ക്ഷമയിലെ നന്മ - 4
നസീമ വാടാനപ്പള്ളി
2025 ഡിസംബർ 20, 1447 ജമാദുൽ ആഖിർ 29

ആരാധനകളിൽ ക്ഷമ കാണിക്കൽ അനിവാര്യമാണ്. ഓരോ കർമത്തിന്റെയും മഹത്ത്വം തിരിച്ചറിഞ്ഞ് കൃത്യതയോടെയും നിഷ്‌കളങ്കമായും പ്രതിഫലമാഗ്രഹിച്ചും ചെയ്യുമ്പോൾ മാത്രമാണ് അത് അല്ലാഹുവിങ്കൽ സ്വീകാര്യമായിത്തീരുക. ഇതിന്റെയെല്ലാം അടിസ്ഥാനം അറിവുള്ളവരാകുക എന്നതാണ്. അറിവില്ലാതെ പ്രവർത്തനങ്ങളുടെ പൂർണത സാധ്യമല്ല.
അഞ്ചുനേരം പുഴയിൽ കുളിക്കുന്നവന്റെ ശരീരം ശുദ്ധീകരിക്കപ്പെടുന്നതുപോലെ അഞ്ചുനേരത്തെ നമസ്‌കാരങ്ങൾ വിശ്വാസിയുടെ ഹൃദയത്തെ ശുദ്ധീകരിക്കുമെന്ന് റസൂൽﷺ പറഞ്ഞിട്ടുണ്ട്. ആ ശുദ്ധീകരണ പ്രക്രിയ നമ്മുടെ ഹൃദയത്തിൽ നടക്കുന്നുണ്ടോ എന്ന് വിചിന്തനം നടത്തുക. ഇല്ല എന്നാണ് മനസ്സ് പറയുന്നതെങ്കിൽ അറിവ് നേടുന്നതിലും നേടിയ അറിവുകൾ പ്രാവർത്തികമാക്കുന്നതിലും ക്ഷമയോടെ മുന്നേറാൻ സാധിച്ചിട്ടില്ല എന്ന് തിരിച്ചറിയുക. അറിവ് നേടുന്ന മാർഗത്തിലും കർമങ്ങൾ ചെയ്യുന്നതിലും ക്ഷമ അനിവാര്യമാണ് എന്നു ചുരുക്കം.
തെറ്റുകളിൽനിന്നും വിട്ടുനിൽക്കാനുള്ള ക്ഷമ
“...തീർച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീർച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (ക്വുർആൻ 12:53).
മനുഷ്യൻ എന്ന നിലയ്ക്ക് തെറ്റുകൾ വന്നുപോകുന്നത് സ്വാഭാവികമണ്. എന്നാൽ തെറ്റുകൾ തിരുത്തുകയും വീണ്ടും അതിലേക്ക് മടങ്ങാതിരിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ദേഹേച്ഛയും അല്ലാഹുവിന്റെ ഇഷ്ടവും പരസ്പരം എതിരായി വന്നാൽ മറ്റെന്തും സഹിച്ചുകൊണ്ട് അല്ലാഹുവിന്റെ ഇഷ്ടത്തിന്റെ കൂടെ നിലകൊള്ളാൻ നമുക്ക് കഴിയേണ്ടതുണ്ട്. അതിലാണ് വിജയം. അതിന് നല്ല ക്ഷമ അനിവാര്യമാണ്. ഇത് പ്രയോഗവൽക്കരിക്കുക ഏറെ പ്രയാസകരവുമാണ്. വിശ്വാസത്തിന്റെ കരുത്തുള്ളവർക്കേ അതിന് കഴിയൂ. പരീക്ഷിക്കപ്പെടുന്ന സന്ദർഭത്തിലാണ് ക്ഷമ പാലിക്കാൻ കഴിയേണ്ടത്. മനുഷ്യൻ കൂടുതലായും മുൻഗണന നൽകുന്നത് സ്വന്തം ഇഷ്ടത്തിനും മനസ്സിന്റെ ആഗ്രഹങ്ങൾക്കുമാണ്. അതല്ലെങ്കിൽ തനിക്ക് ഇഷ്ടപ്പെട്ടവരുടെ ആഗ്രഹങ്ങൾക്കാണ്. ഇങ്ങനെ വരുമ്പോൾ മനുഷ്യൻ തെറ്റുകളെ നിസ്സാരവൽക്കരിക്കുന്നു.
തെറ്റുകളിൽനിന്നും വിട്ടുനിൽക്കാൻ സഹായിക്കുന്ന രണ്ട് സുപ്രധാന കാര്യങ്ങൾ പണ്ഡിതന്മാർ ഉണർത്തിയതായി കാണാം:
ഒന്ന്) തെറ്റുകളുടെ ഫലമായി ലഭിക്കുന്ന മോശമായ സങ്കേതത്തെ കുറിച്ചുള്ള ബോധവും ചിന്തയും: ഹറാമിന്റെ സുഖവും ആനന്ദവും മറ്റും അൽപസമയത്തേക്ക് മാത്രമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട്. അതിനാൽ ഹറാമിലേക്ക് ദേഹേച്ഛകൾ ചെന്നെത്തുമ്പോൾ ഈ തിരിച്ചറിവുകളിലൂടെ ക്ഷമ കൈക്കൊണ്ടാൽ മാത്രമെ നമുക്ക് അല്ലാഹുവിന്റെ തൃപ്തി നേടാനാകൂ.
രണ്ട്) തന്നെ സൃഷ്ടിച്ച, തനിക്ക് ഒട്ടേറെ അനുഗ്രഹങ്ങൾ നൽകിയ അല്ലാഹു നിരോധിച്ച കാര്യങ്ങൾ ചെയ്ത് അവനെ കണ്ടുമുട്ടുന്നത് ഓർക്കുമ്പോഴുള്ള ലജ്ജ: ഒരു അടിമ തന്റെ യജമാനനോട് നന്ദികേട് കാണിക്കുന്നവനാകരുത്. അല്ലാഹുവിനോടുള്ള സ്‌നേഹം മുന്നിട്ടുനിൽക്കേണ്ടതുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും ഹറാമിലേക്ക് പോകാതെ സൂക്ഷ്മതയോടെ ജീവിക്കാൻ കഴിയണമെങ്കിൽ ക്ഷമയാകുന്ന സദ്ഗുണം കൂടെയുണ്ടാകണം.

