പള്ളിയിൽ കുട്ടികളും വരട്ടെ

ഇബ്‌നു അലി

2023 ഏപ്രിൽ 15, 1444 റമദാൻ 24

വിശുദ്ധ റമദാൻ സാന്ത്വനമാണ്. ആശ്വാസമാണ്. പ്രതീക്ഷയാണ്. പലരും ലീവെടുക്കുന്നു. കൂലിപ്പണിക്കാർ ജോലിസമയം മാറ്റുന്നു. സ്‌കൂളും കോളേജും പരീക്ഷച്ചൂട് കഴിഞ്ഞ് അവധിയിലേക്ക് നീങ്ങുന്നു. ഭക്തിയുടെ നനവ് കൂടിക്കൊണ്ടിരിക്കുന്നു.

ജമാഅത്ത് നമസ്‌കാരത്തിന് ആളുകളുടെ എണ്ണം കൂടുന്നു. പള്ളിയുടെ തിരക്കൊഴിഞ്ഞ ഭാഗത്ത് മാറിയിരുന്ന് ക്വുർആൻ പാരായണം ചെയ്യുന്നവരുടെയും എണ്ണം കൂടുന്നു. മതപരമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. ക്ലാസ്സുകളും മറ്റുമായി പള്ളികൾ കൂടുതൽ സജീവമാകുന്നു.

ചില പള്ളികളിൽ ചിലരുണ്ട്; അവരുടെ നിയന്ത്രണത്തിലാണ് പള്ളികൾ എന്നപോലെയാണ് പെരുമാറ്റം. അവർ പതിവായി വരുന്നവരാണ്. ഒരുപക്ഷേ, പ്രായം കൂടുതലുള്ളവർ. അല്ലെങ്കിൽ സാമ്പത്തികമായോ സംഘടനാപരമായോ കുടുംബപരമായോ പേരുകേട്ടവർ.

അവരിൽ ചിലരെങ്കിലും ഈ പുതിയ ആളുകളുടെ തള്ളിക്കയറ്റത്തിൽ അസ്വസ്ഥരാണെന്ന് തോന്നാറുണ്ട്. പലതരത്തിൽ അവരത് പ്രകടിപ്പിക്കും. ‘ഇവിടെ ഇരിക്കരുത്, അങ്ങനെ പറയരുത്, ഇങ്ങനെ പറയരുത്, ഫാനിടരുത്, കസേര വലിക്കരുത്. ബഹളം ഉണ്ടാക്കരുത്, ഉറക്കെ ഓതരുത് എന്നിങ്ങനെ അവർ പറഞ്ഞുകൊണ്ടിരിക്കും.

നോമ്പിന് പൊതുവെ പള്ളികളിൽ വിദ്യാർഥികളുടെയും മറ്റു കുട്ടികളുടെയും എണ്ണം കൂടും. മുതിർന്നവരുടെ കൂടെ കൊച്ചുകുട്ടികളുമെത്തും. നമസ്‌കരിക്കാൻ പ്രായമാകാത്ത, നമസ്‌കാരം എന്തെന്നറിയാത്ത കുട്ടികൾ. അവർ ഒരുപക്ഷേ, ഇടക്ക് ശബ്ദമുണ്ടാക്കി എന്ന് വരാം. നമസ്‌കരിക്കുന്നവരുടെ ഇടയിലൂടെ പോലും അവർ ഓടിക്കളിച്ചെന്നു വരാം. എന്നാൽ രൂക്ഷമായ നോട്ടം കൊണ്ടും ഉച്ചത്തിലുള്ള വാക്കുകൊണ്ടും അവരെ പേടിപ്പിക്കുന്നവരെ കാണാം.

കുട്ടികളെ സാന്ത്വനിപ്പിക്കുകയല്ലേ വേണ്ടത്? പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? അവരല്ലേ നാളത്തെ തലമുറ? ഭാവിയിൽ പള്ളി പരിപാലകരായി വരേണ്ടത് അവരല്ലേ?

അവരെയും കൂടെ നിറുത്താം. ഒരിക്കലും ഒരു നോട്ടം കൊണ്ടോ, ആംഗ്യം കൊണ്ടോ, ശരീര ഭാഷകൊണ്ടുപോലുമോ ഈ കുഞ്ഞുങ്ങളെ, വിദ്യാർഥികളെ നിരുത്സാഹപ്പെടുത്തരുത്. ‘ഇനി അടുത്ത നോമ്പിനേ കാണൂ’ എന്ന് പരിഹസിക്കരുത്.

പുഞ്ചിരിക്കാം. തലോടാം. ഹസ്തദാനം ചെയ്യാം. തോളിൽ തട്ടി പ്രോത്സാഹിപ്പിക്കാം. അവരെ നിരുത്സാഹപ്പെടുത്തുന്നതൊന്നും നമ്മിൽനിന്ന് വരാതെ സൂക്ഷിക്കാം. നമുക്ക് ശേഷം പ്രളയം എന്നതല്ലല്ലോ നമ്മുടെ ലൈൻ.