ഉര്‍ദു: വിദേശങ്ങളില്‍ അതിന്റെ സ്വാധീനത

ജ. മുഹമ്മദ് അബ്ദുന്നയീം, സാംഗിദ്

2021 ഒക്ടോബര്‍ 02 1442 സഫര്‍ 25

(50 വര്‍ഷം മുമ്പ് ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ ഉര്‍ദു ഭാഷക്ക് നല്‍കിയിരുന്ന സ്ഥാനവും പ്രാധാന്യവും വ്യക്തമാക്കുന്ന ലേഖനം)

ഇന്ത്യയിലെ പ്രാദേശീയ ഭാഷകള്‍ പരിമിതമായ പ്രദേശത്തു മാത്രം അടങ്ങിനില്‍ക്കുന്നുവെങ്കില്‍ ഉര്‍ദുവിന്റെ നില തികച്ചും ഭിന്നമാണ്. അന്തര്‍ദേശീയ നിലവാരത്തിലേക്ക് അത് ഉയര്‍ന്നിരിക്കുന്നു.

അന്യനാടുകളില്‍ എത്ര ഗതിവേഗത്തിലാണ് ഉര്‍ദു ഭാഷ തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന വസ്തുതയെക്കുറിച്ചു നമുക്കൊന്നു പരിശോധിച്ചുനോക്കാം. ദേശ, മത, വര്‍ഗ വ്യത്യാസമന്യെ വിദേശിയര്‍ ഇത് അത്യധികം കൗതുകത്തോടെയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഉര്‍ദുവില്‍ ഉപരിപഠനാര്‍ഥം വിദേശീയ വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ഈ ഭാഷയില്‍ ഉന്നത ബിരുദം നേടി, നാട്ടിലേക്കു തിരിച്ചുപോയി, അവര്‍ അവിടെ ഉര്‍ദുവിന്റെ പ്രചാരകന്മാരായി പ്രവര്‍ത്തിക്കുന്നു. കുറച്ചുമുമ്പ് താഷ്‌ക്കണ്ഡിലെ ഇസ്മായേല്‍ സറോഫ് എന്ന യുവവിദ്യാര്‍ഥി ഉസ്മാനിയാ യൂണിവേര്‍സിറ്റിയില്‍നിന്നും ഉര്‍ദുവില്‍ എം.എ ഡിഗ്രി എടുക്കുകയുണ്ടായി. അദ്ദേഹം സ്വദേശത്തേക്കു തിരിച്ചു പോകുന്ന അവസരത്തില്‍ ഉര്‍ദുവിനെപ്പറ്റി അഭിപ്രായ പ്രകടനം നടത്തിയത് ഇപ്രകാരമാണ്:

''അത്യധികം മധുരതരമായ ഒരു ഭാഷയാണു ഉര്‍ദു. ശരിയായ നിലയിലുള്ള ഇതിന്റെ പഠനം ഇന്ത്യയില്‍നിന്നുമാത്രമെ സാധിക്കൂ. ഇതിന്റെ ശരിയായ ഉച്ചാരണത്തിന്റെ പ്രാധാന്യമാണു ഞങ്ങളുടെ നാട്ടില്‍ ഇതു പഠിക്കുന്നതിനുള്ള വിഷമം. അതുകൊണ്ടാണ് ഈ ഭാഷയില്‍ പ്രാഗത്ഭ്യം നേടുവാനായി ഗവര്‍മെന്റ് ഞങ്ങളെ ഇന്ത്യയിലേക്കു പറഞ്ഞയക്കുന്നത്. ഉര്‍ദുവിന്റെ യഥാര്‍ഥ നിലപാടിനെപ്പറ്റി ഞങ്ങളെ ബോധവാന്മാരാക്കിയ ഇവിടുത്തെ ഗുരുവര്യന്മാര്‍ക്കു ഞങ്ങള്‍ കടപ്പെട്ടവരാണ്.''

റഷ്യയില്‍ ഉര്‍ദു പഠനത്തിനു വല്ല ഏര്‍പ്പാടുമുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി ഇസ്മായേല്‍ സറേഫ് ഇങ്ങനെ മറുപടി പറഞ്ഞു:

''ഉണ്ട്, റഷ്യയില്‍ താഷ്‌ക്കണ്ഡ്, മോസ്‌ക്കോ, ബാക്കോ, ലനിന്‍ ഗ്രാഡ് എന്നീ സര്‍വകലാശാലകളില്‍ ഉര്‍ദുപഠനം നടക്കുന്നുണ്ട്. പ്രതിവര്‍ഷം ചുരുങ്ങിയത് അറുപതു വിദ്യാര്‍ഥികളെങ്കിലും ഉര്‍ദുവില്‍ ഉന്നത ബിരുദം നേടിവരുന്നു.''

