ഉൾക്കണ്ണിലെ കാരുണ്യം

ഇബ്‌നു അലി

2023 സെപ്തംബർ 09 , 1445 സ്വഫർ 24

അവിടെ അങ്ങനെയാണ്. നാലുമണിക്ക് മുമ്പ് സുബ്ഹി ബാങ്ക് വിളിക്കും. മൊത്തത്തിൽ എല്ലാവരും നേരത്തെ ഉണരും. അഞ്ചുമണിക്ക് മുമ്പ് വെട്ടം പരക്കും. ജീവസന്ധാരണത്തിനായി ആളുകൾ ഓടിത്തുടങ്ങും. നേരത്തെ എഴുന്നേൽക്കുന്നതുകൊണ്ട് തന്നെ പ്രാഥമിക കൃത്യങ്ങളും വിശപ്പും നേരത്തെ കഴിയും. ചെറിയ കടകളൊക്കെ രാവിലെ തന്നെ തുറന്നു പ്രവർത്തിക്കും.

ആൻഡമാനിൽ പോർട് ബ്ലെയറിൽ ഒരു സന്ദർശനത്തിലായിരുന്നു ഞങ്ങൾ ആറു കൂട്ടുകാർ. താമസിക്കുന്ന ഹോട്ടലിൽ പ്രഭാത ഭക്ഷണമാകാൻ പുലർച്ചെ എട്ട് മണിയാവും. ഒരു ചായ ലക്ഷ്യം വെച്ച് ഞാൻ മുറിയിൽനിന്ന് പുറത്തിറങ്ങി. സമയം ആറരയാകുന്നേയുള്ളൂ. പതിവില്ലാതെ മഴ തകർത്തു പെയ്തിരുന്നു. തോർച്ചയിലാണ് റോഡരികിലെ തട്ടുകടയിലേക്ക് കയറിയത്.

അവിടെ പലഹാരം പലതും റെഡി. പൂരി കണ്ടപ്പോൾ കൊതി തോന്നി. ചായക്കൊപ്പം ഓർഡർ ചെയ്തു. റോഡിലേക്ക് ചേർത്ത് വലിച്ചുകെട്ടിയ നീല ടാർപോളിന് താഴെ രണ്ട് മെലിഞ്ഞ മേശ. ചുറ്റും പത്തോളം പ്ലാസ്റ്റിക് കസേരകൾ.

ഓയിൽ പേപ്പർ വിരിച്ച സ്റ്റീൽ പ്ലേറ്റ് എത്തി. ആവി പറക്കുന്ന, പൊങ്ങി നിൽക്കുന്ന പൂരിയെത്തി. ചെറിയ കോപ്പയിൽ കറി ഒഴിച്ചുതന്നു. റോഡിലൂടെ ഒഴുകുന്ന മഴവെള്ളം നോക്കി സ്വാദുള്ള പൂരിയും കറിയും കഴിക്കുന്നതിനിടയിൽ പ്രായമായ ഒരാൾ കടയിലെത്തി. മുട്ടിനു മുകളിൽ നിൽക്കുന്ന വെള്ള ട്രൗസർ. വലിയ ഒരു കുപ്പായം. താടിയും മുടിയും നരച്ചിരിക്കുന്നു. വലിയ ശരീരം. കടയിലെ ജോലിക്കാരനോട് അയാൾ എന്തോ ചോദിച്ചു.

ഭാഷയുടെ പരിമിതി മൂലം കൃത്യമായി മനസ്സിലായില്ലെങ്കിലും ഭക്ഷണകാര്യമാണെന്ന് പിടികിട്ടി. തനിക്ക് മുന്നിലെത്തിയ ഇഡ്ഡലി ചട്‌നിയും സാമ്പാറും ചേർത്ത് കുഴച്ച് ആർത്തിയോടെ അയാൾ കഴിക്കാൻ തുടങ്ങി.

എന്റെ മുന്നിലിരുന്ന അയാളുടെ ഇടതുഭാഗത്ത് മറ്റൊരാൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. വാർധക്യത്തിലേക്ക് പ്രവേശിച്ച ഒരാൾ. അയാളുടെ വലതുകണ്ണിനു കാഴ്ചയില്ലായിരുന്നു. നരച്ചുതുടങ്ങിയ താടിയും മുടിയുമുള്ള അയാൾ നിറം മങ്ങിയ നീല ടീഷർട്ട് ധരിച്ചിരുന്നു; നീണ്ട പാന്റ്‌സും.

അയാൾ ഭക്ഷണം കഴിഞ്ഞു കാശ് കൊടുക്കുന്ന നേരം വെയിറ്ററോട് വയസ്സനെ ചൂണ്ടി അയാളുടെ കാശുകൂടി അതിൽനിന്ന് എടുക്കാൻ പറഞ്ഞു. പോകാൻ നേരം ആ വയസ്സന്റെ ചെവിയിൽ കാശുകൊടുത്ത കാര്യം മന്ത്രിക്കുകയും ചെയ്തു. പ്രായമായ ആൾ തല കുലുക്കി. കൈ കഴുകി വന്ന് പ്ലാസ്റ്റിക് കൂജയിൽ നിന്ന് കുറെ വെള്ളം കുടിച്ചു.

യൂണിഫോം ധരിച്ച പോലീസ് അടക്കം ഉന്നതർ പലരും അവിടെയുണ്ടായിരുന്നു. ഞാനടക്കം ആരും അയാളുടെ ദൈന്യത ശ്രദ്ധിച്ചിട്ടില്ല, പരിഗണിച്ചില്ല. വിശക്കുന്ന ആ വയറു കണ്ടത് ഒരു കണ്ണില്ലാത്ത ഒരു സാധാരണക്കാരനായിരുന്നു.

അയാളെ കണ്ടാൽ അറിയാം കാശ് കൂടുതൽ കയ്യിലില്ലാത്ത ഒരു തൊഴിലാളിയോ മറ്റോ ആണെന്ന്. പണമോ പ്രതാപമോ ഉയർന്ന ജോലിയോ ഉണ്ടായിട്ട് എന്തു കാര്യം! മറ്റൊരാളുടെ വേദനയറിയാൻ കഴിയുകയും സഹായിക്കാനുള്ള നല്ല മനസ്സ് ഉണ്ടാവുകയാണ് വേണ്ടത്. സുമനസ്സുകൾക്ക് മേൽ സമാധാനം വർഷിക്കപ്പെടുമാറാകട്ടെ!