മക്കളുടെ മൊബൈൽ ഫോൺ ഉപയോഗം കുറക്കാൻ

സലാം സുറുമ എടത്തനാട്ടുകര

2023 നവംബർ 18 , 1445 ജു.ഊലാ 04

കുട്ടികൾ മുഴുവൻ സമയവും ഫോണിലാ സാറേ, കണ്ണ് തെറ്റിയാൽ എടുത്ത് ഗെയിം കളിക്കും. അല്ലെങ്കിൽ റീൽസും കണ്ട് ഇരിക്കും. ഇവരെ എന്തു ചെയ്യും?’’ ക്ലാസ് പി.ടി.എ. യോഗത്തിൽ മകളെക്കുറിച്ചുള്ള ഒരു രക്ഷിതാവിന്റെ പരാതി.

“ഞാൻ പുറത്ത് പോകുമ്പോൾ ഫോൺ കൂടെ കൊണ്ടുപോകാറാണ് പതിവ്. വീട്ടിൽ വെച്ചാൽ യുട്യൂബിൽ കയറി അവർ എന്തൊക്കെയാണ് കാണുന്നതെന്ന് നമുക്ക് അറിയില്ലല്ലോ’’-മറ്റൊരു രക്ഷിതാവ് കൂട്ടിച്ചേർത്തു. ‘ഞാൻ ഇടക്കിടെ കുട്ടിയുടെ ഫോൺ ഉപയോഗം പരിശോധിക്കാറുണ്ട്. പക്ഷേ, നമുക്ക് അറിയാത്ത പലതും അവർക്ക് അറിയാം. ഗ്യാലറിയിലും മറ്റും അവർ രഹസ്യഫോൾഡർ ഉണ്ടാക്കും എന്ന് ഞാൻ എവിടെയോ വായിച്ചു. ആ രഹസ്യഗ്യാലറി കണ്ടുപിടിക്കാൻ കഴിയുമോ മാഷേ’ എന്നത് ഒരു മാതാവിന്റെ ചോദ്യം.

‘ക്ലാസ് ഗ്രൂപ്പ് നോക്കാനെന്ന പേരിൽ ഫോൺ കൈക്കലാക്കി കുട്ടികൾ മാത്രമുള്ള ഗ്രൂപ്പിൽ ചാറ്റ് ചെയ്യലാ എന്റെ കുട്ടിയുടെ സ്ഥിരം പരിപാടി. ആ ഗ്രൂപ്പിൽ അധ്യാപകരുടെ കുറ്റവും കുറവുകളുംവരെ അവർ ചർച്ച ചെയ്യുന്നുണ്ട്’ എന്ന് വേറൊരു രക്ഷിതാവ്.

‘മൊബൈൽ ഫോണും ഇന്റർനെറ്റും നമ്മുടെ ജീവിതത്തിൽനിന്നും പറിച്ചുമാറ്റാൻ കഴിയാത്തതായി മാറിയിരിക്കുന്നു’ എന്നത് മറ്റൊരു രക്ഷിതാവിന്റെ നിഗമനം.

ചെറിയ കുട്ടികൾക്കുവരെ ഇൻസ്റ്റയിൽ അക്കൗണ്ടുണ്ട്. അവർ ആരോടൊക്കെയാ ചാറ്റ് ചെയ്യുന്നതെന്ന് ദൈവം തമ്പുരാന് മാത്രമെ അറിയൂ. മക്കളുടെ ഫോൺ ഉപയോഗം അതിരുവിടുന്നതു കൊണ്ട് കാഴ്ചക്കും അമിതമായ ഇയർ ഫോൺ ഉപയോഗം മൂലം കേൾവിക്കും തകരാറുകൾ വരുന്നുണ്ട്... രക്ഷിതാക്കളുടെ ആശങ്കകൾ പരന്നൊഴുകി. ഇതിനെല്ലാം പരിഹാരം നിർദേശിക്കൽ എന്റെ ഊഴമായിരുന്നു.

മൊബൈൽ ഫോൺ ഇല്ലാതിരുന്ന കാലത്ത്, കുട്ടികൾക്ക് സമയം ചെലവഴിക്കാൻ രക്ഷിതാക്കൾ കുറെ അവസരങ്ങൾ നൽകിയിരുന്നു. പാടത്തും പറമ്പിലും കളിച്ചും അയൽവാസികൾക്കൊപ്പം കൂട്ടുകൂടിയും അവർ സമയം പോക്കിയിരുന്നു. ഇന്ന് രക്ഷിതാക്കൾ പല കാരണങ്ങളാൽ മക്കളെ പുറത്തുവിടാൻ മടികാണിക്കുന്നു. അതുകൊണ്ട് അവർ വീട്ടിൽതന്നെ ചടഞ്ഞ് കൂടിയിരിക്കുന്നു. അവർക്ക് സമയം ചെലവഴിക്കാനായി ടി.വി. കാണലോ ഗെയിം കളിക്കലോ ഫോൺ ഉപയോഗിക്കലോ മാത്രമാണുള്ളത്. സമീപത്തെ പുസ്തക ലൈബ്രറികളിൽ അംഗത്വമെടുത്ത് അവരെ പതുക്കെ വായനയുടെ ലോകത്തേക്ക് പിടിച്ചുയർത്താം. മക്കളുടെ പിന്തുണയോടെ വീട്ടിൽ അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി, പൂന്തോട്ടം, ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും നേഴ്സറി, അലങ്കാര മൽസ്യം, പശു, ആട്, കോഴി, താറാവ് വളർത്തൽ തുടങ്ങിയവ ആരംഭിച്ചാൽ ഒരു പരിധിവരെ മക്കളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ സമയം കുറക്കാനാകും. മക്കളിൽ ഉത്തരവാദിത്തബോധം വളർത്താനും ഇത്തരം പ്രവൃത്തികൾ ഏറെ സഹായകമാകും.

ഇതിൽനിന്നും ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം മക്കൾക്ക് നൽകി അവരിൽ താൽപര്യം വളർത്താം. പഠനത്തോടൊപ്പം വരുമാനം കണ്ടെത്താനും അവരുടെ ഭാവിജീവിതം ചിട്ടപ്പെടുത്താനും ഇത് അവർക്ക് ഏറെ സഹായകമാകും. ഇത്തരം സംരംഭങ്ങളുടെ എല്ലാവിധ കണക്കുകളും രേഖപ്പെടുത്താനും അവരെ ചുമതലപ്പെടുത്താം. കൂടാതെ കുടുംബ ബജറ്റ് തയ്യാറാക്കാനും വരവുചെലവ് കണക്കുകൾ രേഖപ്പെടുത്താനും മക്കളെ ഏൽപിക്കാം.

വീട്ടിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ അവരുടെ നിർദേശങ്ങൾ പരിഗണിക്കുകയും അവരെ അതിൽ പങ്കാളികളാക്കുകയും ചെയ്യാം. സ്‌കൂളിലെ കലാകായിക, ശാസ്ത്ര, ഗണിത, ഐ.ടി, പ്രവൃത്തി പരിചയ മേളകളിൽ മക്കളെ പങ്കെടുപ്പിച്ചും ആയോധന കലകളായ കരാത്തെ, കുങ്ഫു പോലുള്ളവയിൽ പരിശീലനത്തിനയച്ചും അവരിലെ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ സമയം കുറക്കാം. കായികശേഷിയും ബുദ്ധിശക്തിയും അതുവഴി വർധിക്കുകയും ചെയ്യും.