എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി

എന്‍.വി അബ്ദുസ്സലാം ബിന്‍ മുഹമ്മദ്

2021 ആഗസ്ത് 07 1442 ദുല്‍ഹിജ്ജ 27

(1971 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ'സല്‍സബീല്‍' ത്രൈമാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം)

പരേതനായ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുമായി ഈ ലേഖകനു മുപ്പതുകൊല്ലത്തെ സ്‌നേഹബന്ധവും പരിചയവും ഉണ്ടെങ്കിലും എ.സി.സി സ്മാരകഗ്രന്ഥത്തിലെ ലേഖനങ്ങള്‍ വായിച്ചു തീര്‍ന്നതിനു ശേഷമാണ് ഈ കുറിപ്പെഴുതുന്നത്. കൂടാതെ മിഷ്‌കാത്തുല്‍ ഹുദായുടെ വിശേഷാല്‍ പതിപ്പില്‍ അദ്ദേഹം എഴുതിയ ഒരു ലേഖനവും ('കേരള യൂനിവേഴ്‌സിറ്റിയും അറബി ഭാഷയും' എന്ന ശീര്‍ഷകത്തിലുള്ളത്) ഇപ്പോള്‍ ഒരിക്കല്‍ കൂടി വായിക്കുകയുണ്ടായി.

'സല്‍സബീല്‍' ത്രൈമാസികയില്‍ ഈ വിഷയം എഴുതുവാന്‍ ജ: കെ. ഉമര്‍ മൗലവി എന്നെ നിയോഗിച്ചപ്പോള്‍ ഒരു ചെറിയ അനുസ്മരണം മാത്രം എഴുതുവാനേ ഉദ്ദേശിച്ചിരുന്നുള്ളുവെങ്കിലും, പിന്നീട് വായനകള്‍ക്ക് ശേഷം കുറച്ചുകൂടി വിശദമായി എഴുതണമെന്നാണ് തോന്നിയത്.

ജ:എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുമായി ഈ ലേഖകന്‍ ബന്ധപ്പെടുവാന്‍ തുടങ്ങിയത് 1934ല്‍ കോഴിക്കോട് ഇസ്‌ലാമിയ്യ കമ്പനിയില്‍വെച്ചും തുടര്‍ന്ന് മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ക്വുര്‍ആന്‍ പരിഭാഷ എഴുതിയിരുന്ന സ്ഥലത്തുവെച്ചുമായിരുന്നു.

എന്റെ ജീവിതത്തില്‍ പലപ്പോഴും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും ശാസനകളും എനിക്കുപകരിച്ചിട്ടുണ്ട്. ക്വുര്‍ആനും സുന്നത്തും മനസ്സിലാക്കുന്ന വിഷയത്തിലും നബി(സ)യുടെയും അനുയായികളുടെയും മാതൃകയനുസരിച്ചു ജീവിതം ക്രമപ്പെടുത്തുന്ന വിഷയത്തിലും എനിക്ക് ഏറ്റവും ഉപകാരപ്പെട്ട പാഠങ്ങള്‍ കിട്ടിയ പല വ്യക്തികളുണ്ടെങ്കിലും അതിലേറ്റവും പ്രധാപ്പെട്ട മൂന്നുപേര്‍ ഇവരാണ്: (1) സയ്യിദ് റഷീദ് രിളാ, (2) കെ. എം മൗലവി, (3) എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി. എന്റെ ആദര്‍ശം രൂപീകരിക്കുന്നതിലും ഇസ്‌ലാമിലെ മൗലിക സിദ്ധാന്തങ്ങള്‍ മനസ്സിലാക്കുന്നതിലും ഈ മൂന്നു മഹാന്മാരോട് മറ്റുള്ളവരെക്കാള്‍ എനിക്ക് കടപ്പാടുണ്ട്.

എന്നാല്‍ എം. സി. സി അബ്ദുര്‍റഹ്മാന്‍ മൗലവിയോടുള്ള കടപ്പാടിന്റെ ഏറ്റവും പ്രധാനവശം നബിചര്യ മനസ്സിലാക്കുന്നതിലുള്ള പ്രധാന തത്ത്വത്തിലാണ്.

കൊടിയത്തൂരില്‍വെച്ച് 'തറാവീഹ് വാദപ്രതിവാദം' നടന്നപ്പോള്‍ എതിര്‍കക്ഷികളെക്കൊണ്ട് അദ്ദേഹം ഒരു പ്രധാന തത്ത്വം സമ്മതിപ്പിക്കുകയുണ്ടായി. അതായത് ഒരു ഹദീസ് സ്വീകാര്യമാണോ എന്ന കാര്യത്തില്‍ താഴെ പറയും പ്രകാരം ഒരു തീരുമാനത്തില്‍ അവര്‍ എത്തുവാന്‍ നിര്‍ബന്ധിതരായി:

ബുഖാരിയില്‍നിന്നോ മുസ്‌ലിമില്‍നിന്നോ ഒരു ഹദീസ് ഉദ്ധരിക്കുന്നപക്ഷം; അവര്‍ സ്വീകാര്യമായി രേഖപ്പെടുത്തിയതാണെങ്കില്‍, അത് തെളിവായെടുക്കേണ്ട. സ്വീകാര്യമല്ല എന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ ആ വാദിയാണ് അതിന്റെ പോരായ്മ തെളിയിക്കേണ്ടത്. ബുഖാരി, മുസ്‌ലിം; ഇവയല്ലാത്ത ഗ്രന്ഥങ്ങളില്‍നിന്നും ഹദീസ് ഉദ്ധരിക്കുന്ന ആള്‍തന്നെ അത് സ്വീകാര്യമാണെന്ന് തെളിയിക്കേണ്ടതാണ്. ഈ തത്ത്വം പൊതുവില്‍ നിബന്ധനയായി പണ്ഡിതന്മാര്‍ സ്വീകരിച്ചതാണെന്ന് രണ്ട് കക്ഷികളും അന്ന് സമ്മതിക്കുകയുണ്ടായി.

ഹദീസിന്റെ സനദ് പരിശോധിക്കുന്ന വിഷയത്തിലും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി വളരെ പ്രാപ്തനായിരുന്നു. വിലപ്പെട്ട പല നിര്‍ദേശങ്ങളും ഈ ലേഖകന്ന് അദ്ദേഹത്തില്‍നിന്നു കിട്ടിയതിനാല്‍ അരീക്കോട്ടെ അറബിക്കോളേജിലും കോഴിക്കോട്ടെ നദ്‌വത്ത് ഓഫീസിലും ഹദീസിന്റെ ബലാബലം പരിശോധിക്കുന്നതിന്നന്നാവശ്യമായ പല ഗ്രന്ഥങ്ങളും ശേഖരിക്കുവാന്‍ ഈ ലേഖകന്നു തരപ്പെട്ടിട്ടുണ്ട്.

1932ല്‍ മൂന്നാം ഫോറം കഴിഞ്ഞതിനു ശേഷം മഞ്ചേരി ഹൈസ്‌കൂള്‍ വിടുവാന്‍ നിര്‍ബന്ധിതനാക്കത്തക്കവണ്ണം രോഗത്തില്‍പെട്ടു പോകയാല്‍ പിന്നീട് കുറച്ചുകാലത്തേക്ക് ഹൈസ്‌കൂള്‍ പഠനം നിറുത്തി വെക്കേണ്ടിവന്നു. അതിനാല്‍ ഇൗയുള്ളവന്‍ നാട്ടില്‍തന്നെ താമസിക്കുകയും മതവിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുവാനിടയായി. ആ കാലത്തായിരുന്നു എം.സി.സി സഹോദരന്മാരുമായി ബന്ധപ്പെടുവാന്‍ അവസരം ലഭിച്ചത്.

അഞ്ച് കൊല്ലങ്ങള്‍ക്ക് ശേഷം 1937ല്‍ മലപ്പുറം ഹൈസ്‌കൂളില്‍ പഠിക്കുവാന്‍ പോയപ്പോള്‍ ഒരിക്കല്‍ മലപ്പുറത്തുവെച്ച് അബ്ദുര്‍റഹ്മാന്‍ മൗലവി എന്നെ കാണുകയുണ്ടായി. 'നീ വീണ്ടും ഈ വഴിയിലായോ? അറബിപഠനവും മതരംഗത്തെ പ്രവര്‍ത്തനവും നിര്‍ത്തിക്കളഞ്ഞുവോ?' എന്നു ചോദിക്കുകയുണ്ടായി.

1941ല്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോഴും തലശ്ശേരിയില്‍വെച്ച് അദ്ദേഹം ഒരിക്കല്‍ എന്നെ വിമര്‍ശിക്കുകയുണ്ടായി.

അങ്ങനെ 1943ല്‍ ഗവണ്‍മെന്റ് സര്‍വീസില്‍നിന്നു കാസശ്വാസം നിമിത്തം ലീവെടുത്തു വീട്ടില്‍ വന്നിരിക്കുമ്പോള്‍ ജ:കെ.എം മൗലവിയുടെ ഉപദേശപ്രകാരം വാഴക്കാട് ദാറുല്‍ ഉലൂമില്‍ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ കീഴില്‍ ഒരു വിദ്യാര്‍ഥിയായി ചേരുവാന്‍ ഞാനാരു ശ്രമം നടത്തുകയുണ്ടായി. വീട്ടിലെ പല അസൗകര്യങ്ങള്‍ നിമിത്തം അതിന്നു സൗകര്യപ്പെട്ടില്ല.

ഗുരുനാഥന്മാരില്ലാതെ സ്വന്തം വായിച്ചു പഠിക്കേണ്ട ഗതികേടാണ് എനിക്കുണ്ടായത്. ജ:കെ.എം മൗലവിയെയും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയെയും പലപ്പോഴും ഞാന്‍ സമീപിക്കുകയും പല ഉപദേശങ്ങളും അവരില്‍നിന്നു കേള്‍ക്കുകയും ചെയ്തിരുന്നു.

ആ കാലങ്ങളില്‍ ജംഇയ്യത്തുല്‍ ഉലമായില്‍ ഞാന്‍ മെമ്പറായിരുന്നു. കമ്മിറ്റിയിലും ഉണ്ടായിരുന്നു. പ്രസിഡണ്ട് കെ.എം മൗലവിയും സിക്രട്ടറി അബ്ദുര്‍റഹ്മാന്‍ മൗലവിയും ആയിരുന്നുവല്ലോ.

1944നു ശേഷം അരിക്കോട്ടുവെച്ച് ക്വുര്‍ആന്‍ ദര്‍സ് നടത്തുകയും അറബി ഭാഷ മുതിര്‍ന്നവര്‍ക്ക് പഠിപ്പിക്കുകയും ചെയ്തുവന്നിരുന്നപ്പോള്‍,  ജംഇയ്യത്തുല്‍ ഉലമായുടെ ഒരു കമ്മിറ്റി യോഗത്തിന്നു പുളിക്കല്‍ പോകുകയുണ്ടായി. 'ക്വുര്‍ആന്‍ ആദ്യം മുതല്‍ അവസാനംവരെ അര്‍ഥം മനസ്സിലാക്കുകയും അറബി ഭാഷ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും ശീലിക്കുകയും ചെയ്ത ചില സനേഹിതന്മാര്‍ എനിക്കുണ്ട്. അവരെ ജംഇയ്യത്തുല്‍ ഉലമായില്‍ ചേര്‍ക്കുവാന്‍ പറ്റുമോ' എന്നു ഞാന്‍ ചോദിച്ചു. 'അതു പറ്റുകയില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ മറുപടി കേട്ടപ്പോള്‍ 'എനിക്കും അത്രതന്നെയല്ലേ യോഗ്യതയുള്ളൂ. എനിക്കും ജംഇയ്യത്തുല്‍ ഉലമായില്‍ പറ്റുകയില്ലല്ലോ' എന്നു തോന്നുകയുണ്ടായി.

അതിനുശേഷം ഞാന്‍ ജംഇയ്യത്തുല്‍ ഉലമായുടെ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തുകയും കുറെ കഴിഞ്ഞതിനുശേഷം രാജിവെക്കുകയും ചെയ്തു. ഇങ്ങനെയാണ് ഈ ലേഖകന്‍ ജംഇയ്യത്തുല്‍ ഉലമായുമായി വിട്ടത്.

പിന്നീടുണ്ടായ പല സന്ദര്‍ഭങ്ങളിലും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും എനിക്ക് കിട്ടിക്കൊണ്ടിരുന്നിട്ടുണ്ട്. ഒരു പ്രത്യേക സംഭവം വിവരിക്കാം:

ജമാഅത്തെ ഇസ്‌ലാമിക്കാരുടെ പ്രചാരണങ്ങള്‍ മലബാറില്‍ ഉണ്ടായപ്പോള്‍ ആ വിഷയത്തെപ്പറ്റി ഒന്നിലധികം പ്രാവശ്യം ജ: കെ.എം മൗലവിയോടും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയോടും ഈയുള്ളവന്‍  സംസാരിച്ചിരുന്നു.

അവരുടെ പ്രബോധനം പത്രത്തിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ക്വുര്‍ആനിന്നും സുന്നത്തിന്നും വിരുദ്ധമായ പലതുമുണ്ടെന്നു ഈ സംസാരങ്ങളില്‍നിന്നു മനസ്സിലായിരുന്നു.

ജ:എം.ശെയ്ഖ് മുഹമ്മദ് മൗലവി അരീക്കോട് കോളേജില്‍ പ്രിന്‍സിപ്പാളായിരിക്കുമ്പോള്‍, അദ്ദേഹം ചേന്ദമംഗല്ലൂരിലെ കെ.സി രായിന്‍ മമ്മദ് എന്നയാളുമായി ഒരു തര്‍ക്കത്തിലേര്‍പ്പെടുകയുണ്ടായി. അവര്‍ ഒരു വാദപ്രതിവാദവും നിശ്ചയിച്ചുവത്രെ. ഇതൊന്നും ഞാനാദ്യം അറിഞ്ഞിരുന്നില്ല.

ഒരു ദിവസം എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി അരീക്കോട് വരുകയും 'ജമാഅത്തെ ഇസ്‌ലാമിക്കാരുമായി കൊടിയത്തൂര്‍ വെച്ച വാദപ്രതിവാദം നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്; നീയും വരണം' എന്നു പറയുകയും ചെയ്തു.

വലിയ കുട്ടിഹസ്സന്‍ സാഹിബിന്റെ വീട്ടിലെത്തുവാനായിരുന്നുവത്രെ നിശ്ചയിച്ചിരുന്നത്. അതുപ്രകാരം ഞങ്ങള്‍ പോയെങ്കിലും വാദപ്രതിവാദത്തിന്നു എതിര്‍കക്ഷി തയ്യാറായില്ല.

പിറ്റേന്ന് കുട്ടിഹസ്സന്‍ സാഹിബിന്റെ മകന്‍ അബ്ദുസ്സലാമിന്റെ ചേന്ദമംഗല്ലൂര്‍ വീട്ടില്‍വെച്ചു നാട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഒരു വാദപ്രതിവാദ പ്രസംഗത്തിന്നു നിശ്ചയിക്കുകയുണ്ടായി. അന്നു ജമാഅത്തെ ഇസ്‌ലാമി അമീര്‍ മുഹമ്മദലി ഹാജി ആയിരുന്നു

സ്ഥലത്തെ ജമാഅത്ത് നേതാവായ ജ:കെ.സി അബ്ദുല്ല മൗലവിയുമായി ഞങ്ങള്‍ സംസാരിച്ചപ്പോള്‍ പ്രസംഗ രൂപത്തിലുള്ള വാദപ്രതിവാദത്തിന്നേ അദ്ദേഹം തയ്യാറുള്ളൂവെന്ന് പറഞ്ഞു. ജംഇയ്യത്തുല്‍ മുജാഹിദിന്റെ പേരില്‍ വാദപ്രതിവാദ പ്രസംഗം നടത്തുവാന്‍ പുറപ്പെടുന്നതിനു മുമ്പുതന്നെ കൗണ്‍സില്‍ തീരുമാനമെടുത്ത് എന്നെ അധികാരപ്പെടുത്തിയിരുന്നു. ജംഇയ്യത്തുല്‍ മുജാഹിദീന്‍ ഒരു പ്രാദേശിക സംഘടനയായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് വാദപ്രതിവാദ പ്രസംഗ കരാറില്‍ പ്രസ്തുത സംഘവുമായി ഏര്‍പ്പെട്ടുകൂടാ എന്ന് കെ.സി അബ്ദുല്ല മൗലവി പറഞ്ഞു.

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുമായി കേരള ജംഇയ്യത്തുല്‍ ഉലമായുടെ പേരില്‍ കരാര്‍ ചെയ്യുവാന്‍ തയ്യാറാണെന്നു കെ.സി. അബ്ദുല്ല മൗലവി പറഞ്ഞു.

അതൊരു വിഷമ സന്ദര്‍ഭമായിരുന്നു. എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി സാധാരണയായി പ്രസംഗിക്കാറില്ല.

നാലു ദിവസത്തെ പ്രസംഗം കഴിഞ്ഞ ശേഷം ഇതിനെല്ലാം മറുപടിയായി ഒരു ദിവസം വ്യക്തിപരമായി പ്രസംഗിക്കുവാന്‍ കെ.സി അബ്ദുല്ല മൗലവിയെ അനുവദിക്കണമെന്നു നാട്ടുകാര്‍ നിവേദനം നല്‍കിയപ്പോള്‍ അതൊരു വിഷമസന്ധിയായിരുന്നു.

ഔപചാരികമല്ലാത്തതുകൊണ്ട് അത് അനുവദിക്കുന്നതിന്നു അബ്ദുര്‍റഹ്മാന്‍ മൗലവിക്ക് വിസമ്മതമായിരുന്നുവെങ്കിലും ജംഇയ്യത്തുല്‍ ഉലമായില്‍ മെമ്പറല്ലാത്ത ഞാന്‍ വ്യക്തിപരമായിത്തന്നെ പിറ്റേദിവസം മറുപടി പറഞ്ഞുകൊള്ളാമെന്നും ഞാനഭിപ്രായപ്പെട്ടപ്പോള്‍ അത് അദ്ദേഹം സ്വീകരിച്ചു.

ജ:കെ.സി അബ്ദുല്ല മൗലവിയുടെ പ്രസംഗം ശ്രദ്ധിച്ചുകേട്ടതില്‍, ഞാന്‍ ഉദ്ധരിച്ച തെളിവുകളെ ഖണ്ഡിക്കാതെ, അദ്ദേഹം ഒരു ഒഴുക്കാന്‍ പ്രസംഗം ചെയ്യുകയാണ് ചെയ്തതെന്ന് എനിക്കു തോന്നുകയാല്‍ അതിനനുസരിച്ചുള്ള മറുപടി പിറ്റേന്ന് പറയുകയും ചെയ്തു.

അബ്ദുല്ല മൗലിയുടെ പ്രസംഗത്തിനു ഞങ്ങളുടെ സ്പീക്കര്‍ കൊടുക്കുവാന്‍ ആവശ്യപ്പെട്ടതുപ്രകാരം എടവണ്ണക്കാരുടെ ആ സ്പീക്കര്‍ ഞങ്ങള്‍ കൊടുത്തിരുന്നു. എന്നാല്‍ പിറ്റേദിവസം ആയപ്പോഴേക്കും ലൗഡ് സ്പീക്കര്‍ കേടുവന്നതായാണ് കണ്ടത്. ഒരു ഗ്രാമപ്രദേശമായതിനാല്‍ പെട്ടെന്നു ശരിപ്പെടുത്തുവാന്‍ സാധിച്ചതുമില്ല. സാധാരണ പത്തു മണിമുതല്‍ 12വരെ നടത്തിവന്ന പ്രസംഗം ആറാം ദിവസം സ്പീക്കറിന്മേല്‍ പണിയെടുത്തു വൈകിയതിനാല്‍ 12 മതല്‍ 2 മണിവരെയാണ് നടന്നത്. ജംഇയ്യത്തുല്‍ ഉലമായുടെ പേരിലല്ലെങ്കിലും അബ്ദുര്‍റഹ്മാന്‍ മൗലവി 5ാം ദിവസത്തെയും 6ാം ദിവസത്തെയും പ്രസംഗങ്ങള്‍ മുഴുവനും കേട്ടതിനു ശേഷമാണ് സ്ഥലംവിട്ടത്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ എനിക്ക് രണ്ടു ദിവസങ്ങളിലും കിട്ടിയിരുന്നു.

ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെയും കെ.എം മൗലവിയുടെയും നിലപാട് ഒന്നുതന്നെയായിരുന്നു. അവരുടെ പ്രസിദ്ധീകരണങ്ങള്‍ കെ.എം മൗലവിയുടെ കയ്യിലുണ്ടായിരുന്നത് മകന്‍ കുഞ്ഞുമൊയ്ദീന്‍ മൗലവി മുഖേന അയച്ചുതന്നിരുന്നു. കൂടാതെ അദ്ദേഹം ഈ വിഷയത്തില്‍ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അയച്ച കത്ത് ഞാന്‍ ഇപ്പോഴും സൂക്ഷിച്ചുവരുന്നുണ്ട്.

ജ:എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി, മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പുത്രനായി 1906ല്‍ പരപ്പനങ്ങാടിയില്‍ ജനിച്ചു. പി.ഒ കോമു എന്നയാളുടെ സഹോദരി പുത്രനായിരുന്നു അദ്ദേഹം.1964 ജനുവരി, വെള്ളിയാഴ്ച തന്റെ ദീനത്തുല്‍ ഉലൂം കോളേജ് ഓഫീസില്‍വെച്ചുതന്നെ അദ്ദേഹം നിര്യാതനായി.

 അദ്ദേഹം ആദ്യം തന്റെ പിതാവില്‍നിന്നാണ് വിദ്യ അഭ്യസിച്ചത്. പിന്നെ അദ്ദേഹം വേലൂര്‍ പോയി. വേലൂരില്‍നിന്നും മടങ്ങിവന്ന ശേഷം 1935ല്‍ അദ്ദേഹം അഫ്ദലുല്‍ ഉലമാ പരീക്ഷ പാസ്സാവുകയും ചെയ്തു. പിന്നീടദ്ദേഹം ബി.ഒ.എല്‍ന്റെ മുഹദ്ദിസ്, മുഫസ്സിര്‍ പാര്‍ട്ടുകളും പാസ്സാവുകയുണ്ടായി.

കേരള ജംഇയ്യത്തുല്‍ ഉലമായുടെ സിക്രട്ടറിയായിരുന്നു പരേതന്‍. മലബാര്‍ലഹള നിമിത്തം അഭയാര്‍ഥികളായ ജ:കെ.എം മൗലവി മുതലായവര്‍ കൊടുങ്ങല്ലൂരില്‍ പോയതിന്ന് മുമ്പുതന്നെ അധ്യാപകന്മാരായും കൊണ്ട് ഇ.കെ മൗലവിയും എം.സി. സി അബ്ദുര്‍റഹ്മാന്‍ മൗലവിയും അവിടെ താമസമാക്കിയിരുന്നു. എം.സി.സി സ്മാരകഗ്രന്ഥത്തില്‍ ജ:കെ.എം മൗലവി എഴുതിയ ലേഖനത്തില്‍ തന്നെ രക്ഷിച്ചത് എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയാണെന്ന് പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ കത്തില്‍ നിര്‍ദേശിച്ച പ്ലാന്‍ പ്രകാരമാണ് ജ:കെ.എം മൗലവി ശത്രുക്കളുടെയും പോലീസിന്റെയും പിടുത്തത്തില്‍ പെടാതെ കൊടുങ്ങല്ലൂരെത്തി താമസമാക്കിയത്.

കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപിച്ചത് കൊടുങ്ങല്ലൂര്‍ വെച്ചാണ്. പിന്നീടത് കോഴിക്കോട് വെച്ച് രജിസ്റ്റര്‍ചെയ്തു. എല്ലാ ഉലമാക്കന്മാരെയും സംഘടിപ്പിച്ചുകൊണ്ടായിരുന്നു ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയതെങ്കിലും പിന്നീട് ചില മുസ്‌ലിയാന്മാര്‍ അതില്‍നിന്ന് തെറ്റിപ്പിരിഞ്ഞു പോവുകയും അവര്‍ ഫറോക്കില്‍വെച്ചു 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ' സ്ഥാപിക്കുകയും ചെയ്തു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുരീകരിച്ചു നബി ﷺ യും അനുയായികളും പിന്നീട് സലഫും നടന്നത് പോലെ സമുദായത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവിധ ക്ലേശങ്ങളും കഷ്ടപ്പാടുകയും സഹിച്ചുകൊണ്ട് ത്യാഗബുദ്ധിയോടെ സ്വയം അര്‍പ്പിച്ച ഒരു വ്യക്തിയായിരുന്നു എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി സാഹിബ്.

മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വുര്‍ആന്‍ പരിഭാഷ ആരംഭിച്ച മൂന്നു മഹാ പണ്ഡിതന്മാരില്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയും ഉള്‍പ്പെട്ടിരുന്നു. മറ്റു രണ്ടുപേര്‍ (1) കെ.എം മൗലവി, (2) പി. കെ മൂസമൗലവി ഇവരാണ്.

(അവസാനിച്ചില്ല)