പ്രവാചകചര്യ പിന്‍പറ്റല്‍ നിര്‍ബന്ധം

അലി ഗശ്ശാന്‍

2018 ആഗസ്ത് 25 1439 ദുല്‍ഹിജ്ജ 13

അല്ലാഹു പറഞ്ഞു: ''നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതിക്കേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്ത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മ ജ്ഞാനിയമാകുന്നു'' (അല്‍അഹ്‌സാബ്: 34). 

''തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്; അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു'' (ആലു ഇംറാന്‍:164).

ഇമാം ശാഫിഈ തന്റെ രിസാലയില്‍ പറയുന്നു: ''ദിക്‌റുല്ലാഹി എന്നാല്‍ കിതാബ് അഥവാ ക്വുര്‍ആനാണ്. ദിക്‌റുല്‍ ഹിക്മത് എന്നതിനെപ്പറ്റി ക്വുര്‍ആനില്‍ പ്രാവീണ്യം നേടിയിട്ടുള്ളവര്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. ഹിക്മതെന്നാല്‍ റസൂലുല്ലാഹിﷺയുടെ സുന്നത്താകുന്നു. ഇതാണ് അല്ലാഹുവിന്റെ വാക്കുകളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്. കാരണം ക്വുര്‍ആന്‍ ദിക്‌റാണ് എന്ന് പറഞ്ഞ ശേഷം ഹിക്മതിനെ എടുത്തുപറഞ്ഞിട്ട് കിതാബും ഹിക്മതും അവരെ പഠിപ്പിച്ചു എന്ന് എടുത്തു പറയുകയും ചെയ്തു. ഈ സ്ഥിതിക്ക്-അല്ലാഹുവിന്നറിയാം-അത് റസൂലുല്ലാഹിﷺയുടെ സുന്നത്തല്ലാതെ മറ്റൊന്നുമാകാന്‍ തരമില്ല. ഹിക്മതിനെ ക്വുര്‍ആനിനോട് ചേര്‍ത്തിപ്പറയുകയും റസൂലിനെ പിന്‍പറ്റല്‍ എല്ലാ മനുഷ്യര്‍ക്കും നിര്‍ബന്ധമാക്കുകയും ചെയ്തിരിക്കുന്നു. അത്‌കൊണ്ട് അല്ലാഹുവിന്റെ കിതാബിലോ റസൂലിന്റെ സുന്നത്തിലോ കാണപ്പെടാത്ത ഒന്നും നിര്‍ബന്ധ ബാധ്യത എന്ന് പറയാവതല്ല. അല്ലാഹുവിന്റെ വചനങ്ങളുടെ ഉദ്ദേശം അഥവാ അല്ലാഹു ഇറക്കിയ നിയമത്തിന്റെ പരിധിയില്‍ മുഴുവന്‍ മനുഷ്യരും ഉള്‍പ്പെടുമോ അതല്ല ചിലര്‍ മാത്രം ഉള്‍പ്പെടുന്ന രൂപത്തിലാണോ എന്നിങ്ങനെയുള്ള വിശദീകരണങ്ങള്‍ സുന്നത്താണ് നടത്തുന്നത്. പിന്നീട് അല്ലാഹുവിന്റെ കിതാബിനോട് പ്രസ്തുത ഹിക്മതിനെ ചേര്‍ത്ത് വെക്കുകയും എടുത്തുപറയുകയും ചെയ്യുകയുണ്ടായി. ഈയൊരു സ്ഥാനം റസൂലിന്നല്ലാതെ മറ്റൊരു സൃഷ്ടിക്കും അല്ലാഹു നല്‍കിയിട്ടില്ല.''

നബിﷺ പറഞ്ഞു: ''എനിക്ക് ക്വുര്‍ആന്‍ നല്‍കപ്പെട്ടു, അതിനോടൊപ്പം അത്ര വേറെയും. ഒരാള്‍ വയര്‍ നിറച്ചുകൊണ്ട് സോഫയിലിരുന്ന് ഇങ്ങനെ പറയുന്നു; നിങ്ങള്‍ ഈ ക്വുര്‍ആനിനെ മുറുകെ പിടിക്കുക, അതില്‍ അനുവദനീയമെന്ന് പറഞ്ഞതിനെ നിങ്ങളും അനുവദനീയമാക്കുക. അതില്‍ നിഷിദ്ധമെന്ന് പറഞ്ഞതിനെ നിങ്ങളും നിഷിദ്ധമാക്കുക. തീര്‍ച്ചയായും പ്രവാചകന്‍ നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കും പോലെ തന്നെയാണ്''(അബുദാവൂദ്, ഇബ്‌നുമാജ).

നബിﷺ പറഞ്ഞു: ''ഞാന്‍ നിങ്ങളില്‍ രണ്ടുകാര്യം വിട്ടേച്ച് കൊണ്ടാണ് പോകുന്നത്. അത് രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴിപിഴച്ച് പോവുകയില്ല. അല്ലാഹുവിന്റെ കിതാബും അവന്റെ ദൂതന്റെ സുന്നത്തുമാണത്''(അല്‍ മുവത്വഅ്).

ജാബിര്‍(റ)വില്‍ നിന്ന് നിവേദനം: ''ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) തൗറാത്തിന്റെ ഒരു കോപ്പിയുമായി നബിﷺയുടെ അരികിലെത്തി; എന്നിട്ട് പറഞ്ഞു: 'റസൂലേ, ഇത് തൗറാത്തിന്റെ കോപ്പിയാണ്.' അദ്ദേഹംമൗനംപൂണ്ടു. ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) അത് വായിക്കാന്‍ തുടങ്ങി. കേട്ടുകൊണ്ടിരുന്ന നബിﷺയുടെ മുഖം വിവര്‍ണമായിക്കൊണ്ടിരുന്നു. അപ്പോള്‍ അബൂബക്ര്‍(റ) ഉമര്‍(റ)വിനോട് ചോദിച്ചു: 'കഷ്ടം! അല്ലാഹുവിന്റെ ദൂതന്റെ മുഖത്ത് ഉണ്ടായ മാറ്റം നീ കാണുന്നില്ലേ?' ഉടനെ ഉമര്‍(റ) നബിﷺയുടെ മുഖത്ത് നോക്കി; എന്നിട്ട് പറഞ്ഞു: 'അല്ലാഹുവിന്റെ കോപത്തില്‍ നിന്നും അവന്റെ പ്രവാചകന്റെ കോപത്തില്‍ നിന്നും ഞാന്‍ അല്ലാഹുവില്‍ ശരണം തേടുന്നു. അല്ലാഹുവിനെ രക്ഷിതാവായി ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിനെ മതമായും മുഹമ്മദിനെ പ്രവാചകനായും ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു.' അപ്പോള്‍ നബിﷺ പറഞ്ഞു: 'എന്റെ ശരീരം ആരുടെ കയ്യിലാണോ അവന്‍ സത്യം. മൂസാ(അ) ഇവിടെ ജീവനോടെ വരികയും നിങ്ങളെല്ലാവരും എന്നെ വിട്ട് അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ ചൊവ്വായ വഴില്‍നിന്ന് വ്യതിചലിച്ചവരായിരിക്കും. അദ്ദേഹം ജീവിച്ചിരിക്കുകയും എന്റെ പ്രവാചകത്വം അറിയുകയും ചെയ്യുകയാണെങ്കില്‍ അദ്ദേഹം എന്നെ പിന്‍പറ്റുക തന്നെ ചെയ്യുന്നതാണ്'' (അഹ്മദ്, ദാരിമി).

