മഹത്ത്വമേറിയ വചനങ്ങള്‍

ശൈഖ് അബ്ദുര്‍റസാക്വ് അല്‍ ബദ്ര്‍

2018 ജനുവരി 27 1439 ജുമാദില്‍ ഊല 10

വിവര്‍ത്തനം

അല്ലാഹു നാല് വാക്കുകളെ ഉന്നതമായ ചില ശ്രേഷ്ഠതകള്‍ കൊണ്ടും മഹത്തായ ചില വ്യതിരിക്തതകള്‍ കൊണ്ടും പ്രത്യേകമാക്കിയിരിക്കുന്നു. ഈ പ്രത്യേകമാക്കല്‍ പ്രസ്തുത നാലുവാക്കുകളും അതിമഹനീയമാണെന്നും അവയുടെ സ്ഥാനം അത്യുന്നതമാണെന്നും  ഇതരവാക്കുകളെക്കാള്‍ അവയ്ക്ക് പ്രത്യേകതയുണ്ട് എന്നും വിളിച്ചറിയിക്കുന്നുണ്ട്. അവ: സുബ്ഹാനല്ലാഹ്, (അല്ലാഹു പരമ പരിശുദ്ധന്‍). അല്‍ഹംദുലില്ലാഹ്, (സ്തുതികള്‍ മുഴുവനും അല്ലാഹുവിന് മാത്രം), ലാ ഇലാഹ ഇല്ലല്ലാഹ്, (യഥാര്‍ഥ ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല.) അല്ലാഹുഅക്ബര്‍ (അല്ലാഹു ഏറ്റവും വലിയവനാണ്) എന്നിവയാണ്.

ഈ ദിക്‌റുകള്‍ അത്യുന്നതമാണെന്നറിയിക്കുന്ന ധാരാളം പ്രമാണങ്ങള്‍ വന്നിരിക്കുന്നു. ഇവ യഥാവിധം നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന മഹത്തായ പ്രതിഫലങ്ങളും ഉത്കൃഷ്ടതകളും ഇഹത്തിലും പരത്തിലും ലഭിച്ചേക്കാവുന്ന നന്മകളും വിളിച്ചറിയിക്കുന്നതായ ബലവത്തായ തെളിവുകളും സ്ഥിരപ്പെട്ടിരിക്കുന്നു. 'ഫിക്വ്ഹുല്‍ അദ്ഇയത്തി വല്‍അദ്കാര്‍''എന്നപേരില്‍ ഞാന്‍ എഴുതിയ ഗ്രന്ഥത്തിലെ ഒരു അധ്യായമാണിത്. അത് പ്രവിവര്‍ത്തനംത്യേകമൊരു ഭാഗമാക്കി ക്രോഡീകരിച്ചാല്‍ ഉപകാരപ്പെടുമെന്ന് കണ്ടതിനാലും കൂടുതല്‍ പ്രയോജനപ്പെടുവാനും ഉപകാരം കൂടുതല്‍ പേര്‍ക്ക് ലഭിക്കുവാനും ചില മാന്യസുഹൃത്തുക്കള്‍ ഇവ ഒരു പ്രത്യേക ലഘുരചനയായി പ്രസിദ്ധീകരിക്കുവാന്‍ പ്രേരിപ്പിച്ചതിനാലുമാണ് ഇത് ഇപ്രകാരം തയ്യാറാക്കുന്നത്.  

സുഹൃത്തേ, ഈ രചന നിങ്ങളിലേക്ക് സമര്‍പ്പിക്കുന്നു.  അവധാനതയോടെ നിരീക്ഷിക്കുക.  ഒരുവേള നമ്മുടെ ചിന്തക്ക് ഉണര്‍വും മനസ്സിന് കരുത്തും അതില്‍ ഉണ്ടായേക്കാം. ഈ കലിമകള്‍ യഥാവിധം നിര്‍വഹിച്ചുപോരാനുള്ള സഹായവും ലഭിച്ചേക്കാം. അല്ലാഹു മാത്രമാകുന്നു ഉദവി നല്‍കുന്നവന്‍, എല്ലാ നന്മയിലേക്കുമുള്ള സഹായിയും. നന്മ ചെയ്യുവാനും തിന്മ വെടിയുവാനും കഴിവും ചലനശേഷിയും ഉന്നതനും മഹാനുമായ അല്ലാഹുയെക്കൊണ്ടുമാത്രം.

അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വചനങ്ങള്‍

ഈ നാല് വചനങ്ങളുടെ മഹത്ത്വങ്ങളില്‍ പെട്ടതത്രെ; അവ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വചനങ്ങളാണ് എന്നത്. 

സമുറ ഇബ്‌നു ജുന്‍ദുബ്(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ''അല്ലാഹുവിങ്കലേക്ക് പ്രിയങ്കരമായ വചനങ്ങള്‍ നാലാകുന്നു; അവയില്‍ ഏതൊന്ന് കൊണ്ട് തുടങ്ങി യാലും നിനക്ക് പ്രശ്‌നമില്ല: സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍'' (മുസ്‌ലിം 2137).

മറ്റൊരു വചനത്തില്‍ ഇങ്ങനെയാണുള്ളത്: ''നാലുവാക്യങ്ങള്‍ വാക്യങ്ങളില്‍വെച്ച് ഏറ്റവും നല്ല വയാണ്. അവ ക്വുര്‍ആനില്‍പെട്ടതാണ്. അവയില്‍ ഏതുകൊണ്ട് തുടങ്ങിയാലും നിനക്ക് പ്രശ്‌നമില്ല സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇ ലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍'' (അബൂദാവൂദ്).

നബി ﷺ ക്ക് ഏറ്റവും പ്രിയങ്കരമായ വചനങ്ങള്‍

ഈ നാല് വചനങ്ങളുടെ മഹത്ത്വങ്ങളില്‍ പെട്ടതത്രെ; അവ ദുന്‍യാവിനെക്കാളും അതിലുള്ള തിനെക്കാളും പ്രവാചകന്‍ ﷺ ക്ക് ഏറ്റവും പ്രിയങ്കരമായവയാണ് എന്നത്. അബൂഹുറയ്‌റ(റ)വില്‍ നി ന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു:

''സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍'എന്ന് ഞാന്‍ പറയലാണ് ഏതിന്റെ മേലൊക്കെ സൂര്യന്‍ ഉദിക്കുന്നുവോ അതിനെക്കാളും (ദുന്‍യാവിനെക്കാളും അതിലുള്ളതിനേക്കാളും) എനിക്ക് ഇഷ്ടകരമായത്'' (മുസ്‌ലിം 2695).

