ഭാര്യമാരറിയാൻ
നൗഫൽ ചെറുമുക്ക്, ഷാർജ
2025 ഡിസംബർ 27, 1447 റജബ് 06

ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർമാരായ ദമ്പതികൾ തമ്മിലടിച്ചതും ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തതുമായുമുള്ള സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ ഉപദേശിച്ചും കെട്ടുറപ്പുള്ള കുടുംബം കെട്ടിപ്പടു ക്കുന്നതിനുള്ള ടിപ്പുകൾ പറഞ്ഞുകൊടുത്തും പ്രസിദ്ധരായ ദമ്പതികളാണ് ഇങ്ങനെ തല്ലിപ്പിരിഞ്ഞത് എന്നതോർക്കുക!
റീലുകളും ഷോർട്ടുകളും ട്രെൻഡ് സെറ്റ് ചെയ്യുന്ന കാലത്ത്, കുടുംബിനികളായ സ്ത്രീകൾ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് കഴിയുകയാണ് എന്ന ധാരണ ബോധപൂർവം സൃഷ്ടിക്കാൻ ചിലർ സജീവമായി പണിയെടുക്കുകയും നമ്മുടെ വാച്ചിങ് ഹിസ്റ്ററി അതനുസരിച്ച് അൽഗോരിതം സെറ്റ് ചെയ്യപ്പെടുകയും ചെയ്യുമ്പോൾ ഇസ്‌ലാമിക വിജ്ഞാനം നേടിയ സ്ത്രീകൾ പോലും അറിഞ്ഞോ അറിയാതെയോ അതിന്റെ സഹയാത്രികരാവുകയാണ്.
കുടുംബ ജീവിതത്തിലെ ആധാരശിലകൾ ഭാര്യയും ഭർത്താവും തന്നെയാണ്. ഒരാൾ മറ്റൊരാളുടെ ശക്തിയും ചേർന്നുനിൽക്കുന്ന പങ്കാളിയുമാകുമ്പോഴാണ് ഒരു കുടുംബത്തിൽ യഥാർഥ ശാന്തിയും സമാധാനവും കൈവരിക. ഇസ്‌ലാം വിഭാവനം ചെയ്യുന്നത് പരസ്പര പങ്കാളിത്തം (Mutual Cooperation) ആണ്. രണ്ടു പേർക്കും പരസ്പരം അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്. അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പരസ്പരം ബന്ധപ്പെട്ടതാണ്. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ. ഒന്നില്ലാതെ മറ്റൊന്ന് പൂർണമല്ല എന്ന് ചുരുക്കം.
ഇണകൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ വലിയ കുടുംബ കലഹങ്ങളിലേക്ക് നയിക്കുന്നു എന്നത് പച്ചയായ സത്യമാണ്. അവരുടെ മക്കൾ മാനസികമായും ശാരീരികമായും ദുർബലരാകുന്നതും അവരുടെ ഭാവി ഇരുളടയുന്നതും വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്.
ഫെമിനിസ്റ്റുകളുടെ ‘കെട്ടുപാടുകളില്ലാത്ത സ്വതന്ത്ര ജീവിത’വും അവരുടെ ചിന്തകളുടെ ‘പകിട്ടും’ കണ്ട് നിരാശപൂണ്ട്, ജീവിച്ചുതീർത്തതെല്ലാം പാഴായിപ്പോയി എന്ന് ചിന്തിക്കുന്ന വല്ല മുസ്‌ലിം സ്ത്രീകളുമുണ്ടെങ്കിൽ അവരോടു പറയാനുള്ളത് ഇസ്‌ലാമിനെക്കുറിച്ച് നന്നായി പഠിക്കുക എന്നാണ്. ഇസ്‌ലാമിക സരണിയിലേക്ക് സമ്പൂർണമായി പ്രവേശിക്കുക എന്നതിനപ്പുറം സമാധാനം നൽകുന്ന മറ്റൊരു മാർഗവും കണ്ടെത്തുവാൻ നിങ്ങൾക്ക് സാധ്യമല്ല. അതിന്റെ ആദർശം ലളിതവും സുന്ദരവും മനോഹരവുമാണ്. ഭൗതികവാദങ്ങളുടെ മോഹന വാഗ്ദാനങ്ങൾ നിങ്ങളെ നാശത്തിലേക്കാണ് നയിക്കുക എന്ന് തിരിച്ചറിയുക.
