നടുറോഡിലെ മരണം

ഇബ്നു അലി എടത്തനാട്ടുകര

2023 മാർച്ച് 25, 1444 റമദാൻ 2

ഒരു സമ്മേളനത്തിന് പോകുകയായിരുന്നു ഞങ്ങൾ. മെയിൻ റോഡിലേക്ക് കേറി ഇടത്തോട്ട് പോകുന്നതിന് പകരം തെറ്റി വലത്തോട്ടാണ് പോയത്. കാർ ഓടിച്ചിരുന്ന സുഹൃത്ത് ഒരു സ്ഥലം കണ്ടപ്പോഴാണ് അക്കഥ ഓർത്തത്. കൂട്ടുകാരനും ഭാര്യയും രാത്രി വൈകി കാറിൽ മടങ്ങുകയാണ്. നല്ല മഴയും ഉണ്ട്. അതുകൊണ്ട് സാവകാശമാണ് യാത്ര. അപ്പോൾ മുന്നിൽ നിന്ന് വന്ന ഒരു ബൈക്ക് റോഡിൽ ഒരാളെ ഇടിച്ച് വീഴ്ത്തി. ഓടിച്ച ചെറുപ്പക്കാരൻ ബൈക്കിൽനിന്ന്

പൊങ്ങിപ്പറന്ന് റോഡിൽ വീണു. ബൈക്കുകാരൻ പിടഞ്ഞെണീറ്റ് വീണു കിടക്കുന്ന ആളുടെ അടുത്തേക്ക് പാഞ്ഞു. അപ്പോഴേക്കും വേറെ രണ്ട് യാത്രക്കാരും എത്തി.

റോഡിൽ കിടക്കുന്നയാൾക്ക് 70ന് മുകളിൽ പ്രായം തോന്നും. വെള്ള മുണ്ടും കുപ്പായവും തൊപ്പിയും താടിയും. സുഹൃത്തിെൻറ കാറിൽ ആശുപത്രിയിൽ എത്തിക്കാൻ സഹായം തേടി. ബാക്ക് സീറ്റിലെ പായ്ക്കുകളും മറ്റും മാറ്റി അയാളെ കേറ്റി. മറ്റു രണ്ട് പേരും കൂടെ ചെന്നു. ആശുപത്രിയിൽ ആളെ പരിശോധിച്ച ഡോക്ടർ അയാൾ മരണപ്പെട്ടുവെന്നറിയിച്ചു. വന്ന മൂന്ന് പേർക്കും ആളെ അറിയില്ല. ഒരു മണിക്കൂർ നേരം അവിടെ ചെലവഴിച്ചു. പിന്നെ ഡോക്ടർ ഫോൺ നമ്പർ വാങ്ങി. ആവശ്യമുണ്ടെങ്കിൽ വിളിക്കാം എന്നും പറഞ്ഞ് അവരെ പറഞ്ഞയച്ചു.

മടങ്ങുമ്പോൾ അപകടം നടന്ന സ്ഥലത്ത് ഒരു ടൂറിസ്റ്റ് ബസ് കിടക്കുന്നു. ബസിൽ സ്ത്രീകളും കുട്ടികളുമൊക്കെയുണ്ട്.

കുറച്ച് പേർ പുറത്തിറങ്ങി ആരെയോ തിരയുന്ന പോലെ. സുഹൃത്ത് വണ്ടി നിർത്തി കാര്യം അന്വേഷിച്ചു. മരിച്ച ആളെയാണ് അവരന്വേഷിക്കുന്നതെന്ന് മനസ്സിലാക്കിയ സുഹൃത്ത് കാര്യങ്ങൾ വിശദീകരിച്ചു.

അവർ ഒരു യാത്ര പോയതാണ്. മടക്കത്തിൽ എന്തോ ഒരാവശ്യത്തിന് ബസ് നിർത്തി. കുറച്ച് പേർ പുറത്തിറങ്ങിയിരുന്നു. എല്ലാവരും കേറി എന്ന് കരുതി ബസ് വിട്ടു പോയി. കുറച്ച് കഴിഞ്ഞാണ് ആ പ്രായമുള്ളയാൾ ബസ്സിലില്ല എന്നറിഞ്ഞത്. അപ്പോൾ ബസ് തിരികെ വന്ന് ആളെ തിരയുകയാണ്.

മനുഷ്യ‌െൻറ കാര്യം ഇത്രയേയുള്ളൂ. സന്തോഷത്തിൽ ഒരു യാത്ര പോയതാണ്. യാത്രയിൽ ഇടക്ക് ഒറ്റപ്പെട്ടു, നടുറോട്ടിൽ ചെറിയ ബൈക്ക് മരണ രൂപത്തിൽ എത്തി. അനാഥ ജഡമായി കുറച്ച് നേരം ആശുപത്രിയിലും! അതെ, ഇത്രയേ ഉള്ളൂ മനുഷ്യ‌െൻറ കാര്യം. ഏതെങ്കിലും രൂപത്തിൽ മുന്നിൽ ചാടി വീണു കീഴടക്കിയേക്കാവുന്ന മരണത്തെ പ്രതീക്ഷിച്ചിരിക്കാം നമുക്കും. അതിൽ നിന്ന് ആർക്കും രക്ഷപ്പെടാനാകില്ലല്ലോ. അതിന് മുമ്പ് വിശ്വാസവും കർമങ്ങളും നന്നാക്കിയവർ രക്ഷപ്പെട്ടു.