രോഗം കൊണ്ടുള്ള നേട്ടങ്ങൾ

നസീമ വാടാനപ്പള്ളി

2025 നവംബർ 15, 1447 ജമാദുൽ അവ്വൽ 24

(രോഗം ഒരു പരീക്ഷണമാണ്-2)

1) പാപങ്ങൾ പൊറുക്കപ്പെടും:

നബിﷺ പറഞ്ഞു: “ഒരു മുസ്‌ലിമിന് ഒരു മുള്ളോ അതിലപ്പുറമോ ബാധിക്കുന്നില്ല; അതുകൊണ്ട് ഒരു പദവി രേഖപ്പെടുത്തിയിട്ടല്ലാതെ, അവനിൽനിന്ന് ഒരു കുറ്റം മായ്ക്കപ്പെട്ടിട്ടുമല്ലാതെ. അല്ലാഹു എത്രയോ സ്‌നേഹമുള്ളവനാണ്’’ (മുസ്‌ലിം).

നബിﷺ പറഞ്ഞു: “ഒരു മനുഷ്യന് അല്ലാഹു ഒരു പദവി ഉദ്ദേശിച്ചുകഴിഞ്ഞാൽ ആ പദവിയിലേക്ക് അയാളുടെ പ്രവർത്തനങ്ങൾകൊണ്ട് എത്തുന്നില്ലെങ്കിൽ അല്ലാഹു അവന്റെ ശരീരത്തിൽ പരീക്ഷണങ്ങൾ വെക്കും. അവന്റെ സമ്പാദ്യത്തിലും അവന്റെ മക്കളുടെ കാര്യത്തിലും പരീക്ഷണങ്ങൾ വെക്കും. അപ്പോൾ അവൻ ആ മാർഗത്തിൽ ക്ഷമിക്കും. അങ്ങനെ അല്ലാഹു ഉദ്ദേശിച്ച ആ പദവിയിൽ അവനെ എത്തിക്കും’’ (അൽബാനി, സ്വഹീഹുത്തർഗീബ്).

പരലോകത്തെ കഠിനമായി ശിക്ഷയിലേക്കെത്തിക്കാതെ ഇവിടെ പരീക്ഷണങ്ങൾ നൽകി അല്ലാഹു നമ്മെ സംരക്ഷിക്കുകയാണ്. ആ സ്‌നേഹം തിരിച്ചറിഞ്ഞു റബ്ബിനോട് ആവോളം നന്ദി കാണിക്കാൻ നാം തയ്യാറാവേണ്ടതുണ്ട്.

2) രോഗങ്ങൾ സ്വർഗ പ്രവേശനത്തിന് കാരണമാകും:

അത്വാഇ(റ)ൽനിന്ന് നിവേദനം: “എന്നോട് ഒരിക്കൽ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: “സ്വർഗാവകാശിയായ ഒരു സ്ത്രീയെ നിനക്ക് ഞാൻ കാണിച്ചു തരട്ടെയോ?’’ ‘അതെ’യെന്നു ഞാൻ ഉത്തരം നൽകി. അപ്പോൾ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: “ഈ കറുത്ത സ്ത്രീയാണത്. നബിﷺയുടെ അടുക്കൽ വന്നിട്ട് അവൾ പറഞ്ഞു: ‘ഞാൻ ചിലപ്പോൾ അപസ്മാരം ബാധിച്ച് നിലത്തു വീഴും, എന്റെ വസ്ത്രം നീങ്ങി ശരീരം വെളിപ്പെടും. അവിടുന്ന് എനിക്കുവേണ്ടി പ്രാർഥിച്ചാലും.’ നബിﷺ അരുളി: ‘നീ ക്ഷമ കൈക്കൊള്ളുന്നപക്ഷം സ്വർഗം കരസ്ഥമാക്കാം. നിനക്ക് വേണമെങ്കിൽ നിന്റെ രോഗശമനത്തിനായി ഞാൻ അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്യാം.’ അവൾ പറഞ്ഞു: ‘ഞാൻ ക്ഷമ കൈക്കൊള്ളാം. പക്ഷേ, അബോധാവസ്ഥയിൽ എന്റെ നഗ്‌നത വെളിപ്പെട്ടുപോകുന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ പ്രാർഥിച്ചാലും.’ അപ്പോൾ നബിﷺ അവൾക്കുവേണ്ടി പ്രാർഥിച്ചു.’’

രോഗിയെ സന്ദർശിക്കുന്നതിന്റെ നേട്ടം

ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിയുടെ മേലുള്ള ബാധ്യതയായി നബിﷺ എണ്ണിപ്പഠിപ്പിച്ച കാര്യങ്ങളിൽ രണ്ടാമത്തെത് രോഗിയെ സന്ദർശിക്കുക എന്നതാണെന്ന് ഇവിടെ പ്രത്യേകം ഓർക്കേണ്ടതുണ്ട്.

സൗബാനി(റ)ൽനിന്ന് നിവേദനം, നബിﷺ പറഞ്ഞു: “വല്ലവനും ഒരു രോഗിയെ സന്ദർശിച്ചാൽ താൻ മടങ്ങുന്നതുവരെ അയാൾ സ്വർഗീയ പഴങ്ങളിലും തോട്ടങ്ങളിലുമാകുന്നു’’ (മുസ്‌ലിം).

അലി(റ) പറഞ്ഞു: “നബിﷺ പറയുന്നതായി ഞാൻ കേട്ടു: ‘ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ പ്രഭാത സമയത്ത് രോഗസന്ദർശനം നടത്തുന്നില്ല; വൈകുന്നേരംവരെ എഴുപതിനായിരം മലക്കുകൾ അവന് കാരുണ്യത്തിനായി പ്രാർഥിക്കാതെ. വൈകുന്നേരത്താണ് അയാൾ രോഗിയായ മുസ്‌ലിമിനെ സന്ദർശിക്കുന്നതെങ്കിൽ എഴുപതിനായിരം മലക്കുകൾ പ്രഭാതംവരെ അവന് കാരുണ്യത്തിനായി പ്രാർഥിക്കുന്നതാണ്. അവന് സ്വർഗത്തിൽ പറിക്കപ്പെട്ട കനികളുണ്ട്’’ (തിർമിദി).

അബൂഹുറയ്‌റ(റ) നിവേദനം: “നബിﷺ പറഞ്ഞു: ‘ഒരു മനുഷ്യൻ തന്റെ സഹോദരനെ രോഗാവ സ്ഥയിൽ സന്ദർശനം നടത്തി, അല്ലെങ്കിൽ ഒരു സൗഹാർദ സന്ദർശനം നടത്തി. (എങ്കിൽ) അയാളോട് അല്ലാഹു പറയും: ‘നീ നല്ലത് ചെയ്തു. നിന്റെ നടത്തം നന്നാക്കി. സ്വർഗത്തിൽ നിനക്കൊരു വീട് നീ തയ്യാറാക്കി’’(തിർമിദി).

ഏതൊരു കർമത്തിന്റെയും സ്വീകാര്യതയ്ക്ക് നിഷ്‌കളങ്കമായ നിയ്യത്ത് അനിവാര്യമാണ് എന്നത് ഇവിടെയും ബാധകമാണ്. എനിക്ക് രോഗം വന്നപ്പോൾ അയാൾ സന്ദർശിച്ചിരുന്നു, അതുകൊണ്ട് അയാൾക്ക് രോഗം വരുമ്പോൾ പോകാതിരിക്കുന്നതെങ്ങനെ എന്ന രീതിയിലുള്ള സന്ദർശനത്തിന് മുകളിൽ പറഞ്ഞ പ്രതിഫലം ലഭിക്കുകയില്ല.

രോഗിയെ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ

1. റബ്ബിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് ചെയ്യുക.

2. രോഗിയോട് സ്‌നേഹത്തോടെയും ക്ഷമയോടെയും പെരുമാറുക.

3. അല്ലാഹുവിനെയും പരലോകത്തെയും കുറിച്ച് ഓർമിപ്പിക്കുക.

4. അല്ലാഹുവിൽ പ്രതീക്ഷ കൊടുക്കുക, ആശ്വസിപ്പിക്കുക.

5. രോഗിക്ക് വേണ്ടി പ്രാർഥിക്കുക.

നബിﷺ പഠിപ്പിച്ച പ്രാർഥനകളിൽ ഒന്ന് താഴെ കൊടുക്കുന്നു:

اللَّهُمَّ رَبَّ النَّاسِ اشْفِ أنْتَ الشَّافي لَا شِفَاءَ إلَّا شِفَاؤُكَ شِفاءً لَا يُغَادِرُ سَقَمًا

“ജനങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഉപദ്രവം നീ നീക്കേണമേ. നീ രോഗശമനം പ്രദാനം ചെയ്യേണമേ. നീയാകുന്നു രോഗശമനം നൽകുന്നവൻ. നിന്റെ രോഗശമനമല്ലാതെ യാതൊരു രോഗശമനവും ഇല്ല. ഒരു രോഗവും ഉപേക്ഷിക്കാത്ത ശമനം (പ്രദാനം ചെയ്യേണമേ).’’

