വെള്ളമുണ്ടിന്റെ വെണ്മ

ഇബ്‌നു അലി എടത്തനാട്ടുകര

2023 മെയ് 06 , 1444 ശവ്വാൽ 14

മുണ്ട് ഉടുക്കാൻ ഇഷ്ടമാണ്. നാട്ടിൽ മുണ്ടാണ് ഉടുക്കാറ്. ഇഷ്ടപ്പെട്ട ഏതാനും വെള്ള മുണ്ടുകളുണ്ട്. കട്ടി കൂടിയ എന്നാൽ ഭാരം കുറഞ്ഞ മനോഹരമായ വർണക്കരകളുള്ള വെള്ളമുണ്ടുകൾ. കാണാൻ നല്ല ചേലാണ്. ഭാരം കുറഞ്ഞതുകൊണ്ട് ഉടുക്കാനും എളുപ്പം, സുഖം.

അത്തരം വെള്ളമുണ്ട് ഉടുക്കുന്നത് കാണുമ്പോൾ നാട്ടിലെ കൂട്ടുകാരൻ ചോദിക്കാറുണ്ട്, ഏത് കടയിൽ നിന്നാണത് വാങ്ങിയതെന്ന്. ഈ വെള്ളമുണ്ട് സ്‌നേഹത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് സാമൂഹ്യപ്രവർത്തകനായ സുഹൃത്ത് സമ്മാനിക്കാറുള്ളത്.

ഈ വെള്ളമുണ്ടുകൾക്കൊരു കഥ പറയാനുണ്ട്. സാമൂഹ്യപ്രവർത്തകനായ സുഹൃത്തുമായി ബന്ധപ്പെട്ട ഒന്ന്.

ഏതാണ്ട് 20 വർഷങ്ങൾക്കു മുമ്പാണ് തുടക്കം. ഒരു വലിയ ബാഗിൽ ഏതാനും വെള്ള മുണ്ടുകളും മാക്‌സികളും നിറച്ച് കടകളിലും വീടുകളിലും കൊണ്ടുനടന്ന് കച്ചവടം ചെയ്യുന്ന ഒരാളുണ്ടായിരുന്നു. സുഹൃത്ത് അന്ന് വിപുലവും സംഘടിതവുമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റി സംവിധാനത്തിന്റെ വളണ്ടിയറായിരുന്നു.

അത്തവണ സാധുക്കൾക്ക് വിതരണം ചെയ്യാനുള്ള വിഷു, ഓണം, പെരുന്നാൾ വസ്ത്രങ്ങളുടെ ഓർഡർ ആ കച്ചവടക്കാരന് നൽകി. ചെറിയ തുകയല്ല, 5 ലക്ഷത്തോളം രൂപയുടെ വലിയ ഓർഡർ. അതിൽ നല്ലൊരു തുക അഡ്വാൻസായി കൊടുക്കുകയും ചെയ്തു. ആ കച്ചവടക്കാരൻ അത്തവണ ഉത്തരവാദിത്തത്തോടെ കൃത്യ സമയത്ത് ഭംഗിയായി സാധനങ്ങൾ സപ്ലൈ ചെയ്തു. തന്റെ ലാഭം കുറച്ച് വിലക്കുറവിൽ നൽകി. സാധനങ്ങൾ ഗുണനിലവാരമുള്ളതുമായിരുന്നു. വരും വർഷങ്ങളിലും അദ്ദേഹത്തിന് സംഘടന ലക്ഷങ്ങളുടെ ഓർഡർ നൽകുകയും ചെയ്തു.

ആ കച്ചവടക്കാരൻ ചെറിയൊരു കട തുടങ്ങി. ആദ്യം സമീപ ജില്ലയിൽനിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവന്ന് കച്ചവടം നടത്തിയിരുന്ന അദ്ദേഹം തമിഴ്‌നാട്ടിൽനിന്നും സാധനങ്ങൾ മൊത്തമായി കൊണ്ടുവരാൻ തുടങ്ങി. കച്ചവടം പച്ചപിടിച്ചു. സുഹൃത്ത് ഇപ്പോഴും വർഷം 50,000 രൂപയുടെ വരെ ഓർഡർ നൽകാറുണ്ട്.

അദ്ദേഹം സുഹൃത്തിന് ഏതാനും വെള്ളമുണ്ടുകൾ സമ്മാനിച്ചു. ഒന്നോ രണ്ടോ എടുത്ത് ബാക്കി അദ്ദേഹം സുഹൃത്തുക്കൾക്ക് കൊടുത്തു. ഓരോ കൊല്ലവും ഇത് തുടരുന്നു. അദ്ദേഹം ഇടക്ക് എനിക്കും മുണ്ട് സമ്മാനിക്കാറുണ്ട്. മിക്കവാറും ഞാനത് മാറ്റിവെക്കും. സൂക്ഷിച്ചുവെക്കും. അടുത്ത പെരുന്നാള് വരെ.

സ്‌നേഹോദാഹരണമായ ആ വെള്ള മുണ്ട് ഉടുക്കുമ്പോൾ ശരീരത്തോടത് ഒട്ടിനിൽക്കുന്നു. മനസ്സിനോടുമത് ചേർന്ന് നിൽക്കുന്നു. ഇളം കറുപ്പ് കരയുള്ള പുതിയ വെള്ളമുണ്ടിന്റെ വെണ്മ ഇക്കഴിഞ്ഞ ഈദ് ഗാഹിലും എന്റെ കൂടെയുണ്ടായിരുന്നു