ബന്ധുവിന്റെ ചതി

ഇബ്‌നു അലി

2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

ഏറ്റവും അടുപ്പമുള്ളവർ ചതിക്കുമ്പോൾ അതിന് ഇരട്ടി മൂർച്ചയാണ്. നിർണായകമായ ഘട്ടത്തിലാണെങ്കിൽ വേദനയും കൂടും.’ വലിയ പരിക്കുപറ്റാതെ രക്ഷപ്പെട്ടതിൽ ചാരുകസേരയിലിരുന്ന് സുഹൃത്ത് പടച്ചവനെ സ്തുതിച്ചു.

ഒരു അക്കൗണ്ടിംഗ് സ്ഥാപനം നടത്തുന്നയാളാണ് കൂട്ടുകാരൻ. ദശക്കണക്കിന് കക്ഷികളുണ്ട്. അവരുടെ ക്രയവിക്രയക്കണക്കുകൾ മാസം തോറും രണ്ടുമൂന്ന് തവണകളായി സർക്കാരിന് ഓൺലൈനായി സമർപ്പിക്കണം. ആനുപാതികമായി നികുതിയടക്കുകയും

വേണം. ഡസനിലധികം ജീവനക്കാരുണ്ട് സുഹൃത്തിന്റെ ഓഫീസിൽ. അവസാന ഘട്ടത്തിൽ നികുതി റിട്ടേൺ ഓൺലൈൻ ആയി ഒടുക്കുകയും ഫയൽ ചെയ്യു കയും ചെയ്യുന്നത് ഓഫീസിലെ, സുഹൃത്തിന്റെ ബന്ധുവായ സ്റ്റാഫ് ആയിരുന്നു. വർഷങ്ങളായി കൂടെ യുള്ള അവൻ സാങ്കേതികവിദ്യയിലും നിപുണനാണ്.

പുതിയ കാര്യങ്ങൾ പഠിക്കാൻ ഉത്സാഹം കാണിക്കുന്ന അവന്, ഇതര സ്വകാര്യസ്ഥാപനങ്ങളിൽ അതേജോലി ചെയ്യുന്നവർക്ക് നൽകുന്നതിനെക്കാൾ അഞ്ചിരട്ടി ശമ്പളം നൽകിയിരുന്നു. കൂടെ സഹായിയായി അവന്റെ അനിയനുമുണ്ട് ഓഫീസിൽ. പുതിയതല്ലെങ്കിലും നല്ല ഒരു കാറ് സുഹൃത്ത് അവർക്ക് വാങ്ങിക്കൊടുത്തിരുന്നു. പഴയ വീട് പുതുക്കിപ്പണിയാനും സഹായിച്ചിരുന്നു. തനിക്ക് സ്ഥാപനം നടത്താൻ സാധിക്കാത്ത പ്രായം വരുമ്പോൾ സ്ഥാപനം നടത്തിക്കൊണ്ടു പോകേണ്ടത് അവനാണെന്നും സുഹൃത്ത് അറിയിച്ചിരുന്നു.

എന്നാൽ കുറച്ച് ആഴ്ചകളായി ചില രേഖകൾ യഥാസമയം ഓൺലൈനായി സമർപ്പിക്കാതിരിക്കുക, അനാവശ്യമായി കാര്യങ്ങൾ നീട്ടിവെക്കുക, കക്ഷികളോട് നിരുത്തരവാദപരമായ രീതിയിൽ ഇടപെടുക, ചെയ്യാത്ത കാര്യം ചെയ്തു എന്ന് തെറ്റുധരിപ്പിക്കുക തുടങ്ങിയവ ദൃഷ്ടിയിൽപെട്ടിരുന്നു. സുഹൃത്ത് അവനെ വിളിച്ച് ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

അങ്ങനെയിരിക്കെ രേഖകളും മറ്റും സമർപ്പിക്കേണ്ട അവസാന തീയതിക്ക് രണ്ടുദിവസം മുമ്പ് അവൻ ഓഫീസിൽ വന്നില്ല. അനിയനും വന്നില്ല. അവസാന ദിവസവും വന്നില്ല. ഒന്നും അറിയിച്ചതുമില്ല. ആ ദിവസം രേഖകൾ സമർപ്പിച്ചില്ലെങ്കിൽ പിഴയും, നികുതി വൈകിയാൽ പലിശയും അടക്കേണ്ടി വരും. കക്ഷികൾ അടയ്‌ക്കേണ്ട നികുതിയും ഫീസും രേഖകളും നേരത്തെ സുഹൃത്തിന്റെ ഓഫീസിൽ ഏൽപിച്ചതാണ്. അതുകൊണ്ട് തന്നെ പിഴയുടെ കാര്യവും മറ്റും അവരോട് പറയാനേ വയ്യ. അവന്റെ അസാന്നിധ്യം തനിക്കൊരു പണിതരാനാണ് എന്ന് സുഹൃത്തിന് മനസ്സിലായത് അപ്പോഴാണ്.

