തൂപ്പുകാരിയുടെ വില!

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 ഫെബ്രുവരി 13 1442 റജബ് 01

കുറെ നന്മകള്‍ക്കിടയില്‍ ഒറ്റപ്പെട്ട തിന്മകള്‍ തെളിഞ്ഞുകാണുക സ്വാഭാവികമാണ്. നന്മ ചെയ്യുന്ന ഒരു സമൂഹത്തില്‍ കുറ്റവാളികള്‍ ഒറ്റപ്പെടുന്നതാണ്. എന്നാല്‍ തിന്മ വ്യാപകമായാല്‍ ആ സമൂഹത്തില്‍ നന്മയില്‍ പിടിച്ചുനില്‍ക്കുന്നവരാണ് ഒറ്റപ്പെടുക. 'മുങ്ങിക്കുളിച്ചാല്‍ കുളിരറ്റു' എന്നു പറഞ്ഞപോലെ തിന്മയില്‍ മുഴുകിയവര്‍ക്ക് തിന്മ തെല്ലൊരഭിമാനമായി മാറും. പണ്ടൊക്കെ ഒരു വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടാല്‍ അതൊരു ചര്‍ച്ചയായിരുന്നു. നിയമലംഘനവും സാമൂഹ്യദ്രോഹവുമായിരുന്നു. ഇന്നാവട്ടെ സോഷ്യല്‍മീഡിയകള്‍ക്കു കുളിരറ്റപോലെയാണ് വ്യാജപ്രചാരണങ്ങള്‍ക്കു മത്സരിക്കുന്നത്. എന്നിട്ടതൊരു കുറ്റമല്ലാതായി മാറിയിരിക്കുന്നു,

ജനാധിപത്യ മൂല്യങ്ങളെ വിശുദ്ധമായി ഗണിച്ചുപോരുന്ന നമ്മുടെ രാജ്യത്ത് ഏതു പാര്‍ട്ടിയാണെങ്കിലും ഒരു ജാഥ സംഘടിപ്പിക്കുന്നതിനുമുമ്പ് ജനശ്രദ്ധയാകര്‍ഷിക്കുന്ന മുല്യമുള്ള മുദ്രാവാക്യങ്ങള്‍ എഴുതിത്തയ്യാറാക്കാന്‍ രാഷ്ട്രീയജ്ഞാനവും പക്വതയും അനുഭവ സമ്പത്തമുള്ളവരെയാണ് ഏല്‍പിച്ചിരുന്നത്. അത്തരം ജാഥകള്‍ നാട്ടുമ്പുറത്തും നഗരങ്ങളിലും കൂടി അച്ചടക്കപൂര്‍വം നടന്നുനീങ്ങുമ്പോള്‍ അതു കൗതുകമായിരുന്നു. അത് സംഘടിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ ആദര്‍ശവും അവകാശബോധവും മാനിഫെസ്റ്റോകളും ശ്രോതാക്കള്‍ക്ക് ഗ്രഹിക്കാമായിരുന്നു. അനാവശ്യ കോലാഹലങ്ങള്‍ ജാഥകളില്‍ വിലക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ പൊതു അവസ്ഥ മാറിക്കഴിഞ്ഞു. കേട്ടാലറക്കുന്ന അസഭ്യങ്ങള്‍ വിളിക്കാനറിയുന്നവര്‍ക്കാണ് സ്ഥാനം. അത് പിന്നീട് മാന്യതയുടെയും സംസ്കാരത്തിന്‍റെയും പേരില്‍ കെട്ടിയുയര്‍ത്തിയ സ്റ്റേജുകളിലേക്കും വേദികളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. തിന്മകള്‍ വ്യാപിക്കുമ്പോള്‍ അത് പുതിയ ശരികളായി മാറുന്നു എന്നര്‍ഥം!

അധഃസ്ഥിതരെ കൈപ്പിടിച്ചുയര്‍ത്തുക എന്നതാണ് ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയിലെ വളരെ പ്രശംസിക്കപ്പെട്ട ഒരു സവിശേഷത. അധഃസ്ഥിത വിഭാഗത്തില്‍പെട്ട ഒരു മഹാനായ മനുഷ്യന്‍ ഭരണഘടനക്ക് ഊടുംപാവും നെയ്തപ്പോള്‍ ആ സദ്വിചാരം എല്ലാ രംഗത്തും കൂടുതല്‍ പ്രകടമായി. ഇന്ത്യാരാജ്യം സ്വാതന്ത്ര്യമധുരം നുകര്‍ന്ന് സ്വന്തമായ ദേശീയപതാക വാനിലുയരുന്നതുകണ്ട് ആഹ്ലാദിക്കുമ്പോള്‍  ഈ സ്വാതന്ത്ര്യത്തിനുവേണ്ടി ചോരയും നീരുമൊഴുക്കി അധ്വാനിച്ച മഹാത്മാഗാന്ധി അധഃസ്ഥിത വര്‍ഗങ്ങളുടെ ചെറ്റക്കുടിലുകളില്‍ അവരുടെ കണ്ണുനീര്‍ തുടക്കുകയായിരുന്നുവെന്ന് ചരിത്രം. അത് പക്ഷേ, വിസ്മരിക്കപ്പെട്ടു. വരേണ്യവര്‍ഗത്തിന്നു കുഴലൂതുന്ന രാജ്യനായകന്മാരാണ് ഇന്ന് വിശുദ്ധിയുടെ കപടവേഷംകെട്ടി നടക്കുന്നത്. ഫാഷിസ്റ്റ് ഭരണത്തിന്‍ തണലില്‍ ദളിതരുടെ സമ്പത്തും ചാരിത്ര്യവും ജീവനും വ്യാപകമായി ചവിട്ടിമെതിക്കപ്പെടുന്നത് വ്യാപകമായപ്പോള്‍ വരേണ്യര്‍ രാജ്യമൊട്ടുക്കും അതൊരു സംസ്കാരമായി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതും സംവരണാവകാശവും ആനുകൂല്യങ്ങളും അവഗണിക്കപ്പെടുന്നതും വ്യാപിക്കുകയാണ് രാജ്യത്ത്.

ഇത്തരം സമീപനങ്ങളില്‍ ഇസ്ലാമിന്‍റെ മാതൃക ലോകരാഷ്ട്രീയത്തിനുതന്നെ മാതൃകയാണ്. മദീനയിലെ പള്ളി അടിച്ചുവാരി വൃത്തിയാക്കുന്ന ഉമ്മുമിഹ്ജന്‍ എന്ന കറുത്ത വര്‍ഗത്തിലെ തൂപ്പുകാരി മരിച്ചപ്പോള്‍ അവരുടെ ജനാസ നബി ﷺ യെ അറിയിക്കാതെതന്നെ ജനങ്ങള്‍ മറവുചെയ്തു. ഊരും പേരുമില്ലാത്ത ഒരു തൂപ്പുകാരി മരിച്ച വിവരം സര്‍വാദരണീയനായ നബി ﷺ യെ എന്തിനറിയിക്കണമെന്നേ വിശ്വാസികള്‍ കരുതിയുള്ളൂ. മരിച്ചത് രാത്രിയായതിനാലും നബി ﷺ ഉറങ്ങിയതിനാലും വിളിച്ചുണര്‍ത്താന്‍ മാത്രമില്ലല്ലോ എന്നേ അവര്‍ വിചാരിച്ചുള്ളൂ. അടുത്ത ദിവസം അവരെ കാണാതായപ്പോള്‍ നബി ﷺ അന്വേഷിച്ചു. തന്നെ വിവരമറിയിക്കാത്തതിനാല്‍ അവിടുന്ന് പരിഭവിച്ചു. ശേഷം ആ സ്ത്രീയുടെ ക്വബ്ര്‍ കാണിച്ചുകൊടുക്കാനാവശ്യപ്പെട്ടു. നബി ﷺ ആ ക്വബ്റിനടുത്തു ചെന്ന് ജനാസ നമസ്കരിച്ചു, പ്രാര്‍ഥിച്ചു.

മരിച്ചയാള്‍ മറവുചെയ്യപ്പെട്ടാലും ക്വബ്റിനടുത്തു ചെന്ന് ജനാസ നമസ്കാരം നിര്‍വഹിക്കാമെന്ന ഇസ്ലാമിക വിധി, ലോകവസാനംവരെ നിലനില്‍ക്കത്തക്കവിധം നിലവില്‍ വന്നത് ഈ തൂപ്പുകാരിയുടെ മരണത്തോടുകൂടിയാണ്.അധഃസ്ഥിതരോട് മനുഷ്യമൂല്യങ്ങളെ വിലമതിക്കുന്ന ഭരണകര്‍ത്താവ് സ്വീകരിക്കേണ്ട നിലപാട് ഈ സംഭവത്തോടെ സ്വഹാബികള്‍ പഠിച്ചു.

'നിങ്ങളുടെ കൂട്ടത്തിലെ ദുര്‍ബലരോടൊപ്പം നിങ്ങളെന്നെ അന്വേഷിക്കുക. കാരണം ഈ ദുര്‍ബലന്മാരെ കൊണ്ടാണ് നിങ്ങള്‍ക്ക് സഹായവും ജീവിതോപാധിയും നല്‍കപ്പെടുക' എന്ന് നബി ﷺ പറഞ്ഞതും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള ഇസ്ലാമിന്‍റെ കാഴ്ചപ്പാടാണ്. എന്നാല്‍ രാജ്യത്ത് പാവങ്ങള്‍ മര്‍ദിക്കപ്പെടുന്നതും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതും മതത്തിന്‍റെ മറവിലാണെങ്കില്‍ ആ മതത്തിന്‍റെ മാനവികത എത്രമാത്രം അപകടം നിറഞ്ഞതാണ്!