കാര്യം നേടാനുള്ള ചിരി!

ഇബ്‌നു അലി

2023 ജൂലൈ 01 , 1444 ദുൽഹിജ്ജ 13

ചിലരുടെ കാര്യം വളരെ രസകരമാണ്. മുട്ടിയുരുമ്മി പോയാലും അവർ അപരനെ മൈൻഡ് ചെയ്യില്ല. എന്നാൽ അവർക്ക് ഒരു കാര്യസാധ്യം വേണം എന്ന് തോന്നുമ്പോൾ ചിരിയും ലോഹ്യവും തുടങ്ങും. മൈൻഡ് ചെയ്യുന്ന ശീലം കൂടും.

ചിലരുടെ ലക്ഷ്യം പെൺമക്കളുടെ വിവാഹം നല്ലരീതിയിൽ നടക്കലാകും. അതിന് ആളുകളെ പരമാവധി ക്ഷണിക്കും. അവരിൽനിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിച്ചു തന്നെയാണിത്. വധുവിന്റെ രക്ഷിതാവിന്റെ സാമ്പത്തിക നിലയും മറ്റും പരിഗണിച്ച് ആളുകൾ പരമാവധി സഹകരിക്കുകയും ചെയ്യും. അഥവാ എന്തെങ്കിലും കാരണത്താൽ കല്യാണത്തിന് പങ്കെടുക്കാൻ സാധിക്കാതിരിക്കുകയോ സാമ്പത്തികമായ സഹായം നൽകാൻ കഴിയാതിരിക്കുകയോ ചെയ്താൽ പിന്നീട് അത്തരക്കാരെ അയാൾ മൈൻഡ് ചെയ്യില്ല. കൊടുത്ത തുക കുറഞ്ഞാലും ചിരിയളവ് കുറയും. ചിലപ്പോൾ പുച്ഛത്തിനത് വഴി മാറുകയും ചെയ്യും. ഒരുവേള ശത്രുതയോടെ കാണുകയും ചെയ്യും.

വേറെ ചിലരാകട്ടെ ബന്ധം പുതുക്കുന്നത് പിരിവുമായി ബന്ധപ്പെട്ടാണ്. അവരുമായി അടുപ്പമുള്ള സ്ഥാപനത്തിന് അല്ലെങ്കിൽ, മറ്റു സംഘടനകൾക്ക് സാമ്പത്തിക സഹായം ആവശ്യമുള്ള കാലത്ത് മാത്രം അതുവരെയില്ലാത്ത ലോഹ്യം തുടങ്ങും. അതിന് ആയുസ്സ് ഏതാനും മണിക്കൂറുകൾ, ദിവസങ്ങൾ മാത്രം.

നോമ്പ് വന്നാൽ അവർ ചിരിക്കുന്നു, തോളിൽ തട്ടുന്നു, സലാം പറയുന്നു, ഹസ്തദാനം ചെയ്യുന്നു, വീട്ടുകാരുടെ സുഖവിവരം അന്വേഷിക്കുന്നു. ജോലിസംബന്ധമായ കാര്യങ്ങൾ ചോദിക്കുന്നു. അങ്ങനെ പ്രത്യേകിച്ച് കാരണമെന്നും ഇല്ലെങ്കിലും ചൂട്, മഴ, വെള്ളക്കുറവ് തുടങ്ങി മതം, രാഷ്ട്രീയം തുടങ്ങി പലകാര്യങ്ങളും ബോധപൂർവം ചർച്ച ചെയ്യും. സംഭാവന കൊടുത്തു കഴിഞ്ഞാൽ പിന്നീട് പഴയ ചിരി ഇല്ലാതാകും. പെരുന്നാൾ അടുക്കുമ്പോഴും ചിലരുടെ പ്രത്യേക ചിരി വിടരും.

വേറെ ചിലരുണ്ട് സ്വാഭാവികമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ. അല്ലെങ്കിൽ എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവർ. സ്വന്തം പ്രയാസങ്ങൾ പുറത്ത് പറയാതെ, കാണിക്കാതെ, എന്നാൽ വല്ലതും കിട്ടാൻ ഉള്ളാലെ ആഗ്രഹിക്കുന്നവർ. അവരെ സുമനസ്സുകൾ കണ്ടറിഞ്ഞ് സഹായിക്കുകയും ചെയ്യും.

സഹായം കിട്ടിക്കണ്ട് അതുകൊണ്ട് ജീവിക്കുന്ന ചിലരുണ്ട്. വേറെ ചിലരാകട്ടെ സാമ്പത്തിക സഹായം കിട്ടിക്കഴിഞ്ഞാൽ പിന്നെ കണ്ടഭാവം നടിക്കാത്തവരാണ്. കണ്ടുമുട്ടിയാൽ പോലും മുൻപരിചയയം ഇല്ലാത്തപോലെ പെരുമാറിക്കളയും.

മുഖം വെട്ടിച്ച് പോകുന്നവർവരെയുണ്ട്. ഇനി അടുത്ത പിരിവ് സീസണിൽ മതി എന്നതാവാം, അതല്ലെങ്കിൽ അവർ പ്രതീക്ഷിച്ച തുക കിട്ടിയില്ല എന്നതാവാം കാരണം. എന്തായാലും സംഗതി വളരെ രസകരമാണ്. കാര്യസാധ്യത്തിന് വേണ്ടി ചിരിക്കുക. അതുകഴിഞ്ഞാൽ അപരിചിതത്വം നടിക്കുക. അല്ലെങ്കിൽ മുഖം കൊടുക്കാതെ പോകുക...!

ഇതുകൊണ്ടൊന്നും നമുക്ക് അവരോട് നീരസമോ വെറുപ്പോ തോന്നേണ്ടതില്ല. അവരെ തെറ്റു ചെയ്യുന്നവരായി കാണാനും പാടില്ല. എല്ലാ മനുഷ്യരും ഒരുപോലെയല്ലല്ലോ. നമ്മിൽ അത്തരം സ്വഭാവം കടന്നുകൂടുന്നത് നാം ശ്രദ്ധിക്കണം.