ഈ ദുനിയാവിങ്ങനെയാണെങ്കില്‍ നാമിനി എന്തു ചെയ്യണം?!

ടി.എ കരീം

2021 ജൂൺ 12 1442 ദുല്‍ക്വഅ്ദ 01

('സൽസബീൽ' ത്രൈമാസിലയിൽ 1971 ഫെബ്രുവരി, മെയ്‌ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

ഉറക്കില്‍നിന്നുണര്‍ന്നിട്ടും എഴുന്നേല്‍ക്കാന്‍ മടിതോന്നുന്നു. മേശപ്പുറത്തിരിക്കുന്ന ടൈംപീസിന്റെ അലാറം ശബ്ദിക്കുന്നതും അടുത്ത വീട്ടിലെ പൂവന്‍കോഴി കൂവുന്നതും ഒരുമിച്ചാണ്. മുറ്റത്തെ മൂവാണ്ടന്‍ മാവിലിരുന്നു കിളികള്‍ ശബ്ദിക്കാന്‍ തുടങ്ങി. അവ ഏകനായ ഇലാഹിന്റെ സ്‌തോത്രഗീതം ആലപിക്കുകയാണ്. അങ്ങകലെനിന്ന് 'മുഅദ്ദിനി'ന്റെ ബാങ്ക് വിളിയുടെ നേര്‍ത്ത അലകള്‍ കര്‍ണപുടങ്ങളിലെത്തുന്നു: 'അസ്സലാത്തു ഖയ്‌റുന്‍ മിനന്നൗം' (പ്രാര്‍ഥന ഉറക്കിനെക്കാള്‍ ശ്രേഷ്ഠമായതത്രെ!). ഇനിയും കിടന്നുറങ്ങുന്നതാപത്താണ്. അര്‍ധമനസ്സോടെയാണെങ്കിലും എഴുന്നേല്‍ക്കുന്നു. അപ്പോഴേക്കും മൂവാണ്ടന്‍മാവിന്റെ കൊമ്പുകളിലിരുന്നു കൂടുതല്‍ പക്ഷികള്‍ കൂടുതല്‍ ശബ്ദത്തില്‍ ഗാനമാലപിച്ചുകൊണ്ടിരിക്കുന്നു. ഈ പക്ഷികളുടെ കാര്യം മനുഷ്യന്‍ ഓര്‍ത്തിട്ടെന്താണ്? പക്ഷിയായി ജനിച്ചിരുന്നെങ്കില്‍ എന്ന് എത്രയോ കവികള്‍ പലതവണ പാടിയതോര്‍മവരുന്നു. ബുദ്ധിജീവികളായ മനുഷ്യരെപ്പോലെ അവര്‍ക്ക് വിഷമങ്ങളോ വേവലാതികളോ ഇല്ല. തണുപ്പില്‍നിന്ന് രക്ഷനേടാന്‍ കമ്പിളി വസ്ത്രങ്ങളന്വേഷിക്കേണ്ടതില്ല. ചൂടില്‍നിന്ന് അഭയം ലഭിക്കാന്‍ വിശറിയുടെ സഹായം തേടുന്നുമില്ല. സുഭിക്ഷമായ ആഹാരവും ഹൃദ്യമധുരമായ തേനരുവികളും സൃഷ്ടികര്‍ത്താവ് അവക്കായി വിരുന്നൊരുക്കിയിരിക്കുന്നു. ബുദ്ധിജീവിയായ മനുഷ്യനെ പോലെ കളപ്പുരകള്‍ കൂട്ടി ധാന്യശേഖരങ്ങള്‍ സൂക്ഷിച്ചുവെക്കുന്നില്ല. എന്നിട്ടും അവ എത്ര സന്തുഷ്ടമായി ജീവിക്കുന്നു! അലാറമടിക്കുന്ന ടൈംപീസുകളുടെയോ ഉച്ചത്തില്‍ കൂവുന്ന സൈറണുകളുടെയോ ആശ്രയമില്ലാതെ തന്നെ അവ പ്രഭാതത്തില്‍ ഉണരുന്നു. മുഅദ്ദിനിന്റെ പ്രേരണയോടുകൂടിയല്ല അവ പ്രാര്‍ഥനാഗീതം പാടുന്നത്.

മനുഷ്യന്‍ മടിച്ചു മടിച്ച് എഴുന്നേല്‍ക്കുന്നു. അംഗശുദ്ധി വരുത്താന്‍ വെള്ളം ചൂടാക്കുന്നു. ഒരു കണക്കിന് പ്രാര്‍ഥന നിര്‍വഹിക്കുന്നു. മനുഷ്യന്‍ നിര്‍ബന്ധത്തിന് വിധേയനായാണ് എല്ലാം പ്രവര്‍ത്തിക്കുന്നത്. ബുദ്ധിയില്ലാത്ത ഇതര ജീവികളെപ്പോലെ അവന്‍ നന്മയെ സ്വയം കണ്ടെത്തുന്നില്ല. പക്ഷി മൃഗാദികള്‍ ആപത്തുകള്‍ സ്വയം മണത്തറിയുന്നു. അവ വിഷക്കായകള്‍ ഭക്ഷിക്കുന്നില്ല. ആപത്തു പതിയിരിക്കുന്ന മുള്‍പടര്‍പ്പുകളും മരണം സുനിശ്ചിതമാക്കുന്ന വിഷക്കായകളും വിഷപുഷ്പങ്ങളും അവ തിരിച്ചറിയുന്നതെങ്ങനെയാണ്? ലേബളുകള്‍  നോക്കിയിട്ടാണോ? അതോ 'അപായം' എന്ന് ചുവന്ന അക്ഷരത്തില്‍ കുറിച്ചുവെച്ച അപകട സൂചനകള്‍ കണ്ടിട്ടോ? എന്നാല്‍ വിവേകശാലിയായ മനുഷ്യന്റെ കാര്യം, അവന്‍ ഉപയോഗിക്കുന്ന വസ്തുക്കളിലെല്ലാം ലേബളുകള്‍ പതിക്കുന്നു. കുടിക്കാന്‍ നിര്‍ദേശിക്കപ്പെട്ട മരുന്നെടുത്ത് കണ്ണിലൊഴിക്കുന്നു. 'ഉഗ്രമായ വിഷം' എന്നെഴുതിയ ദ്രാവകങ്ങള്‍കൊണ്ട് കൂറകള്‍ പോലും നശിക്കുന്നില്ല. മൂട്ടക്ക് മരുന്നു തളിച്ചേടത്ത് കൊതുകുകള്‍ പെരുകുന്നു.

പ്രകൃതിശക്തികളെ കീഴടക്കിയെന്നു മനുഷ്യന്‍ ഉല്‍ഘോഷിക്കുന്നു. പ്രപഞ്ചത്തിലെ സര്‍വച്ഛക്രാധിപതിയെന്നവന്‍ അഹങ്കരിക്കുന്നു. എന്നാല്‍ യഥാര്‍ഥ സ്ഥിതിയെന്താണ്? ഏറ്റവും വലിയ അടിമത്തച്ചങ്ങല അവന്റെ കൈകളിലാണുള്ളത്. സ്വയം നിര്‍മിതമായ വിലങ്ങുകള്‍ അവനെ ബന്ധിച്ചിരിക്കുന്നു. തമിഴ്‌നാട്ടില്‍നിന്ന് ആന്ധ്രാപ്രദേശിലേക്ക് കടക്കുമ്പോഴും കന്യാകുമാരിയില്‍നിന്ന് കൊളംബിലേക്ക് പോകുമ്പോഴും അവന്‍ പലതവണ പരിശോധിക്കപ്പെടുന്നു. അവന്റെ ഭാണ്ഡങ്ങള്‍ അഴിച്ചുനോക്കപ്പെടുന്നു. ശരീരത്തിന്റെ തൂക്കത്തില്‍ വരുന്ന വ്യത്യാസം പോലും തുലനം ചെയ്യപ്പെടുന്നു. വിശ്വസ്തതയുടെ നേരെയുള്ള ഏറ്റവും ക്രൂരമായ ചോദ്യചിഹ്നം! അഭിമാനത്തിന് നേരെയുള്ള അവഹേളനം. യൂറോപ്പില്‍നിന്ന് അറ്റ്‌ലാന്റിക് സമുദ്രം താണ്ടിക്കടന്ന് ഇതര ഭൂഖണ്ഡങ്ങളിലേക്ക് പറന്നു പോകുന്ന പക്ഷിസമൂഹങ്ങള്‍ പരിശോധിക്കപ്പെടുന്നുണ്ടോ? ഇന്ത്യന്‍ സമുദ്രത്തില്‍നിന്ന് ആഫ്രിക്കന്‍ വനാന്തരങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന വന്യമൃഗങ്ങളോ? കാശ്മീര്‍ താഴ്‌വരകളിലെ നയന മനോഹരങ്ങളായ പൂവാടികളില്‍ യഥേഷ്ടം വിഹരിച്ചു മധുശേഖരിക്കുന്ന തേനീച്ചകള്‍ പറന്നെത്തുന്നതെവിടെയാണ്? അവ ഗൗനിക്കപ്പെടുന്നുണ്ടോ? അവയെ നിയന്ത്രിക്കുന്ന രാഷ്ട്രാന്തരീയ നിയമങ്ങളുണ്ടോ? വിസയും പാസ്‌പോര്‍ട്ടും ഇല്ലാതെ നിര്‍ബാധം അവ ലോകംചുറ്റുന്നു. യഥേഷ്ടം സഞ്ചരിക്കുന്നു. ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുന്നു. പ്രപഞ്ചം മുഴുവന്‍ തന്റെ ചൊല്‍പടിക്കാണ് വഴങ്ങുന്നതെന്ന് തട്ടിമൂളിക്കുന്ന മനുഷ്യന്റെ അജ്ഞതക്കുനേരെ പല്ലിളിച്ചു പരിഹസിക്കുന്നു.

