അലിവിലേക്ക് തുറക്കുന്ന ജാലകങ്ങൾ

ഇബ്‌നു അലി എടത്തനാട്ടുകര

2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20

കാറിൽ മടങ്ങുകയായിരുന്നു ഞങ്ങൾ. സർക്കാർ പദ്ധതിയിൽ കിട്ടിയ വീടുപണി ഏകദേശം പൂർത്തിയായിട്ടുണ്ട്. താമസിക്കാൻ ആയിട്ടില്ല. കക്കൂസും കുളിമുറിയും ഒന്നിച്ചുള്ള കൊച്ചുമുറിയിൽ ആവശ്യമുള്ള സാധനങ്ങൾ ഫിറ്റ് ചെയ്ത് ഉപയോഗിക്കാൻ പരുവത്തിൽ ആക്കിത്തരണം എന്നാവശ്യപ്പെട്ട ഒരു കുടുംബത്തെ കാണാനായിരുന്നു ഞങ്ങൾ പോയിരുന്നത്. വാതിലുകൾ ഇല്ല, അതും വേണം. അടുക്കളക്ക് ഒരു ഷെഡ് കൂടി വേണം. അതൊക്കെ ചെയ്തു കൊടുക്കാം എന്നും ആവശ്യമായ ജനാലകൾ കൂടി ഫിറ്റ് ചെയ്തു കൊടുക്കാം എന്നും അറിയിച്ചാണ് മടക്കം. അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും ചോർന്നൊലിക്കുന്ന ഷെഡിൽനിന്ന് അവർക്ക് പുതിയ വീട്ടിൽ താമസിക്കാൻ കഴിയട്ടെ.

കടയിൽനിന്ന് റെഡിമെയ്ഡ് വാതിലുകൾ തിരഞ്ഞെടുത്ത് കാശും കൊടുത്ത് ഫിറ്റ് ചെയ്യാൻ ഏൽപിച്ചു. ജനാലക്ക് കടയിൽ റേറ്റ് കൂടുതൽ. ആ നിരക്കിലും കുറച്ച് ചെയ്യാൻ സാധിക്കും എന്നു പറഞ്ഞ് സുഹൃത്ത് കടയിൽ നിന്ന് ഇറങ്ങി. പരിചയമുള്ള ഒരു പണിക്കാരൻ ഉണ്ട്, അവനെക്കൊണ്ട് ചെയ്യിക്കാം എന്ന് ഉറപ്പിച്ചു പറ ഞ്ഞു. കടയിലെ വിലയെക്കാൾ കുറച്ച് പണിയാൻ പറ്റുമോ എന്ന് ഞങ്ങൾ സംശയം പ്രകടിപ്പിച്ചപ്പോൾ, ആ റേറ്റിൽ ചെയ്യിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

അങ്ങനെയാണ് ആ അനുഭവം പങ്കുവെച്ചത്: അറവിന് ഉരുവിനെ വാങ്ങാൻ വേണ്ടി പോയതാണ് സുഹൃത്ത്. അപ്പോൾ പരിസരത്ത് ചുമര് ചെത്തിത്തേക്കാത്ത ഒരു വീട് കണ്ടു. എല്ലാ ജനാലയിലും വില കുറഞ്ഞ തുണി കർട്ടൻ ആയി കെട്ടി മറച്ചിരിക്കുന്നു. ജനാലകൾക്ക് അടപ്പ് ഇല്ലെന്ന് സാരം.

കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് സുഹൃത്ത് ആ വീട്ടിൽ ചെന്നു. വീടിന്റെ അവസ്ഥ അറിയുകയായിരുന്നു ഉദ്ദേശ്യം. വീട്ടിൽ കുറെ കുട്ടികൾ. വീട്ടുകാരിയോടു ചോദിച്ചപ്പോൾ ആറ് മക്കൾ ഉണ്ടെന്ന് അറിഞ്ഞു. ആറും പെൺമക്കൾ. മൂത്ത മോൾക്ക് പതിനെട്ട് വയസ്സ് കാണും. ബാക്കി അഞ്ചും അവൾക്കു താഴെ.

ഭർത്താവിന് കൂലിപ്പണിയാണ്. അദ്ദേഹം അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. കൂലിപ്പണിയിൽ നിന്ന് ചെലവ് ചുരുക്കി മിച്ചം വെച്ച പണം ഒരുക്കൂട്ടിയതുകൊണ്ടാണ് വീടുപണി തുടങ്ങിയത്. അപ്പോഴേക്കും ഒരു പരുവമായി. പണി പൂർത്തിയാക്കാൻ വേറെ കാശ് ഉണ്ടാക്കിയിട്ടുവേണം. വീട്ടിൽ അംഗസംഖ്യ കൂടിയതുകൊണ്ട് വീട്ടു ചെലവ് നടത്തിയ ശേഷം ബാക്കി വെക്കാൻ പറ്റുന്നുമില്ല. അതുകൊണ്ടാണ് തുണി ഉപയോഗിച്ച് ജനാലകൾ മറച്ച് എട്ടുപേർ അവിടെ താമസിക്കുന്നത്.

പിറ്റേദിവസം വീട്ടുകാരനുള്ള നേരം നോക്കി സുഹൃത്ത് ചെന്നു. പരിചയപ്പെട്ടു, കര്യങ്ങൾ മനസ്സിലാക്കി. ആ വീടിന്റെ ചുമര് മുഴുവൻ സിമന്റ് പ്ലാസ്റ്റർ ചെയ്തു കൊടുക്കാനും ജനലുകൾക്ക് അടപ്പ് പണിത് ഫിറ്റ് ചെയ്ത് കൊടുക്കാനും ഉദ്ദേശിക്കുന്നു എന്നും എന്താണ് അഭിപ്രായം എന്ന് ആരാഞ്ഞു. കേട്ടതും ആ സാധു കരഞ്ഞുപോയി.

അങ്ങനെയാണ് ജനാലയുടെ വില വിവരം സുഹൃത്ത് പഠിച്ചത്. പറഞ്ഞതിൽ കൂടുതൽ പണികൾ സുഹൃത്ത് ആ വീട്ടിൽ ചെയ്തു കൊടുക്കുകയും ചെയ്തു. പ്രയാസപ്പെടുന്ന കാഴ്ചകൾ ചിലരുടെ മനസ്സിനെ വേദനിപ്പിക്കും. ചിലരുടെ മാത്രം!

എന്തെങ്കിലും സഹായം ചെയ്തു കൊടുക്കണം എന്ന് അവരുടെ മനസ്സ് മന്ത്രിച്ചുകൊണ്ടേയിരിക്കും. ഭൂതകാലത്തിൽ ദുരിത ജീവിതം നയിക്കുകയും അത് മറക്കാതിരിക്കുകയും ചെയ്യുന്നവന് എന്നും അലിവുള്ളൊരു മനസ്സ് ഉണ്ടായിരിക്കും. അവന് അപരന്റെ നോവ് കണ്ടുകൊണ്ട് നിൽക്കാൻ കഴിയില്ല. കഴിയുന്ന സഹായം ചെയ്തിരിക്കും, പുറമെ ആരും അറിയാതെ തന്നെ. അർഹിക്കുന്ന ഒരാളെ സഹായിക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയേക്കാൾ സന്തോഷദായകമായ മറ്റെന്തുണ്ട്...?