നാല് നിയമങ്ങള്‍

ശൈഖ് മുഹമ്മദ്ബ്‌നുഅബ്ദുല്‍വഹ്ഹാബ് (റഹി)

2018 ജൂണ്‍ 02 1439 റമദാന്‍ 17

വിവ: അബൂഫൈഹ

ഉന്നതമായ അര്‍ശിന്റെ ഉടമയും മഹാനുമായ അല്ലാഹുവിനോട് ഇരുലോകത്തും താങ്കള്‍ക്ക് സംരക്ഷണമുണ്ടാകാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. താങ്കള്‍ എവിടെയായിരുന്നാലും താങ്കളുടെ മേല്‍ അനുഗ്രഹം ലഭിക്കട്ടെ.

ഏതൊരു നന്മക്കും നന്ദി കാണിക്കുന്ന, ഏതു പരീക്ഷണത്തിലും ക്ഷമ സ്വീകരിക്കുന്ന, ഏത് തെറ്റിനും പാപമോചനം തേടുന്ന നല്ലവരില്‍ അല്ലാഹു താങ്കളെ ഉള്‍പെടുത്തട്ടെ. ഇവ മൂന്നുമാണല്ലോ യഥാര്‍ഥ സന്തോഷത്തിന്റെ അടിത്തറ.

അല്ലാഹു നിനക്ക് നന്മകള്‍ക്ക് വെളിച്ചം നല്‍കട്ടെ. ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗമാണ് ഋജുവായ മാര്‍ഗം. അഥവാ നീ അല്ലാഹുവിനെ മാത്രം ആരാധിക്കല്‍. അല്ലാഹു പറഞ്ഞു:

''ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല'' (ക്വുര്‍ആന്‍ 51:56).

അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയാണ് നിന്നെ അവന്‍ സൃഷ്ടിച്ചതെന്ന് നീ അറിയുന്നതോടൊപ്പം തൗഹീദില്ലാതെ ആരാധനയാകില്ലെന്നും നീ അറിയണം; വുദൂഅ് ഇല്ലാത്തവന്റെ നമസ്‌കാരം സ്വീകരിക്കപ്പെടാത്ത നമസ്‌കാരമാകുന്നതു പോലെ. അതിനാല്‍ ആരാധനയില്‍ ശിര്‍ക്ക് കലര്‍ന്നാല്‍ ശുദ്ധിയുള്ളവന് അശുദ്ധി ബാധിച്ചത് പോലെയായിരിക്കും. 

ആരാധനയില്‍ ശിര്‍ക്ക് കലര്‍ന്നാല്‍ അത് നിഷ്ഫലമാകുമെന്നും കര്‍മങ്ങള്‍ പൊളിഞ്ഞു പോകുമെന്നും അങ്ങനെ ചെയ്തവന്‍ നരകത്തില്‍ നിത്യവാസിയായിരിക്കുമെന്നും നീ മനസ്സിലാക്കിയാല്‍ നീ ഏറ്റവും പ്രധാനപ്പെട്ട അറിവ് കരസ്ഥമാക്കിയിരിക്കുന്നു. അല്ലാഹു താങ്കളെ ഈ അപകടത്തില്‍ നിന്ന് (ശിര്‍ക്കില്‍ നിന്ന്) രക്ഷപ്പെടുത്തട്ടെ.

അല്ലാഹു പറയുന്നു: ''തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്''(ക്വുര്‍ആന്‍ 4:48).

അല്ലാഹു ക്വുര്‍ആനില്‍ പറഞ്ഞ നാല് നിയമങ്ങള്‍ മനസ്സിലാക്കുന്നതിലൂടെയാണ് ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെടുക.

ഒന്ന്: പ്രവാചകന്‍ ﷺ  അഭിമുഖീകരിച്ച അവിശ്വാസികള്‍ സ്രഷ്ടാവും അന്നദാതാവും എല്ലാം നിയന്ത്രിക്കുന്നവനും അല്ലാഹുവാണ് എന്ന് അംഗീകരിച്ചിരുന്നു. എന്നിട്ടും അവര്‍ ഇസ്‌ലാമില്‍ പ്രവേശിച്ചവരായി മാറിയില്ല.

അല്ലാഹു പറഞ്ഞു:''പറയുക: ആകാശത്തുനിന്നുംഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്—ആഹാരം നല്‍കുന്നത്—ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത്—ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന്—ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ''(ക്വുര്‍ആന്‍ 10:31).

രണ്ട്: അവിശ്വാസികള്‍ പറയുമായിരുന്നു; ഞങ്ങള്‍ അവരെ വിളിച്ചു പ്രാര്‍ഥിക്കുന്നതും അവരെ അവലംബിക്കുന്നതും അവരുടെ സാമീപ്യവും ശുപാര്‍ശയും ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് എന്ന്.

അല്ലാഹു പറയുന്നു: ''അറിയുക: അല്ലാഹുവിന്—മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക്—ഞങ്ങള്‍ക്ക്—കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്—. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച'' (ക്വുര്‍ആന്‍ 39:3).

''അല്ലാഹുവിന്—പുറമെ, അവര്‍ക്ക്—ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്—എന്ന്—പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന്—അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു'' (ക്വുര്‍ആന്‍ 10:18).

ശുപാര്‍ശ രണ്ടിനമുണ്ട്. 1) ലഭിക്കാത്ത ശുപാര്‍ശ, 2) ലഭിക്കുന്ന ശുപാര്‍ശ.