സ്ത്രീജീവിതത്തിന് പോസിറ്റീവ് ആയ അർഥവും മാനവും ലഭിക്കുന്നതിനും നിരാശയില്ലാതെ കുടുംബ ജീവിതം നയിക്കുന്നതിനും സഹായകമായ ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു:
1) ഇഹലോക ജീവിതം നശ്വരമാണ്; പരലോകമാണ് ഇഹലോകത്തെക്കാൾ നല്ലതും ബാക്കിയാകുന്നതും എന്ന ചിന്ത മനസ്സിൽ ഊട്ടിയുറപ്പിക്കുകയും അതനുസരിച്ച് കാര്യങ്ങളെ നോക്കി ക്കാണുകയും ചെയ്യുക.
2) അല്ലാഹു നിശ്ചയിച്ച പ്രകാരമാണ് ജീവിതത്തിൽ ഓരോന്നും സംഭവിക്കുന്നത്. അനുഗ്രഹം ലഭിക്കുന്നതും തടയപ്പെടുന്നതും റബ്ബ് തീരുമാനിച്ച പ്രകാരമാണ് എന്ന് മനസ്സിനെ ആവർത്തിച്ച് ബോധ്യപ്പെടുത്തുക.
3) ഒരു കുടുംബത്തിലെ നായിക സ്ത്രീയാണ്. ആ ഉത്തരവാദിത്തം അവൾക്ക് പരലോകത്തേക്കുള്ള വലിയ ഒരു മുതൽ മുടക്കാണ്. ആ ഉദ്ദേശ്യശുദ്ധി മനസ്സിൽ ഉറപ്പിച്ച് കുടുംബിനി എന്ന നിലയ്ക്ക് ചെയ്യുന്ന ഓരോ ചെറുതും വലുതുമായ കാര്യവും നന്മയുടെ പട്ടികയിൽ ചേർക്കപ്പെടും എന്ന് മറക്കാതിരിക്കുക.
4) ക്ഷമ എന്നത് മഹത്തായ ഗുണമാണ്. അതിന്റെ അഭാവം കുടുംബ ജീവിതത്തിൽ അസമാധാനം നിറക്കും. തങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതോ ഇഷ്ടമില്ലാത്തതോ ആയ എന്തെങ്കിലും കാര്യം ഭർത്താവ് പറഞ്ഞ് തുടങ്ങുമ്പോഴേക്കും ചില ഭാര്യമാർ പ്രതികരിച്ച് തുടങ്ങും. ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യപ്പെടേണ്ട ഒരു വ്യക്തി എന്തെങ്കിലും പറയുമ്പോൾ കേട്ടിരി ക്കാനുള്ള ക്ഷമ വളരെ പ്രധാനപ്പെട്ടതാണ്. മറിച്ചാകുമ്പോൾ അനുസരണക്കേടും ധിക്കാരവും അനാദരവുമായിട്ടേ അയാൾക്ക് തോന്നൂ. പ്രതികരണം സാവകാശവും സമാധാനപരവുമാകണം.
5) ഭാര്യക്ക് ഭർത്താവിനോടുള്ള ബാധ്യത മതത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. അത് നിർവഹിക്കുക വഴി അവൾ റബ്ബിന്റെ കൽപനയാണ് അനുസരിക്കുന്നത്. അതുവഴി അവർ നേടിയെടുക്കുന്നത് സ്വർഗമാണ്. ‘ഞാൻ ആരോടെങ്കിലും ഒരാൾക്ക് മുന്നിൽ സുജൂദ് ചെയ്യാൻ കൽപിക്കുകയാണെങ്കിൽ സ്ത്രീകളോട് അവരുടെ ഭർത്താക്കന്മാർക്ക് സുജൂദ് ചെയ്യാൻ കൽപിക്കുമായിരുന്നു’ എന്ന നബിവചനം (ഇബ്‌നുമാജ 1853) ഇതിന്റെ മഹത്ത്വം മനസ്സിലാക്കിത്തരുന്നു.
6) കുടുംബിനി എന്ന നിലയ്ക്ക് ചെയ്യുന്ന കാര്യങ്ങളെല്ലാം റബ്ബിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ചെയ്യുക. പലതും ചെയ്തുകൊടുത്താലും ഒരു നന്ദി വാക്ക് പോലും കിട്ടാറില്ല എന്നത് പൊതുവെയുള്ള ആക്ഷേപമാണ്. ഇത് ഉത്തമ വിചാരത്തിൽനിന്ന് സ്ത്രീയെ വഴിതെറ്റിക്കും.
7) സ്വഭാവം നന്നാക്കുക. കപടതയും ഇരട്ടത്താപ്പുമില്ലാത്ത സ്വഭാവത്തിനുടമകളാകുക എന്നതാണ് പ്രധാനം. ഇങ്ങോട്ട് നല്ല നിലക്കാണെങ്കിൽ ഞാൻ അങ്ങോട്ടും അങ്ങനെത്തന്നെ, അല്ലെങ്കിൽ ഇല്ല എന്ന നിലപാട് സത്യവിശ്വാസിനിക്ക് ചേർന്നതല്ല. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കാനാണ് ക്വുർആൻ കൽപിക്കുന്നത്. അതുകൊണ്ട് നേട്ടമേ ഉണ്ടാകൂ.
8) നന്ദി പ്രകടിപ്പിക്കുക. സ്ത്രീയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തവനാണ് ഭർത്താവ്. അദ്ദേഹത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങൾക്ക് റബ്ബിനെ സ്തുതിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യണം. കുടുംബത്തിന്റെ കാര്യങ്ങൾ നിർവഹിക്കുന്നതിന് ഏറെ പ്രയാസങ്ങൾ സഹിക്കുന്ന ഭർത്താവിനോട് മനസ്സറിഞ്ഞു നന്ദി കാണിക്കുക. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും താങ്ങും തണലുമാവുക.
9) താരതമ്യം ചെയ്യൽ ഒഴിവാക്കുക. ഓരോരുത്തരുടെയും ജീവിതം അവരവർക്ക് റബ്ബ് നൽകിയതാണെന്ന് ഉറച്ചു വിശ്വസിക്കുക. മണിക്കൂറുകൾ ക്യാമറക്കു മുന്നിൽ അഭ്യാസം നടത്തി പലവുരു കട്ട് ചെയ്തും ആവർത്തിച്ചും എഡിറ്റ് ചെയ്തും നമ്മുടെ മുന്നിലെത്തുന്ന 30 സെക്കന്റ് റീലിൽ കാണുന്നതനുസരിച്ചുള്ള ജീവിത സൗകര്യമോ ഇണയെയോ യഥാർഥ ജീവിതത്തിൽ കിട്ടണമെന്നില്ല. അങ്ങനെയാവണമെന്ന വാശി നിരാശയിലേക്ക് നയിക്കും. ഉയർച്ചയിലും സുഖലോലുപതയിലും ജീവിക്കുന്നവരിലേക്ക് മാത്രം കണ്ണും നട്ടിരുന്നാൽ നമുക്ക് കിട്ടിയ അനുഗ്രഹങ്ങൾ നാം നിസ്സാരമാക്കി ക്കളയും. അത് അല്ലാഹുവിനോടു കാണിക്കുന്ന നന്ദികേടുമാണ്.
10) ആവശ്യം പൂർത്തീകരിച്ചുകൊടുക്കുക: ഭർത്താവിന് ഭാര്യയിൽനിന്നും നിർബന്ധമായും ലഭിക്കേണ്ട ശാരീരികവും മാനസികവുമായ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് തടസ്സം നിൽക്കരുത്. അനുവദ നീയമായ മാർഗത്തിലുള്ള ശാരീരിക ബന്ധം പോലും അല്ലാഹു പ്രതിഫലം നൽകുന്ന കാര്യമാണ്. ആ ആവശ്യ പൂർത്തീകരണത്തിന് ഭാര്യ ന്യായമായ കാരണത്താലല്ലാതെ വിസമ്മതം പ്രകടിപ്പിക്കുന്നത് മലക്കുകളുടെ ശാപത്തിന് വിധേയമാകുന്ന കാരണമാണെന്ന് നബിﷺ പറഞ്ഞതായി കാണാം. ‘ഞങ്ങൾ ലൈംഗികതയ്ക്കുള്ള യന്ത്രമല്ല, പ്രസവം സൗന്ദര്യം നശിപ്പിക്കും, അതിനു ഞങ്ങളെ കിട്ടില്ല’ എന്ന് പറയുന്ന ഫെമിനിസ്റ്റ് ചിന്താഗതിക്കാരായി വിശ്വാസിനികൾ മാറിക്കൂടാ.