അതി മഹത്തായ പ്രതിഫലം നേടിത്തരുന്ന വചനങ്ങള്‍

ഉമ്മുഹാനിഅ് ബിന്‍ത് അബീത്വാലിബ്(റ)യില്‍നിന്ന് നിവേദനം: അവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ  എന്റെ അരികിലൂടെ നടന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: 'എനിക്ക് വാര്‍ധക്യം വന്നു, ഞാന്‍ ദുര്‍ബലയായി. (അല്ലെങ്കില്‍ ഈ ആശയമുള്ള ഒരു വാക്ക് അവര്‍ പറഞ്ഞു) അതിനാല്‍ ഇരുന്നുകൊണ്ട് എനിക്ക് നിര്‍വഹിക്കാവുന്ന ഒരു പ്രവൃത്തി താങ്കള്‍ എന്നോട് കല്‍പിച്ചാലും.' പ്രവാചകന്‍ ﷺ  പറഞ്ഞു: 'നിങ്ങള്‍ നൂറുതവണ സുബ്ഹാനല്ലാഹ്'(തസ്ബീഹ്) ചൊല്ലുക. കാരണം അത് ഇസ്മാഈലിന്റെ മക്കളില്‍നിന്ന് നൂറ് അടിമകളെ നിങ്ങള്‍ മോചിപ്പിച്ചതിന് തുല്യമാകും. നിങ്ങള്‍ നൂറ്തവണ അല്‍ ഹംദുലില്ലാഹ്'(തഹ്മീദ്) ചൊല്ലുക. അത് കടിഞ്ഞാണിടപ്പെട്ട, ജീനിയണിയിക്കപ്പെട്ട നൂറ് കുതിരകള്‍ക്ക് തുല്യമാണ്; അതിന്മേല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (ജിഹാദ് നടത്തുന്ന യോദ്ധാക്കളെ) നിങ്ങള്‍ വഹിക്കുന്നു. നിങ്ങള്‍ നൂറുതവണ'അല്ലാഹു അക്ബര്‍'(തക്ബീര്‍) ചൊല്ലുക.  അത് നിങ്ങള്‍ ഹൃദയംഗമമായി സ്വീകരിക്കുന്ന, നിങ്ങളിലേക്ക് ഇണങ്ങിവരുന്ന, കഴുത്തില്‍ അടയാളപടം അണിഞ്ഞ നൂറ് ഒട്ടകങ്ങള്‍ക്ക് തുല്യമാണ്. നിങ്ങള്‍ നൂറ് തവണ ലാ ഇലാഹ ഇല്ലല്ലാഹ്'(തഹ്‌ലീല്‍) ചൊല്ലുക.' (ആസ്വി മില്‍നിന്ന് ഈ ഹദീഥ് റിപ്പോര്‍ട്ട് ചെയ്യുന്ന) ഇബ്‌നു ഖലഫ് പറയുന്നു: 'അദ്ദേഹം പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു: അത് ആകാശത്തിനും ഭൂമിക്കുമിടയില്‍ (പ്രതിഫലം) നിറക്കും. അന്ന് ഒരാളുടെ പ്രവര്‍ത്തനങ്ങളും (അല്ലാഹുവിലേക്ക്) ഉയര്‍ത്തപ്പെടുകയില്ല; നിങ്ങള്‍ കൊണ്ടുവന്ന (ശ്രേഷ്ഠപ്രവര്‍ത്തനത്തിന്) തുല്യമായത് അയാള്‍ കൊണ്ടുവന്നാലല്ലാതെ'' (അഹ്മദ്, മുസ്‌നദ് 6:344, ബൈഹക്വി, ശുഅബുല്‍ ഈമാന്‍ 612. ആസിം ഇബ്‌നുബഹ്ദല അബൂസ്വാലിഹില്‍നിന്നും അദ്ദേഹം ഉമ്മുഹാനിഅ് ബിന്‍ത് അബീത്വാലിബില്‍നിന്നും, ജയ്യിദായ സനദോടുകൂടി റിപ്പോര്‍ട്ടു ചെയ്തത്). 

ഇമാം മുന്‍ദിരി പറയുന്നു: ''ഈ ഹദീഥ് ഇമാം അഹ്മദ് ഹസനായ സനദോടു കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു'' (അത്തര്‍ഗീബു വത്തര്‍ഹീബ് 2:409, ഈ ഹദീഥിന്റെ സനദിനെ അല്ലാമ അല്‍ബാനി ഹസനാക്കിയിരിക്കുന്നു. അസ്സില്‍സിലതുസ്സ്വഹീഹഃ 3:303).

ഈ നാല് വാക്കുകളിലൂടെ ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ. ഒരാള്‍ നൂറ് തസ്ബീഹ് ചൊല്ലിയാല്‍ അഥവാ 'സുബ്ഹാനല്ലാഹ്''എന്ന് നൂറ് തവണ ചൊല്ലിയാല്‍ ഇസ്മാഈല്‍ (അ)യുടെ മക്കളില്‍നിന്ന് നൂറ് അടിമകളെ മോചിപ്പിച്ചതിന് തുല്യമാണ്. ഇവിടെ ഇസ്മാഈല്‍(അ)യുടെ സന്തതികളെ പ്രത്യേകമാക്കിയത് അവരാണ് അറബികളില്‍ ഏറ്റവും നല്ലകുടുംബം എന്നതിനാലാണ്.  ഒരാള്‍ നൂറ് തവണ അല്ലാഹുവിനെ സ്തുതിച്ചാല്‍ അഥവാ 'അല്‍ഹംദുലില്ലാഹ്' എന്ന് നൂറ് തവണ പറഞ്ഞാല്‍ അയാള്‍ക്കുള്ള പ്രതിഫലം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുവാന്‍ മുജാഹിദുകളെ വഹിക്കുവാനുള്ള ജീനിയണി. കടിഞ്ഞാണിട്ട നൂറ് കുതിരകളെ ധര്‍മം ചെയ്തതിനുള്ള പ്രതിഫലമാണ്.  ഒരാള്‍ നൂറ്തവണ 'തക്ബീര്‍' ചൊല്ലിയാല്‍ അഥവാ 'അല്ലാഹു അക്ബര്‍''എന്ന് നൂറ് തവണ പറഞ്ഞാല്‍ അയാള്‍ക്ക് നൂറ് ഒട്ടകത്തെ ധര്‍മം ചെയ്ത പ്രതിഫലമുണ്ട്. ഒരാള്‍ നൂറ് തവണ തഹ്‌ലീല്‍ ചൊല്ലിയാല്‍ അഥവാ 'ലാഇലാഹ ഇല്ലല്ലാഹ്'' എന്ന് നൂറ് തവണ പറഞ്ഞാല്‍ അത് ആകാശത്തിനും ഭൂമിക്കുമിടയില്‍ പ്രതിഫലം നിറക്കും. അന്ന് ഒരാളുടെ പ്രവര്‍ത്തനങ്ങളും (അല്ലാഹുവിലേക്ക്) ഉയര്‍ത്തപ്പെടുകയില്ല; അയാള്‍ കൊണ്ടുവന്ന (പ്രതിഫലാര്‍ഹ, ശ്രേഷ്ഠ പ്രവര്‍ത്തനത്തിന്) തുല്യമായത് ഇയാള്‍ കൊണ്ടുവന്നാലല്ലാതെ!

പാപങ്ങളെ മായ്ക്കുവാന്‍

അബ്ദുല്ലാഹ് ഇബ്‌നു അംറ്(റ)വില്‍നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: 

''ഭൂമിക്ക് മുകളില്‍ ഒരാളുമില്ല. അയാള്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍, സുബ്ഹാന ല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഹൗല വലാക്വുവ്വത്ത ഇല്ലാ ബില്ലാഹ്' എന്ന് പറഞ്ഞാല്‍, അതോടെ അ യാളുടെ പാപങ്ങള്‍ മായിക്കപ്പെടാതെ, അത് സമുദ്രത്തിലെ നുരകളെക്കാള്‍ അധികമാണെങ്കിലും'' (അഹ്മദ,് മുസ്‌നദ് 2:157,210, തുര്‍മുദി, സുനന്‍ 3460, ഹാകിം, അല്‍ മുസ്തദ്‌റക് 1:503,  അല്‍ബാനി, സ്വഹീഹുല്‍ജാമിഅ് 5636). 

(ഇമാം തുര്‍മുദിയും അല്ലാമാ അല്‍ബാനിയും ഈ ഹദീഥിനെ ഹസനാക്കിയിരിക്കുന്നു, ഹാകിമും ദഹബിയും ഈ ഹദീഥിനെ സ്വഹീഹാക്കിയിരിക്കുന്നു). 

 മായ്ക്കപ്പെടുന്ന പാപങ്ങള്‍കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് ചെറിയപാപങ്ങളാണ്. താഴെ കൊടുക്കുന്ന ഹദീഥ് അത് വ്യക്തമാക്കുന്നു: അബൂഹുറയ്‌റ(റ)വില്‍നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ''അഞ്ച് നിര്‍ബന്ധ നമസ്‌കാരങ്ങളും, ഒരു ജുമുഅഃ മുതല്‍ മറ്റൊരു ജുമുഅഃവരെയും, ഒരു റമദാന്‍ മുതല്‍ മറ്റൊരു റമദാന്‍ വരെയും, അവയ്ക്കിടയിലുള്ള പാപങ്ങള്‍ മായ്ക്കുന്നവയാണ്. വന്‍പാപങ്ങള്‍ വര്‍ജിക്കുകയായാല്‍'' (മുസ്‌ലിം: 233).  ഇവിടെ പാപങ്ങള്‍ മായ്ക്കുവാന്‍ വന്‍പാപങ്ങള്‍ വെടിയണമെന്ന് നിബന്ധനവെച്ചു.  കാരണം വന്‍പാപങ്ങളെ തൗബ മാത്രമേ മായ്ക്കുകയുള്ളൂ.  

ഇതേ ആശയത്തില്‍ അനസ്(റ)വില്‍നിന്നും ഇമാം തുര്‍മുദിയും മറ്റും നിവേദനം ചെയ്യുന്നു:

''അല്ലാഹുവിന്റെ റസൂല്‍ ﷺ  ഉണങ്ങിയ ഇലകളുള്ള ഒരു വൃക്ഷത്തിനരികിലൂടെ നടന്നു. അപ്പോള്‍ തന്റെ കയ്യിലുള്ള വടികൊണ്ട് അതില്‍ അടിച്ചു.  ഉടന്‍ ഇലകള്‍ കൊഴിഞ്ഞുവീണു. അപ്പോള്‍ റസൂലുല്ലാഹി ﷺ  പറഞ്ഞു: 'നിശ്ചയം 'അല്‍ഹംദുലില്ലാഹ്, വസുബ്ഹാനല്ലാഹ്, വലാഇലാഹഇല്ലല്ലാഹ്, വല്ലാഹു അക്ബര്‍''(എന്നീ കലിമകള്‍) ഒരു അടിമയുടെ പാപങ്ങളെ കൊഴിച്ചുകളയും; ഈ വൃക്ഷത്തിന്റെ ഇലകള്‍ പൊഴിയുന്നതുപോലെ'' (സുനനുത്തുര്‍മുദി 3533, സ്വഹീഹുല്‍ജാമിഅ് 1601. അല്ലാമാ അല്‍ബാനി ഈ ഹദീഥിനെ ഹസനാക്കിയിരിക്കുന്നു).

സ്വര്‍ഗത്തിലെ കൃഷി

ഇവ സ്വര്‍ഗീയകൃഷിയാകുന്നു. അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ്(റ)ല്‍നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ''ഇസ്‌റാഇന്റെ രാവില്‍ ഞാന്‍ ഇബ്‌റാഹീം(അ)യെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'മുഹമ്മദ്, താങ്കളുടെ സമുദായത്തോട് എന്റെ സലാം പറയുക. അവരോട് പറഞ്ഞേക്കുക. നിശ്ചയം സ്വര്‍ഗം നല്ല മണ്ണാണ്, സ്വഛമായ വെള്ളമാണ്, നിശ്ചയം അത് വിശാലമാണ്, അതിലെ കൃഷിയാകട്ടെ സു ബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാ ഇലാഹ ഇല്ല ല്ലാഹ്, വല്ലാഹുഅക്ബര്‍ എന്നിവയാണ്'' (തുര്‍മുദി 3462, അല്‍ബാനി- അസ്സില്‍സിലതുസ്സ്വഹീഹഃ 105).   

(ഈ ഹദീഥിന്റെ സനദില്‍ അബ്ദുറഹ്മാന്‍ ഇബ്‌നു ഇസ്ഹാക്വ് എന്ന റാവിയുണ്ട്. പക്ഷേ, ഈ ഹദീഥിന് സമാന ആശയമായി അബൂഅയ്യൂബില്‍ അന്‍സ്വാരി(റ)വില്‍നിന്നും അബ്ദുല്ലാഹ് ഇബ്‌നു ഉമര്‍(റ)വില്‍നിന്നും ഉദ്ധരിക്കപ്പെടുന്ന രണ്ട് ഹദീഥുകള്‍ ഉള്ളതിനാല്‍ ഹദീഥ് ശക്തിപ്പെടുന്നു). 

ആയുസ്സ് വര്‍ധിക്കുവാന്‍

ഇസ്‌ലാമില്‍ ആയുസ്സ് നല്‍കപ്പെടുകയും തക്ബീറും തഹ്‌ലീലും തഹ്മീദും തസ്ബീഹും വര്‍ധിപ്പിക്കുകയും ചെയ്ത വിശ്വാസിയെക്കാള്‍ അല്ലാഹുവിന്റെ അടുക്കല്‍ ഉത്കൃഷ്ടനായ ഒരാളും ഇല്ല.

