ക്ഷമയിലെ നന്മ
നസീമ വാടാനപ്പള്ളി
2025 നവംബർ 29, 1447 ജമാദുൽ ആഖിർ 08
ക്ഷമ എന്നത് ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരിലും അവശ്യമായ ഒരു ഗുണമാണെങ്കിലും സ്ത്രീകൾ പൊതുവെ അതിന്റെ പ്രതീകമായി പറയപ്പെടാറുണ്ട്. ക്ഷമയുടെ തോത് എല്ലാവരിലും ഒരുപോലെയല്ല. ഇഹപര വിജയത്തിന് ആവശ്യമായ ക്ഷമയുടെ പാഠങ്ങൾ ഇസ്‌ലാം കൃത്യമായി പഠിപ്പിക്കുന്നുണ്ട്. ക്വുർആനിലും ഹദീസുകളിലും അതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നത് കാണാം. ഏതൊരു കർമമായാലും റബ്ബ് സ്വീകരിക്കണമെങ്കിൽ നബിﷺയുടെ പാത പിൻപറ്റുക എന്നത് അനിവാര്യമാണല്ലോ.
ക്ഷമ എന്നത് ഒരു ഇബാദത്താണ്. അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ചുകൊണ്ടും ശിക്ഷയെ ഭയപ്പെട്ടുകൊണ്ടും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും ചെയ്യുന്ന കർമങ്ങളാണ് ഇബാദത്തായി മാറുക.
അറബി ഭാഷയിൽ صَبْر എന്നാണ് ‘ക്ഷമ’ക്ക് പ്രയോഗിക്കുക. ഭാഷാപരമായി ഇതിന് ‘തടയുക,’ ‘പ്രതിരോധിക്കുക’ എന്നെല്ലാം അർഥമുണ്ട്.
എന്നാൽ സാങ്കേതികമായി മതത്തിൽ صَبْر എന്നതിന്റെ നിർവചനം ‘അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി അവൻ നിരോധിച്ച കാര്യങ്ങളിൽനിന്ന് മനസ്സിനെയും ശരീരത്തെയും പിടിച്ചുവെക്കുകയും അവൻ കൽപിച്ച കാര്യങ്ങളിൽ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുകയും ചെയ്യുക’ എന്നതാണ്.
“തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ക്ഷമകൈക്കൊള്ളുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും നാം നൽകിയിട്ടുള്ളതിൽനിന്ന് രഹസ്യമായും പരസ്യമായും ചെലവഴി ക്കുകയും തിന്മയെ നന്മകൊണ്ട് തടുക്കുകയും ചെയ്യുന്നവർ. അത്തരക്കാർക്ക് അനുകൂലമത്രെ ലോക ത്തിന്റെ പര്യവസാനം’’ (13:22)
പറയാനും എഴുതാനും എളുപ്പമാണെങ്കിലും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഇത് വളരെ അധ്വാനമുള്ള ഒന്നാണ്.
“അതല്ല, നിങ്ങളിൽനിന്ന് ധർമസമരത്തിൽ ഏർപ്പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിച്ചുകളയാമെന്ന് നിങ്ങൾ വിചാരിച്ചിരിക്കയാണോ?’’(3: 142).
സ്വർഗം ആഗ്രഹിക്കുകയും നിരന്തരം അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണല്ലോ വിശ്വാസികൾ. ആ സ്വർഗത്തിലേക്ക് എത്തിപ്പെടാൻ നല്ല ക്ഷമ അനിവാര്യമാണ് എന്നാണ് ക്വുർആൻ നമ്മെ പഠിപ്പിക്കുന്നത്. റസൂൽﷺ പറഞ്ഞിരിക്കുന്നു: ‘സ്വർഗം വെറുക്കപ്പെട്ടവയെകൊണ്ടും നരകം ദേഹേച്ഛകളെ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു’ (ബുഖാരി, മുസ്‌ലിം).
സ്ത്രീകളെ ക്ഷമയുടെ പര്യായമായി സാഹിത്യകാരൻമാർ വിശേപ്പിക്കാറുണ്ട്. അതിൽ അതിശയോക്തിയൊന്നുമില്ല. ഗർഭകാലം, പ്രസവം, കുടുംബത്തിലെ പ്രശ്‌നങ്ങൾ...അങ്ങനെ കഠിനമായ ക്ഷമയും സഹനവുമാകുന്ന കടൽ താണ്ടുന്നവരാണ് സ്ത്രീകൾ. എന്നാൽ പലപ്പോഴും ക്ഷമകേടു കാണിച്ച് പ്രശ്‌നമുണ്ടാക്കുന്നതിലും സഹോദരിമാർ തന്നെയാണ് മുന്നിൽ. നിവൃത്തികേടുകൊണ്ട് എന്ന് അതിനെ ന്യായീകരിക്കുകയും ചെയ്യും. സൂറത്തുൽ മുദ്ദസ്സിറിൽ പറയുന്നത് ‘നിന്റെ റബ്ബിന് നീ വേണ്ടി ക്ഷമിക്കുക’ എന്നാണ്. റബ്ബിന്റെ തൃപ്തിയാഗ്രഹിച്ചുകൊണ്ടായിരിക്കണം നാം ക്ഷമിക്കുന്നത്.
(തുടരും)

