മതം മനുഷ്യനന്മക്ക്

കെ. ഉമര്‍ മൗലവി

2021 സെപ്തംബര്‍ 11 1442 സഫര്‍ 04

(സല്‍സബീല്‍ മാസിക, 1997 ജൂലൈ 20)

(ഭാഗം: 02)

ഇനി, മേല്‍വിവരിച്ച ഇസ്‌ലാമിന്റെ അംഗീകാരത്തിന് ഏറ്റവും അനിവാര്യമായി എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച ഒരു നിബന്ധനയെപ്പറ്റി പറയേണ്ടതുണ്ട്. നമ്മെ സൃഷ്ടിച്ചു പരിപാലിച്ചുകൊണ്ടിരിക്കുന്ന സര്‍വശക്തനും സര്‍വജ്ഞനുമായ യജമാനനെ നാം ആരാധിക്കണം, മറ്റാരെയും ആരാധിക്കരുത് എന്നുള്ളതാണത്. ഇതിന്റ കാരണം വളരെ വ്യക്തമാണ്. സ്രഷ്ടാവിനെ നാം ആരാധിക്കേണ്ടിവന്നതിന്റെ കാരണം അവന്‍ സ്രഷ്ടാവാണെന്നുള്ളത് തന്നെ. നിങ്ങളെ ആരാണോ സൃഷ്ടിച്ചത് അവനെ നിങ്ങള്‍ ആരാ ധിക്കണമെന്നാണ് എല്ലാ പ്രവാചകന്മാരും ഉപദേശിച്ചത്. നമ്മെ സൃഷ്ടിച്ചതാരാണെന്നു ചോദിച്ചാല്‍ നമ്മുടെ ജനനം സംബന്ധിച്ച് വളരെയധികം ക്ലേശങ്ങള്‍ അനുഭവിച്ച മാതാവ് ഞാനാണ് സൃഷ്ടിച്ചതെന്നു പറയുന്നില്ല. പിതാവും അതേല്‍ക്കുന്നില്ല. പിന്നെ ആരാകുന്നു? എവിടെ നോക്കിയാലും ആ സൃഷ്ടികര്‍ത്താവിനെ നേരില്‍ കാണാന്‍ കഴിയുന്നില്ല! അതിനാല്‍ സര്‍വലോകത്തെയും സൃഷ്ടിച്ച്, പരിപാലിച്ചു കൊണ്ടിരിക്കുന്ന അദൃശ്യനായ അല്ലാഹുതന്നെയാണ് നമ്മെയും സൃഷ്ടിച്ചതെന്ന് വിശ്വസിക്കാനേ നിവൃത്തിയുള്ളൂ. അവനെ ആരാധിക്കല്‍ നമ്മുടെ ആവശ്യവും കടമയും ആകുന്നു. അത് അവന്റെ അവകാശമാകുന്നു. എന്തുകൊണ്ടെന്നാല്‍ നമ്മുടെ രക്ഷക്കാവശ്യമായ കാര്യങ്ങള്‍ മിക്കതും നമ്മുടെ കെ എത്താത്ത അദൃശ്യമായ മേഖലയില്‍നിന്ന് അദൃശ്യമായ മാര്‍ഗത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്നു.

ഒരു ഉദാഹരണം; മഴ നമുക്ക് വളരെ ആവശ്യമാണ്. ഒരു കൊല്ലക്കാലം തികച്ച് മഴ പെയ്യാതിരുന്നാല്‍ നമ്മുടെ നാടാകെ കരിഞ്ഞുപോകും. ജീവികളെല്ലാം മരിച്ചുപോകും. അപ്പോള്‍ നമ്മുടെ ഗതി എന്തായിരിക്കും? അതുപോലെതന്നെ ഈ പെയ്യുന്നത് ഉപ്പുവെള്ളമായിത്തീരുകയാണെങ്കി ല്‍ നാം എന്തുചെയ്യും? വീടിന്റെ ഉള്ളിലേക്ക് ആവശ്യംപോലെ ശുദ്ധജലം കിട്ടുന്നതിന് ഒരു പരിപാടിയുണ്ടല്ലോ; വാട്ടര്‍ സപ്ലൈ ഓഫീസില്‍ അപേക്ഷ കൊടുക്കണം, മറ്റു വേണ്ടതെല്ലാം ചെയ്യണം. അപ്പോള്‍ പൈപ്പ് ലൈന്‍ കണക്ഷന്‍ കിട്ടും. എന്നാല്‍ കുറെക്കാലം മഴപെയ്യാതെ കിണറുകളിലും കുളങ്ങളിലും അണക്കെട്ടുകളിലും വെള്ളം വറ്റിപ്പോയാല്‍ അതിനുള്ള പരിഹാരം മഴ വര്‍ഷിക്കലാണല്ലോ. അതിന് എവിടെയാണ് നാം അപേക്ഷ കൊടുക്കേണ്ടത്? അതിന്റെ ഓഫീസ് അദ്യശ്യസ്ഥാനത്താകുന്നു. ഒരിക്കല്‍ മുഹമ്മദ് നബി ﷺ വെള്ളിയാഴ്ച പ്രാര്‍ഥനക്കു മുമ്പുള്ള പ്രസംഗം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഒരു ഗ്രാമീണന്‍ കയറിവന്നു. 'അല്ലാഹുവിന്റെ പ്രവാചകരേ' എന്ന് ഉറക്കെ വിളിച്ചു. 'മഴയില്ലാതെ വളരെ കഷ്ടത്തിലായിരിക്കുന്നു. മഴക്കുവേണ്ടി പ്രാര്‍ഥിക്കണേ' എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ ﷺ മഴക്ക് വേണ്ടി പ്രാര്‍ഥിച്ചു. തല്‍ക്ഷണം അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങള്‍ വ്യാപിച്ചു. മഴ വര്‍ഷിക്കാന്‍ തുടങ്ങി. പിറ്റെ വെള്ളിയാഴ്ച ഇതുപോലെ തന്നെ പ്രവാചകന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ഗ്രാമീണന്‍ വീണ്ടും വന്നു. 'അല്ലാഹുവിന്റെ പ്രവാചകരേ' എന്ന് ഉറക്കെ വിളിച്ചു. 'മഴ ആവശ്യംപോലെ കിട്ടിക്കഴിഞ്ഞു. ഇനിയും പെയ്താല്‍ ബുദ്ധിമുട്ടായിപ്പോകും. പരിസരങ്ങളിലേക്ക് മാറ്റിത്തരാന്‍ പ്രാര്‍ഥിക്കണേ' എന്ന് പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ അതിനുവേണ്ടി പ്രാര്‍ഥിച്ചു. മഴ നിലയ്ക്കുകയും ചെയ്തു. മഴയുടെ കാര്യം നിയന്ത്രിക്കുന്നതാരാണോ അവന്റെ സന്നിധിയിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും ഇവിടെ മനസ്സിലായല്ലൊ.

ഇതുപോലെതന്നെ നമുക്കു നേരിട്ടേക്കാവുന്ന അപകടങ്ങള്‍ മിക്കതും നമുക്ക് തടുക്കാന്‍ കഴിയാത്തവയാണ്. അദൃശ്യമായ മേഖലയില്‍നിന്നാണവ വരുന്നത്. അവ സംഭവിക്കുന്നത് അദൃശ്യമായ മാര്‍ഗത്തിലുമാണ്. ഉദാഹരണം: കൊടുങ്കാറ്റ്; ഇതിന്റെ നിയന്ത്രണം എവിടെയാകുന്നു? ഇതിന്റെ കെടുതിയില്‍നിന്ന് നമുക്ക് രക്ഷ കിട്ടണം. എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്? ചുരുക്കത്തില്‍ നമ്മുടെ ആവശ്യങ്ങളും അപകടങ്ങളും നമുക്ക് ബന്ധപ്പെടാന്‍ സാധ്യമല്ലാത്ത അദൃശ്യമായ മേഖലയില്‍ അദൃശ്യമായ മാര്‍ഗത്തില്‍ നിയന്ത്രിക്കപ്പെടുന്നു. നാം എന്തു ചെയ്യും?

ഇതുവരെ പറഞ്ഞത് നമ്മുടെ ഭൗതിക ജീവിതത്തെ പരാമര്‍ശിക്കുന്ന കാര്യങ്ങളാകുന്നു. ഇതിനെക്കാള്‍ എത്രയോ പ്രധാനമായ മറ്റൊരു വിഷയംകൂടി ചിന്തിക്കേണ്ടതുണ്ട്. അതായത് നമ്മുടെ ജീവിതം മരണത്തോടുകൂടി കലാശിക്കുന്നില്ല. മറ്റൊരു ജീവിതത്തിലേക്കുള്ള കാല്‍വെപ്പാണ് മരണം. മനുഷ്യരെ സംബന്ധിച്ചിടത്തോളം പരലോകം വളരെ അനിവാര്യമാണ്. മനുഷ്യരുടെ സുഖത്തിനും രക്ഷക്കും വേണ്ടി പടച്ചതമ്പുരാന്‍ നിശ്ചയിച്ച പരിപാടിയാണത്. അങ്ങിനെ ഒന്നില്ലായിരുന്നുവെങ്കില്‍ മനുഷ്യരുടെ കാര്യം മഹാകഷ്ടത്തിലായിത്തീരുമായിരുന് നു. ഈ കാര്യത്തെ സംബന്ധിച്ച് മനുഷ്യരെ ഉണര്‍ത്തുവാന്‍ വേണ്ടിയാണ് പ്രവാചകന്മാരെ അല്ലാഹു അയച്ചത്. പ്രവാചകന്മാര്‍ വന്നിട്ട് നമുക്കെന്താണ് നേട്ടമുണ്ടായതെന്നു ചോദിച്ചാല്‍ ഏറ്റവും പ്രധാനമായ നേട്ടം പരലോകത്തിന്റെ വിവരം ലഭിച്ചതാണെന്ന് ഞാന്‍ പറയും. ആ കാര്യമറിയുവാന്‍ വേറെ യാതൊരു മാര്‍ഗവുമില്ല. എത്ര വലിയ മഹാപണ്ഡിതനായാലും അഗാധ ചിന്തകനായാലും തത്ത്വജ്ഞാനിയായാലും പരലോകത്തിന്റെ കാര്യം കണ്ടെത്തുക സാധ്യമല്ല. പ്രവാചകന്മാരില്‍നിന്ന് തന്നെയാണത് ലോകം അറിഞ്ഞത്. പരലോകത്തേക്ക് വേണ്ടി എങ്ങിനെയെല്ലാമാണ് നാം ഒരുങ്ങേണ്ടതെന്നും പ്രവാചകന്മാര്‍ പഠിപ്പിച്ചു. ചുരുക്കത്തില്‍ ഇഹലോകത്തും പരലോകത്തും നമുക്ക് രക്ഷ വേണം, സൗഖ്യം വേണം. അതിന് നാമെന്താണ് ചെയ്യേണ്ടത്?

സര്‍വലോക പരിപാലകനായ യജമാനനോട് പ്രാര്‍ഥിക്കുകയും അവന്റെ പ്രസാദം ലഭിക്കുവാന്‍ വേണ്ടി കഴിവില്‍ പെട്ടതെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്യുകതന്നെ. ഇവിടെയാണ് ആരാധനയുടെ ആവശ്യം നേരിട്ടത്. ഏറ്റവും പ്രധാനമായ ആരാധന പ്രാര്‍ഥനതന്നെയാണ്. കര്‍മരൂപത്തിലും വാക്‌രൂപത്തിലും മാനസികമായുള്ള എല്ലാ ആരാധനകളുടെയും കഴമ്പ് പ്രാര്‍ഥനയാണ്. പ്രാര്‍ഥന മനുഷ്യസഹജമായ പ്രകൃതിവിശേഷവുമാണ്. എല്ലാ മനുഷ്യരും പ്രാര്‍ഥിക്കുന്നുണ്ട്. സ്വന്തം നിലക്കോ മറ്റുള്ളവരുടെ സഹായത്തോടുകൂടിയോ നിര്‍വഹിക്കുവാന്‍ കഴിയാത്തതും നമ്മുടെ കഴിവിന്റെ പരിധിക്കപ്പുറത്തുനിന്ന് സാധിച്ചുകിട്ടേണ്ടതുമായ കാര്യങ്ങള്‍ക്കായി വിനയപൂര്‍വം അപേക്ഷ സമര്‍പ്പിക്കുക എന്നതാണ് പ്രാര്‍ഥന. എല്ലാ മനുഷ്യരും ഈ സ്വഭാവമുള്ളവരാണ്. ദൈവനിഷേധികളായ യുക്തിവാദികള്‍ പോലും പ്രാര്‍ഥിക്കുന്ന അനുഭവമുണ്ടായിട്ടുണ്ട്. അവര്‍ക്ക് കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കുവാന്‍ അവസരം കിട്ടിയപ്പോള്‍ തിരുവനന്തപുരത്തേക്ക് പോകും വഴി പുന്നപ്രയിലേയും വയലാറിലേയും രക്തസാക്ഷിശവകുടീരങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ ഏതാനും സമയം മൗനം ദീക്ഷിച്ച് തലകുനിച്ചുനിന്ന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തതായറിഞ്ഞു. ആ സമയത്ത് അവരുടെ ഹൃദയങ്ങളില്‍നിന്നും ഒരു പ്രാര്‍ഥന ഉയര്‍ന്നിട്ടുണ്ടെന്നു ഞാന്‍ പറയുന്നു. ഞങ്ങളുടെ അധ്വാനഫലമായി അസംബ്ലിയില്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടി. മന്ത്രിസഭ രൂപീകരിക്കുവാനുള്ള അവകാശം കിട്ടി. ഞങ്ങളിതാ അധികാരം ഏല്‍ക്കാന്‍ പോകുന്നു. നടത്താന്‍ ഞങ്ങള്‍ക്ക് കഴിയുമോ എന്ന് ഉറപ്പില്ല. അതിനു ഞങ്ങള്‍ക്ക് കഴിയുമാറാകണേ! ജനഹൃദയങ്ങളെ തൃപ്തിപ്പെടുത്തുമാറ് ഈ ഭരണഭാരം നിര്‍വഹിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുമാറാകണേ എന്നാണ് ആ പ്രാര്‍ഥന. പക്ഷേ ആരോടാണ് പ്രാര്‍ഥിക്കുന്നതെന്ന് അവര്‍ക്കറിഞ്ഞുകൂടാ. ലക്ഷ്യമില്ലാത്ത പ്രാര്‍ഥന. എല്ലാ പ്രാര്‍ഥനകളും അല്ലാഹുവിനോട് മാത്രമായിരിക്കണമെന്നാണ് ഇസ്‌ലാംമതം ശക്തിയായി ശാസിക്കുന്നത്. ഇതില്‍ യാതൊരു നീക്കുപോക്കുമില്ല. അതുപോലെ മറ്റു എല്ലാ ആരാധനകളും അല്ലാഹുവിനു മാത്രം. നമ്മുടെ ഇഹലോകവും പരലോകവും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗം അത് മാത്രമാകുന്നു. ഇതാണ് 'ലാഇലാഹ ഇല്ലല്ലാഹു' എന്ന കലിമയുടെ സാരം.

ഇനി ഒന്നുള്ളത്, എന്തെല്ലാം ആരാധനകളാണ് ചെയ്യേണ്ടതെന്ന് എവിടെനിന്നറിയാം? അഥവാ അല്ലാഹുവിന്റെ തൃപ്തിയും പരലോകമോക്ഷവും ലഭിക്കുന്നതിന് നാം എന്തെക്കെയാണ് ചെയ്യേണ്ടത്? ഈ വിഷയത്തില്‍ മനുഷ്യര്‍ക്ക് ഉപദേശം നല്‍കുവാനും മാതൃക കാണിച്ച് കൊടുക്കുവാനുമായി ധാരാളം പ്രവാചന്മാരെ മഹാകാരുണികനായ അല്ലാഹു അയച്ചിട്ടുണ്ട്. നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ മുതലായവരെല്ലാം ആ കൂട്ടത്തില്‍പെട്ടവരാണ്. മുഹമ്മദ് നബി ﷺ അവസാനത്തെ പ്രവാചകനുമാണ്. എന്നാല്‍ മുന്‍കഴിഞ്ഞ പ്രവാചന്മാരുടെ ഉപദേശവും ജീവിത ചരിത്രങ്ങളും ശരിയായരൂപത്തില്‍ ഇന്ന് ലഭിക്കുക സാധ്യമല്ലാതായിത്തീര്‍ന്നിരിക് കുന്നു.

 ജീവിതത്തിന്റെ എല്ലാ തുറകളിലും ആവശ്യമായ മാതൃക മുഹമ്മദ് നബി ﷺ ഒഴിച്ച് വേറെ ഒരു പ്രവാചകനില്‍നിന്നും കിട്ടിയിട്ടുമില്ല. ഉദാഹരണം, ഭരണസംബന്ധമായ മാതൃക ഇബ്‌റാഹീം നബിയില്‍ നിന്നോ ഈസാനബിയില്‍നിന്നോ കിട്ടിയിട്ടില്ല. കാരണം അവരാരും ഭരണം നടത്തിയിട്ടില്ല. ദാവൂദ് നബിയും സുലൈമാന്‍ നബിയും ഭരണം നടത്തിയിട്ടുണ്ടെങ്കിലും വിശദവിവരം ലഭിക്കാന്‍ ഒരു മാര്‍ഗവുമില്ല. മുഹമ്മദ് നബി ﷺ യാകട്ടെ എല്ലാ തുറകളിലേക്കും മാതൃക കാണിച്ചിട്ടുണ്ട്. അദ്ദേഹം ദരിദ്രനായി ജീവിച്ചു. ധനികനായും ജീവിച്ചു. ഭര്‍ത്താവായി ജീവിച്ചു. പിതാവായി ജീവിച്ചു. സൈന്യ നായകനായി ജീവിച്ചു. ഭരണാധികാരിയായി ജീവിച്ചു യഥാര്‍ത്ഥ ദൈവ ഭക്തനായി ജീവിച്ചു. എല്ലാ രംഗങ്ങളിലും മാതൃക കാണിച്ചു. മാതൃക കാണിക്കുവാന്‍ സ്വയം നിവൃത്തിയില്ലാത്ത വിഷയങ്ങളില്‍ മറ്റുള്ളവര്‍ക്ക് ശിക്ഷണ നിര്‍ദ്ദേശങ്ങള്‍ നല്‍കി വീക്ഷിച്ചുകൊണ്ട് മാതൃക കാണിച്ചു. അതെല്ലാം ലോകാവസാനം വരെയുള്ളവര്‍ക്ക് തെളിഞ്ഞു കിട്ട ത്തക്കവണ്ണം രേഖപ്പെട്ടുകിടക്കുന്നു. ആരാധനാ കര്‍മ്മങ്ങളില്‍ മാത്രമല്ല എല്ലാ വിഷയങ്ങളിലും മുഹമ്മദ് നബിയുടെ മാതൃക കെടാത്ത വിളക്കുപോലെ ശോഭിച്ചുകൊണ്ടിരിക്കുന്നു.

മറെറാരു പ്രവാചകന്റെയും മാതൃകാ ജീവിതം നമുക്കിന്നു കിട്ടുവാന്‍ നിവൃത്തിയില്ല. അതിനാല്‍ മുഹമ്മദ് നബിയുടെ ദൗത്യം അംഗീകരിക്കുകയും മാതൃകാ ജീവിതം അനുകരിക്കുകയും ചെയ്യല്‍ ഇസ്‌ലാമില്‍ ഏറ്റവും മര്‍മ്മപ്രധാനമായ കാര്യമാകുന്നു. ഇതാണ് 'മുഹമ്മദ് റസൂലുല്ലാഹ്'' എന്ന വചനത്തിന്റെ സാരം ഈ രണ്ടു വചനങ്ങള്‍ 'ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ്'' മനസറിഞ്ഞു ചൊല്ലിയാല്‍ ഇസ്‌ലാംമതത്തില്‍ പ്രവേശനം ലഭിച്ചു. അതുവരെ ചെയ്തു പോയിട്ടുള്ള എല്ലാ പാപങ്ങളും പൊറുക്കപ്പെട്ടു. പരലോകത്ത് സ്വര്‍ഗത്തിന്നവകാശിയായി അതിന് ഹാനികരമായി യാതൊന്നിലും ഏര്‍പ്പെടാതെ മരണപ്പെട്ടാല്‍ അവന്‍ രക്ഷപ്പെട്ടു. സമയവും സൗകര്യവും അനുസരിച്ച് പല ബാദ്ധ്യതകളും നിര്‍വ്വഹിക്കേണ്ടതായി വരികയും ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ.