ഹിജാബ് നൽകുന്ന സുരക്ഷിതത്വം

സഫ ബിൻത് നജീബ്

(സൽസബീൽ അറബിക് കോളേജ്, വെങ്കിടങ്ങ്)

2025 നവംബർ 22, 1447 ജമാദുൽ ആഖിർ 01

പീഡന വാർത്തകൾക്ക് പഞ്ഞമില്ലാത്തതായി നമ്മുടെ നാട് മാറിയിരിക്കുന്നു. വൃദ്ധകളും ബാലികമാരും ശിശുക്കളും വരെ പീഡിപ്പിക്കപ്പെടുന്നു! ധാർമികമായ അധഃപതനം സമൂഹത്തെ വരിഞ്ഞുമുറുക്കുമ്പോൾ എല്ലാവിധ തോന്ന്യാസങ്ങളും അരങ്ങുവാഴുമെന്നതിൽ സംശയമില്ല. അധർമങ്ങളെയെല്ലാം പരിഷ്‌കാരത്തിന്റെ ലേബലൊട്ടിച്ച് കൊണ്ടാടാൻ മത്സരിക്കുന്ന ലിബറലിസ്റ്റുകൾക്ക് ഇതിലുള്ള പങ്ക് ചെറുതല്ല.

സ്ത്രീകളുടെ വസ്ത്രം താഴെനിന്ന് മുകളിലേക്ക് കയറിനിൽക്കുന്നതിന്റെയും മുകളിൽനിന്ന് താഴേക്ക് ഇറങ്ങി നിൽക്കുന്നതിന്റെയും അളവ് വർധിക്കുന്നതിനനുസരിച്ച് പുരോഗമനം കൂടുന്നുവെന്നാണ് ഫെമിനിസ്റ്റുകളും ലിബറലിസ്റ്റുകളും ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതിയോട് ഇക്കൂട്ടർക്ക് കടുത്ത അമർഷമാണുള്ളത്. ധരിക്കുന്നവർക്കില്ലാത്ത പ്രയാസമാണ് കാണുക മാത്രം ചെയ്യുന്ന അവർക്കുള്ളത്.

സ്ത്രീകളുടെ അൽപവസ്ത്ര ധാരണ രീതി പുരുഷന്മാരെ ആകർഷിക്കുകയും പ്രകോപിപ്പിക്കുകയും പീഡനത്തിലേക്ക് നയിക്കുകയും ചെയ്യുവാൻ കാരണമാണെന്ന് കേരളത്തിലെ പ്രമുഖരായ, മുസ്‌ലിംകളല്ലാത്ത ചില വ്യക്തിത്വങ്ങൾ തന്നെ പലപ്പോഴായി പ്രസ്താവിച്ചത് നമുക്കറിയാം. നോക്കുന്ന ആണുങ്ങളാണ് കുറ്റക്കാർ, അങ്ങനെ നടക്കുന്ന പെണ്ണുങ്ങളല്ല എന്നൊക്കെയാണ് കപട പുരോഗമന വാദികൾ പറയുന്നത്.

സ്ത്രീ അവളുടെ ശരീരത്തിന്റെ മുഴുപ്പും മിനുപ്പും വെളിവാക്കിക്കൊണ്ടുള്ള വസ്ത്രം ധരിക്കുന്നത് ആരെ കാണിക്കാനാണ്? ആരെങ്കിലും നോക്കുന്നു എന്ന് തോന്നുമ്പോൾ മാത്രം ചില ഭാഗങ്ങൾ കൈകൊണ്ടു മറയ്ക്കാൻ ശ്രമിക്കുകയും ഉടനെത്തന്നെ കൈ പിൻവലിക്കുകയും ചെയ്യുന്ന സ്ത്രീകളെ കാണാറുണ്ട്. അതിലൂടെ അവർ ചെയ്യുന്നത് പുരുഷൻമാരുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കുകയല്ലേ?

ഹിജാബിനെതിരെ ഉറഞ്ഞുതുള്ളുന്നവരുടെ ലക്ഷ്യം അത്ര നിഷ്‌കളങ്കമല്ലെന്നു തിരിച്ചറിയാനുള്ള കഴിവൊക്കെ മുസ്‌ലിം സ്ത്രീകൾക്കുണ്ട്. കുഞ്ഞുമക്കൾ വരെ പീഡനത്തിനിരയാകുമ്പോൾ, പുരുഷന്മാരെ കുറ്റപ്പെടുത്തി അവർക്കെതിരെ ശബ്ദമുയർത്തിയാൽ മാത്രം പോരാ, മറിച്ച് അതിലേക്ക് പുരുഷന്മാരെ കൊണ്ടെത്തിക്കുന്ന മുഴുവൻ വാതിലുകളും കൊട്ടിയടക്കേണ്ടതുണ്ട്.

അതിനായി ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച സ്രഷ്ടാവുതന്നെ വസ്ത്രധാരണ രീതി നിശ്ചയിച്ചു തന്നിട്ടുണ്ട്: “നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക. അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (ക്വുർആൻ 33: 59).

