രോഗം ഒരു പരീക്ഷണമാണ്
നസീമ വാടാനപ്പള്ളി
2025 നവംബർ 08, 1447 ജമാദുൽ അവ്വൽ 17

മനുഷ്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ് രോഗം. ഒരുപക്ഷേ, അത് വളരെ നിസ്സാരമായിരിക്കാം. അല്ലെങ്കിൽ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിക്കുന്നവിധം ഗുരുതരമായേ ക്കാം. മാനസികമായോ ശാരീരികമായോ മനുഷ്യനിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥക്കാണ് വൈദ്യശാ സ്ത്രത്തിൽ രോഗം എന്ന് പറയുന്നത്. അഥവാ മാനസിക-ശാരീരിക ആരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥ.
മനസ്സിനെ ബാധിക്കുന്ന കപടവിശ്വാസം, ദുർബലവിശ്വാസം, ധിക്കാരം പോലുള്ള കാര്യങ്ങളെയും ക്വുർആൻ രോഗമായി കണക്കാക്കുന്നു.
കപടവിശ്വാസികളെ കുറിച്ച് അല്ലാഹു പറയുന്നു: “അവരുടെ മനസ്സുകളിൽ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവർക്ക് രോഗം വർധിപ്പിക്കുകയും ചെയ്തു...’’ (ക്വുർആൻ 2:10). ക്വുർആൻ 33:32, 8:49, 9:125 വചനങ്ങളിൽ മനസ്സിന്റെ രോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ഒരു വിശ്വാസി രോഗത്തെ എങ്ങനെ ഉൾക്കൊള്ളണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്.
രോഗം ഒരു പരീക്ഷണം
വിവിധ പ്രയാസങ്ങൾകൊണ്ട് അല്ലാഹു മനുഷ്യരെ പരീക്ഷിക്കുമെന്ന് വിശുദ്ധ ക്വുർആൻ അറിയിക്കുന്നു:
“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കു ക’’ (ക്വുർആൻ 2:155).
ഈ സൂക്തത്തിൽ ജീവനഷ്ടം അഥവാ ആൾനഷ്ടം എന്നു പറഞ്ഞതിൽ രോഗം, മാരകമായ പകർച്ചവ്യാധികൾ, അപകടങ്ങൾ, യുദ്ധങ്ങൾ പോലുള്ളവയാൽ സ്വന്തത്തിലും കുടുംബത്തിലും ബന്ധുമിത്രാദികളിലുമെല്ലാം ഉണ്ടാകുന്ന നഷ്ടങ്ങൾ ഉൾപ്പെടുന്നു. നിസ്സാരമായാലും സാരമായാലും രോഗം ഒരു പരീക്ഷണം തന്നെയാണ്. ആ തിരിച്ചറിവ് വിശ്വാസികൾക്ക് ഉണ്ടായിരിക്കണം.
ഭയം, വിശപ്പ്, ധനനഷ്ടം, ആൾനഷ്ടം, വിഭവനഷ്ടം; ഇവയിൽ ഏതെങ്കിലും ഒന്നുകൊണ്ടോ പലതുകൊണ്ടുമോ പരീക്ഷിക്കപ്പെട്ടേക്കാം. അങ്ങനെ പരീക്ഷിക്കപ്പെട്ടാൽ ക്ഷമകേടു കാണിക്കാതെ ജീവിച്ചാൽ അത്തരം ക്ഷമാലുക്കൾക്ക് സന്തോഷവാർത്തയുണ്ടെന്ന് അല്ലാഹു ഈ സൂക്തത്തിലൂടെ അറിയിക്കുന്നു. അതിനാൽ രോഗത്തെ ഒരു പരീക്ഷണമായി കണക്കാക്കുകയും ക്ഷമാശീലർക്ക് ലഭിക്കാൻ പോകുന്ന മഹത്തായ പ്രതിഫലം കാംക്ഷിക്കുകയും ചെയ്യേണ്ടവരാണ് വിശ്വാസികൾ.
സഹോദരിമാർ ഈ വിഷയത്തിൽ വലിയ ജാഗ്രത കാണിക്കണം. കാരണം നിസ്സാരമായ രോഗം ബാധിച്ചാൽ പോലും ക്ഷമകേടു കാണിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് അവരാണ്. അത് ചെറിയ കുട്ടികൾക്കാണെങ്കിൽ പറയുകയും വേണ്ട! താഴെ കോടുക്കുന്ന ക്വുർആൻ സൂക്തം സഹോദരിമാർ മനസ്സിരുത്തി ഒന്ന് വായിക്കുക:
“ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നതുകൊണ്ട് മാത്രം തങ്ങൾ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യർ വിചാരിക്കുകയാണോ? അവരുടെ മുമ്പുണ്ടായിരുന്ന വരെ നാം പരീക്ഷിച്ചിട്ടുണ്ട്...’’ (ക്വുർആൻ 29:2,3).
