ക്ഷമയിലെ നന്മ - 3
നസീമ വാടാനപ്പള്ളി
2025 ഡിസംബർ 13, 1447 ജമാദുൽ ആഖിർ 22

അല്ലാഹു നമ്മിൽ നിന്നും ഒരു സൽകർമം സ്വീകരിക്കണമെങ്കിൽ അതിൽ രണ്ടു കാര്യങ്ങൾ നിർബന്ധമാണ്:
1) നിഷ്‌കളങ്കമായ നിയ്യത്ത്. 2) നബിﷺയുടെ ചര്യ പിൻപറ്റൽ.
ഏതൊരു ആരാധന ചെയ്യുമ്പോഴും ഇക്കാര്യം നാം ശ്രദ്ധിക്കണം. നമസ്‌കാരത്തെ ഉദാഹരണമായി എടുക്കാം. അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും ആഗ്രഹിച്ചുകൊണ്ടും നബിﷺയുടെ ചര്യ പിൻപറ്റിയുമായിരിക്കണം നമസ്‌കാരം നിർവഹിക്കുന്നത്. അല്ലാഹു പറയുന്നു: “എന്നാൽ നമസ്‌കാരക്കാർക്കാകുന്നു നാശം. തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ. ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരായ’’ (ക്വുർആൻ 107: 4-6).
നിശ്ചിത സമയത്ത് നിർവഹിക്കൽ, ഭയഭക്തി ഉണ്ടായിരിക്കൽ, അടക്കത്തോടെയും ഒതുക്കത്തോടെയും ഓരോ കാര്യവും നിർവഹിക്കൽ എന്നിവ നമസ്‌കാരത്തിന്റെ സ്വീകാര്യതക്ക് അനിവാര്യമാണ്. ക്ഷമയുണ്ടെങ്കിലേ ഭംഗിയായി ഇതെല്ലാം നിർവഹിക്കാൻ സാധിക്കുകയുള്ളൂ. ക്ഷമയില്ലാത്തവരുടെ നമസ്‌കാരം കേവലമൊരു ചടങ്ങായി മാറും.
നമസ്‌കാരത്തിൽ കൈകെട്ടി റബ്ബിന്റെ മുന്നിൽ നിന്നുകൊണ്ട് ഫാതിഹ ഓതുമ്പോൾ ഓരോ ആയത്തിനും റബ്ബ് മറുപടി തരുന്നുണ്ടെന്ന് സ്വഹീഹായ ഹദീസിൽ കാണാം. എന്നാൽ നമ്മൾ അർഥമറിഞ്ഞും ക്ഷമയോടെയും ആ മറുപടി പ്രതിക്ഷിച്ചും അത് പാരായണം ചെയ്യാറുണ്ടോ?
ഇബാദത്തുകൾ അഥവാ സൽകർമങ്ങൾ നഷ്ടപ്പെടുത്തുന്ന പ്രവൃത്തികളിൽനിന്നും വിട്ടുനിൽക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഇതും ക്ഷമകൊണ്ടു മാത്രമെ നേടാൻ കഴിയൂ. സൽകർമങ്ങളെ നിഷ്ഫലമാക്കിക്കളയുന്ന പരദൂഷണം നാവിനെ സൂക്ഷിക്കാൻ സാധിക്കാത്തവരിൽനിന്നും സംഭവിക്കുന്നതാണ്.
ഇബ്‌നുമാജ(റഹി) തന്റെ സുനനിൽ ഉദ്ധരിക്കുന്ന ഒരു ഹദീസുണ്ട്. മുആദുബ്‌നു ജബൽ(റ) വിവരിക്കുന്ന സുദീർഘമായ ആ ഹദീസിൽ സ്വർഗം ലഭിക്കാനും നരകത്തിൽനിന്നും രക്ഷപ്പെടാനുമുള്ള കാര്യങ്ങൾ നബിﷺ വിശദീകരിക്കുന്നുണ്ട്. ഇസ്‌ലാം കാര്യങ്ങളും നന്മയുടെ മറ്റു കാര്യങ്ങളും പറഞ്ഞുകൊടുത്ത തിനു ശേഷം റസൂൽﷺ മുആദി(റ)നോട് ചോദിക്കുന്നു: “ഇതിനോടെല്ലാം കിടപിടിക്കുന്ന ഒരു കാര്യം നിങ്ങൾക്കു ഞാൻ പറഞ്ഞു തരട്ടെയോ?’’ എന്നിട്ട് അവിടുന്ന് തന്റെ നാവ് പുറത്തേക്കു നീട്ടി അതിൽ പിടിച്ചുകൊണ്ടു പറഞ്ഞു: “ഇതിനെ നീ സൂക്ഷിച്ചോളൂ, പിടിച്ചു വെച്ചോളൂ...’’
ചെയ്ത സൽകർമങ്ങളുടെ പ്രതിഫലം നഷ്ടപ്പെടുത്തുന്ന ഒരു കാര്യത്തിന്റെയും പിന്നാലെ പോകാതിരിക്കാൻ ക്ഷമ അനിവാര്യമാണ്. നമസ്‌കാരം, നോമ്പ്, ക്വുർആൻ പാരായണം, ദാനധർമങ്ങൾ, മാതാപിതാക്കൾക്ക് നന്മ ചെയ്യൽ, ദാമ്പത്യ ജീവിതം തുടങ്ങി എല്ലാ കാര്യങ്ങളും ക്ഷമ ഒഴിച്ചു കൂടാനാവാത്തതാണ്.
“സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്‌കാരം) ഭക്തൻമാരല്ലാത്തവർക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു’’ (2:45).
നോമ്പിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല. പ്രഭാതം മുതൽ പ്രദോഷംവരേക്കും ക്ഷമയാൽ പൂർത്തീകരിക്കപ്പെടേണ്ട ഒരു ഇബാദത്താണ്. വിശപ്പും ദാഹവും ലൈംഗിക താൽപര്യവും പകൽ മുഴുവൻ അടക്കിവയ്ക്കാൻ ക്ഷമയുള്ളവർക്കേ കഴിയൂ.