‘അവർ തിരിച്ചറിയപ്പെടുവാനും ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഉത്തമം’ എന്നു പറഞ്ഞത് അല്ലാഹുവാണ്. അതിനായി അവൻ പറഞ്ഞത് പാലിക്കുക എന്നത് വിശ്വാസിനികളുടെ ബാധ്യതയാണ്. അത് നൽകുന്ന ഗാംഭീര്യവും സുരക്ഷിതത്വവും അത് ധരിക്കുന്നവർ നന്നായി അനുഭവിക്കുന്നുണ്ട്.

ലോക പ്രശസ്ത എഴുത്തുകാരിയായ കമല സുരയ്യ തന്റെ ഇസ്‌ലാം ആശ്ലേഷണത്തിനു മുമ്പുതന്നെ ‘പർദക്കുള്ളിൽ ലഭിക്കുന്ന സുരക്ഷിതത്വം; അത് പറഞ്ഞറിയിക്കാവതല്ല’ എന്നു പറഞ്ഞത് ഓർക്കുക.

“അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ’’ (24:31) എന്ന അല്ലാഹുവിന്റെ കൽപന മുൻവശം പരമാവധി വെട്ടിയിറക്കി പ്രദർശിപ്പിക്കുന്ന ഫെമിനിസ്റ്റുകൾക്ക് ദഹിക്കണമെന്നില്ല. എന്നാൽ വിശ്വാസിനികൾക്ക് അങ്ങനെ പ്രദർശന വസ്തുക്കളായി നടക്കാൻ കഴിയില്ല.

ദൃഷ്ടികളെ നിയന്ത്രിക്കുകയും അന്യസ്ത്രീകളിലേക്ക് അനാവശ്യമായി ദൃഷ്ടി തിരിക്കാതിരിക്കുകയും ചെയ്യുക എന്നത് ലൈംഗികവിശുദ്ധി സംരക്ഷിക്കാനുള്ള പരിഹാരമാർഗങ്ങളിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:

“നബിയേ, നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു’’ (24:30).

അനാവശ്യമായ നോട്ടമാണ് പലരുടെയും ജീവിതത്തെ വഴികേടിലാക്കാൻ കാരണമെന്നത് പരക്കെ അറിയപ്പെട്ട സത്യമാണ്. ഒരു മനുഷ്യന് വിവാഹത്തിന് കഴിയാതെ വന്നാൽ അതിനുള്ള പരിഹാരമായി റസൂൽﷺ നിർദേശിച്ച മറ്റൊരു മാർഗം വ്രതാനുഷ്ഠാനമാണ്.

“ഓ, യുവസമൂഹമേ! നിങ്ങളിൽ നിന്നും വിവാഹത്തിന് കഴിവുള്ളവൻ വിവാഹം കഴിക്കട്ടെ. കാരണം അത് അവന്റെ നോട്ടത്തെ നിയന്ത്രിക്കുകയും ഗുഹ്യാവയത്തെ സംരക്ഷിക്കുകയും ചെയ്യും. അതിന് കഴിയാത്തവർ നോമ്പെടുക്കുക. അത് വികാരത്തെ നിയന്ത്രിക്കും’’ (ബുഖാരി).

ജീവിതത്തിൽ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കണമെങ്കിൽ സ്വന്തം ശരീരത്തെ സംബന്ധിച്ച തിരിച്ചറിവ് അനിവാര്യമാണ്. മോശമായ രൂപത്തിൽ ലൈംഗികത ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും തന്റെ ദേഹേഛക്കും പൈശാചിക പ്രേരണക്കും കീഴടങ്ങിയാണ് അത് ചെയ്യുന്നത്. നരകത്തിലേക്ക് പതിക്കുന്ന ഏതൊരു മനുഷ്യനും തന്റെ ശരീരേഛക്ക് അടിമപ്പെട്ട് ചെയ്ത പ്രവർത്തനഫലമായിക്കൊണ്ടല്ലാതെ പ്രവേശിക്കുന്നില്ല. അതിനാൽ തന്നെ ഏതൊരു ദുഷ്പ്രവർത്തിയും മനസ്സിൽ തോന്നുമ്പോൾ തന്നെ ഈ തിരിച്ചറിവുണ്ടാവണം. അത് നരകത്തിലേക്കുള്ള വഴിയാണെന്ന് മനസ്സിലാക്കണം.

മാന്യമായി വസ്ത്രം ധരിച്ച മുസ്‌ലിം സ്ത്രീകൾ മതനിയമങ്ങൾ പാലിച്ച് സമൂഹത്തിന്റെ പൊതുധാരയിൽ ഉയർന്ന് വരുന്നത് ഉൾക്കൊള്ളാനാവാതെ പുരപ്പുറത്ത് കയറി ഇസ്‌ലാം വിരോധം വിളിച്ച് കൂവുന്നവരോട് ഒന്നേ പറയാനുള്ളൂ; നിങ്ങളൊക്കെ ബലം പ്രയോഗിച്ച് തട്ടം പിടിച്ച് വലിക്കാൻ ശ്രമിച്ചാൽ ഊരിപ്പോരുന്നതല്ല; മുസ്‌ലിം സ്ത്രീയുടെ മനസ്സിൽ ശക്തമായി വേരുപിടിച്ചിട്ടുള്ള മതവിശ്വാസവും ധീരമായ ജീവിത നിലപാടുകളും.