വിശപ്പിന്റെ വിലയറിയുന്നവരും അറിയാത്തവരും

സലാം സുറുമ എടത്തനാട്ടുകര

2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17

“പോ അവിടുന്ന്... ഇതിൽനിന്നും ഒരു വറ്റു പോലും തരില്ല...’’

തെക്കൻ കേരളത്തിൽനിന്നും വീട്ടിലേക്കുള്ള യാത്രാമധ്യെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. സമയം ഉച്ചക്ക് രണ്ടര മണി. മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രം ധരിച്ച ഒരു വൃദ്ധൻ തന്റെ മുമ്പിലുള്ള പൊതികളിൽനിന്നും ഭക്ഷണ സാധനങ്ങൾ കടലാസിലേക്ക് കുടഞ്ഞിടുകയാണ്. അതിന്റെ പങ്കു പറ്റാനായി വന്ന തെരുവു നായ്ക്കളോടാണ് അയാൾ ആക്രോശിക്കുന്നത്. തങ്ങളുടെ ഭക്ഷണം കൈക്കലാക്കിയ ഇദ്ദേഹത്തോട് തെരുവുനായ്ക്കൾ മുരണ്ടു പ്രതികരിക്കുന്നു. അയാൾ ഇടയ്ക്ക് വടിയെടുത്ത് അവയെ ഓടിക്കുന്നുമുണ്ട്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയ്‌നിൽനിന്നും യാത്രക്കാർ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളടങ്ങിയ പൊതികൾ പെറുക്കി ചാക്കിലാക്കുന്ന ഈ വൃദ്ധനെ, തൊട്ടുമുമ്പത്തെ ട്രെയ്‌നിൽനിന്നും ഇറങ്ങുന്നേരം ഞാൻ ശ്രദ്ധിച്ചിരുന്നു.

എച്ചിൽ അടങ്ങിയ ചെറിയ ചാക്കുമായി അയാൾ പ്ലാറ്റ് ഫോമിന്റെ ഒരറ്റത്തേക്ക് നടന്നു. ഒഴിഞ്ഞ സ്ഥലത്തിരുന്ന് ഭക്ഷണപ്പൊതികൾ ഓരോന്നായി പുറത്തെടുത്ത് നിവർത്തിവച്ചു. ഓരോന്നിലെയും ബാക്കിവന്ന വൈറ്റ് റൈസ്, ബിരിയാണി, നെയ്ച്ചോർ, ചപ്പാത്തി തുടങ്ങിയവ വ്യത്യസ്ത കടലാസുകളിലായി തരംതിരിച്ചു. യാത്രക്കാർ ഒഴിവാക്കിയ, മാംസമുള്ള എല്ലിൻകഷ്ണങ്ങളും മീൻമുള്ളുകളുമൊക്കെ ശ്രദ്ധയോടെ മറ്റൊരു പേപ്പറിലേക്ക് മാറ്റി. പിന്നെ സാവധാനം കഴിക്കാൻ ആരംഭിച്ചു. ഉടഞ്ഞ കോഴിക്കാലിലും മീൻമുള്ളുകളിലുമൊക്കെ ബാക്കിവന്ന മാംസം അയാൾ ആസ്വദിച്ച് ചവച്ചിറക്കി. ബാക്കിവന്നവ പൊതിഞ്ഞെടുത്ത് മുഷിഞ്ഞ ഭാണ്ഡക്കെട്ടിലേക്ക് തിരുകി. രാത്രി കഴിക്കാനോ അല്ലെങ്കിൽ കൂട്ടാളികൾക്ക് നൽകാനോ ആവാം എന്ന് ഞാൻ ഊഹിച്ചു.

കുപ്പത്തൊട്ടിയിൽ നിന്നും ഒരു നേരത്തെ ഭക്ഷണം കണ്ടെത്തുന്നവർ നമ്മുടെ നാട്ടിൽ പോലും ഉണ്ട് എന്നത് നേരിൽ കണ്ടപ്പോൾ വേദന തോന്നി. ട്രെയ്ൻ യാത്രക്കിടയിലും മറ്റും രുചി പറ്റാത്തതിനാലോ വയറുനിറഞ്ഞു എന്ന് തോന്നിയതിനാലോ ഒക്കെ നമ്മൾ പുറത്തേക്ക് വലിച്ചെറിയുന്ന ഭക്ഷ്യവസ്തുക്കൾക്കായി ആർത്തിയോടെ കാത്തിരിക്കുന്നവർ ഏറെയുണ്ട്.

കല്യാണത്തിനും സൽക്കാരത്തിനുമൊക്കെ നാം എത്ര ഭക്ഷണ സാധനങ്ങളാണ് പാഴാക്കുന്നത്! കൂടെയിരിക്കുന്ന ചെറിയ കുട്ടികൾക്കും വലിയവർക്ക് എടുക്കുന്നത്ര ഭക്ഷണം വിളമ്പിക്കൊടുത്ത്, വിഭവങ്ങൾ പാഴാക്കാൻ കൂട്ടുനിൽക്കുന്ന മാതാപിതാക്കൾ വലിയ പാതകമാണ് ചെയ്യുന്നത്. ആവശ്യത്തിന് മാത്രം വിളമ്പാനും പകർന്നത് മുഴുവനും കഴിക്കാനും നാം ശീലിക്കണം. അത് നമ്മുടെ മക്കളെ പരിശീലിപ്പിക്കണം.

ഭക്ഷണം പാഴാക്കൽ നിരവധി പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വിശക്കുന്നവന് അത് ലഭ്യമാകുന്നില്ല എന്ന് മാത്രമല്ല, അത് ധാർമികവും സാമ്പത്തികവുമായ പ്രതിസന്ധികളും സൃഷ്ടിക്കുന്നു. വായു, മണ്ണ്, വെള്ളം എന്നിവയെ നേരിട്ട് ബാധിക്കുന്ന പരിസ്ഥിതി പ്രശ്‌നവും അത് ഉണ്ടാക്കുന്നുണ്ട്.

പാർട്ടികളിലും ഹോട്ടലുകളിലുമൊക്കെ ഭക്ഷണം പാഴാക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണം. ഭക്ഷണം പാഴാക്കൽ വരുത്തുന്ന ആഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കണം. ഭക്ഷണം പാഴാക്കുന്നത് പല രാജ്യങ്ങളിലും ശിക്ഷാർഹമാണ് എന്ന കാര്യവും നാം ഇതോടൊപ്പം കൂട്ടി വായിക്കുക.

“...നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല’’ (ക്വുർആൻ 7:31).