അബ്ദുല്ലാഹ് ഇബ്‌നു ശദ്ദാദ്(റ)വില്‍ നിന്നും നിവേദനം: ''ബനൂഉദ്‌റ ഗോത്രത്തിലെ മൂന്നുപേര്‍ പ്രവാച കന്‍ ﷺ യുടെ അടുക്കല്‍ വരികയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.  പ്രവാചകന്‍ ﷺ  പറഞ്ഞു: 'എനിക്കുവേണ്ടി ഇവരുടെ കാര്യം നോക്കുവാന്‍ ആരാണുള്ളത്?' ത്വല്‍ഹ(റ) പറഞ്ഞു: 'ഞാന്‍.' (അബ്ദുല്ല) പറയുന്നു: 'അങ്ങനെ അവര്‍ ത്വല്‍ഹ(റ)യുടെ അടുക്കല്‍ ആയിരിക്കെ, നബി ﷺ  ഒരു സംഘത്തെ (ജിഹാദിന്) നിയോഗിച്ചു. ആ സംഘത്തില്‍ അവരില്‍ ഒരാള്‍ പുറപ്പെടുകയും അയാള്‍ രക്ത സാക്ഷിയാവുകയുമുണ്ടായി. പിന്നീട് പ്രവാചകന്‍ ﷺ  മറ്റൊരു (യുദ്ധ)സംഘത്തെ നിയോഗിച്ചു.  അവരോടൊപ്പം (മൂന്നുപേരില്‍) മറ്റൊരാള്‍  പുറപ്പെട്ടു. അയാളും രക്തസാക്ഷിയായി.' (അബ്ദുല്ല)പറയുന്നു: 'മൂന്നാമന്‍ തന്റെ വിരിപ്പില്‍ കിടന്നാണ് മരണപ്പെട്ടത്.' ത്വല്‍ഹ(റ) പറയുന്നു: 'എന്റെ അടുക്കലുണ്ടായിരുന്ന ഈ മൂന്നുപേരെയും അവര്‍ സ്വര്‍ഗത്തിലുള്ളതായി ഞാന്‍ സ്വപ്‌നത്തില്‍ കണ്ടു. അവരില്‍ തന്റെ കട്ടിലില്‍ കിടന്ന് മരണപ്പെട്ടയാളെ (മൂന്നില്‍) ഒന്നാമനായി ഞാന്‍ കണ്ടു. രണ്ടാമത് രക്തസാക്ഷിയായ ആളെ ഇയാളെ (മരണപ്പെട്ടയാളെ)തുടര്‍ന്നും ഞാന്‍ കണ്ടു. അവരില്‍ ആദ്യം രക്തസാക്ഷിയായ ആള്‍ (മൂന്നില്‍) അവസാനത്തെ ആളായി  ഞാന്‍ കണ്ടു. അത് എന്നില്‍ ഒരു (വല്ലായ്മ) ഉളവാക്കി.'  ത്വല്‍ഹ(റ) തുടരുന്നു: 'ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്നു കാര്യം അദ്ദേഹത്തെ ഉണര്‍ത്തി.  അപ്പോള്‍ നബി ﷺ  പറഞ്ഞു: 'താങ്കള്‍ അതില്‍ ഏതാണ് നിഷേധിക്കുന്നത്? ഇസ്‌ലാമില്‍ ആയുസ്സ് നല്‍കപ്പെടുകയും തക്ബീറും തസ്ബീഹും തഹ്‌ലീലും തഹ്മീദും വര്‍ധിപ്പിക്കുകയും ചെയ്ത വിശ്വാസിയെക്കാള്‍ അല്ലാഹുവിന്റെ അടുക്കല്‍ ഉത്കൃഷ്ടനായ ഒരാളും ഇല്ല'' (അഹ്മദ്, മുസ്‌നദ് 1:163, നസാഈ, അസ്സുനനുല്‍ കുബ്‌റാ: 10674, അല്‍ബാനി, അസ്സില്‍സിലതുസ്സ്വഹീഹ: 654). 

ആയുസ്സ് വര്‍ധിക്കുകയും പ്രവൃത്തി നന്നാവുകയും ദിക്‌റുചൊല്ലി നാവ് നനഞ്ഞിരിക്കുകയും ചെയ്ത ഒരാളുടെ ശ്രേഷ്ഠത ഈ മഹത്തായ ഹദീഥ് വിളിച്ചറിയിക്കുന്നുണ്ട്.