കൂട്ടുകാരന്റെ ക്വുര്‍ആന്‍ പഠനം

റിസാന ബിന്‍ത് ക്വാസിം

2021 ജൂൺ 26 1442 ദുല്‍ക്വഅ്ദ 16

ബാസിമോന്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. അതോടൊപ്പം അവന്‍ ക്വുര്‍ആന്‍ മനഃപാഠമാക്കുന്നുമുണ്ട്. ഹോസ്റ്റലില്‍ താമസിച്ചാണ് അവന്‍ പഠിക്കുന്നത്. അവന്റെ ഉപ്പ ഒരു മദ്‌റസ അധ്യാപകനാണ്.

വേനലവധിക്ക് ഹോസ്റ്റല്‍ പൂട്ടി അവന്‍ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് അവനും വീട്ടുകാരും. വീട്ടിലെയത്തിയ ഉടന്‍ അവന്‍ ഉമ്മയോടും ഉപ്പയോടും ഹോസ്റ്റലിലെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. അതിനിടയില്‍ സഹപാഠിയായ റെസലിനെക്കുറിച്ചും അവന്‍ പറഞ്ഞു:

'''ഉമ്മാ, റെസല്‍ നല്ല കഴിവുള്ള കുട്ടിയാണ്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അവന് മറ്റുള്ള കുട്ടികളെ പോലെ ക്വുര്‍ആന്‍ പഠിക്കാന്‍ കഴിയുന്നില്ല. മനസ്സില്‍ കേറുന്നില്ല എന്നാണ് അവന്‍ പറയുന്നത്. അതിനാല്‍ എന്നും ഉസ്താദ് അവനോട് ദേഷ്യപ്പെടും. എന്തായിരിക്കും ഇതിനു കാരണം?''

ഉപ്പ പറഞ്ഞു: ''മോനേ, അവന്‍ ഹിഫ്ദ് ക്ലാസില്‍ ശ്രദ്ധിച്ച് ഇരിക്കുകയും ഉസ്താദ്  ഒാതിക്കൊടുക്കുമ്പോള്‍ ഓതുകയും ചെയ്യാറുണ്ടോ?''

ബാസി: ''ശ്രദ്ധിക്കുകയൊക്കെ ചെയ്യാറുണ്ട്. എന്നാല്‍ ഓതിക്കൊടുക്കുമ്പോള്‍ ഇടയ്‌ക്കൊക്കെ തെറ്റും. കാണാതെ ഓതുമ്പോള്‍ മുഴുവന്‍ തെറ്റും.''

ഉപ്പ: ''അവന്‍ വീട്ടിലായിരിക്കുമ്പോള്‍ സംഗീതം കേള്‍ക്കാറുണ്ടോ എന്നറിയുമോ?''

ബാസി: ''അവന്‍ ധാരാളമായി കേള്‍ക്കാറുണ്ടെന്ന് പറഞ്ഞതായി ഓര്‍ക്കുന്നു.''

ഉപ്പ: ''അതുശരി. സംഗീതം കേള്‍ക്കുന്നവന്റെ മനസ്സില്‍ ക്വുര്‍ആന്‍ കേറില്ല.  ഇമാം മാലികിനോട് ഒരാള്‍ തന്റെ മകന് എത്ര ശ്രമിച്ചിട്ടും ക്വുര്‍ആന്‍ പഠിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞപ്പോള്‍ 'നിങ്ങളുടെ മകന്‍ സംഗീതം കേള്‍ക്കാറുണ്ടോ' എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. 'അതെ' എന്നായിരുന്നു മറുപടി. മാലിക്(റഹി) പഞ്ഞു: 'അങ്ങനെയാണെങ്കില്‍ ക്വുര്‍ആന്‍ മനസ്സിലാകില്ല. ക്വുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. സംഗീതം പിശാചിന്റെയും. രണ്ടും ഒരുമിച്ച് ഒരാളുടെ മനസ്സില്‍ നില്‍ക്കുകയില്ല.''

ബാസി: ''മദ്‌റസയിലൊക്കെ കുട്ടികള്‍ നല്ലനല്ല പാട്ടുകള്‍ പാടാറുണ്ടല്ലോ. ഉസ്താദുമാരും പാടിത്തരാറുണ്ട്. അതൊന്നും കേള്‍ക്കാന്‍ പാടില്ലേ?''

''അതല്ല സംഗീതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സംഗീത ഉപകരണങ്ങളാണ് ഉദ്ദേശ്യം. എപ്പോഴും ആ കൊട്ടുംകുരവയും താളമേളങ്ങളും കേട്ടുനടക്കുമ്പോള്‍ അതൊരു ലഹരിയായി മാറും. സംഗീതം കേട്ടുകൊണ്ടിരിക്കുന്ന ചില കുട്ടികള്‍ മാതാപിതാക്കള്‍ ഒരു കാര്യം പറഞ്ഞാല്‍ ഉടനടി അത് അനുസരിക്കാന്‍ കൂട്ടാക്കാറില്ല. ഇതൊന്നു കേട്ടുകഴിയട്ടെ എന്നായിരിക്കും മറുപടി.''

''അപ്പോള്‍ ക്വുര്‍ആന്‍ മനസ്സില്‍ കേറണമെങ്കില്‍ സംഗീതവുമായുള്ള ബന്ധം ഒഴിവാക്കണം അല്ലേ?''

''അതെ, അത്തരക്കാര്‍ക്കേ ക്വുര്‍ആന്‍ മനഃപാഠമാക്കാനും നന്നായി അതിന്റെ ആശയങ്ങള്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും കഴിയൂ.''

''ഇനി ക്ലാസ് തുടങ്ങുന്ന ദിവസം റെസലിനെ കാണുമ്പോള്‍ ഇക്കാര്യം ഞാന്‍ അവന് പറഞ്ഞുകൊടുക്കാം ഉപ്പാ.''

''വളരെ നല്ലത്. അവന്‍ അത് ഉള്‍ക്കൊണ്ടാല്‍ അവനുതന്നെ ഗുണം. അത് പറഞ്ഞുകൊടുക്കുന്നതിന്റെ പ്രതിഫലം അല്ലാഹു നിനക്കും നല്‍കും.''

ഇത് കേട്ടപ്പോള്‍ ബാസിമോന് വളരെയധികം സന്തോഷം തോന്നി.