മനുഷ്യന്‍ അതിസൂക്ഷ്മങ്ങളായ റഡാറുകള്‍ നിര്‍മിച്ചിരിക്കുന്നു. അതിലോലമായ കാലാവസ്ഥാനിരീക്ഷണോപകാരണങ്ങളെ വെട്ടിച്ചുകടന്ന് ശത്രുപാളയങ്ങളുടെ തലക്കുമീതെ വട്ടമിട്ടുപറക്കുന്ന വിമാനങ്ങള്‍ മനുഷ്യന്‍ സംവിധാനം ചെയ്തിരിക്കുന്നു. എന്നാല്‍ വീക്ഷിക്കപ്പെടാത്ത ഒരു നിസ്സാരമായ പരുന്തില്‍ തട്ടി, സര്‍വവിധ കരുതല്‍ ഉപകരണങ്ങളും ഘടിപ്പിച്ച വേ്യാമയനങ്ങള്‍ നിലംപതിക്കുന്നു. എന്നാല്‍ കൂരിരുട്ട് മുറ്റിനില്‍ക്കുന്ന, നിശ്ശബ്ദത തളംകെട്ടി നില്‍ക്കുന്ന നിശാവേളകളില്‍ തൊട്ട് തൊട്ടു നില്‍ക്കുന്ന കമുങ്ങിന്‍ തോട്ടങ്ങള്‍ക്കിടയിലൂടെ സുരക്ഷിതമായി പറന്നെത്തി പഴുത്ത അടക്കകള്‍ തേടിപ്പിടിക്കുന്ന വാവലുകള്‍ മനുഷ്യന്റെ ധിഷണാശക്തിക്കുനേരെയുള്ള ഒരു വെല്ലുവിളിയല്ലേ?

അപ്പോള്‍ ഈ ദുനിയാവ് അത്ഭുതം നിറഞ്ഞ ഒരു വിരോധാഭാസം തന്നെ. ബുദ്ധിയും വിവേകവുമുള്ള തന്ത്രശാലിയായ മനുഷ്യന്‍ പ്രശ്‌നങ്ങളുടെ നടുക്കടലില്‍ കിടന്നു നട്ടംതിരിയുകയാണ്. ഇതൊന്നുമില്ലാത്ത മിണ്ടാപ്രാണികള്‍ പ്രശ്‌നങ്ങളെ അതിജീവിച്ചുകൊണ്ട് അവയ്ക്ക് ചുറ്റും പ്രദക്ഷിണം വെക്കുന്നു.

ഈ ദുനിയാവിങ്ങനെയാണെങ്കില്‍ നാമിനിയെന്ത് ചെയ്യണം?

ഭൗതികരംഗത്ത് കൈവരിച്ച പുരോഗതി മനുഷ്യനെ ഏറ്റവും വലിയ ധിക്കാരിയാക്കി മാറ്റിയിരിക്കുന്നു. ചന്ദ്രമണ്ഡലത്തില്‍ കാല്‍പാദങ്ങള്‍ സ്പര്‍ശിക്കുകയും പരീക്ഷണക്കുഴലില്‍ ജീവന്‍ ഉരുത്തിരിച്ചു ഉല്‍പാദിപ്പിക്കുവാന്‍ കഴിവുനല്‍കുന്നവിധം ക്രോമസോമുകളുടെയു ജീനുകളുടെയും നിഗൂഢതകള്‍ മനസ്സിലാക്കുവാന്‍ പ്രാപ്തി നേടുകയും ചെയ്ത മനുഷ്യന്‍ വിജ്ഞാനസാഗരത്തിന്റെ ആഴപ്പരപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ എത്രയോ അല്‍പജ്ഞനാണെന്നു കാണാം. എന്നിട്ടും മനുഷ്യന്‍ പ്രപഞ്ചങ്ങളുടെയെല്ലാം അധിപനും നിയന്താവുമായ സര്‍വശക്തനെ ധിക്കരിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു കനിഞ്ഞരുളിയ വിവേകബുദ്ധിയും വിവേചനപാടവവും ഉപയോഗപ്പെടുത്തി ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്ന മനുഷ്യന്‍ സര്‍വലോക പരിപാലകനെ സ്തുതിക്കേണ്ടതിനു പകരം അഹങ്കരിക്കുകയാണ് ചെയ്യുന്നത്. പ്രപഞ്ചത്തിലെ മനുഷ്യേതര ജീവജാലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് സ്വയം ഒരു വിഡ്ഢിയാണെന്ന കാര്യം അവനോര്‍ക്കുന്നത്. ഈ ഭൂമുഖത്ത് പല പ്രകൃതിമാറ്റങ്ങളും അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അല്ലാഹുവിങ്കല്‍നിന്നും ലഭിക്കുന്ന ദിവ്യമായ സന്ദേശങ്ങള്‍വഴി പക്ഷിമൃഗാദികള്‍ക്ക് അടുത്ത് സംഭവിക്കാന്‍ പോകുന്ന ആപത്തുകളുടെ സൂചനകള്‍ ലഭിക്കുമ്പോള്‍, ആപത്തുകളാല്‍ വലയം ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ വാപൊളിച്ച് അന്ധാളിക്കുന്നത്. ലക്ഷക്കണക്കിന് ആള്‍നാശത്തിനും വസ്തുനാശത്തിനുമിടയാക്കിയ ഭൂമികുലുക്കങ്ങള്‍ സംഭവിച്ചപ്പോഴും കൊടുങ്കാറ്റും ചുഴലിക്കാറ്റും മൂലം നഗരങ്ങളും ഗ്രാമങ്ങളും നാമാവശേഷമായപ്പോഴും അവിടങ്ങളില്‍ വരാനിരിക്കുന്ന ഭയാനകങ്ങളായ വിപത്തുകളെക്കുറിച്ച് പക്ഷിമൃഗാദികള്‍ക്ക് സൂചന ലഭിച്ചിരുന്നതിനു തെളിവുകളുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മനുഷ്യന്‍ നിര്‍മിക്കുന്ന അതിസൂക്ഷ്മങ്ങളായ ഉപകരണങ്ങള്‍ക്ക് പോലും ആപേക്ഷികങ്ങളായ മുന്‍കരുതലുകള്‍ മാത്രം നല്‍കുവാനുള്ള കഴിവേ ഉള്ളൂ.

സാമൂഹ്യക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി മനുഷ്യന്‍ നിയമങ്ങള്‍ നിര്‍മിക്കുകയും നടപടിച്ചട്ടങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യന്‍ പടച്ചുണ്ടാക്കിയ വ്യവസ്ഥകള്‍ പരസ്പര വൈരുധ്യമുള്ളവയും നാനാതുറകളിലും ന്യൂനതകള്‍ നിറഞ്ഞവയുമാണ്. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷനല്‍കി സമൂഹത്തില്‍ ജീവിക്കുവാന്‍ അവരെ പ്രാപ്തരാക്കുകയാണ് നിയമങ്ങളുടെ ലക്ഷ്യം. ശിക്ഷയെ ഭയപ്പെടുന്ന മനുഷ്യന്‍ കുറ്റകൃത്യങ്ങളെക്കുറിച്ചു ബോധവാനായിരിക്കും. സ്വസഹോദരന്റെ ജീവന്‍ അപഹരിക്കുന്ന വ്യക്തിക്ക് സമൂഹത്തില്‍ ജീവിക്കുവാനുള്ള അര്‍ഹതയില്ല. മാത്രമല്ല അങ്ങിനെയുള്ള വ്യക്തി സമൂഹത്തിന്ന് ആപത്തും ഒരു ഭീഷണിയുമായിരിക്കും. അതിനാല്‍ കൊലപാതകിയെ വധിക്കണമെന്ന് നിയമം സിദ്ധാന്തിക്കുന്നു. നിരപരാധിയായ ഒരു വ്യക്തിയെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടിയോ, വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരിലോ വധിച്ച ഒരു ഘാതകനെ നാം വധിച്ചുകളയുന്നു. എന്നാല്‍ എണ്ണമറ്റ മനുഷ്യജീവികളെ പല്‍ച്ചക്രങ്ങള്‍ ചതച്ചരച്ചും ഗ്യാസ് ചേമ്പറുകളിലിട്ട് വീര്‍പ്പുമുട്ടിച്ചും കൊല്ലുന്നതില്‍ വിനോദം കണ്ടെത്തുകയും മനുഷ്യന്റെ തലയോട്ടികള്‍ കൊണ്ട് ഗൃഹാലങ്കാരം നടത്തി ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു ഘാതകരാക്ഷസനെ ഈ ദുനിയാവില്‍ വെച്ച് എന്ത് ചെയ്യുവാനൊക്കും? ആദ്യം പറഞ്ഞ വ്യക്തിയെ ഒരുതവണ തൂക്കിക്കൊല്ലുമ്പോള്‍ രണ്ടാമതു പറഞ്ഞ ആളെ പലതവണ തൂക്കിക്കൊല്ലേണ്ടതായി വരുന്നു. അതീ ദുനിയാവില്‍ അപ്രായോഗികമാണെന്ന് കാണാം. ക്ഷണികമായ ഈ ജീവിതം അപൂര്‍ണമാണെന്നതിന്നു കൂടുതല്‍ തെളിവുകളാവശ്യമില്ല.

മനുഷ്യന്‍ ഭൗതിക ജീവിതരംഗത്ത് സര്‍വത്ര പരീക്ഷിക്കപ്പെടുകയാണ്. നാമാരും ഒരു മുന്‍പദ്ധതി പ്രകാരം ഇങ്ങോട്ടു വന്നവരല്ല. നാം ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഭൗതികവിഭവങ്ങളൊന്നും തന്നെ നാം ഒരുക്കിവെച്ചവയുമല്ല. ജന്മാനന്തരം ലഭിക്കുന്ന ദീര്‍ഘമായ പരിശീലനവും ശിക്ഷണവും കൊണ്ട് മാത്രമാണ് നാം കഴിവുകളാര്‍ജിക്കുന്നത്. ഇതര ജീവജാലങ്ങളുടെ കാര്യം ഇതില്‍നിന്നും വ്യത്യസ്തമാണ്. നാം നമ്മുടെ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിപ്പിക്കുന്നത് വളരെ പ്രയാസപ്പെട്ടും ശിക്ഷണങ്ങള്‍ നല്‍കിയുമാണ്. പക്ഷേ, നാം വളര്‍ത്തുന്ന പശു, എരുമ, നായ തുടങ്ങിയ നാല്‍കാലികള്‍ യാതൊരുവിധ മുന്‍പരിശീലനവും ലഭിക്കാതെ സുരക്ഷിതമായി ആറുകള്‍ നീന്തിക്കടക്കുമ്പോള്‍ മനുഷ്യന്‍ ലജ്ജിക്കുന്നു. അല്ലാഹു അവയുടെ പ്രകൃതിയില്‍തന്നെ നല്‍കിയ കഴിവത്രെ അത്. മനുഷ്യന്‍ സ്വയം അത് നേടിയെടുക്കുവാനുള്ള കഴിവ് അല്ലാഹു അവന്ന്  നല്‍കിയിട്ടുണ്ടെങ്കില്‍ പ്രയത്‌നിച്ച് വശമാക്കേണ്ടത് മനുഷ്യന്റെ കര്‍ത്തവ്യമാണ്.

ജനിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം ജീവജാലങ്ങള്‍ എഴുന്നേറ്റ് നടക്കുവാനും തുള്ളിക്കളിക്കുവാനും തുടങ്ങുമ്പോള്‍ മനുഷ്യന് വളരെക്കാലം ഒരു പരാശ്രയിയായി ജീവിക്കേണ്ടിവരുന്നു. ആഹാര സമ്പാദനത്തിനോ ആശയവിനിമയത്തിനോ അവന്‍ പ്രാപ്തനാവുന്നത് എത്രയോകാലം കഴിയുമ്പോഴാണ്.

ലൈംഗികരംഗത്ത് നടമാടിക്കൊണ്ടിരിക്കുന്ന അരാജകത്വം ബുദ്ധിജീവിയായ മനുഷ്യനെ മൃഗങ്ങളെക്കാള്‍ അധമനാക്കിത്തീര്‍ക്കുന്നു. മൃഗലോകത്തേക്ക് നാമൊന്നു ശ്രദ്ധിച്ച് നോക്കുക. അവക്ക് അങ്ങനെയുള്ള യാതൊരു പ്രശ്‌നവുമില്ല. യഥേഷ്ടം വനാന്തരങ്ങളില്‍ വിഹരിക്കുന്ന മൃഗങ്ങള്‍ പ്രകൃതി നിശ്ചയിച്ച അവസരങ്ങളില്‍ മാത്രമെ ഇണചേരുന്നുള്ളൂ. മനുഷ്യന്‍ ലൈംഗികമായ ദൗര്‍ബല്യങ്ങള്‍ക്കു വിധേയനായി കൊലപാതകിയും അട്ടിമറിക്കാരനും ആയിത്തീരുന്നു. മാദകത്വത്തിന്റെ മാസ്മര ലഹരി അവന്റെ ബുദ്ധിപരമായ എല്ലാ സീമകളെയും ലംഘിക്കുവാന്‍ പ്രേരിപ്പിക്കുന്നു. രാഷ്ട്രാന്തരീയ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുവാന്‍ പോലും ഈ ദുര്‍ബലത ഉപയോഗപ്പെടുത്തുന്നു. ദൂരാഗ്രഹങ്ങളിലേക്കുള്ള അകലം കൃത്യമായി അളക്കുകയും ക്ഷീരപഥത്തിലെ നക്ഷത്രവ്യൂഹങ്ങളെ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യുന്ന മനുഷ്യന്റെ അപാരമായ കഴിവുകള്‍ ഇത്രവേഗം ചൂളിപ്പോവുകയോ?

 ഇങ്ങിനെ സര്‍വത്ര സാഹചര്യങ്ങളോട് മല്ലടിച്ചും പ്രതികൂല ചുറ്റുപാടുകളെ അതിജീവിച്ചും മുന്നേറിക്കൊണ്ടിരിക്കുന്ന മനുഷ്യന് ഒരു സവിശേഷതയുണ്ട്. ശരിയേതെന്നും തെറ്റേതെന്നും മനസ്സി ലാക്കുവാനും ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുവാനുമുള്ള കഴിവാണത്. ഈ കഴിവ് മൃഗങ്ങള്‍ക്കോ മനുഷ്യനെക്കാള്‍ ഉയര്‍ന്നവരായ മലക്കുകള്‍ക്കോ ഇല്ലാത്തതാണ്. രാപ്പകല്‍ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് മാത്രം കിഴൊതുങ്ങി ജീവിക്കുന്ന മലക്കുകള്‍ക്ക് അല്ലാഹുവിനെ ധിക്കരിക്കുവാനുള്ള കഴിവില്ല. മനുഷ്യന്‍ നന്മ പ്രവര്‍ത്തിക്കുന്നത് അവന്ന് തെറ്റ് ചെയ്യുവാന്‍ സ്വാതന്ത്ര്യമുള്ളതിനോടൊപ്പമാണ്. ശരീരത്തിന്റെ ഇച്ഛകള്‍ തിന്മ ചെയ്യുവാന്‍ പ്രേരിപ്പിക്കുമ്പോള്‍ ആ ആഗ്രഹങ്ങളോട് ചെറുത്തുനിന്ന് ഭൗതിക സുഖങ്ങളുപേക്ഷിച്ച് സത്യത്തില്‍ അടിയുറച്ച് നില്‍ക്കുന്ന വണക്കമുള്ള ദാസന് ആത്മസംതൃപ്തി കൈവരുന്ന ഒരു അവസരം ആവശ്യമല്ലേ? അതെപ്പോഴാണ്? അവന്റെ നാഥനെ കണ്ടെത്തുമ്പോള്‍ മാത്രമാണത്! അതീ ദുനിയാവില്‍നിന്നുണ്ടാവുന്നതല്ല.