മനുഷ്യജീവിതത്തിൽ കടന്നുവരുന്ന പരീക്ഷണങ്ങളിൽ ഒന്നാണ് രോഗം. രോഗത്തിന്റെ തീവ്രത കൂടുംതോറും പരീക്ഷണത്തിന്റെ തീവ്രതയും കൂടും. കുടുംബത്തിലുള്ളവർക്കും മറ്റും ഉണ്ടാകുന്ന രോഗങ്ങൾ പോലും നമുക്ക് ഒരു പരീക്ഷണമാകാം. മനുഷ്യനെ നിരാശയിലേക്ക് തള്ളിയിടാൻ രോഗമെന്ന പരീക്ഷണത്തിന് സാധ്യത വളരെ കൂടുതലാണ്. ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത രോഗങ്ങൾ, അസഹനീയമായ വേദന സഹിക്കേണ്ടിവരുന്ന അവസ്ഥ, സാമ്പത്തിക പരാധീനതയാൽ ചികിത്സ തുടരാൻ കഴിയാത്ത അവസ്ഥ തുടങ്ങിയവയാൽ പലരും ആത്മഹത്യ ചെയ്ത വാർത്ത നമ്മൾ കേട്ടിട്ടുണ്ട്. അല്ലാഹുവിലുള്ള പ്രതീക്ഷ ഉപേക്ഷിച്ച് ജാറങ്ങളിലും ദർഗകളിലും അഭയം തേടി ശിർക്കിലേക്ക് ആപതിക്കുന്നവരുമുണ്ട്. പലരും ജ്യോത്സ്യരെയും തങ്ങന്മാരെയും ബീവിമാരെയുമൊക്കെ സമീപിച്ച് അവർ മന്ത്രിച്ചു നൽകുന്ന ഏലസ്സും ഐക്കല്ലും ഉറുക്കുമൊക്കെ ശരീരത്തിൽ ബന്ധിക്കും. മറ്റുചിലരാകട്ടെ കൂടോത്രം, മാരണം തുടങ്ങിയ ക്ഷുദ്രവിദ്യകളിൽ അഭയം തേടും. ഇതിലും സ്ത്രീകളുടെ പങ്ക് എടുത്തു പറയേണ്ടതുണ്ട്. ഭർത്താവ് എതിർക്കുമെന്നതിനാൽ അയാളറിയാതെ കുഞ്ഞിന്റെ അസുഖം ഭേദമാകുവാൻ സ്വകാര്യമായി തങ്ങളെയോ ബീവിയെയോ പണിക്കരെയോ ഒക്കെ പോയി കാണുന്ന സഹോദരിമാരുണ്ട്. ഇത്തരത്തിൽ ശിർക്കും കുഫ്‌റുമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നവർ തങ്ങളുടെ ചെയ്തിയുടെ ഗൗരവം മനസ്സിലാക്കാത്തവരാണ്. എത്ര വലിയ ദുരിതം ബാധിച്ചാലും അത് നീങ്ങിക്കിട്ടാൻ അല്ലാഹുവിനോടു മാത്രമെ തേടാവൂ എന്നാണ് പ്രവാചകന്മാരുടെയും സച്ചരിതരായ മുൻഗാമികളുടെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
‘ആരാണ് കൂടുതൽ പരീക്ഷിക്കപ്പെടുന്നത്’ എന്ന സഅദ്ബ്‌നു അബീവക്വാസി(റ)ന്റെ ചോദ്യത്തിന് നബിﷺ നൽകിയ മറുപടി ‘പ്രവാചകന്മാരാണ്’ എന്നായിരുന്നു. വർഷങ്ങളോളം രോഗംകൊണ്ട് പരീക്ഷിക്കപ്പെട്ട മഹാനാണ് അയ്യൂബ് നബി(അ). അതോടൊപ്പം മക്കൾ മരണപ്പെട്ടു. സമ്പത്തെല്ലാം നശിച്ചു. ഇങ്ങനെ അല്ലാഹുവിന്റെ കടുത്ത പരീക്ഷണത്തിന് വിധേയമായപ്പോഴും അദ്ദേഹം ക്ഷമകേട് കാണിച്ചില്ല. നിരാശനായില്ല. പരാതി പറഞ്ഞില്ല. സർവശക്തനായ അല്ലാഹുവിൽ ഭരമേൽപിച്ചുകൊണ്ട് പ്രാർഥനയിൽ മുഴുകി ജീവിച്ചു.
അല്ലാഹു പറയുന്നു: “അയ്യൂബിനെയും (ഓർക്കുക). തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാർഥിച്ച സന്ദർഭം: ‘എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരിൽ ഏറ്റവും കരുണയുള്ളവനാണല്ലോ.’ അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകുകയും അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും ഞാൻ അദ്ദേഹത്തിന് നൽകുകയും ചെയ്തു. നമ്മുടെ പക്കൽ നിന്നുള്ള ഒരു കാരുണ്യവും ആരാധനാനിരതരായിട്ടുള്ളവർക്ക് ഒരു സ്മരണയുമാണത്’’(21:83,84).
