ഇസ്‌ലാം 'വാളിന്റെ തണലില്‍?'

പി. അഹ്മദ് കുട്ടി മൗലവി

2021 നവംബര്‍ 06 1442 റബിഉല്‍ ആഖിര്‍ 01

ഒട്ടേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു മതമാണ് ഇസ്‌ലാം. ഇസ്‌ലാം മതാവലംബികളായ മുസ്‌ലിംകളുടെ തന്നെ ചെയ്തികള്‍ ഇതിനു വളരെയേറെ പ്രേരകമായിട്ടുണ്ടെങ്കിലും ഇസ്‌ലാമിന്റെ ബദ്ധവൈരികളായ ചിലരുടെ ദുഷ്പ്രചാരണങ്ങളും സ്ഫടികസുന്ദരമായ ഇസ്‌ലാമിന്റെ മുഖത്ത് കരിവാരിത്തേക്കുവാന്‍ കാരണമായിട്ടുണ്ട്. ഈ വിഷയത്തില്‍ പാശ്ചാത്യ ചിന്തകന്‍മാര്‍ക്കുള്ള പങ്ക് കുപ്രസിദ്ധമാണ്. മൂര്‍ച്ചയേറിയ ഖഡ്ഗമാണ് ഇസ്‌ലാമിന്റെ സാര്‍വത്രിക വിജയത്തിനു കാരണമെന്നും രക്തപിപാസുക്കളായ മുസ്‌ലിംകള്‍ നടത്തിയ ജൈത്രയാത്രകളാണ് ഇസ്‌ലാമിന് സര്‍വ സ്വീകാര്യത നേടിക്കൊടുത്തതെന്നും അവര്‍ ജല്‍പിക്കുന്നു. മതങ്ങള്‍ പൊതുവെ അപകടകരങ്ങളാണെന്ന അബദ്ധധാരണയും ഇസ്‌ലാമിനെ സംബന്ധിച്ച് പരിചിന്തനം ചെയ്യുന്നതിന് തടസ്സമായി നിന്നിട്ടുണ്ട്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭാഷയില്‍ 'ലോകത്തിലിതേവരെയുണ്ടായിട്ടുള്ള യുദ്ധങ്ങളിലും കലാപങ്ങളിലും ബഹുഭൂരിഭാഗത്തിന്റെയും കാരണം മതമാണ്'

Glimpses of world History എന്ന കൃതിയില്‍ നെഹ്‌റു എഴുതുന്നു: ''ജനങ്ങളെ മതപരിവര്‍ത്തനം ചെയ്യിക്കുവാനായി ശക്തിയും ഭീഷണിയും വഞ്ചനയും പ്രയോഗിക്കുന്ന വിഷയത്തില്‍ അവര്‍ തെല്ലും ശങ്കിച്ചിരുന്നില്ല. ചരിത്രമഖിലം മതശിക്ഷകളാലും കുരിശുയുദ്ധങ്ങളാലും' നിബിഡമാണ്. മിക്കവാറും ദൈവത്തിന്റെ പേരിലാണ് മറ്റുകാരണങ്ങളെക്കാളേറെ രക്തം ചിന്തപ്പെട്ടിട്ടുള്ളത്.'' മതങ്ങളെ സംബന്ധിച്ച് അഭിനവ ഭൗതികവാദികള്‍ക്കുള്ള അഭിപ്രായമാണ് ജവഹര്‍ലാലിന്റെ ഭാഷയിലൂടെ പ്രകടിപ്പിക്കപ്പെട്ടിരിക്കുന് നത്. രാജാവിനു ദിവ്യത്വം കല്‍പിച്ച് രാജകീയവാഴ്ചയ്ക്കു വേണ്ടി ധര്‍മയുദ്ധങ്ങള്‍ സംഘടിപ്പിച്ച മതങ്ങള്‍ വിരളമല്ലെങ്കിലും ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ഇത്തരം ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. പൗരസ്ത്യമതങ്ങളെപ്പറ്റി ആധികാരികഭാേവന ദുഷ്പ്രചരണങ്ങള്‍ നടത്തുന്ന പാശ്ചാത്യചിന്തകന്മാരുടെ കുലത്തൊഴിലാണിത്. The worlds living religions എന്ന കൃതിയിലൂടെ ജ്യോഫ്രേ പാരിന്‍ഡര്‍ ഇസ്‌ലാമിന്റെ മുഖത്തെ ആവോളം കരി വാരിത്തേച്ച് മതിവരാതെ തുടരുന്നു: ''ഇസ്‌ലാമികാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുവാനുള്ള ശക്തിപ്രയോഗം പരിശുദ്ധയുദ്ധ(ജിഹാദ്)ത്തിനുള്ള ഉദയം നല്‍കി മുസ്‌ലിം സൈന്യങ്ങള്‍ മുഖേനയാണ് ഇസ്‌ലാം മതത്തിനു വമ്പിച്ച വിജയം കൈവന്നത്.''

ദുരുപദിഷ്ടിതമായ ഇത്തരം വിചിത്രവാദങ്ങള്‍ ഇസ്‌ലാമിനോടുള്ള ശത്രുതയുടെ പ്രത്യക്ഷോദാഹരണങ്ങളാണ്. 'കണ്ണു ചിമ്മി ഇരുട്ടാക്കാനുള്ള' വൃഥാശ്രമം എന്നതില്‍ക്കവിഞ്ഞ യാതൊരു പ്രയോജനവും ഇതുകൊണ്ടുണ്ടാവുകയില്ല. സ്വന്തം വിശ്വാസാദര്‍ശങ്ങള്‍ മറ്റുള്ളവരിലടിച്ചേല്‍പിക്കുവാ ന്‍ ഖഡ്ഗമേന്തുകയെന്നത് ഇസ്‌ലാമിന്റെ പ്രഖ്യാപിത സിദ്ധാന്തങ്ങള്‍ക്കു കടകവിരുദ്ധമാണെന്നു ക്വുര്‍ആന്‍ വ്യക്തമാക്കുന്നു. 'മതത്തില്‍ നിര്‍ബന്ധിക്കലില്ല' എന്നതു മാത്രം മതി ഉദാഹരണത്തിന്. മുറപ്രകാരമുള്ള സമാധാനപൂര്‍ണമായ പ്രചരണത്തിലൂടെ ഇസ്‌ലാമികപ്രസ്ഥാനത്തെ ലോകത്തിനു പരിചയപ്പെടുത്തുകയാണ് മുസ്‌ലിംകളുടെ ദൗത്യം. 'വ്യക്തമായ പ്രബോധനം മുസ്‌ലിംകളുടെ ഉത്തരവാദിത്തം' എന്ന് ക്വുര്‍ആന്‍ മുസ്‌ലിം സമുദായത്തെ തെര്യപ്പെടുത്തുന്നതില്‍നിന്നും ഈ യാഥാര്‍ഥ്യം സുവ്യക്തമാണ്.

പക്ഷേ, ഒരു സംശയം, ഇസ്‌ലാമിക ആധിപത്യകാലത്ത് പ്രവാചകരും അനുയായികളും നടത്തിയ സമരങ്ങള്‍ എന്തുദ്ദേശത്തെ മുന്‍നിറുത്തിയായിരുന്നു? ആധുനികയുഗത്തിലെ ജനാധിപത്യത്തിന്റെ ഉപ ജ്ഞാതാക്കള്‍ എന്നഭിമാനിക്കുന്നവരില്‍പ്പോലും ഈ സംശയം ഉന്നയിക്കുന്നവരുണ്ട്. ഇസ്‌ലാമിക വിദേ്വഷദൂഷിതമായ അഹന്തയാണു ചിലരെയൊക്കെയങ്ങിനെ പറയിപ്പിക്കുന്നതെങ്കില്‍ ഇസ്‌ലാമിക പ്രവര്‍ത്തന ചരിത്രത്തെപ്പറ്റിയുള്ള പരിപൂര്‍ണമായ അജ്ഞതയാണ് മറ്റു പലര്‍ക്കും പ്രേരകം. ചിന്തിക്കുവാനുംവിശ്വസിക്കുവാനും തദനുസരണം പ്രവത്തനങ്ങള്‍ സംഘടിപ്പിക്കുവാനുമുള്ള മനുഷ്യന്റെ മൗലികാവകാശം മുമ്പുമുതല്‍ക്കെ ലോകം അംഗീകരിച്ചതാണ്. മനുഷ്യന്റെ ഈ പ്രാഥമികാവകാശധ്വംസനം ഒരിടത്തുമുള്ള മനുഷ്യനും പൊറുക്കുകയില്ല. കഴിഞ്ഞ ഒന്നുരണ്ടു ശതകങ്ങളിലെ ലോകവിപ്ലവങ്ങളിലധികവും തദാവശ്യാര്‍ഥമാണു നടത്തപ്പെട്ടത്. ജനാധിപത്യത്തിന്റെ ചിങ്ങപ്പുലരിയായ ഇരുപതാംനൂറ്റാണ്ടില്‍മനുഷ്യന്റെ മൗലികാവകാശ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് എന്തു പറയുന്നതും അധികപ്രസംഗമാണ്. അങ്ങെവിടെയോ ഒരോണംകേറാമൂലയിലുള്ള അപരനായ മനുഷ്യന്‍ നടത്തുന്ന ചിന്താസ്വാതന്ത്ര്യസമരത്തിനുവേ ണ്ടി ഇങ്ങിവിടെയുള്ള സ്വാതന്ത്ര്യപ്രേമി സര്‍വവിധ സഹായവാഗ്ദാനവുമായി കുതിക്കുകയാണിന്ന്. മൗലികാവകാശവാദത്തിനുവേണ്ടി സമരം നടത്തുന്ന സമുദായങ്ങള്‍ക്കുവേണ്ടി പരസ്യമായി പടവെട്ടാന്‍പോലും 'പരിഷ്‌കൃത' രാഷ്ട്രങ്ങള്‍ സന്നദ്ധമാണ്. ജീവിക്കുന്ന തലമുറകളുടെ ചിന്താസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുക മാത്രമല്ല, ചരിത്രത്തിന്റെ ഇരുളില്‍ പ്രകൃതാശയത്തെ ചുറ്റിപ്പറ്റിക്കൊണ്ടുള്ളഅഭിവാ ഞ്ജയെ ചിക്കിച്ചികഞ്ഞു പ്രകീര്‍ത്തിക്കുകയാണ് ഇന്നത്തെ പതിവ്. ഇതൊക്കെ പറഞ്ഞുകൊണ്ടുവരുന്നത് മറ്റൊന്നിനുവേണ്ടിയാണ്. സര്‍വാംഗീകൃതമായ മൗലികാവകാശ സംരക്ഷണം ഇസ്‌ലാമിനോട് അനുബന്ധിപ്പിക്കുമ്പോള്‍ മാത്രം അതു കിരാതമായിത്തീരുന്നു. ഇന്നു പരക്കെ പൂവിട്ടു പൂജിക്കപ്പെടുന്ന  ഈയാശയം കൈകാര്യം ചെയ്തപ്പോള്‍, ഇസ്‌ലാം മാത്രം എങ്ങനെ കൊലപ്പുള്ളിയും സംഹാരരുദ്രനുമായിത്തര്‍ന്നുവെന് നതു മനസ്സിലാവുന്നില്ല. മനുഷ്യന്റെ മൗലികാവകാശത്തിനു വേണ്ടി ഇസ്‌ലാം വിട്ടുവീഴ്ചയില്ലാതെ പരിശ്രമിച്ചുവെന്നതായിരിക്കാം ഇസ്‌ലാം ചെയ്ത തെറ്റ്!

എന്നാല്‍ പ്രസ്ഥാനങ്ങളെ സംബന്ധിച്ച അജ്ഞതയാണ് ഈയാരോപണത്തിനു കാരണം. ഒരാദര്‍ശപ്രസ്ഥാനത്തിന് ഒരിക്കലും ഒരിടത്തു കെട്ടിക്കിടക്കുക സാധ്യമല്ല. ഇസ്‌ലാമിനെ സംബന്ധിടത്തോളം നൂറ് ശതമാനവും അതാണ് ശരി. ഇസ്‌ലാമികാദര്‍ശങ്ങള്‍ കുന്നും കുഴിയും താണ്ടിക്കൊണ്ട് വിശാലവിസ്തൃതമായ മനുഷ്യമരുഭൂമിയില്‍ പരന്നൊലിക്കുവാന്‍ വെമ്പല്‍കൊള്ളുന്നു. ജീവിതത്തില്‍ മോക്ഷവും രക്ഷയും കാംക്ഷിക്കുന്ന മനുഷ്യന്, ഇസ്‌ലാമിനെ പുണരുവാനുള്ള അവസരം നിഷേധിക്കുന്നത് മൗലികാവകാശ ധ്വംസനമെന്നതിനെക്കാളേറെ ഗൗരവമാണ്. ഇസ്‌ലാമികദൃഷ്ട്യാ, ഇസ്‌ലാമികാദര്‍ശം പരന്നൊലിക്കുമ്പോള്‍ അതിന്റെ പ്രവാഹത്തെ കെട്ടിനിര്‍ത്തുന്ന മനുഷ്യത്വവിരുദ്ധ ശക്തികളെ ഇസ്‌ലാം നിഷ്‌കരുണം നേരിടാന്‍ ഇതാണു കാരണം. ഈയാവശ്യാര്‍ഥം ആയുധപാണിയായ അശ്വാരൂഢനെപ്പോലെ ഝംഝനാരവം മുഴക്കിക്കൊണ്ടു കബന്ധങ്ങളെ കുന്നുകൂട്ടുകയായിരുന്നില്ല ഇസ്‌ലാം, മറിച്ച് ലോകത്തെങ്ങുമുള്ള മനുഷ്യന്റെ ചിന്തിക്കാനും വിശ്വസിക്കാനുമുള്ള ജന്മാവകാശത്തെ ധ്വംസിച്ച പ്രതിലോമശക്തികളെ മനുഷ്യത്വവികാസമേഖലയില്‍നിന്നും പിടിച്ചുമാറ്റുകയായിരുന്നു എന്നു ചുരുക്കം.

ഖിലാഫതുര്‍റാശിദയുടെ കാലത്ത് ഇസ്‌ലാമിനെ സമരത്തിനു നിര്‍ബന്ധിച്ച, അഥവാ ഇസ്‌ലാം എക്കാലത്തും അനിവാര്യമായിക്കരുതുന്ന സമരകാരണങ്ങളാണു മുകളില്‍ പറഞ്ഞത്. എന്നാല്‍ ഇസ്‌ലാമിക ചരിത്രത്തിലെ ചില യുദ്ധങ്ങള്‍ -പ്രവാചകന്റെ കാലത്തുണ്ടായവ വിശേഷിച്ചും-തികച്ചും വ്യത്യസ്തമായൊരുദ്ദേശത്തെ മുന്‍നിറുത്തിയായിരുന്നു. ഇസ്‌ലാമിക സൊസൈറ്റിയുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രതിരോധ നടപടികളായിരുന്നു അവ. ഇസ്‌ലാമിന്റെ പ്രാരംഭകാല ചരിത്രത്തില്‍നിന്നും വ്യക്തമാണ് ഈയാഥാര്‍ഥ്യം. പ്രവാചകര്‍ക്കും അനുയായികള്‍ക്കും നിരവധി പരീക്ഷണങ്ങളെ നേരിടേണ്ടി വന്നു. അക്കാലത്ത് കുടിക്കാനുള്ള വെള്ളം പോലും അവര്‍ക്ക് തടയപ്പെട്ടു. ശത്രുപക്ഷത്തിന്റെ നാനാവിധേനയുള്ള മര്‍ദന പീഡനങ്ങള്‍ക്കവര്‍ വിധേയരായി. ജീവനും സ്വത്തിനും നിര്‍ഭയത്വം നഷ്ടപ്പെട്ടു. നാട്ടിലെ പൗരത്വവും വിലയേറിയ സമ്പത്തും കയ്യൊഴിച്ചുകൊണ്ടു മദീനയിലേക്ക് പലായനം ചെയ്യാന്‍ പോലും അവര്‍ നിര്‍ബന്ധിതരായി. ചുരുക്കത്തില്‍ മദീനയില്‍ അവര്‍ അഭയാര്‍ഥികളെപ്പോലെയാണ് കഴിഞ്ഞുകൂടിയത്. ജീവിതം അങ്ങേയറ്റം ദുഷ്‌കരമായ ഈ സന്ദിഗ്ധഘട്ടത്തിലും ശത്രുക്കള്‍ നബിയെയും അനുചരന്മാരെയും വെറുതെവിട്ടില്ല. അവര്‍ നാനാവിധേനയും മുസ്‌ലിംകളെ ഉപദ്രവിച്ചുകൊണ്ടിരുന്നു. മാത്രമല്ല, അയല്‍രാജ്യങ്ങളില്‍ പലതും ഇത്തരുണത്തില്‍ ഇസ്‌ലാമിക രാഷ്ട്രത്തിനു അങ്ങേയറ്റം ഭീഷണിയുണ്ടാക്കിയിരുന്നുവെന്നതു പ്രത്യേകം പ്രസ്താവ്യമാണ്. മുസ്‌ലിം സൊസൈറ്റിയെ മുച്ചൂടും നശിപ്പിക്കുവാന്‍ സര്‍വവിധ യുദ്ധസന്നാഹങ്ങളും സജ്ജമാക്കി ബദ്ധകങ്കണരായി നില്‍ക്കുകയായിരുന്നു ആ രാജ്യങ്ങള്‍.

അല്‍പം ആലോചിക്കുക, ഇത്തരം ഒരു പരിേതാവസ്ഥയില്‍ ആണ് ഒരു സൊസൈറ്റി ആത്മരക്ഷാര്‍ഥവും പ്രബോധനമാര്‍ഗത്തിലെ തടസ്സങ്ങള്‍ നീക്കാനുമായി ആയുധങ്ങളണിയുന്നതെങ്കില്‍ അത് അധിക്ഷേപാര്‍ഹമാണോ? യുദ്ധം അനിവാര്യമായ സാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് ക്വുര്‍ആന്‍ പറയുന്നു: ''(സത്യനിഷേധികളാല്‍) അക്രമിക്കപ്പെട്ടതു കാരണം യുദ്ധം ചെയ്യപ്പെടുന്ന (സത്യവിശ്വാസികള്‍ക്ക് പ്രത്യാക്രമണത്തിന്) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. നിശ്ചയം, അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവനത്രെ'' (ഹജ്ജ്). ഈ യാഥാര്‍ഥ്യം മുമ്പില്‍ വെച്ചുകൊണ്ട് ഇസ്‌ലാമിക ചരിത്രം അപഗ്രഥിക്കുന്നതായാല്‍ തിരുമേനി ﷺ യുടെയും ഖുലഫാഉര്‍റാശിദുകളുടെയും കാലത്തുണ്ടായ യുദ്ധങ്ങളത്രയും ഇതേ അടിസ്ഥാനബിന്ദുവില്‍നിന്നുകൊണ് ടായിരുന്നുവെന്നു കാണാന്‍ പ്രയാസമില്ല.

മുസ്‌ലിംകളുടെ ഭൗകികവും സൈനികവുമായ ശക്തികൊണ്ടാണു ഇസ്‌ലാം വിജയിച്ചതെന്ന ജ്യോഫ്രേ പാരിന്‍ഡറെപ്പോലുള്ളവരുടെ വാദം സ്വയംകൃതിപ്പാണെന്നു വ്യക്തമാണ്. തിരുമേനി ﷺ സത്യപ്രബോധനവുമായി ജനതാമധേ്യ എഴുന്നേറ്റുനില്‍ക്കുമ്പോള്‍ അദ്ദേഹം ഏകനായിരുന്നു. തുടര്‍ന്നുള്ള പതിമൂന്നുകൊല്ലത്തെ മക്കാജീവിതത്തില്‍ വിരല്‍കൊണ്ടെണ്ണാവുന്ന വ്യക്തികള്‍ മാത്രമെ അദ്ദേഹത്തില്‍ വിശ്വസിച്ചിട്ടുണ്ടായിരുന്നുള് ളൂ. ആ കാലഘട്ടത്തില്‍ അധികാരവും ആയുധവുമൊക്കെ മറുപക്ഷത്തായിരുന്നു. അദ്ദേഹത്തെയും പാര്‍ട്ടിയെയും ഉന്മൂലനം ചെയ്യുവാന്‍ അവര്‍ക്കു പ്രയാസമുണ്ടായിരുന്നില്ല. എല്ലാവിധ അക്രമ മര്‍ദനങ്ങളും അവരഴിച്ചവിട്ടു. പക്ഷേ, ഒരുനിമിഷം പോലും അദ്ദേഹത്തെ പ്രബോധന കൃത്യത്തില്‍നിന്നും തടഞ്ഞുനിര്‍ത്തുവാന്‍ അവര്‍ക്കു സാധിച്ചില്ല. അമാനുഷികമായ ഒരു ദിവ്യശക്തിയിലുള്ള വിശ്വാസം അദ്ദേഹത്തിനു മനക്കരുത്തും ആത്മധൈര്യവും നല്‍കിക്കൊണ്ടിരുന്നു.

ശക്തിപ്രഭാവം ഒരിക്കലും ഇസ്‌ലാമിക വിജയത്തിന്റെ മാനദണ്ഡമായിരുന്നില്ല. മുന്നൂറ്റിപ്പതിനാലു സൈനികര്‍ മാത്രമുള്ളപ്പോള്‍ ആയിരത്തോളംവരുന്ന ശത്രുസൈന്യത്തെ ബദ്‌റില്‍വെച്ചു മുസ്‌ലിംകള്‍ പരാജയപ്പെടുത്തി. അതേയവസരത്തില്‍ പന്തീരായിരം സൈനികര്‍ അണിനിരന്ന ഹുനൈന്‍ പോര്‍ക്കളത്തില്‍ നാലായിരം വരുന്ന ശത്രുസൈന്യത്തിന്റെ മുമ്പില്‍ പ്രാരംഭത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഇതുപോലത്തെ നിരവധി ഉദാഹരണങ്ങളുണ്ട് പറയാന്‍. ശക്തിപ്രാബല്യം കൊണ്ടല്ല ഇസ്‌ലാം ദിക്കുകളെ ജയിച്ചടക്കിയതെന്നു ചുരുക്കം.

മതത്തിന്റെ പേരിലാണു മറ്റേതിനെക്കാളും കൂടുതല്‍ ചരിത്രത്തില്‍ രക്തം ചിന്തപ്പെട്ടിട്ടുള്ളത് എന്ന മതവിരോധികളുടെ വാദം ചരിത്ര യാഥാര്‍ഥ്യങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാണ്. മനുഷ്യചരിത്രത്തിലെ ഇതര ഘടകങ്ങള്‍ സൃഷ്ടിച്ചുവിട്ട കൊടുംക്രൂരതകളെ മറച്ചുപിടിക്കാനുള്ള വെറുമൊരു ചെപ്പടിവിദ്യ മാത്രമാണിത്. മനുഷ്യത്വത്തെ പിടിച്ചുകുലുക്കിയ അതിഘോരങ്ങളായ സംഭവങ്ങള്‍കൊണ്ട് നിബിഡമാണ് മനുഷ്യചരിത്രം. അവക്കൊന്നുംതന്നെ മതവുമായി വിദൂരബന്ധം പോലുമില്ല. വര്‍ണം, ദേശം, പ്രത്യയശാസ്ത്രം മുതലായ ഘടകങ്ങളാണിതിനുത്തരവാദി. 

(തുടരും)

(സല്‍സബീല്‍ ത്രൈമാസിക, 1971 ഓഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം)