മുന്തിയ വാഹനങ്ങൾ

ഇബ്‌നു അലി

2023 നവംബർ 25 , 1445 ജു.ഊലാ 11

ഒരു ആഡംബര കാറിൽ യാത്ര ചെയ്യുകയായിരുന്നു ഞങ്ങൾ. ഒരു കൗതുകത്തിന് ചോദിച്ചു, എന്ത് വിലയുണ്ട് ആ വാഹനത്തിനെന്ന്. ഒരു കോടിയോളം ഇന്ത്യൻ രൂപ വരുമെന്നായിരുന്നു മറുപടി. സുഹൃത്ത് കൂട്ടിച്ചേർത്തു; അദ്ദേഹത്തിന്റെ മകനു വേണ്ടി വാങ്ങിയ പുതിയ കാറിന് രണ്ടു കോടിയോളം വിലയുണ്ടെന്ന്!

ഉംറ നിർവഹിക്കാൻ സൗദിയിൽ എത്തിയതാണ്. അവിടെ ജോലിയുള്ള കൂട്ടുകാരനാണ് സൗകര്യങ്ങൾ ചെയ്തുതന്നത്. മുമ്പ് ഒരിക്കൽ കണ്ട അദ്ദേഹത്തിന്റെ ബിസിനസ് സുഹൃത്ത് ഞങ്ങളെ കാണണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ നഗരക്കാഴ്ചകൾ കണ്ട് സഞ്ചരിക്കുകയാണ്.

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആ കാർ വലിയ ഒരു ആഡംബരമല്ല. അഞ്ച് സ്ഥാപനങ്ങൾ നടത്തുന്ന, കോടികളുടെ ആസ്തിയും ദശലക്ഷക്കണക്കിന് റിയാൽ വിറ്റുവരവുമുള്ള അദ്ദേഹത്തിന് ഒട്ടും അധികച്ചെലവ് എന്ന് പറഞ്ഞുകൂടാ. ഐഐടി പഠനം പാതിവഴിവച്ച് നിറുത്തി ബിസിനസിൽ പിതാവിനെ സഹായിക്കാൻ ഇറങ്ങി കണക്കുകളുടെയും സാങ്കേതികതകളുടെയും മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത് നടത്തുന്ന മകനും ആ കാർ വലിയ ചെലവായി തോന്നേണ്ടതില്ല. മാത്രമല്ല ബിസിനസ് ഉന്നതിക്ക് അത്തരം വാഹനങ്ങൾ ആവശ്യവുമത്രെ.

വ്യാപാരി സുഹൃത്ത് നാട്ടിൽ ബസ് ജോലിക്കാരനായിരുന്നു. വീട്ടിൽ ദാരിദ്ര്യം ഉണ്ടെന്നു പറഞ്ഞു കൂടാ. പിന്നീട് അദ്ദേഹം വിദേശത്ത് പോയി. ചില്ലറ ജോലികളായി കഴിഞ്ഞു. ചെലവിന് വീട്ടിലേക്ക് പണം അയച്ചുകൊടുക്കേണ്ട അത്യാവശ്യവും ഉണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹം വലിയൊരു വാഹന വ്യാപാരിയുടെ ഡ്രൈവറായി. ആ ജോലി കാരണം സമൂഹത്തിലെ ഉന്നതരായ പലരുമായും ബന്ധങ്ങളുണ്ടായി. കൂട്ടുകാരന്റെ കൂടി ഉപദേശം പരിഗണിച്ച് സ്വന്തമായി ബിസിനസ് തുടങ്ങി. അത് വ്യാപിച്ചു. ഒറ്റക്കും കൂട്ടായ്മയിലുമായി വ്യാപാര സ്ഥാപനങ്ങൾ വളർന്നു. മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തു തുടങ്ങി. അങ്ങനെ വ്യാപാരം പച്ചപിടിച്ചു.

നഗരത്തിലെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അദേഹത്തിന്റെ പുതിയ സ്ഥാപനത്തിലും ഗോഡൗണിലും മറ്റും ഞങ്ങൾ കൂടെ പോയി. സൗദിയിലെ വാറ്റ് നിയമവുമായി ബന്ധപ്പെട്ട ചില സന്ദേഹങ്ങൾ ഉന്നയിച്ചുവെങ്കിലും കേരളത്തിൽ ഇങ്ങനെയൊക്കെയായിരുന്നു എന്ന മറുപടി മാത്രമെ എനിക്ക് നൽകാൻ സാധിച്ചുള്ളൂ.

ആ വ്യാപാരി കോടിപതിയുടെ ജാഡയില്ലാത്തവനും വിനയമുള്ളവനുമാണ്. ഉയർന്ന വിദ്യാഭ്യാസമില്ല. അത് തുറന്നു പറയാൻ മടിയുമില്ല. കുറെ പേർക്ക് ജോലി നൽകി അവരുടെ കുടുംബങ്ങളുടെ വിശപ്പകറ്റുന്നു. സമയത്തിന് നമസ്‌കാരവും മറ്റു ആരാധനകളും നിർവഹിക്കുന്നു. നഗരത്തിലെ പതിവ് രീതിക്ക് വിരുദ്ധമായി നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്നു. ഇഷ്ടമുള്ള നല്ല ഭക്ഷണം കഴിക്കുന്നു. വാഹനം അദേഹത്തിന് ഏറെ താൽപര്യമുള്ള ഒന്നാണ്. അതിനാൽ നല്ല വാഹനങ്ങൾ വാങ്ങുന്നു. സഞ്ചരിക്കുന്നു. വ്യാപരാഭിവൃദ്ധിക്ക് അത് അനിവാര്യവുമാണ്. കുടുംബത്തിനൊപ്പം വിദേശരാജ്യങ്ങൾ അടക്കം സന്ദർശിക്കുന്നു. ആവശ്യമുള്ളവരെ കൈയയച്ച് സഹായിക്കുന്നു. കൃത്യമായി സകാത്ത് നൽകി സമ്പത്ത് ശുദ്ധീകരിക്കുന്നു. ഇതിനൊക്കെയല്ലാതെ മറ്റെന്തിനാണ് പണം എന്ന അദേഹത്തിന്റെ ചോദ്യം പ്രസക്തം.

പുറംപൂച്ചു കാണിക്കാനായി ആഡംബര വാഹനങ്ങൾ വാങ്ങുന്ന ചിലരുണ്ട്. അത്തരം വാഹനം നിലനിർത്തി കൊണ്ടുപോകാനുള്ള പ്രാപ്തി അവർക്ക് ഉണ്ടാകില്ല. പലപ്പോഴും ബാങ്ക് ലോണും മറ്റുമായിട്ടാണ് ഇത്തരം വാഹനങ്ങൾ വാങ്ങുന്നത് തന്നെ. മറ്റുള്ളവരുടെ മുമ്പിൽ മേനി നടിക്കുക എന്നതിലുപരി മറ്റൊരു കാര്യവും അതുകൊണ്ട് അവർക്കില്ല. കാശടവ് പൂർത്തിയാക്കാനാകാതെ ചിലരുടെയെങ്കിലും വാഹനം കൈവിട്ടു പോകാറുമുണ്ട്.

പണമുണ്ടായിട്ടും സുഖമായി ഉറങ്ങാനും ഇഷ്ട ഭക്ഷണം കഴിക്കാനും നല്ല വാഹനത്തിൽ യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ദേശങ്ങളിലേക്ക് സഞ്ചരിക്കാനും ദൈവസ്മരണയിൽ സമാധാനത്തോടെ വസിക്കാനും കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് ജോലിയും വ്യാപാരവും വരുമാനവും? വ്യാപാരി സുഹൃത്ത് പറഞ്ഞത് എത്ര ശരി!