 

1) ലഭിക്കാത്ത ശുപാര്‍ശ:

അല്ലാഹു അല്ലാത്തവര്‍ക്ക് കഴിയാത്ത കാര്യങ്ങളിലുള്ള ശുപാര്‍ശയാണിത്.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്‌നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക്—നാം നല്‍കിയിട്ടുള്ളതില്‍ നിന്ന്—നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍'' (ക്വുര്‍ആന്‍ 2:254).

 

2) ലഭിക്കുന്ന ശുപാര്‍ശ:

അല്ലാഹുവില്‍ നിന്ന് തേടാവുന്നതും ശുപാര്‍ശ ചെയ്യുന്നവന് അനുഗ്രഹം ലഭിക്കുന്നതും അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച, അവന്റെ തൃപ്തി നേടിയവര്‍ക്ക് മാത്രം നല്‍കപ്പെടുന്നതുമായ ശുപാര്‍ശയാകുന്നു ഇത്.

അല്ലാഹു പറഞ്ഞു: ''അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്?'' (ക്വുര്‍ആന്‍ 2:255).

മൂന്ന്: വ്യത്യസ്ത രീതിയില്‍ ആരാധനകള്‍ നടത്തിയിരുന്നവര്‍ക്കിടയിലാണ് പ്രവാചകന്‍ ﷺ  നിയുക്തനായത്. മലക്കുകളെയും അമ്പിയാക്കളെയും സ്വാലിഹുകളെയും മരങ്ങളെയും കല്ലുകളെയും സൂര്യനെയും ചന്ദ്രനെയും ആരാധിച്ചിരുന്നവര്‍ അവര്‍ക്കിടയിലുണ്ടായിരുന്നു.

അല്ലാഹു പറയുന്നു: ''അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന്—നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ്—ആരാധിക്കുന്നതെങ്കില്‍'' (ക്വുര്‍ആന്‍ 41:37).

''മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന്—അദ്ദേഹം നിങ്ങളോട്—കല്‍പക്കുകയുമില്ല. നിങ്ങള്‍ മുസ്‌ലിംകളായിക്കഴിഞ്ഞതിന്—ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട്—കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്?)'' (ക്വുര്‍ആന്‍ 3:80).

''അല്ലാഹു പറയുന്ന സന്ദര്‍വും (ശ്രദ്ധിക്കുക:) മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന്—പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍ എന്ന്—നീയാണോ ജനങ്ങളോട്—പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്—(പറയാന്‍) യാതൊരു അവകാശവുമില്ലാത്തത്—ഞാന്‍ പറയാവതല്ലല്ലോ? ഞാനത്—പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്—അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത്—നീ അറിയും. നിന്റെ മനസ്സിലുള്ളത്—ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്—അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍'' (ക്വുര്‍ആന്‍ 5:116).

''അവര്‍ വിളിച്ച്—പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത്—ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്—സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട്—ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു). അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു'' (ക്വുര്‍ആന്‍ 17:57).

''ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും'' (ക്വുര്‍ആന്‍ 53:19,20).

''ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഹുനൈനിലേക്ക് പോവുകയായിരുന്നു. ഞങ്ങളില്‍ പുതുമുസ്‌ലിംകളായിരുന്നു അധികവും. മുശ്‌രിക്കുകള്‍ ഭജനമിരിക്കുകയും ആയുധങ്ങള്‍ കൊളുത്തിയിടുകയും ചെയ്തിരുന്ന ദാതുഅന്‍വാത്വ് എന്ന മരത്തിന്റെ അരികിലെത്തിയപ്പോള്‍ ഞങ്ങള്‍ പ്രവാചകനോട് ചോദിച്ചു: പ്രവാചകരേ, അവര്‍ക്ക് ദാതുഅന്‍വാത്വ് ഉള്ളതുപോലെ ഞങ്ങള്‍ക്ക് ദാതുഅന്‍വാത്വ് നിശ്ചയിച്ചു തരുമോ? പ്രവാചകന്‍ പ്രതികരിച്ചു: സുബ്ഹാനല്ലാഹ്! മൂസാ നബി(അ)യുടെ ജനത അദ്ദേഹത്തോട് പറഞ്ഞതുപോലെയായല്ലോ ഇത്. അവര്‍ക്ക് ആരാധ്യനുള്ളതുപോലെ ഞങ്ങള്‍ക്കും ഒരാരാധ്യനെ നിശ്ചയിച്ചു തരുമോ എന്നായിരുടെ അവരുടെ ചോദ്യം'' (തിര്‍മുദി).

നാല്: പൂര്‍വികരെക്കാള്‍ കടുത്ത ശിര്‍ക്ക് ചെയ്യുന്നവരാണ് സമകാലിക മുശ്‌രിക്കുകള്‍. അവര്‍ പ്രതിസന്ധഘട്ടങ്ങളില്‍ അല്ലാഹുവിനെ മാത്രമെ ആരാധിച്ചിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ ഉള്ളവര്‍ എല്ലാ സന്ദര്‍ഭങ്ങളിലും അല്ലാഹുവില്‍ പങ്കുചേര്‍ത്തുകൊണ്ടിരിക്കുന്നു. അല്ലാഹു പറയുന്നു:

''എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ വിളിച്ച് പ്രാര്‍ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്) പങ്കുചേര്‍ക്കുന്നു'' (ക്വുര്‍ആന്‍ 29:65).

അല്ലാഹു എല്ലാവിധ ശിര്‍ക്കില്‍ നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.