സമയം വൈകിയിരുന്നു. താൻ നാൽപതു കൊല്ലം കഠിനാധ്വാനം ചെയ്തുണ്ടാക്കിയ കക്ഷികൾക്കും ഓഫീസർമാർക്കുമിടയിലുമുള്ള നല്ല പ്രാക്ടീഷണർ എന്ന പേര് നഷ്ടപ്പെടും. ആയിരക്കണക്കിന് രൂപ പിഴയും പലിശയുമായി അടച്ച് നഷ്ടപ്പെടും. എന്തു ചെയ്യണം എന്നറിയാതെ സുഹൃത്ത് പരവശനായി. ഒരു വഴി കാണിക്കണേയെന്ന് ഉള്ളുരുകി പ്രാർഥിച്ചു.

സമാന സ്ഥാപനം നടത്തുന്ന സുഹൃത്തുമായി സങ്കടം സ്വകാര്യമായി പങ്കുവെച്ചു. സഹായം ആവശ്യപ്പെട്ടു. നല്ലവനായ ആ സുഹൃത്ത് മറ്റൊന്നും നോക്കാതെ തന്റെ ഓഫീസിലെ മിടുക്കനായ ഒരു സ്റ്റാഫിനെ വിട്ടുകൊടുത്തു. സുഹൃത്ത് ഓഫീസർമാരെ കണ്ട് സാവകാശം ആവശ്യപ്പെട്ടു. പിഴസഹിതം എല്ലാം ഉടനെ ഫയൽ ചെയ്യാം എന്ന് വാക്കുകൊടുത്തു.

പുതിയ ആൾ എല്ലാ കാര്യങ്ങളും ചെയ്തുതുടങ്ങി. അതിനപ്പുറം ഓഫീസിലെ മറ്റു സ്റ്റാഫിനും അവസാനഘട്ടം ഫയൽ ചെയ്യേണ്ട രീതി കൂടി പഠിപ്പിച്ചുകൊടുത്തു. യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാവരും ഒരുമിച്ച് ജോലി ചെയ്ത് ജോലി തീർത്തു. സുഹുത്ത് ആശ്വസിച്ചു. സ്റ്റാഫിന് ഉച്ചക്ക് നല്ല പാർട്ടി കൊടുത്തു. പുതിയ ആൾക്ക് പഴയ ഓഫീസിലേതിനെക്കാൾ ശമ്പളം കൂട്ടി നൽകി സ്ഥിരമായി നിയമിച്ചു.

സുഹൃത്ത് പടച്ചവനെ സൂക്ഷിച്ച് ജീവിക്കുന്ന, ആരാധനകളിൽ നിഷ്ഠയുള്ള കൃത്യമായി സകാത്ത് നൽകുന്ന, ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി ഇടപെടുന്ന ആളുമാണ്.

ഇപ്പോൾ സ്ഥാപനം ഭംഗിയായി നടക്കുന്നു. ഒരിക്കൽ പോലും ചതി കാണിച്ച ബന്ധുവിനെ നേരിട്ട് വിളിച്ചില്ല. അവൻ വിചാരിച്ചപോലെ സുഹൃത്തിന്റെ പേര് ചീത്തയാക്കാൻ പറ്റിയില്ല. മാത്രമല്ല അവന്റെ ജോലി നഷ്ടപ്പെട്ടു, അനിയന്റെയും. അതിലുപരി ഭാവിയിൽ അവന് സ്വന്തമായി കിട്ടാനിരുന്ന സ്ഥാപനം കൈവിട്ടുപോയി.

സന്തോഷവേളകളിൽ സ്രഷ്ടാവിനോടു നന്ദി കാണിക്കുക. സന്താപകാലത്ത് അവനോട് അപേക്ഷിക്കുക. അവൻ കൈവിടില്ല എന്നുറച്ച് വിശ്വസിക്കുക. തകർക്കാനുള്ള കുതന്ത്രങ്ങളൊന്നും വിജയിച്ചേക്കില്ല. ഏറ്റവും വലിയ തന്ത്രശാലി സ്രഷ്ടാവ് മാത്രമാണല്ലോ.

“നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. ധർമനിഷ്ഠ പാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്കുവേണ്ടി’’ (അത്തരം) സൽകർമകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു’’ (ക്വുർആൻ 3:133,134).