അദ്ദേഹം തുടര്‍ന്നു: ''ഇന്ത്യക്കാരാണോ എന്നു തോന്നിപ്പോകുമാറ് അത്രയേറെ ഉര്‍ദുവില്‍ പ്രാവീണ്യമുള്ള പല വ്യക്തികളും ഞങ്ങളുടെ നാട്ടിലുണ്ട്. ഉര്‍ദുവിനു പുറമെ അറബി, പേര്‍ഷ്യന്‍ ഭാഷകളിലും പ്രഗത്ഭരാണവര്‍. മേല്‍പറഞ്ഞ കലാലയങ്ങളില്‍, പഴയതും പുതിയതുമായ ഉര്‍ദു സാഹിത്യകാരന്മാരെയും കവികളെയും കുറിച്ചുള്ള ഗവേഷണവിഷയത്തില്‍ ഡീലിറ്റ്, ഫലാസഫി എന്നീ ഡിഗ്രികള്‍ പല വിദ്യാര്‍ഥികളും കരസ്ഥമാക്കിയിട്ടുണ്ടവി ടെ. വേറെ ഏതു വകുപ്പില്‍ ഡിഗ്രി എടുത്താല്‍ ഉണ്ടാവുന്നതുപോലെ ഉര്‍ദുവില്‍ ഡിഗ്രിയെടുത്താലും മററുള്ളവര്‍ക്കുപോലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. ഒരുവിധ പക്ഷപാതവും കാണിക്കാറില്ല.''

റഷ്യയില്‍നിന്നും ഉര്‍ദു പഠനാര്‍ഥം ഇന്ത്യയില്‍ വന്നു ഡിഗ്രി നേടിയ വിദ്യാര്‍ഥിയുടെ അഭിപ്രായപ്രകടനമാണു മേലുദ്ധരിച്ചത്.

ഇനി അമേരിക്കയെ എടുക്കാം. അവിടുത്തെ ഗവര്‍മെന്റ്ഉര്‍ദുവിനെ ഒരു നിര്‍ബന്ധവിഷയം ആക്കുകപോലും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂണിവേര്‍സിറ്റിയോടനുബന്ധിച്ചു ഈയിടെ ഒരു പുതിയ കോളേജ് തുറന്നു. ഉര്‍ദു എഴുത്തും വായനയും അഭ്യസിക്കുകയെന്നതു അതിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കയാണ്. കോളേജിന്റെ ഉല്‍ഘാടനവസരത്തില്‍ ഇംഗ്ലീഷ് പ്രിന്‍സിപ്പാള്‍ കുട്ടികളെ സംബോധന ചെയ്തുകൊണ്ടു സരളമായ ഉര്‍ദുവില്‍ ഇങ്ങനെ സരസഭാഷണം ചെയ്തു:

''വിദ്യാര്‍ഥികള്‍ക്ക് ഔഷധങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യം നേരിടാത്തവണ്ണം ഉര്‍ദു ഭാഷാ പഠനം ജീവിതത്തെ അത്രയേറെ രസാവഹവും ആകര്‍ഷകവുമാക്കിത്തീര്‍ക്കുന്നു.''

ഉര്‍ദു എടുക്കുന്നവര്‍ക്ക് മാത്രമെ ഈ കോളേജില്‍ പ്രവേശനമുള്ളൂ എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.

