പത്ത് കിട്ടുകിൽ നൂറു മതിയെന്നും

ഇബ്‌നു അലി

2023 ഏപ്രിൽ 22, 1444 ശവ്വാൽ 02

ഒരു ഷെഡിലായിരുന്നു ആ അഞ്ചംഗ കുടുംബം താമസിച്ചിരുന്നത്. ചോരാതിരിക്കാൻ മേൽക്കൂരയിലും ചുമരിന്റെ കുറച്ച് ഭാഗത്തും നീല പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയിരുന്നു. മാതാപിതാക്കളും മൂന്ന് മക്കളും അടങ്ങുന്ന അവർക്ക് സർക്കാർ സ്‌കീമിൽ വീടു കിട്ടി പണി പൂർത്തിയായിട്ടുണ്ട്. അകത്ത്, കോണിക്കൂട്ടിൽ ഉള്ള കക്കൂസും കുളിമുറിയും ചേർന്ന കൊച്ചു മുറിയിൽ പണി കാര്യമായി ഒന്നും ചെയ്തിട്ടില്ല. ക്ലോസറ്റും മറ്റും ഫിറ്റ് ചെയ്ത് കിട്ടിയാൽ ഷെഡിൽനിന്ന് പുതിയ വീട്ടിലേക്ക് താമസം മാറ്റാമായിരുന്നു എന്ന് പറഞ്ഞാണ് വിളിച്ചത്. കൂട്ടത്തിൽ പുറത്ത് ഒരു അടുക്കള വേണമെന്നും ആവശ്യപ്പെട്ടു. വീടില്ലാത്തവർ തന്നെ ഏറെയുള്ളപ്പോൾ പുറത്ത് അടുക്കളയുടെ ആവശ്യം ഉന്നയിച്ചപ്പോൾ അന്വേഷിക്കാൻ മടിച്ചു. വീണ്ടും വീണ്ടും വിളികൾ വന്നപ്പോൾ ഞങ്ങൾ കൂട്ടുകാർ നേരിൽ ചെന്ന് അന്വേഷിച്ചു. അവരുടെ പുതിയ വീട്ടിൽ കക്കൂസ്, പുറത്ത് ഷെഡ്, രണ്ട് വാതിലുകൾ അടക്കം ഏതാണ്ട് ചെലവ് തുക കണക്കാക്കി.

കാര്യങ്ങൾ നടത്താൻ ആ നാട്ടുകാരനായ സുഹൃത്ത് ചുമതല ഏറ്റെടുത്തൂ. വൈകാതെ പണി തുടങ്ങി. പണിയുന്ന അടുക്കളയ്ക്ക് വീതിയും നീളവും കൂട്ടണം എന്ന ഡിമാന്റ് ആദ്യം വന്നു. അത് അവർ പറഞ്ഞതുപോലെ ചെയ്തുകൊടുത്തൂ. അടുപ്പിനുള്ള സ്ലാബിന് പുറമെ വേറെ സ്ലാബ് വേണം എന്നതായി പിന്നെ; അതും വീതികൂടിയ വളരെ നീളമുള്ള ഒന്ന്! സ്ലാബിന് കമ്പി അവർ വാങ്ങിത്തരണം എന്ന കണ്ടിഷനിൽ അതും സമ്മതിച്ചു. മൂന്ന് റെഡിമെയ്ഡ് വാതിലുകൾ വാങ്ങി ഫിറ്റ് ചെയ്തു കൊടുത്തു. അടുക്കളയിൽ അരച്ചുമരും വശങ്ങളിൽ ഇരുമ്പ് ഗ്രില്ലും വാതിലും മറ്റും ആയപ്പോഴേക്കും വിചാരിച്ച ബജറ്റ് തുകയെക്കാൾ കൂടുതലായി. അടുക്കളയിൽ നിലം കാവിയിട്ട് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ പൂർത്തിയാക്കാം എന്നായിരുന്നു പ്ലാൻ. എന്നാൽ അടുക്കളയിൽ ടൈൽ വിരിക്കണം എന്ന അവരുടെ ആഗ്രഹം പുറത്ത് വന്നു. അടുപ്പടക്കം പണിത് കൊടുക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നു. ടൈൽ ചെയ്യാൻ സാധിക്കില്ല എന്നും ഇനി അടുക്കളയിൽ വേറെ പണി ഒന്നും ചെയ്തു തരില്ലെന്നും പറഞ്ഞു.

കക്കൂസിൽ ടൈൽ അടക്കം പണി ചെയ്തുകൊടുക്കാം എന്നായി. അപ്പോൾ ക്ലോസറ്റ് ഞങ്ങൾ ഉദ്ദേശിച്ചത് പോരാ, കൂടുതൽ വിലപിടിച്ചത് വേണം എന്നായി! പുറമെ, വാട്ടർ ടാങ്കും പ്ലംബിങ്ങടക്കമുള്ള പണിയും ചെയ്തുകൊടുക്കണം എന്നായി ഡിമാന്റ്. അതിന് പണിക്കാരനെക്കൊണ്ട് വിളിപ്പിച്ചു. വാട്ടർ ടാങ്ക്, ടൈൽ, ക്ലോസറ്റ്, ഫ്‌ളഷ്, പൈപ്പ് എന്നിവ വാങ്ങിക്കൊടുത്ത് തടിയൂരി. അടുപ്പിന്റെ കാര്യം ഇടക്ക് ഓർമിപ്പിച്ചു അവർ; വീട് മുഴുവൻ ടൈൽ വിരിച്ച് കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തിരുന്നു എന്നും!

ഉദ്ദേശിച്ച തുകയെക്കാൾ കൂടുതൽ ചെലവാക്കിപ്പിച്ചു, അതുകൊണ്ട് ഇനി കൂടുതലായി ഒന്നും ചെയ്തുതരില്ല എന്ന് കർശനമായി പറയേണ്ടി വന്നു. കുളിമുറിയിൽ അത്രയൊക്കെ സൗകര്യവും ആർഭാടവും മതി, കക്കൂസ് ഇല്ലാതെ ഷീറ്റ് മറച്ചുകെട്ടി വെളിക്കിരിക്കുന്ന, കൂടുതൽ സഹായം ആവശ്യമുള്ളവരെ ഏറെ പരിചയമുണ്ട് എന്നുവരെ ഒടുക്കം സുഹൃത്തിന് പറയേണ്ടിവന്നു. കൈയിൽ കിട്ടുന്നവനെ പരമാവധി ചൂഷണം ചെയ്യുന്ന ആർത്തി, നനഞ്ഞിടം കൂടുതൽ കുഴിക്കുന്ന അതിസാമർഥ്യം എന്നല്ലാതെ എന്തു പറയാൻ!