ഇസ്‌ലാം 'വാളിന്റെ തണലില്‍?'

പി. അഹ്മദ് കുട്ടി മൗലവി

2021 നവംബര്‍ 13 1442 റബിഉല്‍ ആഖിര്‍ 08

(ഭാഗം: 2)

മനുഷ്യനറിയാവുന്ന ചരിത്രത്തിലെ നിസ്തുലമായ രണ്ടു മഹാസംഭവങ്ങളാണ് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍! ഇതിനെ മതത്തോട് എങ്ങനെ ബന്ധിപ്പിക്കാന്‍ സാധിക്കും? ഇതുപോലത്തെ സംഭവങ്ങള്‍ നിരവധിയാണ് ചരിത്രത്തിലുടനീളം. അന്ധമായ മതവിരോധംകൊണ്ട് കണ്ണു മഞ്ഞളിച്ചവര്‍ അതു കാണുകയില്ലെന്നുമാത്രം. സോവിയറ്റ് റഷ്യയില്‍ കൃഷിപ്പാടങ്ങളും വ്യവസായശാലകളും ദേശസാല്‍ക്കരിക്കാന്‍ വേണ്ടി മാത്രം നിരവധി കൊല്ലങ്ങളോളം നിരന്തരമായി നടത്തിയ മൃഗീയവും ഭയാനകവുമായ നരനായാട്ടില്‍ 19 ലക്ഷം ജനങ്ങള്‍ വധിക്കപ്പെടുകയും 20 ലക്ഷംപേര്‍ നാരകീയമായി ശിക്ഷിക്കപ്പെടുകയും 50 ലക്ഷംപേര്‍ നാടുവിട്ടോടുകയും ചെയ്തു. വെറുമൊരു കൂട്ടുകൃഷിസമ്പ്രദായം നടപ്പില്‍ വരുത്താന്‍ വേണ്ടി ഇടത്തരക്കാരും ചെറുകിടക്കാരുമായ ലക്ഷക്കണക്കിനു ഭൂവുടമകളെ നിര്‍ദയം നശിപ്പിച്ചു. എന്നാല്‍ ഇരുമ്പുമറക്കു പിന്നില്‍ നടത്തുന്ന ഇത്തരം ക്രൂരസംഭവങ്ങളെ സ്വന്തം ഡയറിയില്‍ കുറിച്ചുവയ്ക്കാതെ കമ്യൂണിസ്റ്റ്കാരും വരും മതത്തെ തെറിപറയാന്‍. യാഥാര്‍ഥ്യമാവട്ടെ സത്യമതം സൃഷ്ടിച്ചുവിട്ട യാതൊരുവിധ സമസംരംഭത്തെയും ഇവന്മാര്‍ക്കു തൊട്ടുകാണിക്കുക സാധ്യമല്ല. മതത്തിന്റെ പേരും പറഞ്ഞ് മതക്കുപ്പായമണിഞ്ഞ ചിലര്‍ സ്വാര്‍ഥതാല്‍പര്യത്തിനും സാമ്രാജ്യവിപുലീകരണത്തിനുമായി നടത്തിയ യുദ്ധങ്ങളെ ഇസ്‌ലാമിന്റെ പട്ടികയില്‍ വരവുവയ്ക്കാന്‍ തിടുക്കം കൂട്ടുന്നതും എന്തുമാത്രം വിരോധാഭാസമല്ല! മതത്തിന്റെ മറപിടിച്ചുകൊണ്ടു സാമുദായികത്വം, സാമ്രാജ്യത്വം, വര്‍ഗമേധാവിത്വം മുതലായ ബീഭല്‍സങ്ങളായ ആശയങ്ങള്‍ നടത്തിയ നരനായാട്ടാണ് മതത്തിന്റെ ചരിത്രത്തെ ചെഞ്ചോരവര്‍ണമാക്കിയത്.

പക്ഷേ, പ്രമാണ്ഡങ്ങളായ പ്രചാരണതന്ത്രങ്ങള്‍ ഭൗതികത്വത്തിന്റെ രക്ഷസീയ പീഡനഭാണ്ഡങ്ങളെതാരതമ്യേന ദുര്‍ബലമായ മതത്തിന്റെ ചുമലിലേറ്റി കൂക്കിവിളിച്ചു. ലോകം മതത്തെ തെറ്റിദ്ധരിക്കാന്‍ ഇതു കാരണമായി. മുസ്‌ലിംകളില്‍പെട്ട പുരോഗമനവാദികളെന്ന് അഭിമാനിക്കുന്നവര്‍ പോലും ഇസ്‌ലാമിലെ യുദ്ധങ്ങളെ സംബന്ധിച്ചു ദുഷ്പ്രചരണങ്ങളില്‍ മുഴുകിയിരിക്കുകയാണ്.

ഇസ്‌ലാമിനെ താറടിച്ചുകാണിക്കുന്ന ധൃതിയില്‍ മറ്റൊരു യാഥാര്‍ഥ്യം കൂടി ചരിത്രകാരന്മാര്‍ വിസ്മരിച്ചിരിക്കയാണ്. ഇസ്‌ലാമിക ചരിത്രത്തെയും  മുസ്‌ലിം ഭരണകര്‍ത്താക്കളുടെ ചരിത്രത്തെയും വെവ്വേറെയെടുത്തു നിഷ്പക്ഷ പഠനം നടത്താന്‍ അവര്‍ സന്നദ്ധരല്ല. ഇസ്‌ലാമിക ഭരണത്തെയും മുസ്‌ലിം ഭരണത്തെയും കൂട്ടിക്കുഴച്ചു കാണിക്കാനാണ് ചരിത്രകാരന്മാരുടെ ശ്രമം. മുസ്‌ലിം രാജാക്കന്മാര്‍ ചെയ്ത തെറ്റിന് അവര്‍ ഇസ്‌ലാമിനെ വിമര്‍ശനകുരിശിലേറ്റുന്നു. വിവിധ കാലഘട്ടങ്ങളില്‍ ലോകത്തിന്റെ പല ഭാഗത്തും മുസ്‌ലിം ഭരണാധികാരികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. തങ്ങളുടെ രാജ്യാതിര്‍ത്തി വിപുലമാക്കുന്നതില്‍ കവിഞ്ഞ് മറ്റു യാതൊരു ലക്ഷ്യവും അവരുടെ മുമ്പിലുണ്ടായിരുന്നില്ല. ഇസ്‌ലാമിന്ന് അനുയോജ്യമല്ലാത്ത ചേഷ്ടകളായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങളില്‍ മിക്കതും. അവരുടെ പ്രവര്‍ത്തനങ്ങളെ വലിച്ചിഴച്ചുകൊണ്ടുവന്ന് അവയെ ഇസ്‌ലാമിക ചരിത്രത്തോടു തുന്നിപ്പിടിപ്പിക്കുന്നത് ഇസ്‌ലാമിനോടു ചെയ്യുന്ന കടുത്ത അക്രമമാണ്.

ഖിലാഫതുര്‍റാശിദയുടെ അന്ത്യഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ട അന്തഃഛിദ്രത മുആവിയയുടെ കാലത്തു കൊടുമ്പിരികൊള്ളുകയും തുടര്‍ന്നു ഘോരസംഘട്ടനങ്ങള്‍ നടക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രസ്തുത സംഘട്ടനങ്ങളുടെയും സമരങ്ങളുടെയും പേരില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നതു ശരിയായിരിക്കുകയില്ല. ഇസ്‌ലാമിനെ സ്വീകരിച്ചതല്ല, ഇസ്‌ലാമില്‍നിന്നും അകന്നതാണ് അത്തരം അന്തഃഛിദ്രതയ്ക്ക് കാരണം. തന്റെ മകന്‍ യസീദിന്ന് അധികാരപത്രം എഴുതി ക്കൊടുക്കുക മുഖേന ഖിലാഫത്തു വ്യവസ്ഥക്ക് പകരം രാജവാഴ്ചയ്ക്ക് ഇടം നല്‍കുക വഴി അഭ്യന്തരവിപ്ലവങ്ങളുടെ അണപൊട്ടിക്കുകയാണു മുആവിയ ചെയ്തത്. (അന്നത്തെ പരിതസ്ഥിതിയില്‍ മുആവിയ(റ) അങ്ങിനെ ചെയ്തിരുന്നില്ലെങ്കില്‍ കൂടുതല്‍ കുഴപ്പത്തിനു കാരണമാകുമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ആക്ഷേപിച്ചുകൂടാ. അദ്ദേഹത്തിന് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ- പത്രാധിപര്‍).

എന്നാല്‍ അതിനെ തുടര്‍ന്നുണ്ടായ യുദ്ധങ്ങള്‍ക്കെല്ലാം ഇസ്‌ലാം ഉത്തരവാദിയാകണമെന്നു പറയുന്നത് എന്തുമാത്രം അപഹാസ്യമല്ല!

ചുരുക്കത്തില്‍ ഇസ്‌ലാമിക വ്യവസ്ഥ ലോകത്തു സ്ഥാപിക്കുവാന്‍ ആപേക്ഷികമായി തുച്ഛം വ്യക്തികളുടെ ജീവന്‍ മാത്രമെ ഹനിക്കപ്പെട്ടിട്ടുള്ളു. അതും അര്‍ഹമായ കാരണങ്ങളാല്‍ മാത്രം. മുസ്‌ലിംകളുടേതായ വൈകല്യം മൂലം സംഭവിച്ച യാതൊന്നിനും ഇസ്‌ലാമിനെ ചോദ്യം ചെയ്തുകൂടാ. മറിച്ച് തല്‍ക്കാരണത്താല്‍ മുസ്‌ലിംകളെ ചോദ്യം ചെയ്യുവാനുള്ള ന്യായമായ അവകാശം ഇസ്‌ലാമിനു നല്‍കേണ്ടതാണ്. ഇസ്‌ലാമിക നവോത്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ യുദ്ധം ഒരനിവാര്യ ഉപാധിയല്ലെന്നു വ്യക്തം.

ഉത്തരേന്ത്യയില്‍ ആധിപത്യംവാണ മുഗിള മുസ്‌ലിം രാജാക്കന്മാരുടെയും ഇന്ത്യയെ ആക്രമിച്ച ഇതര മുസ്‌ലിം ഭരണത്തലവന്മാരുടെയും യുദ്ധസംരംഭങ്ങളെ ഇസ്‌ലാമിന്റെ പേരില്‍ വരവുചേര്‍ക്കുന്ന ഒരു പതിവുണ്ട് ചരിത്രകാരന്മാര്‍ക്ക്. സിന്ധിലെ ഫലഭൂയിഷ്ടതയാണ്, ഇസ്‌ലാമിന്റെ വ്യാപ്തിയായിരുന്നില്ല അവരെ അതിനു പ്രേരിപ്പിച്ചതെന്നു വ്യക്തം. പേര്‍ഷ്യന്‍- ഇറാനിയന്‍ സംസ്‌കാരങ്ങളുടെ ഭാണ്ഡവും പേറിയാണ് അവര്‍ ഇന്ത്യയിലേക്കു കടന്നുവന്നത് തന്നെ. സാമ്രാജ്യ സംസ്ഥാപനം മാത്രമായിരുന്നു അവരുടെ പ്രമുഖലക്ഷ്യം. ഇസ്‌ലാമിക പ്രചരണം അവര്‍ മറന്നുപോലും നിര്‍വഹിച്ചിട്ടില്ല. മുഗിളവംശ രാജാക്കന്മാരില്‍ ചിലര്‍ അങ്ങേയറ്റത്തെ മതഭക്തന്മാരായിരുന്നുവെന്നത് വാസ്തവമാണ്. എന്നാല്‍ രാഷ്ട്രീയഭദ്രതയെ നിലനിര്‍ത്താനും സാമ്രാജ്യത്വത്തിന് അടിത്തറ പാകാനും വേണ്ടിയായിരുന്നു അവരും യുദ്ധങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. ഇതര സാമ്രാജ്യദുരന്ധന്മാര്‍ നടത്തിയതുപോലുള്ള യുദ്ധങ്ങള്‍ അവര്‍ നടത്തിയിട്ടില്ലെന്നതു മറ്റൊരു കാര്യമാണ്. ഇന്ത്യയെ തകര്‍ക്കാനല്ല അലങ്കരിച്ച് സുന്ദരമാക്കാനാണ് അവര്‍ ശ്രമിച്ചത്. അവര്‍ ഇവിടെ നിര്‍മിച്ചുപോയ പേര്‍ഷ്യന്‍ -ഇറാനിയന്‍ ശില്‍പകലയുടെ അനശ്വരസ്മാരകങ്ങള്‍ അവരുടെ പ്രത്യേക സംസ്‌കാരത്തിന്റെ മകുടോദാഹരണങ്ങളായി ഇന്നും പരിലസിക്കുന്നു. എന്നാല്‍ അവര്‍ ചെയ്തതോ? 'ദീനെ ഇലാഹി' പോലുള്ള നെറികെട്ട ആശയങ്ങള്‍ പ്രചരിപ്പിച്ച് ദീനിനെ പൊളിക്കുവാന്‍ പരിശ്രമിച്ചു. അത്രതന്നെ.

ഇസ്‌ലാം എന്ന പേരുതന്നെ കുറിക്കുന്നുണ്ട്, അത് ദൈവത്താലവതീര്‍ണമായ ഒരു സമാധാന സന്ദേശമാണെന്ന്. സ്‌നേഹസൗഹാര്‍ദത്തിന്റെ ബീജങ്ങളാണ് അത് മനുഷ്യനില്‍ കുത്തിവയ്ക്കുന്നതും. ഐക്യത്തിന്റെയും ഏകീഭാവത്തിന്റെയും മനഃസ്ഥിതിയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. ഇസ്‌ലാം ആശ്ലേഷിക്കുക മുഖേന, പരസ്പരം കഴുത്തറുത്തു കഴിഞ്ഞുകൂടിയിരുന്ന അറബികള്‍ക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം പരസ്പര ഐക്യമാണെന്നു ക്വുര്‍ആന്‍ അനുസ്മരിപ്പിക്കുന്നു. ഇസ്‌ലാമിക രാഷ്ട്രത്തില്‍ ജീവിച്ചിരുന്ന അമുസ്‌ലിംകള്‍ക്കും സമാധാനത്തോടുകൂടി ജീവിക്കാനും തങ്ങളുടെ ആവശ്യങ്ങള്‍ നിഷ്പ്രയാസം പരിഹരിക്കാനും സാധിച്ചിരുന്നു. ഈ വസ്തുതയെ ആര്‍നോട് ടോയിന്‍ബി തന്റെ One world and India (ഏകലോകവും ഭാരതവും) എന്ന കൃതിയില്‍ സമര്‍ഥിക്കുന്നത് കാണുക: 'മുസ്‌ലിംകള്‍ തന്നെ സൃഷ്ടിച്ച് മുസ്‌ലിംകള്‍ തന്നെ ഭരിച്ച ഖാലിഫ് സാമ്രാജ്യം പോലും അതിന്റെ അമുസ്‌ലിം പ്രജകളെ -ഉപരിനികുതിയടച്ചുവരുന്ന ഭൂരിപക്ഷത്തെ- ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്യാന്‍ വെമ്പല്‍ കൊണ്ടില്ല. ഉപരിനികുതിയടക്കുന്നവരെയായിരുന്നു മതം മാറി വരുന്നവരെക്കാള്‍ കൂടുതല്‍ അവര്‍ ഇഷ്ടപ്പെട്ടത്.' ടോയിന്‍ബിയുടെ അവസാനത്തെ വാക്കുകള്‍ അത്രക്ക് ശരിയല്ലെങ്കിലും അദ്ദേഹത്തെ അങ്ങിനെ പറയാന്‍ പ്രേരിപ്പിച്ചതും ഇസ്‌ലാം അതിന്റെ അമുസ്‌ലിം പ്രജകളോട് അനുവര്‍ത്തിച്ചിരുന്ന നീതിയുക്തമായ പെരുമാറ്റമായിരുന്നുവെന്നതില്‍ പക്ഷാന്തരമില്ല. എന്നാല്‍ ഇത്ര സുശക്തമായ ഒരാധിപത്യം കൈവന്നിട്ടും ഖഡ്ഗമേന്തി ഇതരരെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ ഇസ്‌ലാം തുനിഞ്ഞിട്ടില്ലെന്നതും ടോയിന്‍ബിയെപ്പോലുള്ള ഉന്നതശീര്‍ഷരായ നിഷ്പക്ഷമതികള്‍ തലകുലുക്കി സമ്മതിക്കുന്നതാണ്.