നബി ﷺ യുടെ പേരില്‍ സ്വലാത്ത്

കെ. ഉമര്‍ മൗലവി

2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

നബിﷺയുടെ പേരില്‍ സ്വലാത്ത് അല്ലാഹു പരിശുദ്ധക്വുര്‍ആനില്‍ നിര്‍ബന്ധമായും കല്‍പിച്ചിട്ടുള്ള സംഗതിയാണ്. നാം നിര്‍ബന്ധപൂര്‍വം അത് അനുഷ്ഠിച്ചുവരുന്നു. സ്വഹീഹായ ഹദീസുകളില്‍ അതിന് വലിയ പുണ്യം പറഞ്ഞിട്ടുണ്ട്. അല്ലാഹുവും അവന്റെ മലക്കുകളും സ്വലാത്ത് നിര്‍വഹിക്കുന്നു എന്ന് ക്വുര്‍ആനില്‍ പറയുന്നു.

അപ്പോള്‍ സ്വലാത്ത് എന്ന പദത്തിന് എന്താണ് അര്‍ഥം പറയേണ്ടത്?

അല്ലാഹുവിന്റെ സ്വലാത്ത്, മലക്കുകളുടെ സ്വലാത്ത്, മുഅ്മിനുകളുടെ സ്വലാത്ത്, ഈ മൂന്നു സ്ഥലത്തേക്കും പറയാന്‍ പറ്റിയ പരിഭാഷ എന്താകുന്നു? മുഅ്മിനുകളുടെ സ്വലാത്ത് എന്നതിന് റസൂലിന് ആദരപൂര്‍വമായ കാരുണ്യം ലഭിക്കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കലാണ്. മലക്കുകളുടെ സ്വലാത്തും അതുതന്നെ. അല്ലാഹുവിന്റെ സ്വലാത്ത് എന്നതിന് ആദരപൂര്‍വമായ കരുണചെയ്യുക എന്ന് അര്‍ഥം പറയണം. കരുണക്കു വേണ്ടി പ്രാര്‍ഥിക്കലല്ല. ഈ മൂന്നു സ്ഥാനത്തേക്കും പറ്റിയ ഒരു വാചകം ഏതെന്നു ഞാന്‍ ദീര്‍ഘമായി ചിന്തിച്ചിട്ട് എനിക്കു കിട്ടിയത് ആശീര്‍വദിക്കുക എന്ന വാക്കാണ്. അപ്പോള്‍ അല്ലാഹു ആശീര്‍വദിക്കുന്നു, മലക്കുകള്‍ ആശീര്‍വദിക്കുന്നു, മുഅ്മിനുകള്‍ ആശീര്‍വദിക്കുന്നു എന്നു പറയുന്നതില്‍ അപാകത തോന്നുന്നില്ല.

കരുണചെയ്യല്‍; ദയാപൂര്‍വം ചെയ്യലുണ്ട്, ആദരപൂര്‍വം ചെയ്യലുമുണ്ട്. ഒരു പൂച്ചക്കോ നായക്കോ ഭക്ഷണം കൊടുക്കല്‍ ആദരപൂര്‍വമല്ല, ദയാപൂര്‍വമാണ്. രാജാവിനോ നേതാവിനോ വല്ലതും കൊടുക്കല്‍ ആദരപൂര്‍വം ആണ്. ഈ രണ്ടിടത്തും കാരുണ്യമുണ്ടെങ്കിലും രണ്ടാമത്തേതില്‍ ആദരവുണ്ട്. ഒന്നാമത്തേതില്‍ ആദരവില്ല. ഈ വ്യത്യാസം ശ്രദ്ധേയമാണ്. പ്രവാചകന് ധര്‍മം വാങ്ങാന്‍ പാടില്ല. ഹദ്‌യ വാങ്ങാം. സ്വദക്വയും ഹദ്‌യയും തമ്മിലുള്ള വ്യത്യാസം; സ്വദക്വയില്‍ കാരുണ്യമുണ്ട്, ആദരവില്ല. ഹദ്‌യയില്‍ കാരുണ്യമുണ്ട്, ആദരവുമുണ്ട്. ഏതായാലും കാരുണ്യമുണ്ടെന്ന് തീര്‍ച്ച. അപ്പോള്‍ മുഅ്മിനുകളുടെ സ്വലാത്ത് ആദരവോടെയുള്ള കാരുണ്യം നബിക്ക് ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കലാണ്. അപ്പോള്‍ ബുദ്ധിമാന്‍മാരേ, ചിന്തിക്കുക. നബിﷺക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കുവാന്‍ കല്‍പിക്കപ്പെട്ടവരാണ് മുഅ്മിനുകള്‍. ആ കല്‍പനയെ നബിﷺയോട് പ്രാര്‍ഥിക്കുവാന്‍ തെളിവായി പറയുന്ന മനുഷ്യരുടെ ബുദ്ധിക്കെന്തു പറ്റി? നബിയോട് പ്രാര്‍ഥിക്കുന്നതിന് ഈ കാര്യം തെളിവാണെന്ന് ബുദ്ധിയുള്ള ചില മനുഷ്യര്‍ പറയുന്നതായി കേട്ടു. ശരിയാണ്, ബുദ്ധി അവര്‍ക്കുണ്ട്. പക്ഷേ, കീഴ്ക്കാംതൂക്കായ ബുദ്ധിയാണ്. നബിﷺയോട് പ്രാര്‍ഥിക്കുവാന്‍ ഒരിക്കലും പാടില്ലെന്നുള്ളതിന് വ്യക്തമായ തെളിവാണിത്. അപ്പോള്‍ കാര്യം അവതാളത്തിലായ കോലം നോക്കൂ!

''മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നു പറയല്‍, അതായത് നമുക്ക് രക്ഷ ലഭിക്കുവാന്‍ വേണ്ടി മുഹ്‌യിദ്ദീന്‍ ശൈഖിനോടു പ്രാര്‍ഥിക്കല്‍ വേണ്ടപ്പെട്ടതും നല്ലതുമായ കാര്യമാണ്. അതിലേക്കുള്ള വലിയൊരു തെളിവാണ് അത്തഹിയ്യാത്തില്‍ 'അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു' എന്ന് പറയല്‍.''

ഞാന്‍ പറഞ്ഞു: ''സഹോദരാ, എന്താണ് താങ്കള്‍ പറഞ്ഞതെന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ? 'അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു' എന്നതിന്റെ സാരം എന്താണ്? നബിﷺക്ക് ശാന്തി ലഭിക്കാന്‍ വേണ്ടി നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കലാണ് ആ വാചകത്തിന്റെ പൊരുള്‍. അപ്പോള്‍ നമുക്ക് ശാന്തിയുണ്ടാകാന്‍ വേണ്ടി നബിﷺയോട് പ്രാര്‍ഥിക്കുക എന്നത് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ പറ്റുമോ? എന്തൊരു ജാതി ആലോചന! മുഹ്‌യിദ്ദീന്‍ ശൈഖിനോട് രക്ഷതേടല്‍ പിന്നെയല്ലേ! ഈ നിലയില്‍ സംസാരിച്ച് താങ്കളെ വഴികേടിലാക്കിയ പണ്ഡിതന്‍ ഇബ്‌ലീസിന്റെ കൂട്ടുകാരനാണ്. അവരാണ് ഇസ്‌ലാം ദീന്‍ ആകെ കുഴച്ചുമറിച്ചത്. എന്തൊരു പുതുമ! മുഹമ്മദ് നബിﷺക്ക് ശാന്തി ലഭിക്കുവാന്‍ നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. നമ്മളാകട്ടെ നമുക്ക് ശാന്തിയും രക്ഷയും ലഭിക്കുവാന്‍ മുഹ്‌യിദ്ദീന്‍ ശൈഖിനോട് പ്രാര്‍ഥിക്കുക! നബിﷺക്ക് ശാന്തി ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കാനുള്ള ആ കല്‍പനയും മുഹ്‌യിദ്ദീന്‍ ശൈഖിനോട് രക്ഷതേടുന്ന ഈ നടപടിയും തമ്മിലെങ്ങനെ ഒക്കും? മൊയ്‌ല്യാന്‍മാരുടെ കാര്യം മഹാത്ഭുതം തന്നെ! മുസ്‌ല്യാക്കള്‍ പറഞ്ഞത് വിശ്വസിച്ചവരുടെ കാര്യം മഹാസങ്കടം!

കിതാബോതി ബുദ്ധിമറഞ്ഞു എന്നു കേട്ടിട്ടുണ്ട്. അതായത്, ഓതിപ്പഠിച്ചതിന്നു നേരെ വിപരീതമായി പറയല്‍ ബുദ്ധിയുടെ കരണംമറിച്ചിലാണ്. ആ മറിച്ചിലാണിവിടെ സംഭവിച്ചിരിക്കുന്നത്. നേര്‍ക്കുനേരെ കാര്യങ്ങള്‍ മനസ്സിലാക്കുകയും മനസ്സിലായത് സമ്മതിക്കുകയും അത് തുറന്നുപറയുകയും ചെയ്യലാണ് ശരിയായ മാര്‍ഗം. ഇതിനെ തുടര്‍ന്ന് പ്രാര്‍ഥനയെപറ്റി രണ്ടുവാക്ക്: പ്രാര്‍ഥന ആരാധനയാണ്. അല്ലാഹുവേ രക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചാല്‍ അല്ലാഹുവിനെ ആരാധിച്ചു. മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചാല്‍ ശൈഖിനെ ആരാധിച്ചു. ഒരു പോലീസിനോട് രക്ഷിക്കണേ എന്നപേക്ഷിച്ചാല്‍ അത് പ്രാര്‍ഥനയല്ല, ആരാധനയുമല്ല. എന്താണ് വ്യത്യാസം?

അദൃശ്യമായ കഴിവില്‍ വിശ്വസിച്ചുകൊണ്ടുള്ള അപേക്ഷയാണ് പ്രാര്‍ഥന. അതുതന്നെയാണ് ആരാധനയും. അല്ലാഹുവിനെ സംബന്ധിച്ചും ശൈഖിനെ സംബന്ധിച്ചും ആ വിശ്വാസമുണ്ട്. അതുകൊണ്ടാണ് അത് പ്രാര്‍ഥനയും ആരാധനയുമായത്. പോലീസിനെപ്പറ്റി ആ വിശ്വാസം ഇല്ല. അതുകൊണ്ട് രക്ഷിക്കണേ എന്ന് പോലീസിനോട് അപേക്ഷിക്കല്‍ പ്രാര്‍ഥനയല്ല, ആരാധനയുമല്ല. വളരെ പ്രധാനവും പ്രത്യക്ഷവുമായ ഈ വ്യത്യാസം പലരും ശ്രദ്ധിക്കുന്നില്ല. അതുപോലെതന്നെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ പാടില്ലെന്നു പറയുമ്പോള്‍ അല്ലാഹു സ്‌നേഹിച്ചവരും വെറുത്തവരും തമ്മില്‍ വ്യത്യാസമില്ലെന്നു മനസ്സിലാക്കണം. അത് മനസ്സിലാക്കാത്തതിനാല്‍ പലരും വലിയ പിഴവില്‍ പെട്ടുപോയിരിക്കുന്നു. അല്ലാഹു സ്‌നേഹിച്ചരോട് പ്രാര്‍ഥിക്കുന്നതിന് വിരോധമില്ല. അല്ലാഹു വെറുത്തവരോട് പ്രാര്‍ഥിക്കുന്നതാണ് വിരോധം എന്നവര്‍ പറയുന്നു. ഞാന്‍ പള്ളിദര്‍സില്‍ കിതാബോതിക്കൊണ്ടിരുന്നപ്പോള്‍ ''മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് പ്രാര്‍ഥിക്കുന്നത് നാം സമ്മതിക്കുകയും ഗുരുവായൂരപ്പാ രക്ഷിക്കണമേ എന്ന് പ്രാര്‍ഥിക്കുന്നത് വെറുക്കുകയും ചെയ്യുന്നുണ്ടല്ലോ, എന്താണ് വ്യത്യാസം? അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കരുതെന്നാണല്ലോ പറഞ്ഞിട്ടുള്ളത്'' എന്നു ചോദിച്ചു. അപ്പോള്‍ ഉസ്താദ് പറഞ്ഞ മറുപടിയുടെ ചുരുക്കം: ''ൈശഖ് അല്ലാഹുവിന് പ്രിയപ്പെട്ട ആളാണ്. അപ്പന്‍ അല്ലാഹുവിന് വെറുക്കപ്പെട്ടവനും.'' അപ്പോള്‍ ഞാന്‍ ചോദിച്ചൂ: ''അങ്ങനെയാണെങ്കില്‍ ഈസാനബി(അ)യെ നാം വിളിച്ചുപ്രാര്‍ഥിക്കുന്നതിലെന്താണ് വിരോധം?'' ...അപ്പോള്‍ നമ്മുടെ സുന്നി മുസ്‌ല്യാക്കള്‍ ഈ രണ്ടുവിഷയവും-(ഒന്ന്) പ്രാര്‍ഥന ആരാധനയാണെന്നുള്ളത്. (രണ്ട്) അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ പാടില്ലെന്നു പറഞ്ഞപ്പോള്‍ അല്ലാഹുവിന് പ്രിയപ്പെട്ടവരും വെറുക്കപ്പെട്ടവരും വ്യത്യാസമില്ലെന്നത്- മനസ്സിലാക്കിയിരുന്നെങ്കില്‍ കുഴപ്പം കുറെ തീരുമായിരുന്നു.

പ്രാര്‍ഥനയുടെ മഹത്ത്വം വളരെ പ്രധാനമാണ്. പ്രാര്‍ഥന ഇബാദത്താണ്. പ്രാര്‍ഥന ഉള്‍ക്കൊള്ളുന്ന കാര്യവും ഇബാദത്താണ്. ഇബാദത്തുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ നമസ്‌കാരം. അത് അല്ലാഹുവിനോടുള്ള പ്രാര്‍ഥനയുടെ അടിസ്ഥാനത്തിലല്ലാതെ ചെയ്താല്‍ ഇബാദത്ത് എന്ന സ്ഥാനം നഷ്ടപ്പെടും. ധര്‍മം ഇബാദത്താണ്. അല്ലാഹുവിനോടുള്ള പ്രാര്‍ഥനയുടെ അടിസ്ഥാനത്തിലല്ലാതെ ചെയ്താല്‍ ഇബാദത്ത് എന്ന സ്ഥാനം നഷ്ടപ്പെടും. ഫീ സബീലില്‍ യുദ്ധംചെയ്ത് ശഹീദാകല്‍ ഇബാദത്താണ്. അല്ലാഹുവിനോടുള്ള പ്രാര്‍ഥനയുടെ അടിസ്ഥാനത്തിലല്ലാതെ ചെയ്താല്‍ ഇബാദത്തെന്ന സ്ഥാനം നഷ്ടപ്പെടും.

അപ്പോള്‍ പ്രാര്‍ഥനയുടെ പ്രാധാന്യം വായനക്കാര്‍ മനസ്സിലാക്കിയിരിക്കുമല്ലോ. ഇത്രയും പ്രധാനപ്പെട്ട പ്രാര്‍ഥന ഇബാദത്താണെന്ന് സുന്നികള്‍ മനസ്സിലാക്കിയിട്ടില്ല. സാധാരണക്കാര്‍ പോകട്ടെ, അവരുടെ പണ്ഡിതന്മാര്‍ മനസ്സിലാക്കിയിട്ടില്ല. മഹാ സങ്കടവും മഹാവ്യസനവും തന്നെ. അപ്പോള്‍ മുഹമ്മദ്‌നബിﷺക്ക് ആദരപൂര്‍ണമായ കരുണ ചെയ്യണേയെന്ന് നമ്മള്‍ പ്രാര്‍ഥിക്കുമ്പോള്‍ അല്ലാഹു അത് അംഗീകരിക്കുകയും അതിനു നിശ്ചയിക്കപ്പെട്ട പ്രതിഫലം നമുക്ക് നല്‍കുകയും ചെയ്യണേയെന്ന പ്രാര്‍ഥന നമ്മളുടെ മനസ്സില്‍ ഉണ്ടെങ്കില്‍ അതൊരു പ്രധാന ഇബാദത്താകുന്നു. നബിﷺയുടെ സ്‌നേഹവും അടുപ്പവും ലഭിക്കണമെന്ന ഉദ്ദേശത്തിലാണെങ്കില്‍ അല്ലാഹുവിന് ഇബാദത്ത് എന്ന പദവി നഷ്ടപ്പെടും. കര്‍മങ്ങള്‍ പരിഗണിക്കുന്നത് മനസ്സിരുപ്പിന്റെ അടിസ്ഥാനത്തിലാകുന്നു. കര്‍മം എത്ര വിശേഷപ്പെട്ടതായാലും മനസ്സിരുപ്പ് നന്നായിട്ടില്ലെങ്കില്‍ പോക്കുതന്നെ. അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും മാത്രമെ ഉദ്ദേശിക്കാവൂ. വേറെ വല്ലതും ഉദ്ദേശിച്ചാല്‍ ഉദ്ദേശിച്ച കാര്യം സാധിച്ചെന്നും ഇല്ലെന്നുംവരാം. അല്ലാഹുവിന്റെ തൃപ്തി നഷ്ടപ്പെടും. ഭൗതികാവശ്യങ്ങള്‍, അത് ലക്ഷ്യമാക്കാതെന്നെ കിട്ടുകയും ചെയ്യും. ജനങ്ങളുടെ ഇടയില്‍ സല്‍ക്കീര്‍ത്തി ആഗ്രഹിക്കാതെ ധര്‍മം കൊടുത്താല്‍ ജനം അയാളെപ്പറ്റി നല്ലതു പറയാതിരിക്കുകയില്ല.

(സല്‍സബീല്‍ മാസിക, 1999 ഒക്‌ടോബര്‍ ലക്കത്തില്‍നിന്ന്)