ആരെങ്കിലും രോഗിയായാൽ നബിﷺ വലതുകൈകൊണ്ട് അയാളെ തടവി ഇപ്രകാരം മന്ത്രിക്കാറു ണ്ടായിരുന്നു എന്ന് ആഇശ(റ) പറഞ്ഞതായി സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹുൽ മുസ്‌ലിമിലും ഉണ്ട്. സഹോദരിമാർക്ക് സ്ത്രീകളായ രോഗികളെയും മഹ്‌റമായവരെയും ഇപ്രകാരം ചെയ്യാവുന്നതാണ്.

6. രോഗിയുടെ മുന്നിൽ വെച്ച് ഇതേ രോഗം പിടിപെട്ടു മരണപ്പെട്ടതോ കഷ്ടപ്പെടുന്നതോ ആയവരെ കുറിച്ച് പറഞ്ഞ് അയാളെ കൂടുതൽ വിഷമിപ്പിക്കാതിരിക്കുക.

രോഗി പാലിക്കേണ്ട ചില മര്യാദകൾ

1. ക്ഷമയും അല്ലാഹുവിനെ കുറിച്ചുള്ള നല്ല വിചാരവും ഉണ്ടായിരിക്കുക.

2. മരണത്തെ ആഗ്രഹിക്കരുത്. അങ്ങനെ ഒരു അവസ്ഥ വന്നാൽ നബി(സ) പഠിപ്പിച്ചുതന്നതുപോലെ പ്രാർഥിക്കുക:

اللّهُمَّ أحْيِنِي إذَا كَانَتِ الْحَيَاتُ خَيْرًا لِي وَتَوَفَّنِي إذَا كَانَتِ الْوَفاتُ خَيْرا لِي

“ജീവിതമാണ് എനിക്ക് ഉത്തമമെങ്കിൽ എന്നെ ജീവിപ്പിക്കുകയും മരണമാണ് ഉത്തമമെങ്കിൽ മരിപ്പിക്കുകയും ചെയ്യേണമേ.’’

3. മറ്റുള്ളവരോട് എന്തെങ്കിലും ബാധ്യതയുണ്ടെങ്കിൽ അത് നിറവേറ്റുക.

4. അനന്തരാവകാശ സ്വത്തിൽനിന്ന് അനന്തരാവകാശികളല്ലാത്തവർക്ക് വസ്വിയ്യത്ത് ചെയ്യാൻ ഉദ്ദേശിക്കു ന്നുണ്ടെങ്കിൽ അത് ചെയ്യുക.

6. മരണാനന്തര ആചാരങ്ങളുമായി ബന്ധപ്പെട്ട് കുടുംബക്കാരോ ബന്ധുമിത്രാദികളോ വല്ല അനാചാരവും നടത്തുമെന്ന് ഭയപ്പെട്ടാൽ തീർച്ചയായും അത് വിലക്കിക്കൊണ്ട് വസ്വിയ്യത്ത് എഴുതിവെക്കേണ്ടതാണ്. (ഉദാ: കണ്ണൂക്ക്, അടിയന്തിരം, ഖത്തപ്പുരകെട്ടി അതിലിരുന്ന് ക്വുർആൻ ഓതൽ).

രോഗങ്ങളിൽനിന്നും കാവൽ തേടുക

അനസ് ഇബ്‌നു മാലികി(റ)ൽനിന്നും, നബിﷺ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു:

اللَّهُمَّ إنِّي أعوذُ بِكَ مِنَ الْبَرَصِ والْجُنُونِ والْجُذَامِ وَمِن سَيُِّئِ الْأَسْقَامِ

“അല്ലാഹുവേ വെള്ളപ്പാണ്ട്, കുഷ്ഠം, ഭ്രാന്ത്, മറ്റു മോശമായ രോഗങ്ങൾ എന്നിവയിൽനിന്നെല്ലാം ഞാൻ നിന്നോട് അഭയം തേടുന്നു’’ (സ്വഹീഹുൽ ജാമിഅ്).