ഇമാം ശാഫിഈ രിസാലയില്‍ പറയുന്നു: ''അല്ലാഹുവിന്റെ കിതാബിനോടൊപ്പം പ്രവാചകന്‍ﷺ തന്റെ സുന്നത്തും നടപ്പില്‍ വരുത്തി. ക്വുര്‍ആന്‍ ചര്യയാക്കാത്ത പല കാര്യങ്ങളും പ്രവാചകന്‍ ചര്യയാക്കി. അങ്ങനെ അദ്ദേഹം എന്തെല്ലാം ചര്യയാക്കിയോ അത് മുഴുവന്‍ പിന്‍പറ്റല്‍ നമ്മുടെമേല്‍ നിര്‍ബന്ധമാക്കി. അതിനെ പിന്‍പറ്റുകയെന്നതാണ് അദ്ദേഹത്തെ അനുസരിക്കല്‍. അതിനെ പിന്‍പറ്റുന്നതില്‍ വിമുഖത കാണിക്കുന്നത് കുറ്റമാണ്. ഒരാള്‍ക്കും അതില്‍ ഇളവ് നല്‍കപ്പെട്ടിട്ടില്ല. പ്രവാചകന്റെ സുന്നത്ത് പിന്‍പറ്റാതിരിക്കാനുള്ള ഒരു പഴുതും ബാക്കി വെച്ചിട്ടുമില്ല.''

ഈ മഹത്തായ ആശയത്തെക്കുറിച്ച് ഇമാം ശാഫിഈ വളരെയേറെ പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും രിസാലയില്‍. അതില്‍ അദ്ദേഹം പറയുകയാണ്: ''അല്ലാഹുവിന്റെ നിയമവും റസൂലിന്റെ നിയമവും തമ്മില്‍ യാതൊരു വൈരുധ്യവും ദര്‍ശിക്കപ്പെടുകയില്ല; എന്ന് മാത്രമല്ല, അവ പരസ്പരം പൂരകങ്ങള്‍ മാത്രമാണ്.'' 

അദ്ദേഹം പറഞ്ഞു: ''റസൂലില്‍ നിന്ന് എന്ത് സ്വീകരിച്ചാലും അത് അല്ലാഹുവില്‍ നിന്ന് സ്വീകരിക്കുന്നതായി കണക്കാക്കപ്പെടുന്നതാണ്. പ്രവാചകനെ പിന്‍പറ്റണമെന്ന നിര്‍ദേശത്തിന്റെ താല്‍പര്യവുമാണത്.''

''റസൂലില്‍ നിന്ന് കേട്ടതും അദ്ദേഹത്തില്‍ നിന്ന് സ്ഥിരപ്പെട്ട് കിട്ടിയതും അക്ഷരംപ്രതി മറ്റുള്ളവരെ പറഞ്ഞ് പഠിപ്പിക്കല്‍ നിര്‍ബന്ധമാണ്.''

കുറ്റമറ്റ ഹദീഥുകള്‍ അനുസരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാതിരിക്കാന്‍ ഏതെങ്കിലും മദ്ഹബ് പിന്‍പറ്റുന്നവനാണെന്ന പേരില്‍ ഒരിക്കലും അനുവദനീയമല്ല എന്നര്‍ഥം.

അദ്ദേഹം തുടര്‍ന്ന് പറയുന്നു: ''റസൂലില്‍ നിന്ന് സ്ഥിരപ്പെട്ട് കിട്ടിയ ഒരു ഹദീഥിനോട് എതിര്‍ പ്രവര്‍ത്തിക്കുന്നത്-നമ്മെ ആ രോഗം പിടികൂടാതിരിക്കട്ടെ-ആര്‍ക്കും ഭൂഷണമല്ല. എങ്കിലും സുന്നത്തിനെക്കുറിച്ചറിയാത്ത ആളില്‍ നിന്ന് സുന്നത്തിനെതിരായ അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ, അത് കരുതിക്കൂട്ടിയുള്ള നിലക്കാകരുത്. അശ്രദ്ധമായിപ്പോവുകയോ വ്യാഖ്യാനത്തില്‍ വ്യതിയാനം സംഭവിച്ച് പോവുകയോ ചെയ്താലും അങ്ങനെത്തന്നെ.'' 

