സർക്കാർ ജീവനക്കാരനായ സാറിന് കാശിനെന്ത് പഞ്ഞം?

സലാം സുറുമ എടത്തനാട്ടുകര  

2023 സെപ്തംബർ 30 , 1445 റ.അവ്വൽ 15

   സാറേ, ഇത് എടുത്തിട്ട് ആറ് വർഷം കഴിഞ്ഞില്ലേ? പോരാത്തതിന് പഴയ മോഡലും! ഇനി ഇത് മാറ്റുകയല്ലേ നല്ലത്? അല്ലെങ്കിൽ ഇടക്കിടെ തകരാറുകൾ വന്നുകൊണ്ടേയിരിക്കും. റിപ്പയറിംഗ് സാറിനൊരു പണിയുമാകും.” അവധി ദിവസം സുഹൃത്തിന്റെ വീട്ടിൽ ചെന്നപ്പോൾ ടി.വി. നന്നാക്കാൻ വന്ന ടെക്‌നീഷ്യൻ ഉടമസ്ഥന് ക്ലാസ്സെടുക്കുകയാണ്.

“സർക്കാർ ജീവനക്കാരനായ സാറിന് കാശിന് യാതൊരു പഞ്ഞവുമില്ലെന്ന് ആർക്കാണറിയാത്തത്? മാസാമാസം അക്കൗണ്ടിൽ ശമ്പളമെത്തില്ലേ? അതിൽനിന്നും കാശ് മുടക്കി പുതിയ ഒരെണ്ണം വാങ്ങൂ സാറേ... ഇപ്പോൾ കുറേ ഓഫറുകളുമുണ്ട്” ടെക്‌നീഷൻ വാചാലനായി.

“മാസാമാസത്തെ ചെലവുകൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന എനിക്കല്ലേ എന്റെ ശമ്പളത്തിന്റെ യാഥാർഥ്യമറിയൂ; പുറമെനിന്ന് നോക്കുമ്പോൾ സർക്കാർ ജീവനക്കാർ വലിയ സമ്പന്നരും എല്ലാം തികഞ്ഞവരുമാണ്” സുഹൃത്തും വിട്ടുകൊടുക്കുന്നില്ല.

“കഴിഞ്ഞ മൂന്നുവർഷം മുമ്പുവരെ നിങ്ങളുടെ സർവീസ് ചാർജ് എത്രയായിരിന്നു?”

“മുന്നൂറ്റമ്പത് രൂപ.”

“ഇപ്പഴോ?”

“അഞ്ഞൂറ് രൂപ മുതൽ ആയിരം വരെ.”

“കഴിഞ്ഞ മൂന്നുവർഷം മുമ്പുവരെ നാടൻ പണിക്കാരുടെ കൂലി എത്രയായിരുന്നു?”

“അറുന്നൂറു മുതൽ എഴുന്നൂറു വരെ.”

“ഇപ്പോൾ?’

“തൊള്ളായിരം മുതൽ ആയിരത്തി ഒരുനൂറ് വരെ.”

“എന്നാൽ അറിഞ്ഞോളൂ; സർക്കാർ ജീവനക്കാർ ഇപ്പോഴും രണ്ടര വർഷം മുമ്പുള്ള നിരക്കുതന്നെയാണ് ശമ്പളമായി വാങ്ങുന്നത്. അവർക്ക് വർഷാവർഷം ആനുപാതികമായി ലഭിക്കേണ്ട വർധനവായ ക്ഷാമബത്ത എന്ന ഡി.എ. ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ പരമാവധി ചെലവു ചുരുക്കിയും മുണ്ട് മുറുക്കിയുടുത്തുമാണ് ഒട്ടുമിക്ക ജീവനക്കാരും മൂന്നു വർഷമായി കഴിയുന്നത്.”

“പൊതുജനങ്ങൾക്ക് ഒരു ധാരണയുണ്ട്; അധ്യാപകരടക്കമുള്ള സർക്കാർ ജീവനക്കാർ അവർക്ക് ലഭിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും സ്വിസ് ബാങ്കിലോ മറ്റോ നിക്ഷേപിച്ച് ആർഭാടത്തോടെ ജീവിക്കുകയാണെന്ന്. അവർക്ക് ലഭിക്കുന്ന വേതനം ഇവിടെത്തന്നെയാണ് ചെലവാക്കുന്നത് എന്ന് പലരും മനസ്സിലാക്കുന്നില്ല. അത് പാലിന്റെയും പത്രത്തിന്റെയും വിലയായും പലചരക്കുകടയിലെ പറ്റ് തീർത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി സ്വന്തം നാട്ടിൽ തന്നെയാണ് ചെലവിടുന്നത്. എതാനും വർഷങ്ങൾക്ക് മുമ്പുണ്ടായ പ്രളയത്തിന്റെ ഭാഗമായി സർക്കാർ ഒരു മാസത്തെ ജീവനക്കാരുടെ ശമ്പളം തവണകളായി പിടിച്ചുവച്ചപ്പോൾ പൊതുവിപണിയിലായിരുന്നു അതിന്റെ അനന്തരഫലം ഏറ്റവുമധികം പ്രകടമായത്. ഹോട്ടലുകളിലും ഇറച്ചിക്കടകളിലും മൽസ്യ മാർക്കറ്റുകളിലുംവരെ അത് നന്നായി പ്രതിഫലിച്ചു. ജീവനക്കാരുടെ ചെലവ് ചുരുക്കൽ എല്ലാവരെയും സാരമായി ബാധിക്കും.” സുഹൃത്ത് കത്തിക്കയറി.

“ശമ്പളവും മറ്റ് അലവൻസുകളും സമയത്തിന് കിട്ടിയാൽ അതുകൊണ്ടുള്ള പ്രയോജനം നിങ്ങളെപ്പോലുള്ളവർക്കു കൂടിയാണ്. അസൂയയോ തെറ്റുധാരണയോ കാരണത്താൽ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ആനുകൂല്യവും കിട്ടരുതേ എന്ന് മനസ്സുകൊണ്ടെങ്കിലും ആഗ്രഹിക്കുന്ന നിരവധി പേർ സമൂഹത്തിൽ ഉണ്ട്. അത്തരം ആളുകൾ സ്വന്തത്തിനു തന്നെയാണ് പാര പണിയുന്നത്.” സുഹൃത്ത് സംസാരത്തിന് വിരാമമിട്ടു. ടെക്‌നീഷ്യന് തിരിച്ചൊന്നും പറയാനില്ലായിരുന്നു.