നിറങ്ങള്‍

അബൂഫായിദ

2021 ഫെബ്രുവരി 27 1442 റജബ് 15

കൂട്ടുകാരേ, നമ്മള്‍ക്ക്

ചിന്തിക്കാനായ് കഴിവില്ലേ?

ചിന്തിക്കാതെയിരിക്കല്ലേ,

അന്തംവിട്ടു നടക്കല്ലേ.

കാലികളെപ്പോലാകല്ലേ

കോലംകെട്ടുനടക്കല്ലേ.

കണ്ണാല്‍ കാഴ്ചകള്‍ കണ്ടീടൂ,

കാതു തുറന്ന് ശ്രവിച്ചീടൂ.

മണ്ണില്‍, വിണ്ണില്‍ നോക്കീടൂ

വര്‍ണ മനോഹരമാണല്ലേ?

വര്‍ണം പലതും കാണുന്നോ,

എണ്ണാന്‍ നിങ്ങള്‍ക്കാകുന്നോ?

പച്ചപ്പാണേ എമ്പാടും

പക്ഷേ, എത്രയിനം പച്ച!

പൂന്തോട്ടത്തില്‍ നോക്കീടൂ

എത്ര നിറത്തില്‍ പൂ കാണ്‍മൂ!

പഴങ്ങളെന്തു മനോഹരമാം!

പലപല നിറവും മണമല്ലേ?

പച്ചക്കറികള്‍ അതുപോലെ

പലവര്‍ണത്തില്‍ കാണാമേ.

ആകാശത്തില്‍ നോക്കീടൂ

നീല നിറത്തില്‍ കാണാമേ.

കരിമേഘങ്ങള്‍ കണ്ടീടാം,

വെളുത്തമേഘത്തിര കാണാം.

ആഴക്കടലിന്‍ നീലിമയില്‍

ആരും നോക്കിയിരുന്നീടും!

മത്സ്യം, പക്ഷിമൃഗാദികളും

വര്‍ണ വസന്തം തീര്‍ക്കുന്നു!

ഏഴല്ലെഴുനൂറല്ലല്ലോ

നിറങ്ങളിങ്ങനെ നോക്കുമ്പോള്‍!

സ്രഷ്ടാവേകന്‍ അല്ലാഹു,

അവന്‍റെ കഴിവാണെല്ലാമേ.