ക്വുര്‍ആനുമായിട്ടുള്ള സുന്നത്തിന്റെ ബന്ധം രണ്ടുരൂപത്തില്‍ കാണാന്‍ കഴിയുന്നതാണ്. ഒന്ന്. വിഷയത്തിന്റെ നാനാവശങ്ങള്‍ ക്വുര്‍ആന്‍ വിവരിച്ചതോടൊപ്പം ആ വിവരണത്തില്‍ സുന്നത്തും പങ്കുചേര്‍ന്നു. രണ്ട്. വിഷയത്തിന്റെ വിശദീകരണം ക്വുര്‍ആനില്‍ വന്നിട്ടില്ലാത്തവ. ക്വുര്‍ആനില്‍ വന്ന ഒരു കല്‍പന; ആ കല്‍പനകൊണ്ട് എന്താണ് അല്ലാഹു ഉദ്ദേിച്ചത്, ആരെല്ലാമാണ് ആ കല്‍പനയുടെ പരിധിയില്‍ വരുന്നത്, അതിന്റെ പ്രായോഗിക രീതി എങ്ങനെയാണ് തുടങ്ങിയവയ്ക്കുള്ള നബിയുടെ വിശദീകരണം. ഈ രണ്ടു രൂപത്തിലുള്ള നബിﷺയുടെ വിശദീകരണങ്ങളും അംഗീകരിക്കല്‍ ഫലത്തില്‍ ക്വുര്‍ആന്‍ പിന്‍പറ്റലാണ്. 

അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ അല്ലാഹുവിലേക്കും റസൂലിലേക്കും മടങ്ങല്‍ നിര്‍ബന്ധം:

അല്ലാഹു പറഞ്ഞു: ''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ ഒരു അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ച് പോയിരിക്കുന്നു'' (അല്‍അഹ്‌സാബ്: 36).

ഇബ്‌നു കഥീര്‍ പറയുന്നു: ''ഈ ക്വുര്‍ആന്‍ വചനം ഏത് കാര്യങ്ങള്‍ക്കും ബാധകമാണ്. അല്ലാഹുവിന്റെയും റസൂലിന്റെയും വിധി തീരുമാനം ഏത് വിഷയത്തെക്കുറിച്ചായാലും ശരി ഒരാളും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പിന് അവകാശമില്ല. മറിച്ചുള്ള അഭിപ്രായങ്ങള്‍ക്കൊന്നും പ്രസക്തിയുമില്ല.''

അല്ലാഹു പറഞ്ഞു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും''(അന്നിസാഅ്: 59).

ഇബ്‌നുകഥീര്‍ പറയുന്നു: ''അല്ലാഹുവിനെ അനുസരിക്കണം'' അഥവാ ക്വുര്‍ആന്‍ പിന്‍പറ്റണം. ''ദൂതനെ അനുസരിക്കണം'' അഥവാ അദ്ദേഹത്തിന്റെ ചര്യയെ അനുധാവനം ചെയ്യണം. ''കൈകാര്യകര്‍ത്താക്കളെയും..'' അതായത് അല്ലാഹുവിന്റെ കല്‍പനകളെ ധിക്കരിച്ച് കൊണ്ടല്ലാതെ അനുസരിച്ച് കൊണ്ടാണ് നിങ്ങളോട് വല്ലതും കല്‍പിക്കുന്നതെങ്കില്‍ അതും നിങ്ങള്‍ അനുസരിക്കണം. അല്ലാഹുവിനെ ധിക്കരിച്ച് കൊണ്ട് ആരെയും അനുസരിക്കാന്‍ പാടില്ല. ഒരു ഹദീഥില്‍ വന്ന പ്രകാരം-നന്മയില്‍ മാത്രമാണ് അനുസരണമുള്ളത് (അഹ്മദ്). ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. മുജാഹിദ്(റ) അടക്കമുള്ള സലഫുകള്‍ പലരും അതിനെ വ്യാഖ്യാനിച്ചത് കിതാബിലേക്കും സുന്നത്തിലേക്കും എന്നാണ്.'' 

മതത്തിന്റെ അടിസ്ഥാന കാര്യങ്ങളിലാകട്ടെ, ശാഖകളിലാകട്ടെ അവയിലെല്ലാമുണ്ടായേക്കാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരം തേടേണ്ടത് ക്വുര്‍ആനും സുന്നത്തുമനുസരിച്ചാണ്. അല്ലാഹു പറഞ്ഞതു പോലെ: ''നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാകട്ടെ അതില്‍ തീര്‍പ്പ് കല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു...''

