പാലം പണിയുന്നവര്‍

തന്‍സീഹ നസ്‌റിന്‍ കെ.വി

2021 ആഗസ്ത് 28 1442 മുഹര്‍റം 19

ഒരിടത്ത് രണ്ടു സഹോദരങ്ങള്‍ തൊട്ടടുത്ത വീടുകളിലായി താമസിച്ചിരുന്നു. കൃഷിക്കാരായ അവര്‍ ഇരുവരും ഒരുമയോടെയാണ് കഴിഞ്ഞിരുന്നത്. ഒരേപണിയായുധങ്ങള്‍ ഉപയോഗിച്ച്, പരസ്പരം കൃഷിക്കാര്യങ്ങളില്‍ സഹായിച്ച്, അവര്‍ ജീവിച്ചുപോന്നു.

ഇതിനിടെ എന്തോ കാര്യത്തിന് അവര്‍ തമ്മില്‍ പിണങ്ങാന്‍ ഇടയായി. രണ്ടുപേരുടെയും ഇടയില്‍ തെറ്റിദ്ധാരണ വളര്‍ന്നുവന്നു. എന്തിനേറെ, അവര്‍ തമ്മില്‍ കണ്ടാല്‍ പരസ്പരം സംസാരിക്കാന്‍ പോലും കൂട്ടക്കാതെയായി. അവരുടെ കൃഷിയിടങ്ങള്‍ വേര്‍തിരിക്കുന്ന ഭാഗത്തുകൂടി അവര്‍ വലിയ ഒരു ചാല് കീറി തൊട്ടടുത്ത പുഴയിലെ വെള്ളം അതിലൂടെ ഒഴുക്കി. സഹോദരന്‍ തന്റെ കൃഷിയിടത്തിലേക്ക് വരാതിരിക്കാന്‍ ചാല് നല്ലതാണെന്ന് ഇരുവരും കരുതുകയും ചെയ്തു.

അങ്ങനെയിരിക്കെ ഒരു ദിവസം മൂത്തസഹോദന്റെ വീട്ടില്‍ ഒരു മരപ്പണിക്കാരന്‍ വന്ന് എന്തെങ്കിലും മരപ്പണി തരുമോ എന്ന് അന്വേഷിച്ചു. പെട്ടെന്ന് മൂത്ത സഹോദരന് ഒരു ബുദ്ധി തോന്നി. അയാള്‍ മരപ്പണിക്കാരനെ വിളിച്ചുകൊണ്ടുപോയി കുറെ പഴയ തടിക്കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് കാണിച്ചുകൊടുത്തു. അതുപയോഗിച്ച് തന്റെ പറമ്പിന് ചുറ്റും ഒരു വേലി കെട്ടിത്തരുവാന്‍ പറഞ്ഞു. ഇളയ സഹോദരന്റെ പുരയിടം കാഴ്ചയില്‍നിന്ന് മറയത്തക്ക രീതിയില്‍ ഉയരത്തിലായിരിക്കണം വേലി കെട്ടേണ്ടത് എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തു. അതിനായി കുറച്ച് ആണികളും മറ്റു ചില സാധനങ്ങളും വാങ്ങണമെന്ന് മരപ്പണിക്കാരന്‍ ആവശ്യപ്പെട്ടു. അയാള്‍ ഉടനെത്തന്നെ മരപ്പണിക്കാരനെയും കൂട്ടി നഗരത്തിലേക്ക് പോയി വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു. വേഗം തന്നെ പണി പൂര്‍ത്തിയാക്കണമെന്ന് പറഞ്ഞ് മരപ്പണിക്കാരനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. മൂത്ത സഹോദരന് മറ്റൊരിടത്തേക്ക് പോകേണ്ടതുണ്ടായിരുന്നു.

വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ അയാള്‍ ആദ്യമൊന്ന് അമ്പരന്നു. പുരയിടത്തിന് ചുറ്റും വേലിയൊന്നും കാണാനില്ല! എന്നാല്‍ മരപ്പണിക്കാരന്‍ വീടിനുമുമ്പിലുള്ള പാടത്ത് പുതുതായി ഉണ്ടാക്കിയ ചാലിനോട് ചേര്‍ന്ന് എന്തോ പണി ചെയ്യുന്നുമുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച തികച്ചും അപ്രതീക്ഷിതമായിരുന്നു. തടിക്കഷണങ്ങള്‍ ഉപയോഗിച്ച് മരപ്പണിക്കാരന്‍ ചാലിന് കുറുകെ ഒരു പാലം പണിതിരിക്കുന്നു. കൈവരികള്‍ ചേര്‍ത്ത് മനോഹരമായി നിര്‍മിച്ച പാലം.

ആ സമയത്ത് പാലം പണിതതു കണ്ട് ഇളയ സഹോദരന്‍ അതിലൂടെ കയറിവന്നു. തന്റെ കൃഷിയിടത്തിലേക്ക് എളുപ്പം കടക്കാന്‍ ജേ്യഷ്ഠന്‍ പാലം പണിയിച്ചതാണെന്നാണ് അനുജന്‍ കരുതിയത്. ആ സന്തോഷത്തോടെ ഇരുകൈകളും നീട്ടിപ്പിടിച്ചു വരുന്ന അനുജനെ കണ്ടപ്പോള്‍ ജ്യേഷ്ഠസഹോദരനും പാലത്തിലൂടെ നടന്നുകയറി. പാലത്തിന്റെ നടുക്കുവെച്ച് അവരിരുവരും കെട്ടിപ്പിടിച്ചു; കണ്ണീര്‍ പൊഴിച്ചു. ആവശ്യമില്ലാതെ പിണങ്ങിയതില്‍ ഇരുവര്‍ക്കും ഖേദം തോന്നി.

പ്രിയ കുട്ടികളേ, ബന്ധങ്ങള്‍ പവിത്രമാണ്. അത് നിലനിര്‍ത്താന്‍ ശ്രമിക്കണം. ബന്ധങ്ങള്‍ മുറിക്കല്‍ എളുപ്പമാണ്. എന്നാല്‍ പിന്നീടത് കൂട്ടിച്ചേര്‍ക്കല്‍ എളുപ്പമല്ല.