അമേരിക്കന്‍ പോലീസുകാര്‍ക്ക് ഉര്‍ദുവില്‍ പരിശീലനം നല്‍കപ്പെടുന്നുവെന്നു അവിടുത്തെ റേഡിയോവില്‍ കൂടി പ്രക്ഷേപണം ചെയ്തിരുന്നു. ഇതിനെക്കുറിച്ചു വിശദീകരണം നല്‍കിക്കൊണ്ട് ഒരു അമേരിക്കന്‍ വക്താവു പറഞ്ഞത് ഇങ്ങനെയാണ്: ''ധാരാളം ഇന്ത്യക്കാരും പാക്കിസ്താനികളും ഞങ്ങളുടെ നാട്ടില്‍ വന്നു സ്ഥിരതാമസമാക്കുന്നുണ്ട്. അധ്യയനാര്‍ഥം താല്‍ക്കാലികമായി വരുന്ന വിദ്യാര്‍ഥിവൃന്ദം വേറെയും. ഇവര്‍ക്ക് അവിടുത്തെ നിയമങ്ങളും ചട്ടങ്ങളുമൊക്കെ മനസ്സിലാകുന്നതില്‍ വലിയ വിഷമം നേരിടുന്നു. ഇതു പരിഹരിക്കുവാനായി അന്യനാട്ടുകാരായ ഇവര്‍ ഇവരുടെ മാതൃഭാഷായായ ഉര്‍ദുവില്‍തന്നെ വേണ്ട നിര്‍ദേശങ്ങളും മറ്റും നല്‍കുവാനായാണ് പോലീസുകാര്‍ക്ക് ഉര്‍ദുവില്‍ പരിശീലനം നല്‍കാന്‍ ഗവര്‍മെന്റ് തീരുമാനിച്ചത്.''

അമേരിക്കയില്‍ പണ്ടേ ഉര്‍ദുവിന് ഒരു നല്ല സ്ഥാനമുണ്ട്. അതിപ്പോള്‍ അവിടെ കൂടുതല്‍ വികാസംപ്രാപിച്ചുവരികയാണ്. യൂനിവേര്‍സിറ്റിയില്‍ ഉര്‍ദുവിനു പ്രത്യേക വകുപ്പ് ഏര്‍പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നും അധേ്യതാക്കള്‍ ഉര്‍ദുവില്‍ ഉപരിപഠനം നേടിവരുന്നു. 'നയീ സദി' എന്ന ഒരു ഉര്‍ദു മാസികകൂടി ഈ കലാലയത്തില്‍നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. ഉര്‍ദുവിനോടുള്ള സ്ഥലവാസികളുടെ മതിപ്പിനെ കാണിക്കുന്നതിനു് ഒരു ഉത്തമോദാഹരണമാണിത്. ഇതേ യൂനിവേര്‍സിറ്റിയിലെ ഉര്‍ദു അധ്യാപകന്‍ ജ: നയീം ചൗധരി സാഹിബാണ് പ്രസ്തുത മാസികയുടെ എഡിറ്റര്‍.

ബ്രിട്ടനില്‍ ഉര്‍ദുവിന്റെ വ്യാപ്തി ഉച്ചകോടിയെ പ്രാപിച്ചിരിക്കയാണിപ്പോള്‍. അവിടെ ഇന്നു ഏതെങ്കിലും ഒരു വിജ്ഞാപനം ഉര്‍ദുവില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത ഒരൊറ്റദിവസമെങ്കിലും കാണുകയില്ല. മിക്ക സിനിമാ നിര്‍മാതാക്കളും തങ്ങളുടെ സിനിമകളെക്കുറിച്ചുള്ള പോസ്റ്ററുകളും ലഘുലേഖകളും മറ്റും ഉര്‍ദുവില്‍ മുദ്രണം ചെയ്യിച്ചു വിതരണം ചെയ്തുവരുന്നു.

ബ്രിട്ടനില്‍ ഏറ്റവും അധികം പ്രചാരമുള്ള 'ഡയിലി മെയില്‍' അതിന്റെ വാരാന്തപ്പതിപ്പില്‍ ഒരുപുറം ഉര്‍ദുവിലാണ് അച്ചടിക്കുന്നത്. ഉര്‍ദു അറിയുന്ന അവിടത്തെ പൗരന്മാര്‍ ആര്‍ത്തിയോടെയാണ് ഇതിനു കാത്തിരിക്കുന്നത്. ഇതിനുപുറമെ സ്‌കോട്‌ലാന്റ് സ്‌റ്റെയ്റ്റില്‍നിന്നും 'ഉര്‍ദു ടൈംസ്' എന്നൊരു ഉര്‍ദു ദിനപ്പത്രം കുറെക്കാലമായി പ്രശസ്തമായി നടന്നുവരുന്നു. ബ്രിട്ടന്റെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒരു സുവര്‍ണാധ്യായമാണ് ഇതു കുറിക്കുന്നത്. ഉര്‍ദു വാരികകളും മാസികകളുമായി പതിനഞ്ചോളം ഇതിനുപുറമെ വേറെയുമുണ്ടവിടെ.

ബ്രിട്ടനിലുള്ള കമ്പനികളിലെ ആപ്പീസുകളും, ഹോട്ടല്‍ ആന്റ് ബേക്കറീസ് ഫെഡറേഷന്റെ മേലുദ്യോഗസ്ഥരും തങ്ങളുടെ ജീവനക്കാര്‍ക്ക് ഉര്‍ദു പഠനത്തിനു ഏര്‍പ്പാടുചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും വലിയ പട്ടണങ്ങളിലെ ഹോട്ടലുകളിലെയും ബേക്കറികളിലെയും ജീവനക്കാര്‍ക്ക് ഉര്‍ദു പരിജ്ഞാനം നിര്‍ബന്ധമാണ്. മേല്‍പറഞ്ഞ ഫെഡറേഷന്റെ അധ്യക്ഷന്‍ ഒരു സ്‌റ്റെയിറ്റുമെന്റില്‍ പറഞ്ഞത് ഇങ്ങനെയാണ്:

''ഞങ്ങളുടെ ജീവനക്കാര്‍ക്ക് ഉര്‍ദു അറിയാത്തപക്ഷം വലിയ ബുദ്ധിമുട്ടുണ്ടാകും. ഇന്ത്യക്കാരും പാക്കിസ്താനികളുമായ ധാരാളം വിദ്യാര്‍ഥികളും സഞ്ചാരികളും അനുദിനം ഞങ്ങളുടെ നാട്ടില്‍ വന്നുകൊണ്ടിരിക്കുന്നു. അവരുടെ നാട്ടിലെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഞങ്ങള്‍ അവരെ സേവിക്കുവാനാഗ്രഹിക്കുന്നു. ഇതിനു ഉര്‍ദു അനിവാര്യമാണ്.''

ഇതേ പ്രശ്‌നത്തെ കണക്കിലെടുത്തുകൊണ്ടുതന്നെയാണ് ബ്രിട്ടനിലെ ഒരു ബാങ്ക് അതിന്റെ വിജ്ഞാപനം ഉര്‍ദുവില്‍ പ്രസിദ്ധീകരിക്കുന്നതും. ഉര്‍ദു അറിയുന്ന ബ്രിട്ടീഷ് നിവാസികള്‍ ഈ ബാങ്കുമായി ഇടപാടുണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ബാങ്ക് അതിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ലോകത്തെങ്ങും പരന്നുകിടക്കുന്ന അതിന്റെ 1500 ശാഖകളെക്കുറിച്ചും പ്രസ്തുത വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഷിക്കാഗോ(അമേരിക്ക)വിലെ ഇസ്‌ലാമിക് യൂനിവേര്‍സിറ്റിയെപ്പറ്റി കേട്ടിരിക്കുമല്ലോ. യൂനിവേര്‍സിറ്റി ഓഫ് ഇസ്‌ലാം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അന്തര്‍ദേശീയ പ്രശസ്തിയാര്‍ജിച്ച ഹെവിവൈറ്റ് ബോക്‌സര്‍ ചാമ്പ്യന്‍ മുഹമ്മദലി ക്ലെയാണ് ഇതിന്റെ രക്ഷാകര്‍തൃത്വം വഹിക്കുന്നത്. ഇംഗ്ലീഷ്, അറബിക്, ഉര്‍ദു എന്നീ ഭാഷകളില്‍കൂടി ഇസ്‌ലാമിക പാഠങ്ങളുടെ മുഴുവന്‍ കോഴ്‌സും അവിടെ നടത്തപ്പെടുന്നു. ലോകത്തിലെ വിവിധ നാടുകളില്‍നിന്നും വിദ്യാപ്രേമികള്‍ അങ്ങോട്ട് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 'പയാമെ മുഹമ്മദ്' എന്ന പേരില്‍ ഒരു ഉര്‍ദു മാസികയും ഈ യൂനിവേര്‍സിറ്റി പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.

