പർദ; എനിക്കും പറയാനുണ്ട് ചിലത്
ഉമ്മു ഇമ്രാൻ, അരീക്കോട്
2025 ആഗസ്റ്റ് 09, 1447 സഫർ 15

ചെറുപ്പത്തിൽ പർദ എന്നത് മദ്‌റസയിലേക്ക് പോകുമ്പോൾ മാത്രം ധരിച്ചിരുന്ന ഒന്നാണ്. പിന്നീടത് കോളേജ് കാലഘട്ടത്തിലെ യൂണിഫോം ആയി മാറി. അന്നേ മുറുമുറുപ്പുകൾ ഉണ്ടായിരുന്നു. മിക്‌സഡ് കോളേജാണെങ്കിലും ആൺ-പെൺ കൂടിച്ചേരലിന് പഴുതില്ലാത്ത, തികച്ചും ഇസ്‌ലാമികമായ അന്തരീക്ഷം. കോളേജിലെ ഈയൊരു അന്തരീക്ഷവും പർദയും മാറ്റത്തിനുള്ള ഒരു തുടക്കമായിരുന്നു. ഇന്നുവരെയും അത് ഒഴിവാക്കിയിട്ടില്ല. വിവാഹത്തിനു ശേഷം നിഖാബും ധരിച്ചു തുടങ്ങി. നല്ലപാതി കൂടെ നിന്നു.
അത് വല്ലാത്തൊരു കവചം തന്നെയാണ്; അല്ല, കവചമായിട്ടാണല്ലോ റബ്ബ് അതിനെ നമുക്ക് പരിചയപ്പെടുത്തിയത്: “നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക: അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’(ക്വുർആൻ 33:59).
‘കല്യാണത്തിനും പർദയോ’ എന്ന് വിസ്മയത്തോടെ ചോദിക്കുന്നവരുണ്ടായിരുന്നു; കുടുംബത്തിൽപോലും! കല്യാണത്തിന് പോകാൻ സാരിയല്ലേ നല്ലത് എന്ന് ചോദിച്ചവരോട് ‘എനിക്ക് പർദയാണിഷ്ടം’ എന്ന് പറഞ്ഞു പ്രിയതമൻ കൂടെ നിന്നു. ‘കൊക്കാച്ചി...വവ്വാൽ...’ തുടങ്ങിയ പരിഹാസ വാക്കുകൾ കറുത്ത മൂടുപടം അണിഞ്ഞിറങ്ങുമ്പോൾ കേട്ടിട്ടുണ്ട്. റബ്ബ് നിശ്ചയിച്ച വസ്ത്രം ധരിച്ചതിനാലാണല്ലോ ഈ പരിഹാസം, അതുകൊണ്ട് അത് കേൾക്കുന്നതിനും പ്രതിഫലം ലഭിക്കുമെന്ന ചിന്ത സന്തോഷം നൽകി.
അന്ന് വിമർശിച്ചവരടക്കം ഇന്ന് പർദയിലേക്ക് മടങ്ങിയത് കാണുമ്പോൾ സന്തോഷമാണ്. എന്നാൽ പലരും പർദയുടെ അന്തസ്സത്തക്ക് യോജിക്കാത്ത വിധത്തിലുള്ള, ശരീരഭാഗങ്ങൾ മുഴച്ചുകാണിക്കുന്ന രൂപത്തിലുള്ള പർദ ധരിക്കുന്നു എന്നത് ഖേദകരമാണ്. പർദ ഫാഷനോ സൗന്ദര്യം പ്രകടിപ്പാനുള്ളതോ അല്ലല്ലോ.
നമ്മൾ മാതൃക കാണിച്ചാൽ നമ്മുടെ മക്കൾ കൂടെയുണ്ടാകും. അവർ നമ്മെ എല്ലാ കാര്യങ്ങളിലും മാതൃകയാക്കും. അതാണ് എന്റെ അനുഭവം. എന്റെ മക്കൾ പർദയെ അത്രമേൽ ഇഷ്ടപ്പെടുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. മരണം നടന്ന വീടുകളിലേക്കും മതപഠന ക്ലാസ്സുകളിലേക്കും പോകുമ്പോൾ മാത്രം പർദ ധരിച്ചാൽ മതി എന്ന നിലപാടുള്ള ചില സഹോദരിമാരുണ്ട്. കല്യാണത്തിനും യാത്രയിലുമൊക്കെ മോഡൽ വസ്ത്രങ്ങളും. അതാണത്രെ സൗകര്യം. പർദയിട്ട് യാത്ര ചെയ്യുമ്പോൾ ഒരു അസൗകര്യവും ഞാൻ അനുഭവിച്ചിട്ടില്ല.
എനിക്ക് പർദ ഉയർച്ചയേ നൽകിയിട്ടുള്ളൂ. ആത്മാഭിമാനവും ആത്മവിശ്വാസവും വർധിപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ട് എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മറ്റുള്ളവരുടെ മുഖംകോട്ടലുകൾ, കുത്തുവാക്കുകൾ ഒക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നാൽ എതിർപ്പുകൾ എനിക്ക് കരുത്താണ് സമ്മാനിച്ചത്.
“...അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്നപക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാാ
ക്കിക്കൊടുക്കുകയും അവൻ കണക്കാക്കാത്ത വിധത്തിൽ അവന്ന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്’’ (65:2,3).
സഹോദരിമാരേ, വിമർശകരുടെ വാക്കുകൾ കേട്ട് ഇസ്‌ലാമിക വസ്ത്രധാരണ രീതിയെ നമ്മളാരും ആക്ഷേപിക്കരുത്. സ്വന്തം ശരീരത്തെ പ്രദർശന വസ്തുവാക്കാൻ താൽപര്യമുള്ളവർ അങ്ങനെ ചെയ്യട്ടെ. റബ്ബിന്റെ നിയമങ്ങൾക്കനുസരിച്ച് ജീവിക്കുന്നവർക്ക് അത് പറ്റില്ലല്ലോ.