അതില്‍ ക്വുര്‍ആനും സുന്നത്തും വിധിച്ചതെന്തോ, അവ രണ്ടും ശരിയാണെന്ന് സാക്ഷ്യപ്പെടുത്തിയതെന്തോ അതാണ് സത്യമായിട്ടുള്ളത്. സത്യത്തിനപ്പുറം വഴികേടല്ലാതെ മറ്റെന്താണുള്ളത്? 

അതാണ് ക്വുര്‍ആന്‍ പറഞ്ഞത്: ''നിങ്ങള്‍ അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍....'' അതായത്, തര്‍ക്കങ്ങളും വിവരക്കേടുകളും മുളപൊട്ടുമ്പോള്‍ അത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുകയും നിങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന വിഷയങ്ങളില്‍ അവ രണ്ടിനെയും വിധികര്‍ത്താക്കളാക്കുകയും ചെയ്യുക; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍. അപ്പോള്‍ മനസ്സിലാക്കേണ്ടത് തര്‍ക്ക വിഷയങ്ങള്‍ക്ക് ക്വുര്‍ആനിനെയും സുന്നത്തിനെയും വിധികര്‍ത്താവാക്കാത്തവരും അവലംബിക്കാത്തവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരാണ് എന്നാണ്.

''അതാണ് ഉത്തമം''- അല്ലാഹുവിന്റെ കിതാബിനെയും റസൂലിന്റെ സുന്നത്തിനെയും വിധികര്‍ത്താവായി സ്വീകരിക്കുന്നതാണ് ഉത്തമ മാര്‍ഗം എന്ന് സാരം. 

''കൂടുതല്‍ നല്ല പര്യവസാനവും''- ശുഭകരമായ പര്യവസാനവും അനന്തര ഫലവും അതായിരിക്കുമെന്നര്‍ഥം. 

ഇമാം ശാഫിഈ രിസാലയില്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതനു ശേഷം അഭിപ്രായ ഭിന്നതയില്‍ അകപ്പെട്ടവര്‍ വിഷയത്തെ അല്ലാഹുവിന്റെയും റസൂലിന്റെയും തീരുമാനത്തിലേക്ക് മടക്കണം. അവ രണ്ടിലും വ്യക്തമായ പരിഹാരം കാണുന്നില്ലെങ്കില്‍ വിഷയത്തെക്കുറിച്ച് നിരീക്ഷണം നടത്തി മറ്റൊന്നിനോട് തുലനം ചെയ്ത് വിധി കണ്ടെത്തി പരിഹാരം തേടേണ്ടതാണ്.''

ശാഫിഈ തുടരുന്നു: ''തുലനം ചെയ്യുക എന്ന് പറഞ്ഞതിന്റെ അര്‍ഥം ക്വുര്‍ആനിലും സുന്നത്തിലും നേരത്തെ വിധി പറഞ്ഞുകഴിഞ്ഞ സംഭവത്തിനോട് നിയമം പറഞ്ഞിട്ടില്ലാത്ത സംഭവത്തെ താരതമ്യപ്പെടുത്തി രണ്ടിന്റെയും നിയമം ഒന്ന് തന്നെയാകുമോ എന്ന് നിരീക്ഷിക്കലാണ്. നിരീക്ഷിച്ച് കണ്ടെത്താന്‍ സാധിക്കുന്ന വിഷയമാകുമ്പോള്‍ അതൊരു ശരിയായ നിഗമനമായിട്ട് കാണാവുന്നതാണ്.'' 

''ഒരു ഹദീഥ് കിട്ടിക്കഴിഞ്ഞാല്‍ ആ ഹദീഥിനെ പൊതു അര്‍ഥത്തിലായിട്ടും വിഷയത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ ഉള്‍കൊള്ളിച്ചതായിട്ടുമാണ് മനസ്സിലാക്കേണ്ടത്. അല്ലെങ്കില്‍ അവയിലേതാണതെന്ന് വേര്‍തിരിച്ച് കാണിക്കുന്ന സൂചനകള്‍ ലഭിച്ചിരിക്കേണ്ടതാണ്.'' 

