ഹിജാബ് സ്ത്രീ സുരക്ഷയുടെ കവചം
റോഷൻ പുനലൂർ
2025 നവംബർ 01, 1447 ജമാദുൽ അവ്വൽ 10

ഇസ്‌ലാമിനെ അല്ലാഹു നിശ്ചയിച്ച ഒരു ജീവിതമാർഗമായി സ്വീകരിച്ച, ക്വുർആനിനെയും സുന്നത്തിനെയും അതിന്റെ പ്രമാണങ്ങളായി അംഗീകരിച്ച മുസ്‌ലിം യുവതികൾ ഹിജാബുമായി ബന്ധപ്പെട്ട് സ്വന്തത്തോട് ചോദിക്കേണ്ടതായ ചില ചോദ്യങ്ങളുണ്ട്.
ഹിജാബ് എന്നാൽ എന്താണ്? ഞാനെന്തിന് ഹിജാബ് ധരിക്കണം? അത് ആർക്കുള്ള അനുസരണയാണ്? അതിന്റെ ഉപാധികൾ എന്തൊക്കെയാണ്? ഇതിന്റെ ഉത്തരം അവൾ അറിയേണ്ടതുണ്ട്. ക്വുർആനിൽനിന്നും സുന്നത്തിൽനിന്നും തെളിവുകൾ കണ്ടെത്തിക്കൊണ്ടാവണം അത് അനുഷ്ഠിക്കേണ്ടത്.
ഹിജാബ് പരിശുദ്ധിയും മാന്യതയും മഹത്ത്വവും നൽകുന്ന ഒരു വസ്ത്രമാകുന്നു. വിഷം വമിക്കുന്ന കണ്ണിന്റെ തുറിച്ചു നോട്ടത്തിൽനിന്നും അത് സംരക്ഷണമേകുന്നു. ഇസ്‌ലാമിൽ സ്ത്രീകൾക്ക് ഉയർന്ന മൂല്യമാണുള്ളത്. വിശ്വാസികൾക്കിടയിൽ തന്റെതായ സ്ഥാനം അവൾക്കുണ്ട്. സ്ത്രീയെ വിലകുറഞ്ഞ ചരക്കാക്കുന്ന പടിഞ്ഞാറൻ പ്രഭൃതികൾക്ക് അവൾ ശാരീരികേച്ഛകളുടെ പൂർത്തീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണവും കച്ചവടച്ചരക്കുകൾ വിറ്റഴിക്കാനുള്ള പരസ്യപ്പലകയുമാണ്.
ഇസ്‌ലാമിലെ സ്ത്രീ ഇതിൽനിന്നും തികച്ചും വ്യത്യസ്തയാണ്. അവൾക്ക് എന്നും സ്ഥാനവും മഹത്ത്വവുമുണ്ട്. ആ മാന്യതയും അന്തസ്സും പവിത്രതയും സംരക്ഷിക്കുന്ന അവകാശങ്ങൾ ഇസ്‌ലാം അവൾക്ക് നൽകുന്നു. ഇവിടെ അവൾ ബഹുമാന്യ മാതാവാണ്. കുലീനയായ ഇണയും സഹോദരിയുമാണ്. പുതുതരമുറയുടെ ആദ്യ പാഠശാലയുമാണ്.
സ്ത്രീയും പുരുഷനും അല്ലാഹുവിന്റെ അടിമകൾ എന്ന നിലയിൽ തുല്യരാണ്. അതിൽ യാതൊരു വ്യത്യാസവുമില്ല. ആരായാലും ക്വുർആനിനും സുന്നത്തിനുമൊപ്പം ചലിക്കണം. ഹിജാബ് ധരിക്കണമെന്നത് അല്ലാഹുവിന്റെ കൽപനയാണ്. സ്രഷ്ടാവും പരിപാലകനും അന്നദാതാവുമായ അല്ലാഹുവിനോടുള്ള അനുസരണയുടെ ഭാഗമാണത്. അല്ലാഹു പറയുന്നു:
“നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക. അവർ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്’’ (അൽഅഹ്സാബ്: 59).
ഹിജാബ് ധരിക്കുന്നതോടുകൂടി സ്ത്രീ അല്ലാഹുവിന്റെ കൽപന അനുസരിക്കുന്നു. ആനുസരണ ആരാധനയിൽ പെട്ടതാണല്ലോ. ചിലരെങ്കിലും ഹിജാബിനെ മനസ്സിലാക്കിയിരിക്കുന്നത് ഉമ്മമാരിലൂടെ കൈമാറിവന്ന സാമൂഹിക നടപടിയെന്നാണ്. യഥാർഥത്തിൽ സ്ത്രീയുടെ സുരക്ഷിതത്വത്തിനായി അല്ലാഹു നിയമമാക്കിയതാണത്.
ഹിജാബ് അല്ലാഹുവിന് തൃപ്തിപ്പെട്ടതാകണമെങ്കിൽ ചില ഉപാധികൾ പാലിക്കേണ്ടതുണ്ട്.
