അധ്യാപകരുടെ ചില വേവലാതികൾ

സലാം സുറുമ ,എടത്തനാട്ടുകര

2023 ജൂലൈ 15 , 1444 ദുൽഹിജ്ജ 27

വയ്യ ടീച്ചറേ, ഈ പണി നിർത്തി വേറെ വല്ല ജോലിക്കും പോയാലോ എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്’’ സ്റ്റാഫ് റൂമിൽവച്ച് സഹപ്രവർത്തകയുടെ സങ്കടം അണപൊട്ടിയൊഴുകി. സ്‌കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും കാൽ കിലോമീറ്റർ വഴിദൂരത്തിനിടയിൽ ‘ഞാൻ ദേഹോപദ്രവമേൽപിക്കും’ എന്ന മുനവച്ചുള്ള ഒരു വിദ്യാർഥിയുടെ കമന്റാണ് അധ്യാപിക സഹപ്രവർത്തകരോട് പങ്കുവച്ചത്.

ക്ലാസ്സിൽ ഒട്ടും ശ്രദ്ധിക്കാത്ത, സ്ഥിരമായി കൗണ്ടർ കമന്റ് പറയുന്ന ഒരു വിദ്യാർഥിയെ വഴക്കു പറഞ്ഞതിനാണ് മറ്റുള്ളവരുടെ മുമ്പിൽവച്ച് അവൻ അധ്യാപികയോട് മാസ് ഡയലോഗ് അടിച്ചത്. ‘നിങ്ങളെ കുടുക്കാൻ വിളിക്കേണ്ട ഫോൺ നമ്പർ കാണാപ്പാഠമാണ് ടീച്ചറേ’ എന്നുകൂടി അവൻ കൂട്ടിച്ചേർത്തപ്പോൾ, ഗൾഫിൽ നല്ല ശമ്പളമുള്ള ജോലി ഒഴിവാക്കി ഈ ജോലിക്ക് വരേണ്ടിയിരുന്നില്ല എന്ന് മനസ്സിൽ പറഞ്ഞുപോയി എന്ന് ടീച്ചർ പറഞ്ഞു.

പ്ലസ് ടു സപ്ലിമെമെന്ററി പരീക്ഷാ ദിവസം, ഉച്ചക്ക് ശേഷമുള്ള പരീക്ഷക്ക് രാവിലെത്തന്നെ സ്‌കൂളിലെത്തിയ ഒരു വിദ്യാർഥിനി, മറ്റൊരു ക്യാമ്പസിലെ ആൺസുഹൃത്തുമായി സ്‌കൂൾ ഗേറ്റിന് മുമ്പിൽ നിന്നുകൊണ്ട് ദീർഘസമയം കൊഞ്ചിക്കുഴയുന്നത് ഒരു അധ്യാപകൻ ചോദ്യം ചെയ്തപ്പോൾ, ‘ഞങ്ങൾ പ്രായപൂർത്തിയായവരാണ്, സാറ് സ്‌കൂൾ കോമ്പൗണ്ടിലെ കാര്യം മാത്രം നോക്കിയാൽ മതി. ക്യാമ്പസിന് പുറത്ത് അച്ചടക്കവാളുമായി വരേണ്ട’ എന്നു പറഞ്ഞ് കമിതാക്കൾ തന്നെ വിരട്ടിയ കാര്യം മറ്റൊരു അധ്യാപകൻ പങ്കുവച്ചു.

