മുസ്‌ലിംകളും കുടുംബജീവിതവും

പ്രൊഫ: ടി. അബ്ദുല്ല സാഹിബ്

2021 ജൂലൈ 31 1442 ദുല്‍ഹിജ്ജ 20

(1971 മെയ് ലക്കം സല്‍സബീലില്‍ പ്രസിദ്ധീകരിച്ചത്)

മതനിഷേധികള്‍ കുടുംബജീവിതം എല്ലാ ചൂഷണങ്ങളുടെയും നിദാനമായി കണക്കാക്കിപ്പോരുന്നു വെങ്കില്‍ ഇസ്‌ലാം നന്മയുടെയും തിന്മയുടെയും നിദാനം കുടുംബ ജീവിതമാണെന്നും അതിനാല്‍ നന്മയിലേക്ക് നയിക്കുന്ന വിധമാവണം കുടുംബജീവിതമെന്നും ശാസിക്കുന്നു. സ്ത്രീയും പുരുഷനും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്നു മുമ്പുതന്നെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണമെന്നും അല്ലാതിരുന്നാല്‍ വമ്പിച്ച നാശം വന്നുകൂടാനിടയുണ്ടെന്നും മതം നമ്മെ പഠിപ്പിക്കുന്നു.

തിര്‍മിദി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു നബിവചനത്തില്‍ ഇപ്രകാരം കാണുന്നു: ''നിങ്ങളുടെ അടുക്കല്‍ വിവാഹാഭ്യര്‍ഥനയുമായി വരുന്ന ആളുടെ മതവും സ്വഭാവവും നിങ്ങള്‍ക്ക് തൃപ്തികരമായാല്‍ അയാള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുക. അങ്ങിനെ നിങ്ങള്‍ ചെയ്യാത്തപക്ഷം ഭൂമിയില്‍ ഫിത്‌നയും വലിയ നാശവുമുണ്ടാകും.''

 മറ്റൊരു അവസരത്തില്‍ നബി ﷺ ഇപ്രകാരം പറയുകയുണ്ടായി: ''സ്ത്രീ നാല് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് വിവാഹം ചെയ്യപ്പെടാറുള്ളത്. അവളുടെ ധനത്തിനുവേണ്ടി, തറവാടിനുവേണ്ടി, സൗന്ദര്യത്തിനുവേണ്ടി, അവളുടെ മതനിഷ്ഠക്ക് വേണ്ടി. നീ മതനഷ്ഠയുള്ളവളെ വിവാഹം ചെയ്ത് സൗഭാഗ്യവാനാകൂ. ഇല്ലെങ്കില്‍ നിന്റെ കൈ മണ്ണിലൊട്ടും.''

മേലുദ്ധരിച്ച രണ്ട് ഹദീഥുകളില്‍നിന്നും വ്യക്തമാകുന്നത് വിവാഹക്കാര്യത്തില്‍ നാം മതനിഷ്ഠയ്ക്കും സ്വഭാവത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടതെന്നാണ്. പക്ഷേ, ഇന്നാകട്ടെ ഇവ രണ്ടിനെക്കുറിച്ചും ഗൗനിക്കുന്നവര്‍ വളരെ വിരളമാണ്. പണം, പിന്നെ സൗന്ദര്യം. ഇവയ്ക്കല്ലാതെ ഇന്നു പ്രാധാന്യം നല്‍കിക്കാണുന്നില്ല. പ്രത്യേകിച്ചും വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കിടയില്‍. പഴമക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ തറവാട്ടിനും തുല്യ പ്രാധാന്യം കല്‍പിക്കുന്നു. മതവും സല്‍സ്വഭാവവും പിന്‍തള്ളുക കാരണം പുതുതായി രൂപംകൊള്ളുന്ന കുടുംബങ്ങളെ സംബന്ധിച്ചേടത്തോളം നമുക്ക് വലിയ പ്രതീക്ഷക്ക് വഴിയില്ല. തന്നിമിത്തം മതനിഷ്ഠയും തക്വ്‌വയുമുള്ള തലമുറയും ന്യൂനീകരിക്കപ്പെട്ടുവരുന്നു.

പല കുടുംബങ്ങളുടെ കാര്യത്തിലും പിതാക്കള്‍ മതഭക്തന്മാരായിരിക്കും. പക്ഷേ, കുട്ടികള്‍ അവരുടെ പിതാക്കളുമായി യാതൊരു ബന്ധവുമില്ലാത്ത ജീവിതരീതി അവലംബിച്ചിട്ടുള്ളതായി കാണാം. മൗലവി, മുസ്‌ലിയാര്‍, ഹാജിയാര്‍ തുടങ്ങിയവരുടെ മക്കളെ ധാരാളക്കണക്കില്‍ ഇന്നു മതവുമായി ബന്ധമില്ലാതെയും ചിലപ്പോഴൊക്കെ മത വിരോധികളായും ദുര്‍വൃത്തരായും കാണാം. ഇതിന്നെല്ലാം പ്രധാനകാരണം വീട്ടില്‍ വെച്ച് നല്ല പരിശീലനം അവര്‍ക്ക് കിട്ടാത്തതാണ്. മതഭക്തയായ മാതാവിലൂടെ മാത്രമെ കുട്ടികളെ നമുക്ക് മതനിഷ്ഠയുള്ളവരാക്കാന്‍ കഴിയുകയുള്ളൂ. പക്ഷേ, പണത്തെ ലാക്കാക്കി കെട്ടിക്കൊണ്ടുവന്നിട്ടുള്ള ഭാര്യമാരില്‍നിന്നും നിങ്ങള്‍ക്കു പലപ്പോഴും മതം പ്രതീക്ഷക്കാന്‍ കഴിയുകയില്ല. മനുഷ്യനെ മതവാദിയോ മതനിഷേധിയോ എല്ലാമാക്കുന്നത് പ്രധാനമായും മാതാപിതാക്കളാണ്.

ഇസ്‌ലാമിക സംസ്‌കാരം ശരിക്കും നിലനില്‍ക്കണമെങ്കില്‍ ഓരോകുടുബവും തികച്ചും ഇസ്‌ലാമീകരിച്ചേ പറ്റൂ. കുട്ടികളെ ഇസ്‌ലാമികമാര്‍ഗത്തില്‍ വളര്‍ത്താനുള്ള നിഷ്‌കര്‍ഷ മാതാപിതാക്കള്‍ക്ക് ഉണ്ടായാലല്ലാതെ- പ്രത്യേകിച്ച് മാതാവിന്ന്-കുട്ടികള്‍ നേര്‍മാര്‍ഗത്തിലാകാന്‍ വളരെ പ്രയാസമാണ്. നബി ﷺ പറയുന്നത് നോക്കുക:

''നിങ്ങളില്‍ ഓരോരുത്തരും ഓരോ ഭരണാധികാരിയാണ്. ഓരോരുത്തരോടും തന്റെ ഭരണീയരെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടും. രാജാവ് ഒരു ഭരണാധികാരിയാണ്. പുരുഷന്‍ തന്റെ വീട്ടകാരുടെ ഭരണാധികാരിയാണ്. സ്ത്രീ ഭര്‍തൃ ഗൃഹത്തിന്റെയും ഭര്‍തൃസന്തതികളുടെയും ഭരണാധികാരിയാണ്.''

പുരുഷനും സ്ത്രീയും തങ്ങളുടെ സന്തതികളെ വളര്‍ത്തുന്നതില്‍ ഈ ഉത്തരവാദിത്ത പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. തങ്ങളുടെ കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ ഇന്നു പലരും അശ്രദ്ധരാണ്. കോഴിക്കോട് പോലെയുള്ള നഗരങ്ങളില്‍ കുട്ടികള്‍ അമ്മമാരുടെ വീടുകളില്‍ വളരുന്നത് കൊണ്ടും ബാപ്പയുമായി ബന്ധം കുറവാകകൊണ്ടും ബാപ്പാക്ക് കുട്ടികളെ വേണ്ടതുപോലെ പരിശീലിപ്പിക്കാനും നിയന്ത്രണം ചെലുത്താനും കഴിയാറില്ല. അതിന്റെ ദോഷഫലം അവിടങ്ങളില്‍ ഇപ്പോള്‍ പ്രകടമായിക്കാണുന്നുമുണ്ട്.

നിയന്ത്രണാധീനം വിടാത്തവിധം ഓരോ കുടുംബവും താമസം ഏര്‍പ്പാട് ചെയ്യല്‍ വളരെ ആവശ്യമാണ്. കുട്ടികള്‍ എപ്പോഴും മാതാപിതാക്കളുടെ ലാളനയിലും ശിക്ഷണത്തിലും വരികയും അവര്‍ക്ക് മാതാപിതാക്കളുടെ ജീവിതത്തില്‍നിന്നും നല്ല മാതൃക ലഭിക്കുകയും വേണം. പാഠശാലകളില്‍ നിന്നോ, സമൂഹത്തില്‍നിന്നോ എന്തുതന്നെ പഠിച്ചാലും അത് കുട്ടികളുടെ മനസ്സില്‍ സ്വാധീനം ചെലുത്തണമെങ്കില്‍ മാതാപിതാക്കളുടെ ജീവിതത്തില്‍നിന്ന് തന്നെ ലഭ്യമാകണം.

കുട്ടികളുടെ ഭക്ഷണം, വസ്ത്രം, ആരോഗ്യം എന്നീ കാര്യങ്ങളില്‍ മാതാപിതാക്കള്‍ വളരെയേറെ ശുഷ്‌കാന്തി പാലിക്കാറുണ്ട്. പക്ഷേ, അവരുടെ വിദ്യാഭ്യാസത്തിലും ആത്മീയ പരിശീലനത്തിലും അത്ര തന്നെ ശ്രദ്ധിച്ചുകാണാറില്ല. മാതാപിതാക്കളുടെ അറിവില്ലായ്മയാണിതിനു കാരണം. രക്ഷിതാക്കളെ പല  മാര്‍ഗേണ അറിവുള്ളവരാക്കാന്‍ സമൂഹം ശ്രദ്ധിക്കേണ്ടതാണ്. നിശാകാസ്സുകളിലൂടെയും പ്രസംഗങ്ങളിലൂടെയും മറ്റു സമ്പര്‍ക്കത്തിലൂടെയും ഇക്കാര്യം നിര്‍വഹിക്കാവുന്നതാണ്. അറബി മുന്‍ഷിമാര്‍ക്കും െ്രെപമറി അധ്യാപകര്‍ക്കുമൊക്കെ ഈ കാര്യം നിര്‍വഹിക്കാന്‍ നിഷ്പ്രയാസം കഴിയുന്നതാണ്.

യാതൊരു തത്ത്വദീക്ഷയുമില്ലാതെ തോന്നിയമാതിരി ചെല്ലുന്നേടത്തെല്ലാം വിവാഹം കഴിക്കുകയും അതുപോലെത്തന്നെ തോന്നിയവിധം വിവാഹമോചനം ചെയ്യുകയും ചെയ്യുക കാരണം വളരെയധികം കുട്ടികള്‍ അനാഥരായിത്തീരുന്നുണ്ട്. ഇങ്ങനെ അനാഥരായിത്തീരുന്ന കുട്ടികള്‍ ഒരു പ്രത്യേക മനശ്ശാസ്ത്രം വെച്ചുപുലര്‍ത്തുക കാരണം സമൂഹത്തിന്ന് അവര്‍ ഒരു ഭീഷണിയായി മാറുന്നു. അവര്‍ പലപ്പോഴും നിലവിലുള്ള എല്ലാത്തിനെയും ചോദ്യം ചെയ്തുകൊണ്ടായിരിക്കും വളരുക. അവരെ അങ്ങിനെയാക്കിത്തീര്‍ത്തത് നിരുത്തരവാദപരമായ അവരുടെ പിതാക്കളുടെ ചെയ്തികളാണ്. ഇത് സമൂഹം തടയേണ്ടതാണ്. തികച്ചും നീതിപാലിക്കാനും ഭാര്യാമക്കളെ നല്ലപോലെ വളര്‍ത്താനും കഴിഞ്ഞെങ്കില്‍ മാത്രമെ ബഹുഭാര്യത്വം സമൂഹം അനുവദിക്കാവൂ. കുടുംബജീവിതത്തെക്കുറിച്ച് ഓരോ വ്യക്തിയും ബോധവാനാണെങ്കില്‍ മാത്രമെ നല്ലൊരു സമൂഹം നമുക്ക് കെട്ടിപ്പടുക്കാന്‍ കഴിയൂ. ഇല്ലെങ്കില്‍ സമൂഹത്തില്‍ ഫിത്‌നയും നാശവും എന്നും നടമാടും, നാം നശിക്കും.