ഒന്ന്) ശരീരം മുഴുവൻ മറയ്ക്കുന്നതാകുക. മുഖവും ഈ പരിധിയിൽ ഉൾപ്പെടുന്നുവെന്ന അഭിപ്രായം ചില പണ്ഡിതന്മാർക്കുണ്ട്. അല്ലാഹു പറയുന്നു: “അവർ തങ്ങളുടെ ജിൽബാബുകൾ തങ്ങളുടെമേൽ താഴ്ത്തിയിടട്ടെ’’ (അൽഅഹ്‌സാബ്: 59).
ചില സ്ത്രീകളുടെ കാര്യം അങ്ങേയറ്റം പരിതാപകരമാണ്. കഴുത്തും കൈകളും കാലുകളും തുറന്നിട്ടു കൊണ്ട് സുഗന്ധം പൂശി അങ്ങാടികളിലേക്ക് അവർ പോകുന്നു. സ്ത്രീയുടെ അലങ്കാരമായ ലജ്ജയും ഭംഗിയും ഇവർ ഉപേക്ഷിക്കുന്നു. നബി ﷺ പറഞ്ഞു: “രണ്ടുകൂട്ടർ നരകത്തിലാണ്. ഞാൻ അവരെ കണ്ടിട്ടില്ല. ഉടുത്തിട്ടുണ്ടെങ്കിലും നഗ്‌നരായി ചാഞ്ഞും ചരിഞ്ഞും നടക്കുന്ന സ്ത്രീകളാണവർ. അവരുടെ തലകൾ ഒട്ടകത്തിന്റെ ഇളകുന്ന പൂഞ്ഞകൾ പോലുണ്ട്. അവർ സ്വർഗത്തിൽ കടക്കുകയില്ല. അതിന്റെ സുഗന്ധം അവർക്കെത്തുകയില്ല. ഇത്രയിത്ര വഴിദൂരം അതിന്റെ പരിമളം എത്തുന്നതാണ്’’ (മുസ്‌ലിം).
രണ്ട്) തൊലിപ്പുറം കാണാത്തതായിരിക്കണം. മറയ്ക്കലാണ് ഹിജാബിന്റെ ഉദ്ദേശ്യം. കാഴ്ചയെ മറയ്ക്കുന്നില്ലെങ്കിൽ അത് ഹിജാബെന്ന് പറയപ്പെടുകയില്ല.
മൂന്ന്) വശീകരിക്കുന്ന തരത്തിലുള്ള അലങ്കാരങ്ങളോ വർണമോ ഉണ്ടാകരുത്. അല്ലാഹു പറയുന്നു: “അവരുടെ ഭംഗിയിൽനിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കട്ടെ’’ (അന്നൂർ:31). അന്യരെ ആകർഷിക്കാതിരിക്കാനാണ് ഹിജാബ്.
നാല്) ഇടുങ്ങിയതാകരുത്. വിശാലതയുണ്ടായിരിക്കണം. ശരീരാകൃതിയും അവയവഭാഗങ്ങളും നിഴലിച്ചു കാണുന്നതാകരുത്.
അഞ്ച്) വസ്ത്രം സുഗന്ധപൂരിതമാകരുത്. അത് പുരുഷന്മാരെ ഉന്മത്തരാക്കും. നബിﷺ പറഞ്ഞിട്ടുണ്ട്: “ഏതൊരു സ്ത്രീ സുഗന്ധം പൂശി വല്ല സദസ്സിന്റെയും അരികിലൂടെ പോയാൽ അവൾ ഇങ്ങിനെയാണ് ഇങ്ങിനെയാണ്. അതായത് അവൾ വ്യഭിചാരിണിയാണ്’’(അബൂദാവൂദ്). “എതെങ്കിലും സ്ത്രീ സുഗന്ധം പൂശി ആളുകൾ സുഗന്ധം ആസ്വദിക്കട്ടെയെന്ന് കരുതി അവർക്കരികിലൂടെ നടന്നാൽ അവൾ വ്യഭിചാരിണിയാണ്’’ (നസാഈ).
ആറ്) പുരുഷന്മാർ ധരിക്കുന്നത് പോലുള്ളതാകരുത്. “സ്ത്രീകളോട് സദൃശരാകുന്ന പുരുഷന്മാരെയും പുരുഷന്മാരോട് സദൃശരാകുന്ന സ്ത്രീകളേയും നബി ﷺ ശപിച്ചിരിക്കുന്നു’’(ബുഖാരി).
എഴ്) ഏത് വസ്ത്രമാണെങ്കിലും പ്രസിദ്ധിക്കുവേണ്ടി ധരിക്കുന്നതാകരുത്. നബിﷺ പറഞ്ഞിരിക്കുന്നു: “ആരെങ്കിലും പ്രതാപം കാണിക്കാനായി ഇഹലോകത്ത് വസ്ത്രം ധരിച്ചാൽ പരലോകത്തിൽ അല്ലാഹു നിന്ദ്യതയുടെ വസ്ത്രം അവനെ ധരിപ്പിക്കും. അതിൽ അവനെ കത്തിക്കുകയും ചെയ്യും.’’
ഈ ഉപാധികൾ പാലിക്കുമ്പോളാണ് സ്ത്രീ വസ്ത്രം ധരിച്ചവളാകുന്നതും ഭക്തയാകുന്നതും. ഹിജാബ് കേവലം കോലമല്ല. അപഥസഞ്ചാരം നടത്തുന്ന സമൂഹത്തിൽനിന്നുള്ള മറയാണത്. ഹിജാബിന്റെ കൂടെ ഒതുക്കവും ലജ്ജയും മാന്യതയും ശീലമാക്കണം. ഇതൊന്നുമില്ലെങ്കിൽ ഹിജാബ് ഒരു പ്രയോജനവും ചെയ്യുകയില്ല.
സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും ചിഹ്നമായ ഹിജാബിലേക്കും അഴുക്ക് പുരണ്ട കരങ്ങൾ നീണ്ടുവന്നിരിക്കുന്നു. പവിത്രതയും ആഭിജാത്യവും ഊരിയെറിയാൻ വ്യവസ്ഥാപിതമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കുലീനർ സ്ത്രീത്വത്തെയും ഇസ്‌ലാമിക അടയാളങ്ങളെയും ഊരിയെറിയുന്നവരല്ല. ശത്രുക്കൾ ആവിഷ്‌കരിച്ച ഫാഷന്റെയും പരസ്യത്തിന്റെയും ഇരകളായ യുവതികൾ ഹിജാബും പർദയും അബായയും തുറന്നിടുകയും വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. കാണുന്നതെന്തും അനുകരിക്കുന്ന അന്ധതയാണ് അവർക്കുള്ളത്. ചിലരാകട്ടെ സാമൂഹിക സമ്പ്രദായമെന്ന നിലയിലാണത് ധരിക്കുന്നത്. വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചുമാണത് ധരിക്കേണ്ടത്.
വളരെ ലോലമായ നാട പോലുള്ള മഫ്തകൾ നമുക്ക് കാണേണ്ടി വരുന്നു. വശീകരിക്കുന്ന തരം തോരണങ്ങൾ തൂക്കിയ വിവിധതരം വസ്ത്രങ്ങളും ദിനംപ്രതി വിപണി കീഴടക്കികൊണ്ടിരിക്കുന്നു. അല്ലാഹുവിനോട് സഹായം ചോദിക്കുക. യുവതികൾ അശ്രദ്ധരാകുമ്പോളെല്ലാം ശത്രുക്കൾ വലിയ ചതിക്കുഴികൾ ഒരുക്കിക്കൊണ്ടേയിരിക്കും. അറിഞ്ഞോ അറിയാതെയോ ചില മുസ്‌ലിം യുവതികൾ ഈ കുഴപ്പക്കാരുടെ ചെരുപ്പിന്റെ വാറുകളായിരിക്കുന്നു. ‘ഏതെങ്കിലും സമൂഹത്തോട് സദൃശ്യരാകുന്നവൻ അവരിൽ പെട്ടവനാണ്,’ ‘മറ്റുള്ളവരോട് സദൃശ്യരായവൻ നമ്മിൽ പെട്ടവനല്ല’ പോലുള്ള തിരുവചനത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിം വ്യക്തിത്വത്തിന് എതിരായ വസ്ത്രങ്ങളും ഒഴിവാക്കേണ്ടതാണ്. മുസ്‌ലിമല്ല എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിക്കാവതല്ലല്ലോ.
തിന്മകൾ പൊടുന്നനെയല്ല കടന്നുവരുന്നത്. ഹിജാബ് അഴിപ്പിക്കൽ മാത്രമല്ല ശത്രുവിന്റെ ലക്ഷ്യം. ഹിജാബ് അഴിക്കുന്നതോടു കൂടി ലജ്ജയുടെ പളുങ്കുപാത്രമാണ് ഉടഞ്ഞുപോകുന്നത്. നബിﷺ പറഞ്ഞു: “എന്റെ കാലംകഴിഞ്ഞാൽ, സ്ത്രീയെക്കാൾ ഉപരിയായി പുരുഷനെ കുഴപ്പത്തിലാക്കുന്ന ഫിത്ന വേറെയില്ല.’’
സ്ത്രീയെ നശിപ്പിക്കുന്നതിലൂടെ സമൂഹത്തെ മുഴുവൻ നശിപ്പിക്കാനാവുമെന്ന് ഇസ്‌ലാമിന്റെ ശത്രുക്കൾ മനസ്സിലാക്കിയിരിക്കുന്നു. അധർമങ്ങൾക്കെതിരിൽ ഉറച്ചുനിന്ന് പ്രഖ്യാപിക്കുക: ‘പവിത്രമായ കരങ്ങളാൽ എന്റെ ഹിജാബിന്റെ പരിശുദ്ധി ഞാൻ കാത്തുസൂക്ഷിക്കും, എന്റെ നന്മകളാൽ ഞാൻ ഉയർന്നു നിൽക്കും.’