വർഷിക പരീക്ഷക്ക് കോപ്പിയടി പിടിച്ചതിന്, അവസാന പരീക്ഷയുടെയന്ന് ആ അധ്യാപകന്റെ ബുള്ളറ്റിന്റെ പെട്രോൾ ടാങ്ക് കുത്തിത്തുറന്ന് മണൽ നിറച്ചുവച്ച അനുഭവം മറ്റൊരു ടീച്ചർ പങ്കുവച്ചു. സ്‌കൂളിൽവച്ച് കേസുകൾ പിടിക്കുന്ന അധ്യാപകരുടെ വാഹനങ്ങൾ കേടുവരുത്തുന്ന വിദ്യാർഥികളുടെ എണ്ണം വല്ലാതെ കൂടുന്നുവെന്ന് മറ്റൊരു അധ്യാപകന്റെ ആത്മഗതം. പള്ളിയിൽ നിസ്‌കരിക്കാൻ കയറിയ സമയത്ത്, കേസ് പിടിച്ച അധ്യാപകന്റെ വിലകൂടിയ ചെരുപ്പ് നശിപ്പിച്ചതും വുഡ്‌ലാന്റ് ഷൂവിൽ വെള്ളം ഒഴിച്ചുവച്ചതും സ്റ്റാഫ് റൂമിലെ മറ്റൊരു ചർച്ചാവിഷയം.

ലഹരിക്കേസ് പിടിക്കലാണ് മറ്റൊരു പൊല്ലാപ്പ്. ഒരു രക്ഷിതാവും തന്റെ മക്കൾ ലഹരി ഉപയോഗിക്കുന്ന കാര്യം സമ്മതിച്ചുതരില്ല. അവരെ വിദഗ്ധ ചികിൽസക്കോ കൗൺസിലിംഗിനോ കൊണ്ടുപോകുന്നതിനു പകരം അത്തരം കാര്യം ഇല്ല എന്ന് സ്ഥാപിക്കാനും ഈ പ്രശ്നം അറിയിച്ച അധ്യാപകനെ കേസിൽ കുടുക്കാനുമാണ് മിക്ക രക്ഷിതാക്കൾക്കും താൽപര്യം. അതുകൊണ്ട് തന്നെ പോലീസ്, എക്സൈസ് വകുപ്പുകളെ ഈ വിവരം അറിയിച്ച് പൊല്ലാപ്പിലാകാൻ പല അധ്യാപകരും ഇപ്പോൾ മെനക്കെടാറില്ല. വർഷങ്ങൾക്ക് ശേഷം, ഇത്തരം കുട്ടികളിലെ ചിലരെങ്കിലും പ്രദേശത്തെ ഏറ്റവും വലിയ സാമൂഹ്യദ്രോഹിയായി മാറുന്നത് രക്ഷിതാക്കൾക്ക് സങ്കടത്തോടെ നോക്കി നിൽക്കേണ്ടിവരുന്നു.

കടമകൾ പാടേ മറന്നുപോയ, എന്നാൽ സ്വന്തം അവകാശങ്ങളെക്കുറിച്ച് തികഞ്ഞ ബോധമുള്ള ഒരു വിദ്യാർഥി തലമുറയെയാണ് അധ്യാപകർ ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പല കാരണങ്ങളാൽ, വിദ്യാർഥികൾക്കിടയിൽ അച്ചടക്കം പാടെ കുറഞ്ഞുവരുന്നു എന്ന സർവേ റിപ്പോർട്ടുകൾ നാം ഇതോടൊപ്പം ചേർത്തുവായിക്കണം.

തെറ്റുകൾ ചെയ്യുന്ന വിദ്യാർഥികളെ തിരുത്താനും ആവശ്യമെങ്കിൽ ചെറിയ രൂപത്തിലെങ്കിലും ശിക്ഷിക്കാനുമുള്ള അവകാശം രക്ഷിതാക്കളും പൊതുസമൂഹവും മാധ്യമങ്ങളും അധ്യാപകർക്ക് വകവച്ചു കൊടുക്കണം. ഇല്ലെങ്കിൽ, പൂർണമായും അച്ചടക്കരഹിതമായ ഒരു വിദ്യാർഥി തലമുറയെയാണ് സമൂഹം സഹിക്കേണ്ടി വരിക എന്നത് മറന്നുപോകരുത്.