തെരുവിലേക്കെറിയപ്പെടുന്ന വാർധക്യം!‌

ഇബ്‌നു അലി എടത്തനാട്ടുകര

2023 ഏപ്രിൽ 08, 1444 റമദാൻ 17

ഉയരമുള്ള മേൽപാലത്തിലൂടെ ബസ്സ് കടന്നുപോകുമ്പോൾ താഴെ ആ ആരാധനാലയം കണ്ടു. അതിന്റെ പരിസരത്ത് വെളുത്ത് മെലിഞ്ഞ് കൂനിക്കൂടിയ ആ വൃദ്ധനെ തിരഞ്ഞു; കണ്ടില്ല. ഒരു പക്ഷേ, സ്ഥിരം യാത്രക്കിടയിൽ അയാളെ മുമ്പെന്നോ കണ്ടിരിക്കണം. കാണാതെത്തന്നെ ആ സാധു എന്റെ മനസ്സിലുണ്ടല്ലോ!

സുഹൃത്താണ് ഒരിക്കൽ ആ വിഷയം പറഞ്ഞത്. അദ്ദേഹത്തിന്റെ ഗുരുനാഥനാണ് ഞാൻ തിരഞ്ഞ ആൾ. പുറത്തുനിന്ന് ഭക്ഷണം കഴിക്കില്ല. സ്‌കൂൾ വിട്ടാൽ കുളിച്ച് ശുദ്ധമായതിന് ശേഷം മാത്രം ആഹാരം. ശാന്തൻ, സൗമ്യൻ. അച്ചടിഭാഷയിൽ സംസാരിക്കുന്ന ആൾ. ഇതര അധ്യാപകർക്കും കുട്ടികൾക്കും നാട്ടുകാർക്കും മറ്റും ബഹുമാനമുള്ള നല്ല വ്യക്തിത്വം. അപരന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാത്ത സാത്വികൻ. സുഹൃത്തിനുതന്നെ പ്രായം 60 കഴിഞ്ഞിട്ടുണ്ട്. അപ്പോൾ മാഷിന് ചുരുങ്ങിയത് 85നടുത്ത് എത്തിയിരിക്കും. റിട്ടയർ ചെയ്ത ശേഷം വല്ലപ്പോഴും കാണാറുണ്ട്. വിശേഷങ്ങൾ പങ്കുവയ്ക്കാറുമുണ്ട്.

പെൻഷൻ തുക വീട്ടിലെ പല ആവശ്യങ്ങൾക്കും ചെലവഴിച്ചു എന്ന് കേട്ടിരുന്നു. പിന്നെ കുറെ കാലം ആളെ കണ്ടിരുന്നില്ല. ഇടക്ക് ടൗണിൽവച്ച് കണ്ടുമുട്ടിയപ്പോൾ മാഷ് ആകെ പരവശനായിരുന്നു. ദേഹം മെലിഞ്ഞിരുന്നു. കുഴിയിലാണ്ട കണ്ണുകൾ പ്രായം കൂടുതൽ തോന്നിച്ചു.

‘എന്താ അസുഖം വല്ലതുമുണ്ടോ’ എന്ന ശിഷ്യന്റെ ചോദ്യത്തിന് മറുപടി കണ്ണീരായിരുന്നു. ഭാര്യയും ഒരു മകനുമാണ് ഉള്ളത്. മൂന്ന് പതിറ്റാണ്ടിന്റെ സർവീസിൽനിന്ന് പിരിഞ്ഞപ്പോൾ കിട്ടിയ ലക്ഷങ്ങൾ അവർ പറഞ്ഞ ഓരോരോ ആവശ്യത്തിന് ചെലവാക്കി. ആ പണം കഴിഞ്ഞപ്പോൾ ബാക്കിയുള്ള സ്വത്തിലേക്കായി കണ്ണ്. നിർബന്ധം സഹിക്കാതെ വന്നപ്പോൾ കിടപ്പാടം അടക്കം എല്ലാം മകന്റെയും ഭാര്യയുടെയും പേരിൽ രജിസ്റ്റർ ചെയ്തുകൊടുത്തു. വയസ്സേറെയായി, ഇന്നോ നാളെയോ എന്ന് കാത്തുനിൽക്കുന്ന അയാൾക്ക് ഇനി എന്തിന് സ്വത്ത് എന്ന് കരുതിക്കാണണം. താൻ മരണപ്പെട്ടാലും സ്വത്ത് ഭാര്യക്കും മകനും തന്നെയാണല്ലോ ചെന്നുചേരുക, അത് കുറച്ച് നേരത്തെ കൊടുത്തു എന്ന് സ്വയം വിശ്വസിപ്പിച്ച് മാഷ് ആശ്വാസം കണ്ടെത്തി.

ഇനി ഏതാനും വർഷങ്ങൾ... അത് സമാധാനത്തോടെ കുടുംബത്തോടൊപ്പം കഴിയാം എന്ന് കരുതി പാവം അധ്യാപകൻ. വിദ്യാർഥികളെ നന്മ ഉപദേശിച്ച, അവരുടെ കുറവുകൾ കണ്ടറിഞ്ഞ് തിരുത്തി നേർവഴിക്ക് നടത്തിയ മാഷിന്റെ കണക്ക് സ്വന്തം വീട്ടിൽ പിഴച്ചുപോയി. വസ്തു എഴുതിക്കൊടുത്ത് കഴിഞ്ഞപ്പോൾ, കിട്ടേണ്ടത് കിട്ടിയപ്പോൾ, ഇനിയൊന്നും പിടുങ്ങാനില്ല എന്ന് ഉറപ്പിച്ച അവരുടെ സ്വഭാവത്തിൽ മാറ്റം വന്നു. ആ പാവത്തെ ഗൗനിക്കാതെയായി. ആവശ്യമില്ലാത്ത കുറ്റങ്ങൾ കണ്ടെത്തി പഴിക്കാൻ തുടങ്ങി. ഒടുക്കം നിഷ്‌കരുണം വീട്ടിൽനിന്ന് ഇറക്കിവിടുകയും ചെയ്തു. ഒറ്റപ്പെട്ട അദ്ദേഹം ഒടുവിൽ ഒരു ദേവാലയത്തിൽ സഹായിയായി കൂടി. ഭക്തർക്ക് തയ്യാറാക്കുന്ന ഭക്ഷണത്തിൽനിന്ന് പങ്കുപറ്റാം. അവിടെത്തന്നെ രാപാർക്കാം...അങ്ങനെ തലമുറകൾക്ക് നല്ല വഴി ചൊല്ലിക്കൊടുത്ത ആ ഗുരുനാഥൻ പെരുവഴിയിലായി; അല്ല ഉറ്റവർ അങ്ങനെ ആക്കി. ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഒറ്റപ്പെട്ടതല്ലാത്തതായി മാറിയിരിക്കുന്നു! പറന്നു പറന്ന് ചിറകു തളർന്ന വാർധക്യങ്ങളെ നീ കൈവിടല്ലേ നാഥാ! നീ തുണ, നീ മാത്രം തുണ.