'ബസ്‌മെ ഉര്‍ദു' എന്ന പേരില്‍ ഒരു സ്ഥാപനം ദീര്‍ഘകാലമായി സൗദി അറേബ്യയില്‍ ഉര്‍ദുവിന്റെ സേവനം നിര്‍വഹിച്ചുവരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ 'ബസ്മി'ന്റെ അധ്യക്ഷന്‍ ജനാബ് സയ്യിദ് അഹമ്മദ് മദനി ഈ ലേഖകന് അയച്ചുതരികയുണ്ടായി. സൗദി അറേബ്യയിലെ പൊതുഭാഷ അറബിയാണെങ്കിലും അവിടെ ഉര്‍ദുവിനു നല്ലൊരു സ്ഥാനമുണ്ടെന്നും അറബികള്‍ ആവേശപൂര്‍വം ഇതില്‍ താല്‍പര്യം കാണിച്ചുവരുന്നുവെന്നും ഈ റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു. അധ്യക്ഷനവര്‍കള്‍ ഇങ്ങനെ എഴുതുന്നു:

''ബസ്‌മെ ഉര്‍ദു'വിന്റെ വകയായി മദീനയില്‍ ഒരു ലൈബ്രറിയുണ്ട്. ഇതിലുള്ള ഉര്‍ദു ഗ്രന്ഥങ്ങള്‍ പതിനായിരത്തോളം വരും. ഈ ലൈബ്രറിയെ കൂടുതല്‍ വിപുലീകരിക്കാനും ഗ്രന്ഥശേഖരണം നടത്തുവാനുമായി ഈയിടെ സ്ഥാപനത്തിന്റെ കാര്യദര്‍ശി ഒരു ഇന്ത്യ-പാക്ക് പര്യടനം നടത്തി. ഉര്‍ദുവിലെ എല്ലാ പത്രമാസികകളും ഗ്രന്ഥങ്ങളും ഈ ലൈബ്രറിയില്‍ ഉണ്ടായിരിക്കണം എന്നതായിരുന്നു പര്യടനോദ്ദേശ്യം. ഈ സ്ഥാപനത്തിന്റെ കീഴില്‍ ഓരോ മാസവും സാഹിത്യസദസുകളും കവിസമ്മേളനങ്ങളും നടത്തിവരുന്നു. അടുത്തുതന്നെ ഒരു കാവ്യ സമാഹാരവും 'ഹിജാസിലെ ഉര്‍ദുകവികള്‍' എന്ന കൃതിയും പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചിരിക്കയാണ് ഞങ്ങള്‍.''

ദക്ഷിണാഫ്രിക്കയിലെ 'ട്രാകന്‍വാള്‍' നഗരത്തിലും ഇത്തരത്തിലുള്ള ഒരു സംഘടനയുണ്ട്. 'ബസ്‌മെ അദബ്' എന്നാണു പേര്. ഇത് ഉര്‍ദുവിന്റെ നിശ്ശബ്ദവും എന്നാല്‍ മഹത്തരവും ആയ സേവനങ്ങള്‍ അനുഷ്ഠിച്ചുവരുന്നു. ചിരകാലമായി അവിടെ കുടിയേറി പാര്‍ത്തുവരുന്ന ജ:ഫാറൂക്കി സാഹിബാണ് ഇതിന്റെ തലവന്‍. അദ്ദേഹത്തിന്റെ മാതൃഭാഷ ഗുജറാത്തിയാണെങ്കിലും ഉര്‍ദുവിന്റെ ഒരു ആരാധകനാണദ്ദേഹം. അദ്ദേഹം ഇൗയിടെ ഡര്‍ബനില്‍നിന്നും പ്രകാശനം ചെയ്ത പുസ്തകംതന്നെ ഇതിനു സാക്ഷ്യംവഹിക്കുന്നു.

ദുബായില്‍ ഉര്‍ദുവിന് അഭിലഷണീയമായ പുരോഗതിയുണ്ടായിട്ടുണ്ട്. നാല്‍പതു കൊല്ലം മുമ്പാണ് ഒരു ഇന്ത്യന്‍ പണ്ഡിതന്‍ ആദ്യമായി അവിടെ ഉര്‍ദു പഠനം സമാരംഭിച്ചത്. ഇന്ന് അവിടെ അഞ്ച് ഉര്‍ദു മീഡിയം സ്‌കൂളുകള്‍ ഉണ്ട്. ദുബായിലെ അറബികള്‍ അറബിഭാഷയോടെപ്പം ഉര്‍ദുവിനെയും പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ കുട്ടികള്‍ക്കു ഉര്‍ദു പഠനം നല്‍കുന്നതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

മിസ്റ്റര്‍ ഫൈനസ് റൈഹാനി എന്ന പാതിരി (ഇദ്ദേഹം ഉര്‍ദു പേര്‍ഷ്യന്‍ ഭാഷകളില്‍ നല്ല പണ്ഡിതനാണ്) ഈയിടെ ഒരു സ്‌റ്റെയിറ്റുമെന്റില്‍ ഇങ്ങനെ പറഞ്ഞു:

''ഉര്‍ദുവിലെ ഇംഗ്ലീഷ് കവികളുടെ ജീവചരിത്രം പുസ്തകരൂപത്തില്‍ അടുത്തുതന്നെ പ്രസിദ്ധീകരിപ്പാനും ലോകത്തിന്റെ ഓരോ മൂലയിലും ഇതു വിതരണം ചെയ്യുവാനും അഖിലേന്ത്യാ ക്രൈസ്തവസമ്മേളനം തീരുമാനിച്ചിരിക്കുകയാണ്.''

ഉര്‍ദുവിനെപ്പറ്റി അഭിപ്രായപ്രകടനം നടത്തിക്കൊണ്ട് അദേഹം തുടര്‍ന്നു: ''ലോകത്തിലെ ഭാഷകളുടെ കൂട്ടത്തില്‍ ഇത്രയേറെ മധുരമേറിയ ഒരു ഭാഷ ഉര്‍ദുവിനെപ്പോലെ വേറെ കാണുകയില്ല. ഇതുകൊണ്ട് തന്നെയാണ് ഇംഗ്ലീഷുകാര്‍ തങ്ങളുടെ ഭരണകാലത്ത് ഇതിനെ പ്രോത്സാഹിപ്പിക്കുവാനും ഇതില്‍ നിന്നും ലാഭം നേടുവാനും മുതിര്‍ന്നത്. ഉര്‍ദു ഏതെങ്കിലും ഒരു വര്‍ഗത്തിന്റെയോ മതത്തിന്റെയോ ഭാഷയല്ല. ലോകത്തിലൊട്ടുക്കും വ്യാപിച്ചുകിടക്കുന്ന ഒരു ജീവസ്സുറ്റ ഭാഷയാണിത്. ഇതിനെ ആര്‍ക്കും നശിപ്പിക്കാനാവില്ല.''

'നേപ്പാള്‍ സെക്കണ്ടറി എജുക്കേഷന്‍ ബോര്‍ഡ്' ഉര്‍ദുവിനെ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഈയിടെ നേപ്പാള്‍ ഗവര്‍മെന്റ് പ്രഖ്യാപിക്കുകയുണ്ടായി. ഇനി അവിടെ വിദ്യാര്‍ഥികള്‍ക്കു സ്‌കൂളുകളില്‍നിന്നുതന്നെ ഉര്‍ദു പഠിക്കാവുന്നതാണ്. നേപ്പാളികള്‍ക്കു പൊതുവില്‍ ഉര്‍ദു അറിയാം. എന്നാല്‍ പാഠ പദ്ധതിയില്‍ അതിനെ ഉള്‍പ്പെടുത്താനുള്ള വിദ്യാര്‍ഥികളുടെ ആവശ്യം ഗവര്‍െമന്റ് അംഗീകരിച്ചിരിക്കുന്നു. അവിടുത്തെ വിദ്യാര്‍ഥി നേതാവ് ജ: മുഹമ്മദ് ഇസ്രായല്‍ സാഹിബ് എഴുത്തുമൂലം അറിയിച്ച സന്തോഷവാത്തയാണിത്.

ഇത്രയും പറഞ്ഞതില്‍നിന്നും ഉര്‍ദു ഒരു പ്രത്യേക വര്‍ഗത്തിന്റെയോ മതത്തിന്റെയോ മാത്രം ഭാഷയല്ലെന്ന കാര്യം വ്യക്തമായല്ലൊ. ഇതൊരു അന്തര്‍ദേശീയ ഭാഷയാണ്. ലോകത്തിലെ ആയിരക്കണക്കിനുള്ള ഭാഷകളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനമാണ് ഉര്‍ദുവിന്റെത്. ഈ മഹത്തരമായ ഭാഷയെ യാതൊരാള്‍ക്കും യാതൊരു ശക്തികൊണ്ടും ഒരു കാലത്തും അമര്‍ത്തുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല. ഈ യാഥാര്‍ഥ്യം ഇവിടുത്തെ ഉര്‍ദുവിരോധികള്‍ ഒന്നു മനസ്സിലാക്കിയാല്‍ കൊള്ളാം.

ശബിസ്താന്‍-ഡല്‍ഹി, വിവ: എസ്.എം അന്‍വര്‍ (സല്‍സബീല്‍ ത്രൈ മാസിക, 1971, ഓഗസ്റ്റ്)