എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി

എന്‍.വി അബ്ദുസ്സലാം ബിന്‍ മുഹമ്മദ്

2021 ആഗസ്ത് 14 1442 മുഹര്‍റം 05

(1971 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ 'സല്‍സബീല്‍' ത്രൈമാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം)

(ഭാഗം: 02)

അബ്ദുര്‍റഹ്മാന്‍ മൗലവി മദ്‌റസത്തുല്‍ മുഹമ്മദിയ്യ(കോഴിക്കോട്)യില്‍ പഠിപ്പിച്ചിരുന്നു. വാഴക്കാട് ദാറുല്‍ ഉലൂം മദ്‌റസയില്‍ ജ:കൊയപ്പത്തോടി അഹ്മദ് കുട്ടി ഹാജി ജീവിച്ചിരിക്കുമ്പോള്‍, ജ:കെ.എം മൗലവിയുടെ നിര്‍ദേശപ്രകാരം ജ:പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരെ നിയമിച്ചിരുന്നു. അദ്ദേഹം വിട്ടുപോയപ്പോള്‍ തല്‍സ്ഥാനത്തു എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയെ ആയിരുന്നു നിശ്ചയിച്ചത്. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ദാറുല്‍ ഉലൂമിനെ മദ്രാസ് യൂനിവേഴ്‌സിറ്റി ഒരു അറബിക്കോളേജായി അംഗീകരിക്കുകയുണ്ടായി.

മദ്‌റസയെ വിചാരിച്ചപോലെ അഭിവൃദ്ധിപ്പെടുത്തുവാന്‍ ആവശ്യമായ പൂര്‍ണ സഹകരണം മാനേജ്‌മെന്റില്‍നിന്നും കിട്ടാത്തതിനെ പറ്റി അദ്ദേഹം പ്രിന്‍സിപ്പാളായിരിക്കുമ്പോള്‍ എന്നോട് ആവലാതിപ്പെട്ടത് ഞാന്‍ ഓര്‍ക്കുന്നു. അവസാനം മദ്‌റസ പെട്ടെന്ന് പൂട്ടുവാന്‍ മാനേജ്‌മെന്റിന്റെ നിസ്സഹകരണം ഇടയാക്കിയതിനാല്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയും വിദ്യാര്‍ഥികളും സ്ഥലം വിട്ടു. കെ.എം മൗലവി അവരെ തിരൂരങ്ങാടിയിലേക്ക് ക്ഷണിച്ചതു പ്രകാരം തറമ്മല്‍ പള്ളിയില്‍വെച്ച് അവര്‍ കുറച്ചുകാലം ക്ലാസ്സ് നടത്തിയെങ്കിലും കോളേജ് ജംഇയ്യത്തുല്‍ ഉലമായുടെ പേരിലോ, തിരൂരങ്ങാടിയിലുള്ള മാനേജ്‌മെന്റിന്റെ കീഴിലോ നടത്തേണ്ടത് എന്നൊരു അഭിപ്രായവ്യത്യാസം ഉണ്ടായി.

വാസ്തവത്തില്‍ കെ.എം മൗലവി ക്ഷണിച്ചപ്പോള്‍ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി കണക്കാക്കിയത് ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റ്ക്ഷണിക്കുന്നുവെന്നാണ്. തിരൂരങ്ങാടിയിലെ മാനേജ്‌മെന്റിന്റെ  പ്രസിഡന്റും കെ.എം മൗലവിയായതുകൊണ്ട് അവിടെയുള്ളവര്‍ മറിച്ചും ധരിച്ചു.

ബുദ്ധിയോടെ സ്വയം അര്‍പ്പിച്ച ഒരു വ്യക്തിയായിരുന്നു എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി സാഹിബ്. മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വുര്‍ആന്‍ പരിഭാഷ ആരംഭിച്ച മൂന്നു മഹാ പണ്ഡിതന്മാരില്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയും ഉള്‍പ്പെട്ടിരുന്നു. മറ്റു രണ്ടുപേര്‍ (1) കെ.എം മൗലവി, (2) പി. കെ മൂസമൗലവി ഇവരാണ്.

ഏതായാലും ജംഇയ്യത്തുല്‍ ഉലമായുടെ കീഴില്‍ തന്നെ കോളേജ് നടത്തണമെന്ന ഉറച്ച അഭിപ്രായമുള്ളതിനാല്‍ അബ്ദുര്‍റഹമാന്‍ മൗലവി മറ്റു സ്ഥലം അന്വേഷിച്ചു. ജംഇയ്യത്തുല്‍ ഉലമായുടെ കീഴിലാണ് കോളേജ് നടത്തേണ്ടതെന്ന് ജംഇയ്യത്തുല്‍ ഉലമാ തീരുമാനിക്കുകയും ചെയ്തിരുന്നു.

പുളിക്കല്‍ 'കവാകിബുന്നയ്യിറ' സംഘത്തിന്റെ ഭാരവാഹികള്‍ മൗലവിയെ സ്വാഗതം ചെയ്തതിനാല്‍ അദ്ദേഹം കോളേജ് അവിടെ സ്ഥാപിച്ചു. തന്റെ പിതാവ് കുഞ്ഞമ്മദ് ഹാജിയായിരുന്നു കവാകിബുന്നയ്യിറ സ്ഥാപിക്കുന്നതിനു പ്രചോദനം നല്‍കിയത്. തന്റെ അനുജന്‍ ഹസന്‍ മൗലവി പുളിക്കല്‍ ദര്‍സ് നടത്തുകയും ചെയ്തിരുന്നു.

കോളേജിന്ന് അംഗീകരണം നേടുന്ന വിഷയത്തിലും മറ്റു അഭിവൃദ്ധിക്കുവേണ്ടിയും അബ്ദുര്‍റഹ്മാന്‍ മൗലവി ചരിത്രത്തില്‍ തുല്യത കാണാത്ത ക്ലേശങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിക്ക് മറ്റുള്ളവര്‍ക്കില്ലാത്ത പല ഗുണങ്ങളുമുണ്ടായിരുന്നു. (1) അഹങ്കാരം അദ്ദേഹത്തെ തീണ്ടിയിട്ടേ ഇല്ല. (2) സത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവരുടെ സൂത്രങ്ങള്‍ കണ്ടുപിടിക്കുവാന്‍ സാമര്‍ഥ്യമുള്ള ഒരു ധീര പോരാളിയായിരുന്നു അദ്ദേഹം. (3) ക്വുര്‍ആനും സുന്നത്തും നബി ﷺ യും അനുയായികളും പിന്നീട് അവരോടടുത്ത കാലക്കാരായ മഹാപണ്ഡിതന്മാരും എങ്ങനെ മനസ്സിലാക്കിയോ അതേപ്രകാരം പുതിയ വ്യാഖ്യാനങ്ങളൊന്നും ചേര്‍ക്കാതെ മനസ്സിലാക്കണമെന്നു നിഷ്ഠയുണ്ടായിരുന്നു. (4) പിഴച്ച കക്ഷികള്‍ പുതുതായി നിര്‍മിച്ച തെറ്റായ വ്യാഖ്യാനങ്ങള്‍ സമുദായത്തില്‍ പ്രചരിച്ചുപോകുന്നതിന്നു എല്ലാ മുന്‍കരുതല്‍  നടപടികളും എടുക്കുന്നതില്‍ അദ്ദേഹത്തിനു അതിയായ ഉത്സാഹമുണ്ടായിരുന്നു. (5) എല്ലാവരുടെയും ഗുണകാംക്ഷിയായിരുന്നു. മറ്റുള്ളവരുടെ നന്മക്ക് വേണ്ടി അവര്‍ ആവശ്യപ്പെടാതെ തന്നെ ശ്രമിക്കാറുണ്ടായിരുന്നു.

സ്മാരക ഗ്രന്ഥത്തില്‍ കെ.എം. മൗലവിയുടെ ലേഖനത്തില്‍ ഇങ്ങിനെ പറയുന്നു:

''ഇളകാത്ത മനക്കരുത്തിന്റെയും നിലക്കാത്ത കഠിനാദ്ധ്വാനത്തിന്റെയും പര്യായമായിരുന്നു അദ്ദേഹം. താന്‍ ഏറെടുക്കുന്ന ബാധ്യതകള്‍ നല്ലനിലക്ക് നിറവേറ്റുവാന്‍ അദ്ദേഹം സദാ ഉത്സുകനായിരുന്നു. പ്രശസ്തമായ നിലയില്‍ നടന്നുവരുന്ന മദീനത്തുല്‍ ഉലൂം അറബി കോളേജിനെക്കുറിച്ചു ചിന്തിച്ചാല്‍ മതി പരേതന്റെ കഴിവുകള്‍ മനസ്സിലാക്കുവാന്‍. അതിന്റെ ഭരണം നിയന്ത്രിക്കുവാനും വീണുപോകാതെ നിലനിര്‍ത്തുവാനും പരേതന്‍ ചെയ്ത ശ്രമങ്ങള്‍ വിവരണാതീതമാണ്. ക്വുര്‍ആനും സുന്നത്തും അനുശാസിക്കുന്നവിധത്തിലുള്ള ഒരു ദീനീ സ്ഥാപനമായി അതിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് പ്രധാനമായുംഅബ്ദുര്‍റഹ്മാന്‍ മൗലവിയുടെ അദ്ധ്വാനമാണ്.

ആദര്‍ശസ്ഥിരതയും അഭിപ്രായദാര്‍ഢ്യവും സ്മര്യപുരുഷന്റെ ഒരു പ്രത്യേകതയായിരുന്നു. ഏതു കാര്യമാവട്ടെ, അദ്ദേഹം അതിനെ സംബന്ധിച്ച് ശരിയായ ഒരു മാര്‍ഗം കണ്ടെത്തും. അതില്‍തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യും. എന്ത് ഭീഷണി ഉയര്‍ന്നാലും സാഹചര്യം എത്രതന്നെ പ്രതികൂലമായാലും അതിന്നു ഇളക്കമില്ല. അദ്ദേഹത്തിന്റെ തെളിഞ്ഞുകണ്ടിരുന്ന ഒരു പ്രധാന ഗുണമായിരുന്നു അത്. സത്യത്തില്‍നിന്നും അണുവളവ് വ്യതിചലിക്കുകയോ തന്റെ അഭിപ്രായങ്ങളും ആദര്‍ശങ്ങളും മറ്റുള്ളവര്‍ക്ക് വേണ്ടി ബലിയര്‍പ്പിക്കുകയോ ചെയ്ത സംഭവങ്ങള്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ജീവിതത്തില്‍ ഒരിക്കലും എനിക്ക് കാണുവാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങിനെ തന്റെ ആദര്‍ശങ്ങളെയും അഭിപ്രായങ്ങളെയും മുറുകെപിടിച്ചുകൊണ്ട് എല്ലാ എതിര്‍പ്പുകളെയും നെഞ്ഞൂക്കോടെ നേരിട്ട ആദര്‍ശ പുരുഷന്മാര്‍ വളരെ വിരളമാണ്.''

സ്മാരക ഗ്രന്ഥത്തില്‍ കെ.എം മൗലവിക്ക് പുറമെ കുട്ട്യാമു സാഹിബ്, ഇ.കെ മൗലവി തുടങ്ങിയ പല മാന്യന്മാരും എം.സി.സിയുടെ ഗുണങ്ങള്‍ പ്രകീര്‍ത്തിച്ചുകൊണ്ടെഴുതിയിട്ടുണ്ട്. ലേഖന ദൈര്‍ഘ്യം ഭയന്നാണ് അവയില്‍ ചിലതെങ്കിലും ഉദ്ധരിക്കാത്തത്.

അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ അഭിലാഷങ്ങള്‍

ജ:അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് അതീവ ശ്രദ്ധാലുക്കളാണ് എന്നത് സന്തോഷകരമായ ഒരു വസ്തുതയാണ്. മദീനത്തുല്‍ ഉലൂം അറബിക്കോളേജും യതീംഖാനയും തന്റെ പിന്‍ഗാമികള്‍ എല്ലാ തുറകളിലും അഭിവൃദ്ധിപ്പെടുത്തുന്നത് കാണാം.

എന്നാല്‍ അദ്ദേഹത്തിന്റെ അഭിലാഷങ്ങളില്‍ ശിഷ്യന്മാരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തതോ അവര്‍ അവഗണിച്ചതോ ആയ ഒരു വിഷയം എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തുവാന്‍ എനിക്ക് ഉത്സാഹമുണ്ട്.

'കേരള അറബി പ്രചാരസഭ' എന്ന പേരില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം രൂപീകരിച്ചിരുന്നു. ചില നിയമങ്ങള്‍ എഴുതി അതിന്റെതായ കമ്മിറ്റി അംഗീകരിക്കുകയും അതനുസരിച്ചു മെമ്പര്‍മാരെ ചേര്‍ക്കുവാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഫത്‌വ കൊടുക്കുവാന്‍ തക്കവണ്ണം ക്വുര്‍ആനിലും സുന്നത്തിലും ഇസ്‌ലാമിക സംസ്‌കാരത്തിലും അറബി സാഹിത്യത്തിലും പ്രാപ്തി നേടിയ മഹാ പണ്ഡിതന്മാര്‍ക്ക് നേതൃത്വം നല്‍കാന്‍ വേണ്ടി കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പേരില്‍ സംഘടിച്ചിട്ടുണ്ടല്ലോ. അത്രതന്നെ ഉയര്‍ന്നിട്ടില്ലെങ്കിലും ക്വുര്‍ആനും സുന്നത്തും അറബി സാഹിത്യവും ഗ്രഹിക്കുകയും അതിനനുസരിച്ച് ജീവിക്കുവാന്‍ തയ്യാറായിരിക്കുകയും ചെയ്യുന്ന രണ്ടാംകിടക്കാരെ സംഘടിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു ആ സംഘടന രൂപീകരിച്ചത്. ഒന്നാം കിടക്കാര്‍ക്കും ഇതില്‍ ചേരാവുന്നതാണ്.

ആ സംഘത്തിന്റെ പേര്‍ 'അറബി പ്രചാരസഭ' എന്നാണെങ്കിലും അറബി അറിയുന്ന എല്ലാവരെയും ചേര്‍ക്കുവാന്‍ വേണ്ടിയായിരുന്നില്ല അതു സ്ഥാപിച്ചത്.

ആദ്യം അറബിയില്‍ ഒരു മാസിക പുറപ്പെടുവിക്കണമെന്ന ഉദ്ദേശത്തോടെ ചിലര്‍ കൂടിയാലോചിക്കുകയും ചിന്തിക്കുകയും ആ വിവരം എം.സി അബ്ദുര്‍റഹ്മാന്‍ മൗലവിയോട് പറയുകയും ചെയ്യുകയുണ്ടായി. മാസിക നടത്തുന്നതിന്നല്ല തിരക്കേണ്ടതെന്നും ആദ്യം വേണ്ടത് ഒരു സംഘടനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പ്രസ്തുത ആവശ്യത്തിനായി ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ആ കമ്മിറ്റി കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു യോഗം വിളിച്ചുകൂട്ടുകയും ചെയ്തു.

യോഗത്തിന്റെ മുമ്പായി പട്ടാള പള്ളിയില്‍വെച്ചു പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ ഒരു യോഗം ചേരുകയുണ്ടായി. യോഗത്തില്‍ പല അഭിപ്രായങ്ങളും പറയപ്പെട്ടുവെങ്കിലും അവസാനം പ്രസിഡന്റിന്റെ നിര്‍ദേശം എല്ലാവരും സ്വീകരിക്കുകയാണുണ്ടായത്.

അറബി അറിയുന്നവരെയെല്ലാം സംഘടിപ്പിക്കുകയെന്നതല്ല ആവശ്യം. അന്ധവിശ്വാസങ്ങളില്‍നിന്നും പിഴച്ച പുത്തന്‍ അഭിപ്രായങ്ങളില്‍നിന്നും രക്ഷപ്പെട്ടു ക്വുര്‍ആനും സുന്നത്തും പിന്‍പറ്റി സലഫിന്റെ വഴിയനുസരിക്കുന്ന ഒരു സംഘമാണ് ആവശ്യമെന്ന് അദ്ദേഹം നിര്‍ദേശിക്കുകയുണ്ടായി.

ഇപ്പോഴത്തെ മോഡേണ്‍ ഏജും മറ്റും കാണുമ്പോള്‍ ഈ സംഘടനയുടെ ആവശ്യകത കൂടുതല്‍ ബോധ്യപ്പെടുന്നില്ലയോ?

ടൗണ്‍ഹാളില്‍ യോഗം ചേര്‍ന്നപ്പോള്‍ ഈ ആദര്‍ശത്തില്‍നിന്നു സംഘത്തെ വ്യതിചലിപ്പിക്കുവാനുള്ള പല ശ്രമങ്ങളും യോഗത്തില്‍ പങ്കെടുത്ത പുത്തന്‍ കൂട്ടുകാര്‍ നടത്തിയെങ്കിലും യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച ഇ.കെ മൗലവിയുടെ നയതന്ത്രം കാരണം അഡ്‌ഹോക്ക് കമ്മിറ്റി നിശ്ചയിച്ച പ്രകാരം ജ: എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ നേതൃത്വത്തില്‍ സംഘം രൂപീകരിക്കപ്പെടുകയുണ്ടായി.

അറബിഭാഷാ പ്രചരണത്തിന്നും ഇസ്‌ലാമിക പ്രചരണത്തിന്നുമുള്ള വഴി ആസൂത്രണം ചെയ്യുവാനും നിയമകരട് രൂപീകരിക്കുവാനും വേണ്ടി  പ്രസ്തുത കമ്മിറ്റിയുടെയും ജനറല്‍ ബോഡിയുടെയും യോഗങ്ങള്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ജീവിതകാലത്ത് അരീക്കോടും പുളിക്കലും തിരൂരങ്ങാടിയിലുമായി ചേര്‍ന്നെങ്കിലും, അദ്ദേഹത്തിന്റെ മരണത്തോടുകൂടി പ്രവര്‍ത്തനം സ്തംഭിച്ചിരിക്കയാണ്. പ്രസ്തുത സംഘത്തിന്റെ പുനര്‍ജീവനത്തിനും തദ്വാരാ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ അഭിലാഷ പൂര്‍ത്തീകരണത്തിനുമായി ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.

ഇസ്‌ലാമിന്റെ നിലനില്‍പിനു വേണ്ടിയും അല്ലാഹുവിന്റെ കലിമ ഉയര്‍ന്നിരിക്കുന്നതിന് വേണ്ടിയുമുള്ള ജിഹാദില്‍ ആരുടെയും മുഖസ്തുതി വിലവെക്കാതെയും പഴഞ്ചനെന്നോ പിന്തിരിപ്പനെന്നോ ഉള്ള പരിഹാസ വാക്കുകളെ അവഗണിച്ചുകൊണ്ടും മുന്നോട്ടുനീങ്ങുന്ന ഒരു നേതൃത്വം ഇന്ന് മുസ്‌ലിം സമുദായത്തിന്നു അത്യന്താപേക്ഷിതമായിരിക്കുന്നു. കെ.എം മൗലവിയെ പോലെയും എം.സി.സിയെ പോലെയുമുള്ള മഹാവ്യക്തികള്‍ നഷ്ടപ്പെട്ട വിടവ് നികത്തുവാന്‍ അല്ലാഹു സഹായിക്കട്ടെ. പരലോകത്തില്‍ അവന്റെ മുമ്പാകെ ഹാജരാക്കപ്പെടുമ്പോള്‍ അവന്റെ തൃപ്തി സമ്പാദിക്കുന്നവരില്‍ അവന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ. (ആമീന്‍)