ക്ഷമയിലെ നന്മ - 2

നസീമ വാടാനപ്പള്ളി

2025 ഡിസംബർ 06, 1447 ജമാദുൽ ആഖിർ 15

മനുഷ്യൻ തന്റെ ജീവിതലക്ഷ്യം തിരിച്ചറിയുക എന്നത് അനിവാര്യമാണ്. അല്ലാഹു പറയുന്നു: “ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല’’ (51:56).

മനുഷ്യന്റെ പരമമായ കടമ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, ലക്ഷ്യം അവന്റെ തൃപ്തി നേടിയെടുക്കുകയും ചെയ്യുക എന്നതായിരിക്കണം. നല്ല ക്ഷമാശീലമുള്ളവർക്കേ ഈ നേട്ടം കരഗതമാക്കാൻ കഴിയൂ. പണ്ഡിതന്മാർ ക്ഷമയെ പ്രധാനമായും മൂന്ന് ഇനമായി തിരിച്ചിരിക്കുന്നു:

ഒന്ന്) അല്ലാഹുവിനെ അനുസരിക്കുന്നതിലും അവന് ഇബാദത്ത് ചെയ്യുന്നതിലുമുള്ള ക്ഷമ.

രണ്ട്) തെറ്റുകളിൽനിന്നും വിട്ടുനിൽക്കാനുള്ള ക്ഷമ.

മൂന്ന്) പരീക്ഷണങ്ങളിലുള്ള ക്ഷമ.

ഒന്ന്) അല്ലാഹുവിനെ അനുസരിക്കുന്നതിലും അവന് ഇബാദത്ത് ചെയ്യുന്നതിലുമുള്ള ക്ഷമ.

“ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവൻ. അതിനാൽ അവനെ താങ്കൾ ആരാധിക്കുകയും അവന്നുള്ള ആരാധനയിൽ ക്ഷമയോടെ ഉറച്ചുനിൽക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കൾക്കറിയാമോ?’’(ക്വുർആൻ 19:65).

“നിന്റെ കുടുംബത്തോട് നീ നമസ്‌കരിക്കാൻ കൽപിക്കുകയും അതിൽ (നമസ്‌കാരത്തിൽ) നീ ക്ഷമാപൂർവം ഉറച്ചുനിൽക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നൽകുകയാണ് ചെയ്യുന്നത്. ധർമനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം’’ (20:132).

ഈ ക്വുർആൻ സൂക്തങ്ങളിൽനിന്നും ആരാധനയുടെ-വിശിഷ്യാ നമസ്‌കാരത്തിന്റെ- കാര്യത്തിൽ ക്ഷമ പാലിക്കേണ്ടതിന്റെയും അതിൽ ഉറച്ചുനിൽക്കേണ്ടതിന്റെയും പ്രാധാന്യം വളരെ വ്യക്തമാണ്.

പലരും തമാശയായി പറയാറുണ്ട്; മറന്നത് ഓർമ വരണമെങ്കിൽ നിസ്‌കാരത്തിൽ കൈ കെട്ടിയാൽ മതിയെന്ന്. ഇത് നമസ്‌കാരത്തിലെ ക്ഷമകേടിനെയും ഭക്തിയില്ലായ്മയെയുമാണ് കാണിക്കുന്നത്. അല്ലാഹുവിലേക്ക് മാത്രം ശ്രദ്ധകൊടുത്തുകൊണ്ട് മനസ്സും ശരീരവും ഒരുപോലെ പങ്കുവഹിക്കുന്ന ആരാധനയാണ് നമസ്‌കാരം. ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠമായത്.

പരിശുദ്ധ ക്വുർആനിൽ അല്ലാഹു കപടവിശ്വാസികളുടെ നമസ്‌കാരത്തെക്കുറിച്ച് പറഞ്ഞത് ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതാണ്.

“...അവർ നമസ്‌കാരത്തിന് നിന്നാൽ ഉദാസീനരായിക്കൊണ്ടും ആളുകളെ കാണിക്കാൻ വേണ്ടിയുമാണ് നിൽക്കുന്നത്. കുറച്ച് മാത്രമെ അവർ അല്ലാഹുവെ ഓർമിക്കുകയുള്ളൂ’’ (4:142)

നമസ്‌കാരത്തിനു മുമ്പ് വുദൂഅ് ചെയ്യൽ അനിവാര്യമാണല്ലോ. ക്ഷമയോടെ വുദൂഅ് പൂർത്തിയാക്കാൻ കഴിയണം. കഴുകേണ്ട ഭാഗങ്ങൾ നന്നായി കഴുകാനുള്ള ക്ഷമയില്ല പലർക്കും.

കുടുംബനാഥ എന്ന നിലയ്ക്ക് പരുഷനെക്കാൾ കൂടുതലായി കുടുംബത്തിലുള്ളവരുടെ കാര്യം ശ്രദ്ധിക്കാൻ കഴിയുന്നവളും കഴിയേണ്ടവളുമാണ് സ്ത്രീ. അതോടൊപ്പം സ്വന്തം പരലോക രക്ഷയ്ക്ക് ആവശ്യമായ ആരാധനകൾ നിർവഹിക്കുവാൻ ഉത്സാഹിക്കുകയും വേണം. വീട്ടിലെ ജോലിത്തിരക്കുകൾക്കും ഉത്തരവാദിത്തങ്ങൾക്കുമിടയിൽ തന്നെ,

നബിﷺ കൺകുളിർമ ആസ്വദിച്ച, നമസ്‌കാരമാകുന്ന, തന്റെ റബ്ബുമായുള്ള സ്വകാര്യസംഭാഷണ നിർവഹണത്തിന് സഹോദരിമാർ ക്ഷമയോടെ ഒരുങ്ങാറുണ്ടോ?

(തുടരും)