കുടുംബ ജീവിതം; അതില്‍ സ്ത്രീക്കുള്ള പങ്ക്

സുലൈഖ അബൂബക്കര്‍ എംഎസ്‌സി

2021 ജൂലൈ 03 1442 ദുല്‍ക്വഅ്ദ 23

(1971 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ സല്‍സബീല്‍ ത്രൈമാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം)

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണല്ലോ. അവന്ന് ജീവിതത്തില്‍ പല പടികളും കടന്നു പോകേണ്ടതുണ്ട്. അതില്‍ പ്രാധനമായ ഒന്നാണ് വൈവാഹിക ജീവിതം. നബി തിരുമേനി ഉപദേശിക്കുന്നത് നോക്കുക: ''നിങ്ങളില്‍ (കായികമായും സാമ്പത്തികമായും) ശേഷിയുള്ളവര്‍ വിവാഹം കഴിക്കട്ടെ. കണ്ണുകളെ നിയന്ത്രിക്കുന്നതിന്നും ചാരിത്ര്യം സുരക്ഷിതമാക്കുന്നതിനും അതത്രെ ഏറ്റവും ഉത്തമമായിട്ടുള്ളത്.''

 പരിപാവനവും മനുഷ്യസമുദായത്തിന്റെ നിലനില്‍പിന്ന് അത്യാവശ്യവുമായ കുടുംബ ജീവിതത്തിന്റെ ആരംഭം കുറിക്കുന്നത് വിവാഹത്തോടുകൂടിയാണല്ലോ. ഒരു പുരുഷന്നുവേണ്ടിയോ സ്ത്രീക്കുവേണ്ടിയോ വിവാഹത്തിന്നുവേണ്ടി ഇണയെ തിരഞ്ഞെടുക്കുമ്പോള്‍ സ്വഭാവം, സംസ്‌കാരം, ആദര്‍ശം, പാരമ്പര്യം, ആരോഗ്യം എന്നിവയില്‍ അവര്‍ക്കുള്ള യോജിപ്പ് കണക്കിലെടുക്കേണ്ടതാണ്. സൂറതുല്‍ ബക്വറയില്‍ അല്ലാഹു പറയുന്നു: ''ബഹുദൈവാരാധകരായ സ്ത്രീകള്‍ വിശ്വസിക്കുന്നതുവരെ അവരെ നിങ്ങള്‍ വിവാഹം ചെയ്യരുത്. ബഹുദൈവാരാധകയായ സ്ത്രീ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും അവളെക്കാള്‍ നല്ലത് (ഇസ്‌ലാമില്‍) വിശ്വസിക്കുന്ന അടിമ സ്ത്രീയാകുന്നു. ബഹുദൈവാരാധകരായ പുരുഷന്മാര്‍ വിശ്വസിക്കുന്നതുവരെ അവര്‍ക്ക് നിങ്ങള്‍ (നിങ്ങളുടെ പെണ്‍കുട്ടികളെ) വിവാഹം ചെയ്തുകൊടുക്കരുത്. ബഹുദൈവാരാധകനായ പുരുഷന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും അവനെക്കാള്‍ നല്ലത് (ഇസ്‌ലാമില്‍) വിശ്വസിക്കുന്ന അടിമയാകുന്നു.''

 മനുഷ്യസമൂഹത്തില്‍ സ്ത്രീകള്‍ക്ക് അവഗണിക്കാന്‍ സാധിക്കാത്ത സ്ഥാനമാണുള്ളത്. കുടുംബജീവിതത്തില്‍ സ്ത്രീകള്‍ പ്രധാനമായ ഒരു പങ്കുവഹിക്കുന്നുണ്ടെന്ന് ആരും സമ്മതിക്കുമല്ലോ.  ഭാര്യയും ഭര്‍ത്താവും ജീവിതത്തില്‍ തുല്യപങ്കാളികളാണ്. അവര്‍ സ്‌നേഹമാകുന്ന ചങ്ങലകൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ സ്‌നേഹം പലപ്പോഴും രണ്ട് വ്യത്യസ്ത സ്വഭാവങ്ങളെ കൂട്ടിയിണക്കുകയാണ് ചെയ്യുന്നത്. ആ ചങ്ങല പൊട്ടിപ്പോകാതിരിക്കന്‍ രണ്ടുപേരും പരിശ്രമിക്കുകതന്നെ വേണ്ടിവരും.

കുടുംബജീവിതത്തില്‍ സ്ത്രീക്കു പല കടമകളും നിര്‍വഹിക്കേണ്ടതായിട്ടുണ്ട്. ഗൃഹഭരണത്തിലും സന്താനപരിപാലനത്തിലും അവള്‍ വളരെയധികം ശ്രദ്ധിക്കാനുണ്ട്. ഭര്‍ത്താവിനെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും ആദരിക്കുകയും വേണം. ഭര്‍ത്താവും ഭാര്യയും വ്യത്യസ്ത സ്വഭാവക്കാരായിരിക്കാം. അതുകൊണ്ട് സന്ദര്‍ഭവും സമയവും അനുസരിച്ച് പെരുമാറാന്‍ രണ്ടുപേരും ഒരുങ്ങേണ്ടിവരും. ഓരോ ഭാര്യയും തന്റെ ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ടതാണ്. സന്തോഷത്തിലും സന്താപത്തിലും പങ്കാളികളാകണം. അവള്‍ സര്‍വവും തന്റെ ഭര്‍ത്താവിന്റെ ആത്മതൃപ്തിക്ക് വേണ്ടി ആത്മാര്‍പ്പണം ചെയ്യാന്‍ (അല്ലാഹുവിന്നും റസൂലിന്നും എതിരായ കാര്യമല്ലെങ്കില്‍) സന്നദ്ധയാവണം. ഇതോടെ സ്‌നേഹധന്യമായ ഒരു കുടുംബത്തിന്റെ അസ്തിവാരംകൂടി സ്ഥാപിക്കാന്‍ കഴിയും. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടുവാനും പറ്റിയൊരു ഭര്‍ത്താവിനെ കിട്ടുകയെന്നതായിരിക്കും ഈ ജീവിതത്തില്‍ ഒരു സ്ത്രീക്കുള്ള ഏറ്റവും വലിയ ഭാഗ്യം. സ്‌നേഹിക്കുന്നവരുടെ ആത്മസംതൃപ്തിയും ആനന്ദവുമായിരിക്കണം സ്‌നേഹിക്കുന്നപ്പെടുന്നവരുടെ ലക്ഷ്യം.

ജീവിതകാലം മുഴുവന്‍ ഔദാര്യം കാണിച്ച ഒരു ഭര്‍ത്താവിന് ഒരിക്കല്‍ സ്ത്രീ ആഗ്രഹിച്ച ഔദാര്യത്തില്‍ വല്ല വീഴ്ചയും പറ്റിയെങ്കില്‍ അവള്‍ അവനെ ഒരിക്കലും കുറ്റപ്പെടുത്തരുത്. ഇക്കാര്യത്തില്‍ നബിതിരുമേനി ﷺ അരുളിയത് നോക്കാം: ''എനിക്ക് അല്ലാഹു നരകത്തെ കാണിച്ചുതന്നു. നോക്കുമ്പോള്‍ അതിലെ കുറ്റവാളികളില്‍ അധികം സ്ത്രീകളാണ്. കാരണം അവള്‍ നിഷേധിക്കുന്നവരാണ്. അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ഔദാര്യങ്ങളെ നിഷേധിച്ചുകളയും. ആ ഔദാര്യങ്ങളോട് നന്ദി കാണിക്കുകയില്ല. ജീവിതകാലം മുഴുവന്‍ നീ ഒരു സ്ത്രീക്ക് പല നന്മകളും ചെയ്തുകൊടുത്തു. എന്നിട്ട് അവളുടെ ഹിതത്തിന്നു യോജിക്കാത്ത വല്ലതും നീ പ്രവര്‍ത്തിച്ചതായി അവള്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങള്‍ എനിക്ക് ഒരു നന്മയും ചെയ്തു തന്നിട്ടില്ല.''

ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരോട് എത്രത്തോളം നന്ദി കാണിക്കണമെന്ന് ഇതില്‍നിന്നു മനസ്സിലാക്കാമല്ലോ.

സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരോട് പല കടമകളും ഉണ്ട്. അവള്‍ എപ്പോഴും അദ്ദേഹത്തോട് അനുസരണശീലമുള്ളവളായിരിക്കണം. ഗൃഹമാകുന്ന കൊച്ചുരാജ്യത്തെ നന്നായി ഭരിക്കേണ്ടത് ഓരോ സ്ത്രീയുടെയും ചുമതലയാണ്. എല്ലാ കാര്യങ്ങളും ഭര്‍ത്താവുമായുള്ള യോജിപ്പോടുകൂടി വേണം ചെയ്യാന്‍. നബിതിരുമേനി ﷺ അരുളുന്നു: ''ഒരു സ്ത്രീക്ക് അവളുടെ ഭര്‍ത്താവിന്റെ അനുവാദം കൂടാതെ സുന്നത്ത് നോമ്പ് നോല്‍ക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ അനുവാദം കൂടാതെ ഒരന്യനെ വീട്ടില്‍ പ്രവേശിപ്പിക്കുവാനും പാടില്ല. അദ്ദേഹത്തിന്റെ അനുമതികൂടാതെ അവള്‍ ചെലവഴിച്ച ഏതൊന്നിന്റെയും പ്രതിഫലത്തില്‍ പകുതി അദ്ദേഹത്തിന്നു ലഭിക്കും.''

 ഒരു കുടുംബിനിക്ക് ഗൃഹഭരണത്തില്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ശുചിത്വം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. എല്ലാറ്റിനും പ്രത്യേക വ്യവസ്ഥയും ക്രമവും ഉണ്ടായാല്‍ മാത്രമെ സൗകര്യത്തോടെ പ്രവര്‍ത്തികള്‍ ചെയ്തുതീര്‍ക്കാനും സമയം ലാഭിക്കാനും കഴിയുകയുള്ളൂ. ക്രമരാഹിത്യം അനാകര്‍ഷണീയവും അസൗകര്യവും കൂടിയാണ്. വീടും പരിസരവും മറ്റു സാധനങ്ങളും ശുചിയാക്കിവെക്കുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇസ്‌ലാം ഉപദേശിക്കുന്നത് ശ്രദ്ധിക്കുക: ''ശുദ്ധി സത്യവിശ്വാസത്തിന്റെ അര്‍ധ ഭാഗമാണ്.''

ഭര്‍ത്താവിന്റെ വരവിനനുസരിച്ച് മാത്രം ചെലവഴിക്കാന്‍ സ്ത്രീകള്‍ ഒരുങ്ങേണ്ടതുണ്ട്. കുടുംബത്തില്‍ സാമ്പത്തികഭദ്രത കൈവരുത്തുന്നതില്‍ സ്ത്രീകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അത്യാവശ്യങ്ങള്‍ക്കു തന്നെ വിഷമിക്കുന്ന ഗൃഹനാഥനെ ആവശ്യങ്ങളുടെയും അനാവശ്യങ്ങളുടെയും പട്ടിക കാണിച്ച് ബുദ്ധിമുട്ടിക്കുന്നത് ഭൂരിപക്ഷം കുടുംബങ്ങളിലും കാണാന്‍ കഴിയുന്നതാണ്. എന്ത് ബുദ്ധിമുട്ട് സഹിച്ചാലും ആഡംബരത്തിന്റെ പേരിലുള്ള അഭിമാനത്തിന്നുവേണ്ടി മാത്രം ശ്രമിക്കുന്ന സ്ത്രീകളെ നമ്മുടെ ഇടയില്‍ത്തന്നെ കാണാം. കുടുംബനീതി തകരാറിലാകുന്നത് അവര്‍ക്കൊരു പ്രശ്‌നമേ അല്ല.

ഭാര്യാഭര്‍ത്താക്കന്മാര്‍ അനേ്യാന്യം സഹായിച്ചുംകൊണ്ട് നീങ്ങാതിരുന്നാല്‍ അത് അവരുടെ കുടുംബനാശത്തിലേക്കായിരിക്കും വഴിതെളിയിക്കുക. സൂറതുത്തൗബയില്‍ അല്ലാഹു പറയുന്നു: ''വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവരില്‍നിന്നും ഒരു കൂട്ടര്‍ മറ്റേ കൂട്ടര്‍ക്ക് സഹായികളാണ്. അവര്‍ സല്‍കര്‍മങ്ങള്‍ ഉപദേശിക്കുകയും ചീത്തസംഗതി വിരോധിക്കുകയും നമസ്‌കാരം നിര്‍വഹിക്കുകയും നിര്‍ബന്ധദാനം നല്‍കുകയും അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കുകയും ചെയ്യുന്നതാണ്. അവരോട് അല്ലാഹു കരുണകാണിക്കും. അല്ലാഹു അഗാധജ്ഞനും പ്രതാപശാലിയുമത്രെ.''

 മാതാവെന്ന നിലയിലും സ്ത്രീ കുടുംബത്തില്‍ സുപ്രധാനമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. ചെറുപ്പത്തില്‍തന്നെ കുട്ടികളുടെ സ്വഭാവസംസ്‌കരണത്തിനും മറ്റും ശ്രദ്ധിക്കേണ്ടത് മാതാക്കളാണ്. ജനിച്ചുവളരുന്ന സംസ്‌കാരിക ചുറ്റുപാടുകളാണ് അവരുടെ സ്വഭാവം രൂപപ്പെടുത്തുന്നത്. നബിതിരുമേനി പറയുന്നു: ''ഓരോ കുട്ടിയും പ്രകൃതിമതത്തില്‍ ജനിക്കുന്നു. അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ ക്രിസ്ത്യനോ മജൂസിയോ ആക്കുന്നത്.'

ഗൃഹാന്തരീക്ഷം നല്ലതല്ലെങ്കില്‍ വിദ്യാലയങ്ങള്‍ മഹത്തരമായിരുന്നിട്ടു വലിയ പ്രയോജനമൊന്നുമില്ല. മാതൃപാദത്തിന്നടിയിലാണ് സ്വര്‍ഗം എന്ന് തിരുമേനി ﷺ അരുളിയിട്ടുണ്ടല്ലോ.

കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്തുന്നതില്‍ മാതാക്കള്‍ക്കുള്ള പങ്ക് മറ്റൊരാള്‍ക്കും ഇല്ല. അവര്‍ക്ക് മതപരവും ഭൗതികവുമായ വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമെ ഇസ്‌ലാമിന്നു ഭംഗം വരാതിരിക്കുകയുള്ളൂ. മതഭക്തിയും മതനിഷ്ഠയും നമ്മുടെ ഇടയില്‍ നശിച്ചുകൊണ്ടിരിക്കാന്‍ ഒരു കാരണം രക്ഷിതാക്കളുടെ അശ്രദ്ധയാണ്. കുട്ടികളെ കൃത്യമായും ക്രമമായും നമസ്‌കരിപ്പിക്കുന്നതിലും ദീനിയായ ജീവിതം നയിക്കുന്നതിലും ഇസ്‌ലാമിക വിജ്ഞാനം നല്‍കുന്നതിലും രക്ഷിതാക്കള്‍ വളരെയധികം ശ്രദ്ധചെലുത്തേണ്ടതാണ്. മാതാപിതാക്കള്‍ കുട്ടികളോട് ഒരിക്കലും കളവു പറയരുത്.

 നമ്മുടെ സമുദായം നന്നാവണമെങ്കില്‍ ആദ്യമായി സ്ത്രീസമൂഹത്തെ ശരിക്ക് വളര്‍ത്തിയെടുക്കണം. അവര്‍ക്ക് ഭൗതികവും മതപരവുമായ വിദ്യാഭ്യാസം നല്‍കണം. ഭൗതിക വിദ്യാഭ്യാസം മാത്രം നല്‍കുന്നത് കൊണ്ടാണ് ഇസ്‌ലാമിക സംസ്‌കാരത്തെ സംരക്ഷിക്കുന്നതിന് പറ്റിയ പരിശീലനങ്ങള്‍ അവള്‍ക്ക് കിട്ടാത്തത്.

സ്ത്രീകള്‍ക്ക് അവരുടെ പ്രധാന ജോലിയായ ഗൃഹഭരണം, സന്താന പരിപാലനം എന്നിവക്ക് പുറമെ അവര്‍ക്ക് ഉദേ്യാഗസ്ഥകളാവാനും കഴിയുമെങ്കില്‍ വളരെ നല്ലത് തന്നെ. അങ്ങനെ സാധിച്ചാല്‍ നമ്മുടെ കുടുംബത്തിന്നും സമുദായത്തിന്നും വളരെയധികം ഗുണങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞെന്നുവരും. പക്ഷേ, ഇന്ന് ഉദേ്യാഗസ്ഥകളില്‍ അധികംപേര്‍ക്കും ഗൃഹഭരണം അജ്ഞാതമാണ്. പുരുഷനും കുടുംബത്തില്‍ വളരെ ചുമതലകളും കടമകളും നിര്‍വഹിക്കാനുണ്ട്. അവന്റെ ഭാര്യയോടും കുട്ടികളോടും അവന്നുള്ള കടമകള്‍ വലിയതാണ്. അവന്‍ ഭാര്യയോട് സ്‌നേഹത്തോടും സൗമ്യതയോടും കൂടി പെരുമാറേണ്ടതാണ്. നബിതിരുമേനി ﷺ അരുളുന്നു: ''വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നെങ്കില്‍ അവന്‍ തന്റെ അയല്‍വാസികളെ ഉപദ്രവിക്കാതിരിക്കട്ടെ. സ്ത്രീകളുമായി നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക. വാരിയെല്ലുകൊണ്ടാണ് അവരെ സൃഷ്ടിച്ചിട്ടുള്ളത്. വാരിയെല്ലുകളില്‍ വെച്ച് ഏറ്റവും വളഞ്ഞത് ഏറ്റവും മീതെയുള്ളതാണ്. അതുകൊണ്ട് നീ അതിന്റെ വളവുപോക്കാന്‍ ശ്രമിക്കുന്ന പക്ഷം അത് പൊട്ടുകയായിരിക്കും ഫലം. നീ, അതിനെ അതിന്റെ വഴിക്ക് വിടുകയാണെങ്കിലോ അത് വളഞ്ഞുതന്നെ ഇരിക്കുകയും ചെയ്യും.''