അഥവാ കുറ്റമറ്റൊരു ഹദീഥ് കണ്ടുകഴിഞ്ഞാല്‍ അതിനെ അതിന്റെ പൊതു അര്‍ഥത്തില്‍ തന്നെ കാണേണ്ടതാണ്. അത് ചിലതിനെ മാത്രമെ ഉദ്ദേശിക്കുന്നുള്ളൂ എന്നുള്ള തെളിവ് കിട്ടാത്തിടത്തോളം കാലം; തെളിവ് കിട്ടിക്കഴിഞ്ഞാല്‍ അതിനെ ഒരു പരിമിതമായ അര്‍ഥത്തിലേ കാണേണ്ടതുള്ളൂ. 

സ്വന്തമായിട്ടുള്ള അഭിപ്രായങ്ങളും നിയമ വിധികളും നബിﷺയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കെതിരാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഉടനെ അവ ഉപേക്ഷിച്ചതായിട്ടാണ് നിരവധി സ്വഹാബികളില്‍ നിന്ന് അന്യൂനമായ രീതിയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ഖലീഫയുടെ വിധി പ്രവാചക വചനങ്ങള്‍ക്കെതിരാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവരത് ഉപേക്ഷിച്ചത് ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ്. 

കൈവിരലുകള്‍ അപകടപ്പെടുത്തിയാല്‍ നഷ്ട പരിഹാരം കണക്കാക്കുന്നത് വിരലുകളുടെ വ്യത്യാസത്തിനനുസരിച്ച് കൊണ്ടാണ് എന്നുള്ള ഉമര്‍(റ)വിന്റെ വിധി നബിﷺ ആലുഅംറ്ബ്‌നുഹസമിന് എഴുതിയ കത്തില്‍ പറഞ്ഞ 'ഓരോ വിരലിനും പത്ത്  ഒട്ടകം നഷ്ടപരിഹാരമായി കൊടുക്കണം' എന്നതിന് വിരുദ്ധമായിരുന്നു (ഹാകിം- മുസ്തദ്‌റക്). ഈ കാര്യത്തെക്കുറിച്ച്  അറിഞ്ഞ സ്വഹാബികള്‍ ഉമര്‍(റ)വിന്റെ വിധിയെ തള്ളിക്കളയുകയും ഹദീഥില്‍ വന്ന പ്രകാരം വിധിക്കുകയും ചെയ്യുകയുണ്ടായി. 

ഇമാംശാഫിഈ രിസാലയില്‍ ഈ ഹദീഥ് ചര്‍ച്ചക്കെടുത്ത് കൊണ്ട് പറയുന്നു: ''ഈ ഹദീഥില്‍ നിന്ന് നമുക്ക് രണ്ട് സംഗതികള്‍ മനസ്സിലാക്കാനുണ്ട്. ഒന്ന്: ഖബറുല്‍ ആഹാദ്(ഒരാളുടെ റിപ്പോര്‍ട്ട്) സ്വീകാര്യമാകുന്നു. മറ്റൊന്ന്, ഖബറുല്‍ ആഹാദ് കുറ്റമറ്റ നിലക്ക് സ്ഥിപ്പെട്ട് കിട്ടിയ സമയം മുതല്‍ അത് സ്വീകാര്യമായിത്തീരുന്നതാണ്; പ്രസ്തുത ഹദീഥ് അനുസരിച്ച്‌കൊണ്ടുള്ള പ്രവര്‍ത്തനം നടന്ന് കഴിഞ്ഞാലും കഴിഞ്ഞില്ലെങ്കിലും. ഇനി ഏതെങ്കിലും ഇമാം അതനുസരിച്ച് പ്രവര്‍ത്തിച്ചുവെന്ന് വന്നാല്‍ തന്നെ അതിനെതിരിലാണ് പ്രവാചകനില്‍ നിന്ന് ഖബറുല്‍ ആഹാദ് വന്നതായി കണ്ടെത്തിയതെങ്കില്‍ അക്കാരണത്താല്‍ മാത്രം ആ പ്രവര്‍ത്തനം തള്ളിക്കളയുകയും ചെയ്യേണ്ടതാണ്.