ആയുസ്സിനുണ്ടോ ഗ്യാരന്റി?

ഇബ്‌നു അലി എടത്തനാട്ടുകര

2023 മാർച്ച് 18, 1444 ശഅ്ബാൻ 25

വീട്ടിൽ പൂമുഖത്ത് ഒരു ഫാൻ ഉണ്ടായിരുന്നു. താമസം തുടങ്ങിയപ്പോൾ കൂട്ടുകാർ സമ്മാനിച്ച, നീണ്ട ലീഫുകൾ ഉള്ള, തവിട്ടുനിറത്തിൽ ഒരെണ്ണം. കാലം നോക്കാതെ കൊല്ലങ്ങൾ കറങ്ങി. വട്ടത്തിൽ ഓടിത്തളർന്ന് സ്പീഡ് കുറയുകയും ശബ്ദം കൂടുകയും മറ്റും ചെയ്തപ്പോൾ പുതിയ ഒരെണ്ണം വേണം എന്ന ആലോചന തുടങ്ങി. മക്കൾ സംഗതി ഏറ്റെടുത്തതോടെ, റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന പേരു കേട്ട ഫ്രീക്കൻ ഫാനൊരെണ്ണം ഓൺലൈനായി വാങ്ങി.

സംഗതി കൊറിയറിൽ വീട്ടിലെത്തി. ദിവസങ്ങൾക്കുള്ളിൽ ടെക്‌നീഷ്യൻ വന്നു പങ്ക ഘടിപ്പിച്ച് കറക്കിയുറപ്പാക്കി മടങ്ങിപ്പോയി. ആഴ്ചകൾക്കുള്ളിൽ പങ്ക പണിമുടക്കി. കറങ്ങുമ്പോൾ പുകയും ശബ്ദവും! ഓൺലൈനിൽ സമർപ്പിച്ച പരാതി പരിശോധിക്കാൻ വിദഗ്ധൻ വന്നു. ചില്ലറ സാധങ്ങൾ മാറ്റി. ഫാൻ പൂർവസ്ഥിതിയിലാക്കി, സന്തോഷം.

എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇടിയുടെ അകമ്പടിയോടെ പെയ്‌തൊരു മഴവേളയിൽ ഫാൻ ഞെട്ടിവിറച്ചു കറക്കം നിറുത്തി. ദിവസങ്ങൾക്കുള്ളിൽ വീണ്ടും തകരാർ! വീണ്ടും ഓൺലൈൻ പരാതി ബുക്ക് ചെയ്ത് കാത്തിരുന്നു. ടെക്‌നീഷ്യൻ വന്നു പരിശോധിച്ച് യന്ത്രം മൊത്തം മാറ്റണം എന്ന് വിധിച്ചു. ഗ്യാരന്റി കാലാവധി തീരാത്തതുകൊണ്ട് യന്ത്രം കൊറിയറിൽ വന്നു.

വീണ്ടും ടെക്‌നീഷ്യൻ എത്തി, ഫിറ്റ് ചെയ്ത് തിരികെപ്പോയി. ആശ്വസിച്ച ഞങ്ങളെ ആശങ്കയിൽ ആഴ്ത്തിക്കൊണ്ട് ആഴ്ചകൾക്കുള്ളിൽ വീണ്ടും പങ്ക പണിമുടക്കി. ഓ, വല്ലാത്തൊരു പുലിവാല്! ആളെ നേരിട്ട് കാണേണ്ടതില്ലാത്തതുകൊണ്ട് വീണ്ടും ഓൺലൈനിൽ പരാതി ബുക്ക് ചെയ്തു. ഫോൺ വിളിച്ച് ഉറപ്പാക്കിയ ശേഷം ടെക്കി വീണ്ടും വന്നു. റിപ്പയർ ചെയ്ത് തിരികെ പോയി.

ഈ മൂന്ന് അറ്റകുറ്റപ്പണികൾ തീർന്നപ്പോഴേക്കും ഗ്യാരന്റി പീരിയഡ് കഴിഞ്ഞു. ഇനിയും കാറ്റ് യന്ത്രം പിണങ്ങിയാൽ കയ്യിൽനിന്ന് കാശ് മുടക്കി ശരിപ്പെടുത്തേണ്ടി വരും എന്ന് ആശങ്കപ്പെട്ടു. ഇനിയെങ്കിലും കേടുവരാതെ നല്ല വഴിക്ക് നടക്കട്ടെ കാറ്റാടി എന്ന് ആഗ്രഹിച്ചു.

അപ്രതീക്ഷിതമായി, ഫാനിന്റെ ഗ്യാരന്റി സമയം ഒരു വർഷത്തേക്കുകൂടി നീട്ടിയതായി മെസ്സേജ് കിട്ടി! വൈകാതെ മേൽ ഉത്തരവ് തപാലിലും കിട്ടി. വാങ്ങി, ചുരുങ്ങിയ മാസങ്ങൾകൊണ്ട് മൂന്നുതവണ കേടുവന്ന ഫാൻ ആദ്യം അറ്റകുറ്റപ്പണി ചെയ്തുതന്നു. പിന്നെ പാർട്‌സ് മാറ്റിത്തന്നു, വീണ്ടും റിപ്പയർ ചെയ്തു. ഒരു തവണ യന്ത്രം ഏതാണ്ട് മുഴുവനായി മാറ്റി സ്ഥാപിക്കുകയും ചെയ്തു. അത് പോരാഞ്ഞ് ഒരു കൊല്ലം ഗ്യാരന്റി നീട്ടിത്തരികയും ചെയ്തിരിക്കുന്നു. കേവലം 5000 രൂപയിൽ താഴെ വിലയുള്ള ഒരു ഉപകരണത്തിനാണ് ഈ ഉറപ്പുകൾ...!

എന്നാൽ മനുഷ്യജീവന്, ആയുസ്സിന് വല്ല ഗാരന്റിയുമുണ്ടോ? ഇല്ല, ഒട്ടും ഇല്ല! തീർന്നാൽ തീർന്നു. അത്ര തന്നെ. ജീവിതത്തിന് ഒരു റീ ടേക് ഇല്ലല്ലോ. ജീവിതപ്പരീക്ഷ ഒറ്റത്തവണയേ ഉള്ളൂ. ഒരു ബെറ്റർമെന്റ് ചാൻസ് ഇല്ല. ഒരേയൊരു അവസരം. അത് മിസ്സായായാൽ കഴിഞ്ഞു കഥ.

കരുതിയിരിക്കുക. മരണത്തിന്റെ മലക്ക് ക്ഷണിക്കാതെ, മുന്നറിയിപ്പൊന്നുമില്ലാതെയിങ്ങു കേറി വരും. പ്രായമോ സ്ഥലമോ നേരമോ കാലമോ ഒന്നും ഒട്ടും പരിഗണിക്കില്ല. നിർമാതാവ് നിശ്ചയിച്ച ഗ്യാരന്റി സമയം കഴിഞ്ഞാൽ കഴിഞ്ഞതുതന്നെ.

“ഒരാൾക്കും അയാളുടെ അവധി വന്നെത്തിയാൽ അല്ലാഹു നീട്ടിക്കൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു’’ (ക്വുർആൻ 63:11).