മനുഷ്യൻ ചെയ്തുകൂട്ടിയ തിന്മകൾക്ക് ശിക്ഷയായും രോഗം വരാവുന്നതാണ്: “നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്നു കിട്ടിയാലും അത് അല്ലാഹുവിൽനിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കൽ നിന്നുള്ളത് തന്നെയാണ്’’ (4:79).
“മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്ക് ആസ്വദിക്കുവാൻ വേണ്ടിയത്രെ അത്. അവർ ഒരുവേള മടങ്ങിയേക്കാം’’ (30:41).
“നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും ദൂതന്മാരെ അയച്ചിട്ടുണ്ട്. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവുംകൊണ്ട് നാം പിടികൂടി. അവർ വിനയാന്വീതരായിത്തീരുവാൻ വേണ്ടി’’(6:42).
നബിﷺ പറഞ്ഞു: “വ്യഭിചാരം വ്യാപകമായാൽ പ്ലേഗും പൂർവികർ കണ്ടിട്ടില്ലാത്ത വേദനാജനകമായ രോഗങ്ങളും ജനങ്ങൾക്ക് പിടിപെടും’’ (ഇബ്‌നു മാജ).
നമ്മെ പിടികൂടുന്ന രോഗം ഒരുപക്ഷേ, നമ്മുടെ തിന്മകളുടെ ഫലമായി വരുന്നതാകാം എന്ന് ഈ സൂക്തങ്ങളിൽനിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. അതിനാൽ രോഗം വന്നുകഴിഞ്ഞാൽ ആത്മവി ചിന്തനം നടത്താനും അല്ലാഹുവിലേക്ക് പാപമോചനം തേടി മടങ്ങാനും നാം തയ്യാറാകേണ്ടതുണ്ട്.
എന്നാൽ മനുഷ്യന്റെ എല്ലാ ദുഷ്പ്രവൃത്തികൾക്കും അതിന്റെതായ ദോഷഫലങ്ങൾ അനുഭവപ്പെടു ന്നില്ല താനും. പലതും അല്ലാഹു മാപ്പാക്കി വിട്ടുകൊടുക്കുകയാണ്; തനിക്കു ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കുവാനും കൂടുതൽ നന്ദി കാണിക്കുവാനുമുള്ള ഒരു അവസരം.
“നിങ്ങൾക്ക് ഏതൊരു ആപത്ത് ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമായിരിക്കും. പലതിനെ സംബന്ധിച്ചും അവൻ മാപ്പു നൽകുകയും ചെയ്യുന്നു’’ (42:30).
സാധാരണഗതിയിൽ രോഗം വരുമ്പോഴാണ് മനുഷ്യർ ആരോഗ്യത്തിന്റെ വില എത്രമാത്രമെന്ന് ചിന്തിക്കാറുള്ളത്. മനുഷ്യൻ വളരെ ദുർബലനാണ് എന്ന യാഥാർഥ്യം രോഗം നമ്മെ പഠിപ്പിക്കുന്നു. ആ തിരിച്ചറിവിലൂടെ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങാനുള്ള ഒരു അവസരമാണ് രോഗം മനുഷ്യന് നൽകുന്നത്.
“നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു’’(15:53).
“അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്ക് അതിന്റെ കണക്കെടുക്കാ നാവില്ല’’(16:18).
സഹോദരിമാർ അഭിമുഖീകരിക്കുന്ന മറ്റൊരു വിഷയമുണ്ട്. പ്രായമേറെയായ രോഗികൾ വാശി കാണിക്കും. ചീത്ത പറയും. നാം ചെയ്തു കൊടുത്ത കാര്യങ്ങൾ നിഷേധിക്കും. അല്ലാഹു പറയുന്നു:
“...അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്...’’(22:5).
അത് പ്രായത്തിന്റെ പ്രശ്‌നമാണെന്നും ആ പ്രായത്തിലെത്തിയാൽ നമ്മളും ഇങ്ങനെയൊക്കെ പെരുമാറുമെന്നും നാം തിരിച്ചറിയണം. അല്ലാതെ, അവരോട് ദേഷ്യപ്പെടുകയോ അവരെ ശപിക്കുകയോ ചീത്ത പറയുകയോ ചെയ്യരുത്. അത് അവരെ ശുശ്രൂഷിച്ചതിന്റെ പ്രതിഫലം നഷ്ടപ്പെടുത്തിക്കളയും. ക്ഷമയോടെ, പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവരെ പരിപാലിക്കുക.
വൃദ്ധരായ സ്വന്തം മാതാപിതാക്കളോ ഭർത്താവിന്റെ മാതാപിതാക്കളോ കിടപ്പിലായ അവസ്ഥയിലായാൽ അതിൽ പരിതപിക്കുകയല്ല, അല്ലാഹുവിന്റെ മഹത്തായ പ്രതിഫലം ലഭിക്കണമെന്ന ആഗ്രഹത്താൽ അവരെ ആത്മാർഥമായി ശുശ്രൂഷിക്കുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു:
“തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ടുപേരും തന്നെയോ നിന്റെ അടുക്കൽ വെച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവർ ഇരുവർക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക’’ (ക്വുർആൻ 17:23,24). (അവസാനിച്ചില്ല).

