ഹിദായത്ത്

വി.സി അഹ്മദ്കുട്ടി, മയ്യഴി

2021 ഒക്ടോബര്‍ 23 1442 റബിഉല്‍ അവ്വല്‍ 16

മലയാള ഭാഷയില്‍, 'മാര്‍ഗദര്‍ശനം' എന്ന് മിക്കവാറും വിവര്‍ത്തനം ചെയ്യാറുള്ള അറബി പദമാണ് 'ഹിദായത്ത്.' കുറഞ്ഞത് 17 പ്രാവശ്യം ദിവസേന ഓരോ മുസ്‌ലിമും തന്റെ നാഥനോട് കനിഞ്ഞേകുവാന്‍ അപേക്ഷിക്കുന്ന ഒരു സുപ്രധാന കാര്യമാണ് ഹിദായത്ത്. കേവലം മാര്‍ഗദര്‍ശനം എന്നു മാത്രം ഇവിടെ വിവര്‍ത്തനം ചെയ്യുമ്പോള്‍ വിപുലമായ അര്‍ഥമുള്ള ഈ അറബിപദം പൂര്‍ണമായി നിര്‍വചിക്കപ്പെടുന്നില്ലെന്നതാ ണ് വാസ്തവം. വിശുദ്ധ ക്വുര്‍അനില്‍ നാം പരിശോധിക്കുന്നതായാല്‍ ഹിദായത്ത് 4 വിധത്തിലുള്ളതായിക്കാണാം.

1) മനുഷ്യരടക്കമുള്ള സര്‍വ ജീവജാലങ്ങള്‍ക്കും അല്ലാഹു നല്‍കുന്ന ഹിദായത്താണ് അവയിലൊന്ന്. ഓരോ ജീവിക്കും അതിന്റെ ആഹാരം തുടങ്ങിയുള്ള ജീവിതാവശ്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ നല്‍കപ്പെടുന്ന മാര്‍ഗദര്‍ശനമാണ് ഈ ഹിദായത്തുകൊണ്ട് വിശുദ്ധ ക്വുര്‍ആനില്‍ വിവക്ഷിക്കുന്നത്. വിശുദ്ധ ക്വുര്‍ആനില്‍ മൂസാ നബിയുടെയും ഫിര്‍ഔനിന്റെയും മധെ്യ നടന്ന സംഭാഷണം വിവരിക്കുന്നത് നോക്കുക: ''ഫിര്‍ഔന്‍ ചോദിച്ചു: ആരാണ് മൂസേ നിങ്ങള്‍ രണ്ടു പേരുടെയും നാഥന്‍? മൂസാനബി പറഞ്ഞു. ഓരോ വസ്തുവിനും അതിന്റെ പ്രകൃതി നല്‍കുകയും പിന്നീട് അതിനു മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തവനാണ് ഞങ്ങളുടെ നാഥന്‍'' (ത്വാഹാ). തേനീച്ചക്ക് അതിന്റെ ആഹാരം തേടിപ്പിടിക്കാന്‍ അല്ലാഹു നല്‍കുന്ന മാര്‍ഗദര്‍ശനത്തെ സംബന്ധിച്ച് വിശുദ്ധ ക്വുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: ''നിന്റെ നാഥന്‍ തേനീച്ചക്ക് ബോധനം നല്‍കി; പര്‍വതങ്ങളിലും വൃക്ഷങ്ങളിലും അവര്‍ പടുത്തുയര്‍ത്തുന്ന കെട്ടിടങ്ങളിലും കൂടുണ്ടാക്കുക. എന്നിട്ട് നാനാവിധ പഴങ്ങളില്‍നിന്നും ഭക്ഷിക്കുക'' (നഹ്ല്‍).

ആശാരി ആശാരിപ്പണിയും തട്ടാന്‍ തട്ടാന്‍പണിയും കര്‍ഷകന്‍ കൃഷിപ്പണിയും വൈദ്യന്‍ ചികിത്സയും എല്ലാം ചെയ്യുന്നത് ഈ മാര്‍ഗദര്‍ശനത്തിന്റെ ഫലമായിട്ടാണ്. സുലൈമാന്‍ നബിയും സൈന്യവും ഉറുമ്പിന്റെ താഴ്‌വരയില്‍ എത്താറായപ്പോള്‍ ഒരു ഉറുമ്പ് തന്റെ സഹജീവികളെ ഉപദേശിച്ചതും ഇതേ മാര്‍ഗദര്‍ശനത്തിന്റെ ഫലമായിരുന്നു. പരുന്ത് പറക്കുമ്പോള്‍ അച്ചിക്കോഴി അതിന്റെ കുഞ്ഞുങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതും തല്‍ഫലമായി കുഞ്ഞുങ്ങള്‍ മുന്‍കൂട്ടിയുള്ള യാതൊരു അധ്യാപനവും കൂടാതെ തന്നെ തള്ളയുടെ ചിറകിനുള്ളില്‍ പതുങ്ങിയൊളിക്കുന്നതും ഇതേ മാര്‍ഗദര്‍ശനത്തിന്റെ ഫലമായിട്ടാണ്. മനുഷ്യശിശുക്കള്‍ക്ക് ഏറ്റവും ദുര്‍ബലമായ അവസ്ഥയില്‍ മാതാക്കളുടെ മാര്‍വിടത്തില്‍നിന്ന് പാല്‍കുടിക്കാന്‍ മാര്‍ഗദര്‍ള്‍ശനം ചെയ്ക വഴി അല്ലാഹു നല്‍കിയ അനുഗ്രഹത്തെ വിശുദ്ധ ക്വുര്‍ആനില്‍ ഇങ്ങനെ അനുസ്മരിപ്പിക്കുന്നു: ''നാം മനുഷ്യന് രണ്ടു കണ്ണും ഒരു നാവും രണ്ടു ചുണ്ടും ഉണ്ടാക്കിക്കൊടുത്തില്ലേ? രണ്ടു മലകളിലേക്ക് (നജ്ദയ്ന്‍) അവന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു''(ക്വുര്‍ആന്‍).

(ഇവിടെ മൂലത്തിലുള്ളത് 'നജ്ദ്' എന്നാണ്. മിക്ക മുഫസ്സിറുകളും ഇവിടെ അര്‍ഥം കൊടുത്തത് വ്യക്തമായിക്കാണത്തക്കവണ്ണം തെൡഞ്ഞ നിലയില്‍ ഉയര്‍ന്നുകിടക്കുന്ന വഴി എന്നാണ്. അത് നേര്‍മാര്‍ഗവും ദുര്‍മാര്‍ഗവും ആണെന്ന് അവര്‍ വിശദീകരിക്കുന്നു. ലേഖകന്‍ പറഞ്ഞ അര്‍ഥവും ചിലര്‍ പറഞ്ഞിട്ടുണ്ട്- പത്രാധിപര്‍).

പറവജാതികള്‍ പറക്കുന്നതും ഇഴജന്തുക്കള്‍ ഇഴയുന്നതുമെല്ലാം നാഥന്‍ നല്‍കിയ ഈ മാര്‍ഗദര്‍ശനത്തിന്റെ ഫലമായിട്ടാണ്. സര്‍വ ചരാചരങ്ങളും അവയുടെ പ്രകൃതിക്കനുയോജ്യമായ ഇര തേടിപ്പിടിക്കുന്നത് അല്ലാഹുവിന്റെ ഈ അനുഗ്രഹത്താല്‍ മാത്രമാകുന്നു. അല്ലായിരുന്നുവെങ്കില്‍ തേനുള്ളിടത്ത് തേനീച്ചക്കോ പഞ്ചസാരയുള്ളേടത്ത് ഉറുമ്പിനോ രക്തമുള്ളേടത്ത് മൂട്ടക്കോ ചെന്നെത്താന്‍ സാധ്യമാകുമായിരുന്നില്ല.

രണ്ടാമത്തെ ഹിദായത്ത് മനുഷ്യവര്‍ഗത്തിനാകമാനം പൊതുവെയുള്ളതാണ്. ആ ഹിദായത്ത് മറ്റു ജീവികള്‍ക്കൊന്നും നല്‍കപ്പെട്ടിട്ടില്ല. അതത്രെ അവന്റെ വിവേചന ബുദ്ധി, അഥവാ നല്ലതിനെയും ചീത്തയെയും വേര്‍തിരിച്ചറിയാനുള്ള കഴിവ്. മനുഷ്യന്റെ ഈ സവിശേഷതയെ ഒറ്റവാക്കില്‍ മനസ്സാക്ഷി എന്ന പദംകൊണ്ട് നമുക്ക് നിര്‍വചിക്കാം. ഈ ഹിദായത്തിനെ സംബന്ധിച്ച് വിശുദ്ധ ക്വുര്‍ആനില്‍ പലേടങ്ങളിലും പ്രസ്താവിച്ചതായി കാണാം. ''മനുഷ്യാത്മാവിനെയും അതിന്റെ അന്യൂനാവസ്ഥയെയും; അതിന്റെ ധിക്കാരവും സൂക്ഷ്മതയും സംബന്ധിച്ച് അതിന് നല്‍കിയ ബോധനത്തെയുംകൊണ്ട് സത്യം'' (വി. ക്വു). ''നിശ്ചയമായും നാം അവന്ന് വഴി കാണിച്ചുകൊടുത്തു. അവന്‍ കൃതജ്ഞനോ കൃതഘ്‌നനോ എന്തായാലും'' (വി.ക്വു).

ഇതേ മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് മരണാനന്തര ജീവിതത്തില്‍ മനുഷ്യന് ശിക്ഷയോ രക്ഷയോ ലഭിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ മനുഷ്യന്റെ ഈ വിവേചനബുദ്ധി, അല്ലെങ്കില്‍ മനസ്സാക്ഷി ദൈവം അവനില്‍ നിക്ഷേപിച്ചിട്ടുള്ള ഒരു അമാനത്താകുന്നു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് നോക്കുക: ''അമാനത്ത് ആകാശങ്ങള്‍ക്കും ഭൂമിക്കും പര്‍വതങ്ങള്‍ക്കും നാം സമര്‍പ്പിച്ചു. അപ്പോള്‍ അവയെല്ലാം അത് ചുമക്കാന്‍ വിസമ്മതിക്കുകയും അതിനെപ്പറ്റി ഭയപ്പെടുകയും ചെയ്തു. മനുഷ്യന്‍ അതു ചുമന്നു. നിശ്ചയമായും അവന്‍ അക്രമിയും മൂഢനുമാണ.് കപടവിശ്വാസികളെയും കപട വിശ്വാസിനികളെയും ബഹുദൈവ വിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാനും സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും കനിഞ്ഞനുഗ്രഹിക്കുവാനും (ഇതു കാരണമായി). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (വി.ക്വു).

മൂന്നാമത്തെ ഹിദായത്ത് പ്രവാചകത്വമാണ്. അഥവാ പ്രവാചകന്മാര്‍ക്ക് ദൈവം നല്‍കുന്ന ദിവ്യബോധനമാണ്. പരിമിതമായ കഴിവുകളോടുകൂടിയും ദുര്‍ബലനായിട്ടുമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്' (വി.ക്വു). അവന്റെ സര്‍വ കഴിവുകളും ഒരതിരുവരെ മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. അവന്റെ പഞ്ചേന്ദ്രിയങ്ങളെല്ലാംതന്നൈ അവയുടെ കഴിവില്‍ പരിമിതമാണ്. ഒരതിരിന്നപ്പുറമോ ഇപ്പുറമോ കാണാനോ കേള്‍ക്കാനോ മണക്കാനോ അവന് സാധ്യമല്ല. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ജീവിയുടെയോ വൃക്ഷത്തിന്റെയോ അവന്റെതന്നെയോ വളര്‍ച്ചയുടെ പ്രക്രിയ അവനു കാണാന്‍ സാധ്യമല്ല. പിന്നെ ഇതരജീവികള്‍ക്കില്ലാത്ത ഒരു സവിശേഷത രണ്ടാം ഹിദായത്തുകൊണ്ടു നാം നിര്‍വചിച്ച അവന്റെ വിവേചനശക്തിയാണ്; അഥവാ അവന്റെ വിശേഷബുദ്ധിയാണ്. അതാകട്ടെ സ്വയം പര്യാപ്തമല്ലതാനും. മനുഷ്യന്റെ ബഹുമുഖങ്ങളായ ജീവിതമണ്ഡലങ്ങളില്‍ അവന്‍ കൈക്കൊള്ളേണ്ട നിലപാടു നിര്‍ദേശിക്കാന്‍ മാത്രം കഴിവ് ബുദ്ധിക്കില്ലെന്നത് വളരെ വ്യക്തമാണ്. ബുദ്ധിയെ മാത്രം ആസ്പദമാക്കി മനുഷ്യന് തന്നെസ്സംബന്ധിച്ചോ തന്റെ ജീവിതലക്ഷ്യത്തെ സംബന്ധിച്ചോ പ്രപഞ്ചത്തില്‍ തനിക്കുള്ള ശരിയായ പരിപാടിയെ സംബന്ധിച്ചോ ശരിയായ ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധ്യമല്ലെന്നു സോക്രട്ടീസ് തുടങ്ങി കാറല്‍ മാര്‍ക്‌സ് വരെയുള്ള ബുദ്ധിമാന്മാരുടെ നിരീക്ഷണങ്ങളും തല്‍ഫലമായി ആ ചിന്തകന്മാര്‍ എത്തിച്ചെന്നിട്ടുള്ള നിഗമനങ്ങളിലെ പരസ്പരവൈരുധ്യവും ചരിത്രത്തിന്റെ താളുകളിലൂടെ മനുഷ്യവര്‍ഗത്തിന്റെ മുമ്പാകെ തുറന്നു പ്രഖ്യാപിക്കുന്നു. മനുഷ്യനാകട്ടെ തന്റെ സ്വന്തം തീരുമാനമനുസരിച്ചു വന്നവനോ തന്റെ തീരുമാനമനുസരിച്ചു ലോകത്തുനിന്നു വേര്‍പെടുന്നവനോ അല്ല. മാത്രമല്ല അവന്റെ ഈലോക ജീവിതകാലത്ത് ഉപജീവനാര്‍ഥം തന്റെ മാതാവിന്റെ മാര്‍വിടത്തുള്ള പാല്‍ തുടങ്ങി മരണം വരെ അവനാവശ്യം വരുന്ന സര്‍വ വസ്തുക്കളും ഇവിടെ സജ്ജീകൃതമായിട്ടുള്ളതും അവന്റെയോ അവന്റെ മാതാപിതാക്കളുടേയോ പരിശ്രമഫലമായിട്ടല്ല. പ്രകൃത്യാ സമൂഹജീവിയായ മനുഷ്യന്‍ സമൂഹത്തില്‍ തന്റെ ജീവിതത്തിന്റെ വിവിധ ദശകളില്‍ വ്യത്യസ്തങ്ങളായ നിലപാടുകള്‍ വരിക്കേണ്ടതുമുണ്ട്. ഒരു കാലത്ത് അവന്‍ വിദ്യാര്‍ഥിയാണെങ്കില്‍ മറ്റൊരു കാലത്ത് അധ്യാപകനായിരിക്കും. ഒരുകാലത്തു മകനും മറ്റൊരു കാലത്തു ഭര്‍ത്താവും അപ്പനും എന്നുവേണ്ടാ, തന്റെ ജീവിതത്തിന്റെ വിവിധദശകളില്‍ പല രംഗങ്ങളിലും പല നിലപാടാണ് അവനു സമാജത്തില്‍ ഉണ്ടായിരിക്കുക. ഈ വിവിധങ്ങളായ മണ്ഡലങ്ങളില്‍ മനുഷ്യന്‍ അവന്‍ നിര്‍വഹിക്കേണ്ട ബാധ്യതകളും അവനു ലഭിക്കേണ്ട അവകാശങ്ങളും നിര്‍ണയിക്കാനോ നിര്‍ദേശിക്കാനോ അവന്റെ ബുദ്ധിയോ അവന്റെ സഹജീവികളുടെ ബുദ്ധിയോ ശക്തമല്ലാത്തതു നിമിത്തം അവനു പ്രസ്തുത കാര്യങ്ങളില്‍ തന്റെ നാഥങ്കല്‍നിന്നുള്ള മാര്‍ഗദര്‍ശനത്തിന്റെ ആവശ്യകത അനിവാര്യമായും നേരിടുന്നു.

ഈ മാര്‍ഗര്‍ശനം അഥവാ ഹിദായത്ത് ദൈവം മനുഷ്യരില്‍ ഓരോ വ്യക്തിക്കും വെവ്വേറെ നേരിട്ട് നല്‍കയല്ല ചെയ്യുന്നത്. അടിസ്ഥാനപരമായി മനുഷ്യരുടെയെല്ലാം പ്രകൃതി ഒന്നാകയാല്‍ അവര്‍ക്കെല്ലാം കൂടി ഒരു പ്രവാചകന്‍ മുഖേന ഹിദായത്ത് നല്‍കുകയാണ് അല്ലാഹു ചെയ്തിട്ടുള്ളത്. അല്ലാഹു പറയുന്നതു നോക്കുക: ''അല്ലാഹു അദൃശ്യകാര്യങ്ങള്‍ നിങ്ങള്‍ക്ക് പ്രത്യക്ഷമാക്കുകയില്ല. പക്ഷേ, അല്ലാഹു അവന്റെ ദൂതന്മാരില്‍നിന്നാണ് അവനുദ്ദേശിക്കുന്നവരെ (ആ കാര്യത്തിനായി) തിരഞ്ഞെടുക്കുന്നത്'' (വി.ക്വു.). സൂറഃ അന്‍ആമില്‍ പല പ്രവാചകന്മാരുടെയും പേര്‍ പറഞ്ഞതിനുശേഷം അല്ലാഹു പറയുന്നു: ''ഇവരാണ് അല്ലാഹു ഹിദായത്തു നല്‍കിയവര്‍; അവരുടെ സന്മാര്‍ഗത്തെ പിന്‍പറ്റുക'' (വി.ക്വു). അതേപറ്റി സൂറത്തു മര്‍യമിലും ഇബ്‌റാഹീം, മുസാ തുടങ്ങിയ പല പ്രവാചകന്മാരെ സംബന്ധിച്ചും  പ്രസ്താവിച്ചതിനു ശേഷം അല്ലാഹു പറയുന്നതു നോക്കുക: 'ഇവര്‍ നാം അനുഗ്രഹിച്ചിട്ടുള്ള പ്രവാചകന്മാരാണ്. ആദമിന്റെ സന്താന പരമ്പരയില്‍നിന്നും നാം നൂഹിന്റെ കൂടെ കപ്പലില്‍ കയറ്റിയവരില്‍നിന്നും, ഇബ്‌റാഹീമിന്റെയും ഇസ്‌റാഈലിന്റെയും സന്താനങ്ങളില്‍നിന്നുമുള്ളവരാണ് . ഇവര്‍ നാം തിരഞ്ഞെടുത്തവരും നാം ഹിദായത്തു നല്‍കിയിട്ടുള്ളവരുമാണ്'' (വി.ക്വു.)

ഈ പ്രവാചകന്മാരും ഇവര്‍ക്കു പുറമെ ക്വുര്‍ആനില്‍ പേര്‍ വിവരിച്ചിട്ടില്ലാത്ത മറ്റനേകം പ്രവാചകന്മാരും പല കാലങ്ങളിലായി ഈ ലോകത്തു പല ദേശങ്ങളില്‍ നിയോഗിക്കപ്പെട്ടവരാണ്. പക്ഷേ, അവര്‍ക്കെല്ലാം നിര്‍ദേശിക്കപ്പെട്ട മതം ഒരേ ഒരു മതമാണ്. കാല, സ്ഥല വ്യത്യാസങ്ങളെ കണക്കിലെടുത്തു ശാഖാപരമായ കാര്യങ്ങളില്‍ അല്‍പസ്വല്‍പം വ്യത്യാസമുണ്ടായിരുന്നുവെന്നുമാ ത്രം. വിശുദ്ധ ക്വുര്‍ആന്‍ പ്രസ്താവിക്കുന്നതു നോക്കുക: ''പറയുക: ഞങ്ങള്‍ അല്ലാഹുവിലും ഞങ്ങള്‍ക്കവതീര്‍ണമായതിലും ഇബ്‌റാഹീമിനും ഇസ്മാഈലിനും ഇസ്ഹാക്വിനും അസ്ബാത്തിനും അവതീര്‍ണമായതിലും; മൂസാക്കും ഈസാക്കും നല്‍കപ്പെട്ടതിലും മറ്റെല്ലാ പ്രവാചകന്മാര്‍ക്കും തങ്ങളുടെ നാഥനില്‍നിന്നു നല്‍കപ്പെട്ടതിലും വിശ്വസിക്കുന്നു. അവരില്‍ ആരുടെയിടയിലും ഞങ്ങള്‍ വ്യത്യാസപ്പെടുത്തുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് ആത്മാര്‍പ്പണം ചെയ്തവരാകുന്നു'' (വി.ക്വു). പ്രവാചക ചങ്ങലയിലെ അവസാനത്തെ കണ്ണിയായ മുഹമ്മദ് നബി ﷺ ക്കു നല്‍കപ്പെട്ട ഹിദായത്ത് ലോകത്തിനാകമാനമുള്ളതും ലോകാവസാനംവരേക്കുമുള്ളതുമാകുന് നു.

മനുഷ്യന്റെ ജന്മസിദ്ധമായ പഞ്ചേന്ദ്രിയങ്ങളും നല്ലതും തിയ്യതും വേര്‍തിരിച്ചറിയാനുള്ള വിശേഷബുദ്ധിയും എല്ലാ മനുഷ്യര്‍ക്കും പൊതുവായുള്ള ഗുണങ്ങളാണല്ലോ. അതേപ്രകാരം തന്നെ പ്രവാചകന്മാര്‍വഴിക്കുള്ള മാര്‍ഗദര്‍ശനവും മാനവസമുദായത്തിന് അതിന്റെ നാഥനില്‍നിന്നുമുള്ള പൊതുസംഭാവനതന്നെയാണ്. പ്രവാചകത്വം മുഖേന ലഭിക്കുന്ന മാര്‍ഗദര്‍ശനം വഴിയായി യാതൊരു സന്ദേഹത്തിനും ഇടയില്ലാത്തവിധം 'സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്നും വ്യതിരിക്തമായി നിലകൊള്ളുന്നു''(വി.ക്വു.). എന്നിരുന്നിട്ടും സന്മാര്‍ഗം അവലംബിക്കുന്ന കാര്യത്തില്‍ മനുഷ്യര്‍ ഒരേ നിലക്കാരല്ലെന്നുള്ളതാണു വാസ്തവം. അവരില്‍ സല്‍കര്‍മകാരികളുണ്ട്, ദുഷ്‌കര്‍മകാരികളുമുണ്ട്; ഉല്‍കൃഷ്ടരുമുണ്ട്, നികൃഷ്ടരുമുണ്ട്. മനുഷ്യരുടെ ഈ വ്യത്യസ്ത നിലപാട് അന്ത്യപ്രവാചകന്റെ അനുയായികളിലെന്നപോലെ തന്നെ മുന്‍ പ്രവാചകരുടെ അനുയായികളിലും കാണാവുന്നതാണ്. വേദക്കാരെ സംബന്ധിച്ച് വിശുദ്ധ ക്വുര്‍ആന്‍ പ്രസ്താവിക്കുന്നത് 'അവരെല്ലാം സമന്മാരല്ല. രാത്രിസമയങ്ങളില്‍ ദിവ്യവാക്യങ്ങള്‍ പാരായണം ചെ യ്തുകൊണ്ട് നിന്നും സാഷ്ടാംഗം ചെയ്തും ആരാധന ചെയ്യുന്ന ഒരു സമൂഹം വേദക്കാരിലുണ്ട്' (വി.ക്വു.) എന്നാണല്ലോ. കാലദേശവ്യത്യാസമന്യെ മനുഷ്യവര്‍ഗത്തില്‍ സജ്ജനങ്ങളെയും ദുര്‍ജനങ്ങളെയും എന്നും കാണാവുന്നതാണ്. ആദ്യമനുഷ്യനായ ആദൗമിന്റെ രണ്ടു സന്താനങ്ങളുടെ നിലപാടും രണ്ടു വിധത്തിലായിരുന്നുവെന്നു വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഒരു മാതാപിതാക്കളുടെ രണ്ടു സന്താനങ്ങള്‍ രണ്ടുവ്യത്യസ്ത മാര്‍ഗങ്ങള്‍-സന്മാര്‍ഗവും ദുര്‍മാര്‍ഗവും- അവലംബിക്കുന്നത് എന്തുകൊ ണ്ടാണ്? സാഹചര്യങ്ങളുടെ വ്യത്യാസമാണെന്നാണ് ഉത്തരമെങ്കില്‍ ഹാബീലിന്റെയും ക്വാബീലിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കാന്‍ തരമില്ലല്ലോ. അതേപോലെത്തന്നെ ഒരേ സാഹചര്യത്തില്‍ വളരുന്ന ജ്യേഷ്ഠാനുജന്മാരെ ധര്‍മദൃഷ്ട്യാ വ്യത്യസ്ത പാന്ഥാവിലൂടെ ചരിക്കുന്നതായി ധാരാളം കാണാവുന്നതാണ്. വാസ്തവമെന്തെന്നാല്‍ സന്മാര്‍ഗിയായി ജീവിതം നയിക്കാന്‍ സന്മാര്‍ഗത്തെപ്പറ്റിയുള്ള ജ്ഞാനം മാത്രം പോരാ. പ്രത്യുത സന്മാര്‍ഗത്തോടു പ്രതിപത്തിയും ദുര്‍മാര്‍ഗത്തോടു വെറുപ്പം ഉണ്ടായാല്‍ മാത്രമെ മനുഷ്യന്‍ സന്മാര്‍ഗം സ്വീകരിക്കുകയും ദുര്‍മാര്‍ഗം വര്‍ജിക്കുകയും ചെയ്യുകയുള്ളൂ. ഈ നിലപാട് അവനില്‍ സംജാതമാകുന്നത് മുന്‍ വിവരിച്ച അല്ലാഹുവിന്റെ ഹിദായത്തുകള്‍ മൂന്നിനുമുപരിയായി അല്ലാഹു നല്‍കുന്ന നാലാമത്തെ ഹിദായത്തിന്റെ ഫലമായിട്ടാകുന്നു.

ഈ കാര്യം വിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നതു നോക്കുക: ''പക്ഷേ,  അല്ലാഹു സത്യവിശ്വാസത്തെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതാക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അതിനെ കൗതുകകരമാക്കുകയും അവിശ്വാസം, തോന്ന്യാസം, ധിക്കാരം എന്നിവയെ നിങ്ങള്‍ക്ക് വെറുക്കപ്പെട്ടതാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍. അല്ലാഹുവിങ്കല്‍നിന്നുമുള്ള അനുഗ്രഹവും ഔദാര്യവു വുമായിട്ടത്രെ ഇത്'' (വി.ക്വു.).

ഈ ഹിദായത്തു നല്‍കുന്നവന്‍ അല്ലാഹു ഏകന്‍ മാത്രമാണ്. മുര്‍സലായ നബിക്കോ മുക്വര്‍റബായ മലക്കിനോ സാധ്യമല്ല ഈ ഹിദായത്ത് മനുഷ്യന്ന് നല്‍കുവാന്‍. 'നീ ഇഷ്ടപ്പെടുന്നവനു ഹിദായത്തു നല്‍കുവാന്‍ നിനക്ക് സാധ്യമല്ല' എന്ന് വിശുദ്ധ ക്വുര്‍ നില്‍ തിരുനബിയോടു പറഞ്ഞിട്ടുള്ളത് ഈ ഹിദായത്തിനെ സംബന്ധിച്ചാകുന്നു. 'നിശ്ചയമായും നീ നേരായ മാര്‍ഗത്തിലേക്ക് ഹിദായത്ത് ചെയ്യുന്നു' എന്നു വിശുദ്ധ ക്വുര്‍ആനില്‍ നബിയോടു പറഞ്ഞിട്ടുള്ളത് മാര്‍ഗദര്‍ശനം ചെയ്യുക എന്ന അര്‍ഥത്തിലുള്ള, മേല്‍വിവരിച്ച മൂന്നാമത്തെ അര്‍ഥത്തിലാകുന്നു. മൂന്നാമത്തെയും നാലാമത്തെയും അര്‍ഥങ്ങള്‍ വിശുദ്ധ ക്വുര്‍ആനില്‍ വേര്‍തിരിച്ചു മനസ്സിലാക്കാത്തവര്‍ ആശയക്കുഴപ്പത്തിലാവാറുണ്ട്. അല്ലാഹു നമുക്ക് ഹിദായത്ത് നല്‍കുമാറാകട്ടെ.

(സല്‍സബീല്‍ ത്രൈമാസിക, 1971 ഓഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം)