയതിനാലോ സ്ഥാനഭ്രഷ്ടനാക്കിയിട്ടില്ല'''(ബുഖാരി).

അബൂദര്‍റ് (റ)വില്‍നിന്ന് നിവേദനം. അദ്ദേഹം ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നെ ഗവര്‍ണറായി നിശ്ചയിക്കുന്നില്ലേ?'' അപ്പോള്‍ തിരുമേനിﷺ തന്റെ കൈകൊണ്ട് എന്റെ ഇരു ചുമലുകളിലും തട്ടി. ശേഷം തിരുമേനിﷺ പറഞ്ഞു: ''അബൂദര്‍റ്, താങ്കള്‍ ദുര്‍ബലനാണ്. നേതൃപദവിയാകട്ടേ അമാനത്തുമാണ്. അത് അന്ത്യനാളില്‍ നിന്ദ്യതയും അപമാനവുമാണ്; നേതൃത്വം യഥാവിധം ഏറ്റെടുക്കുകയും അതില്‍ തന്റെമേല്‍ ബാധ്യതയായത് നിര്‍വഹിക്കുകയും ചെയ്തവര്‍ക്കൊഴിച്ച്'' (മുസ്‌ലിം). 

അബൂദര്‍റില്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ അല്ലാഹുവിന്റെ ദൂതന്‍ﷺ പറഞ്ഞതായി ഇപ്രകാരമാണുള്ളത്: ''അബൂദര്‍റ്, താങ്കളെ ഞാന്‍ ദുര്‍ലബനായി കാണുന്നു. എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്നത് താങ്കള്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ രണ്ടാളുകളുടെ നേതൃപദവി ഏറ്റെടുക്കരുത്. യതീമിന്റെ ധനവും ഏറ്റെടുക്കരുത്'' (മുസ്‌ലിം).

മുതിര്‍ന്നവര്‍ ചെറിയവര്‍ക്ക് മാതൃക

ഉത്തരവാദപ്പെട്ട മുതിര്‍ന്നവര്‍ ചെറിയവര്‍ക്ക് കാര്യക്ഷമതയിലും അലസതയിലും ഒരുപോലെ മാതൃകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായി നിര്‍വഹിച്ചാല്‍ അവരുടെ കീഴ്ഘടകങ്ങള്‍ അതില്‍ അവരെ അനുധാവനം ചെയ്യും. ജോലിയിലുള്ള എല്ലാ മേലാധികാരികളും ത ന്നെക്കുറിച്ചും തന്റെ കീഴിലുള്ളവരെക്കുറിച്ചും ചോദിക്കപ്പെടും. 

അബ്ദുല്ലാഹിബ്‌നുഉമര്‍(റ)വില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ﷺ പറഞ്ഞു: 

''നിങ്ങള്‍ എല്ലാവരും പ്രജാധിപന്മാരാണ്. തന്റെ പ്രജയെക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്. ജനങ്ങള്‍ക്ക് നേതാവായിട്ടുള്ളവന്‍ അവരുടെ മേല്‍നോട്ടക്കാരനാണ്. അയാള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. പുരുഷന്‍ തന്റെ കുടുംബത്തിന്റെ മേല്‍നോട്ടക്കാരനാണ്; അയാള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. സ്ത്രീ ഭര്‍തൃവീടിന്റെയും സന്താനങ്ങളുടെയും മേല്‍നോട്ടക്കാരിയാണ്. അവള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളാണ്. ഭൃത്യന്‍ തന്റെ യജമാനന്റെ സ്വത്ത് കയ്യാളുന്നവനാണ്; അയാള്‍ അതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. അറിയുക, അതിനാല്‍ നിങ്ങള്‍ എല്ലാവരും മേല്‍നോട്ടക്കാരാണ്. നിങ്ങള്‍ മേല്‍നോട്ടം നടത്തുന്നവരെക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്'' (ബുഖാരി).

ഉന്നത ഉദ്യോഗസ്ഥര്‍ ജോലികള്‍ അതിന്റെ മുഴുസമയങ്ങളിലും സൂക്ഷിച്ച് നിര്‍വഹിക്കുന്നവരായാല്‍ അവര്‍ തങ്ങളുടെ കീഴ്ഘടകങ്ങള്‍ക്ക് ഉത്തമ മാതൃകയായി. ഒരു കവി പാടി:

കല്‍പന നല്‍കി നീ ചെയ്തു കാണിക്കുകില്‍

നിന്‍ ആജ്ഞകള്‍ക്കെല്ലാം വഴിപ്പെടുമാളുകള്‍.

ആശയസംഗ്രഹം:
അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല