ഉപ്പാപ്പ / വല്യുമ്മ

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2021 ജൂലൈ 31 1442 ദുല്‍ഹിജ്ജ 20

ഉപ്പാപ്പ

വെളുത്ത താടി, നരച്ച മുടിയും
ചുണ്ടില്‍ നിറയെ പുഞ്ചിരിയും
വെളുത്ത കുപ്പായത്തില്‍ കാണും
സുന്ദരനാണെന്‍ വല്യുപ്പ!
എന്നോടെന്തൊരു കൂട്ടാണ്
എന്നോടിഷ്ടം കൂടാനും
കൂടെവരാനും കൂട്ടുവരാനും
വല്യുപ്പാക്കെന്തിഷ്ടാണ്!
കാര്യം പലതും മെല്ലെ മെല്ലെ
ഓതിത്തന്നു പഠിപ്പിക്കും.
തെറ്റുകളെന്ത്, ശരിയെന്ത്,
എല്ലാം ചൂണ്ടിക്കാണിക്കും.
പതിയെ നടക്കും പാട്ടുകള്‍ പാടും
എന്നുടെ സ്വന്തം ഉപ്പാപ്പ...!

വല്യുമ്മ

നിറഞ്ഞ പല്ലുകള്‍ എല്ലാതും
പുതുതായ് വെച്ചവയാണത്രെ!
എങ്കിലുമാ വദനത്തില്‍ കാണാം
നിറഞ്ഞുനില്‍ക്കും പുഞ്ചിരിയേ
കാലം സാക്ഷി, കഥകള്‍ സാക്ഷി
വല്യുമ്മാന്റെ അറിവിനു സാക്ഷി!
പയ്യെ നടക്കും പയ്യെ പറയും
തെറ്റുകള്‍ കണ്ടാല്‍ ശിക്ഷിക്കും.
എല്ലാവര്‍ക്കും ഇഷ്ടം കൂടാന്‍,
എല്ലാവര്‍ക്കും സ്‌നേഹിക്കാന്‍
നന്മ നിറഞ്ഞൊരു വല്യുമ്മ,
നല്ലത് പറയും വല്യുമ്മ!