അതിജീവന കല

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 ഫെബ്രുവരി 20 1442 റജബ് 08

ദുഃഖങ്ങളും വേദനകളുമില്ലാത്ത ആരും നമ്മുടെ കൂട്ടത്തിലില്ല. പുറമെ പ്രസന്നമുഖവും പുഞ്ചിരിയും പണിപ്പെട്ട് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആള്‍കൂട്ടത്തില്‍നിന്ന് ഒറ്റയാകുമ്പോള്‍ തികട്ടിവരുന്ന മനോദുഃഖങ്ങളാല്‍ നെടുവീര്‍പ്പുവലിക്കുന്ന എത്രയോപേരെ കാണാം. ഈ സ്വകാര്യദുഃഖങ്ങളെ മനഃകരുത്തോടെ അതിജീവിക്കാന്‍ ഒരു സത്യവിശ്വാസിക്കു സാധിക്കും. വിശ്വാസം ദൃഢമാണെങ്കില്‍ അതിന്നു സാധിക്കണം. അതിജീവനകലയില്‍ വിശ്വാസിയോളം വൈദഗ്ധ്യം വെച്ചുപുലര്‍ത്താന്‍ മറ്റാര്‍ക്കും സാധ്യമല്ല.

പ്രസിദ്ധ സ്വഹാബിവനിതയായ ഉമ്മുസുലൈ(റ)മിനെപ്പറ്റി അതിജീവനകലയുടെ ഒരു കഥയുണ്ട്. പ്രവാചകന്‍റെ നിഴല്‍പോലെ മദീനയിലെ പത്തുവര്‍ഷവും സഹവസിച്ച അനസ്ബിന്‍ മാലികി(റ)ന്‍റെ ഉമ്മയാണവര്‍. വിധവയായ ഉമ്മുസുലൈമിനെ പിന്നീട് അബൂത്വല്‍ഹ്വത്ത്(റ) വിവാഹംകഴിച്ചു. ഈ ബന്ധത്തില്‍ ജനിച്ച അബൂഉമൈര്‍ എന്ന കുഞ്ഞ് ചെറുപ്പം മുതലേ രോഗിയായിരുന്നു. അക്കാര്യത്തില്‍ അബൂത്വല്‍ഹത്തും ഉമ്മുസുലൈമും ഏറെ വേദന കടിച്ചിറക്കി ജീവിച്ചു. ഒട്ടും നിരാശപ്പെടാതെ അവര്‍ കുട്ടിയെ ചികിത്സിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം അബൂത്വല്‍ഹത്ത്(റ) ജോലിക്കുവേണ്ടി പുറത്തുപോയ സന്ദര്‍ഭത്തില്‍ ഈ കുഞ്ഞ് മരണപ്പെട്ടു. ക്ഷീണിച്ചവശനായി ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മരിച്ചുകിടക്കുന്ന തന്‍റെ കുഞ്ഞിനെ കണ്ടാല്‍ അബൂത്വല്‍ഹത്തിനുണ്ടാവാനിടയുള്ള സങ്കടം ആ സ്ത്രീ നേരത്തെ കണ്ടറിഞ്ഞു. അവര്‍ കുഞ്ഞിന്‍റെ മയ്യിത്ത് പുതപ്പിച്ച് വീടിന്‍റെ ഒരു മുറിയില്‍ ഒളിപ്പിച്ചുവെച്ചു. അബൂത്വല്‍ഹത്ത് വന്നപ്പോള്‍ കുളിച്ചൊരുങ്ങി നല്ല വസ്ത്രമുടുത്ത് മന്ദസ്മിതത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. ഭക്ഷണം കൊടുത്ത് കുശലം പറയാന്‍ തുടങ്ങി. അബൂത്വല്‍ഹത്ത് കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ അവന്‍ സുഖമായി വിശ്രമത്തിലാണെന്ന് മറുപടി പറഞ്ഞു. പിന്നീടവര്‍ കിടപ്പറയിലേക്ക് പോയി. സമാധാനപൂര്‍വം അന്തിയുറങ്ങിയ അബൂത്വല്‍ഹത്ത് ആ രാത്രിയില്‍ തന്‍റെ ഭാര്യയുമായി ബന്ധത്തിലേര്‍പ്പെട്ടു. നേരം പുലര്‍ന്നശേഷം മനസ്സിനെ കുളിരണിയിച്ച ഭര്‍ത്താവിനോട് ഉമ്മുസുലൈം ചോദിച്ചു: "ഒരു കൂട്ടര്‍ മറ്റൊരു കൂട്ടര്‍ക്ക് വല്ലതും വായ്പകൊടുത്തത് തിരിച്ചാവശ്യപ്പെട്ടാല്‍ അവര്‍ അത് തിരിച്ചുകൊടുക്കാന്‍ ബാധ്യസ്ഥരല്ലേ?" "അതെ, തിരിച്ചുകൊടുക്കണമല്ലോ" അബൂത്വല്‍ഹ ഉറപ്പിച്ചു പറഞ്ഞു. "ശരി, അല്ലാഹു നമുക്ക് വായ്പതന്ന അബൂഉമൈറിനെ അവന്‍ തിരിച്ചുവാങ്ങിയിരിക്കുന്നു. താങ്കള്‍ ക്ഷമിക്കുക. പ്രതീക്ഷ കൈവിടാതിരിക്കുക."

അബൂത്വല്‍ഹത്ത്(റ) സ്തബ്ധനായി. നാവനക്കാന്‍ കഴിയാത്ത ഒരാലസ്യത്തോടെ കുറെ നേരം അദ്ദേഹം സ്തംഭിച്ചിരുന്നു പോയി. പിന്നീട് ഇന്നാലില്ലാഹി... പറഞ്ഞു. അല്ലാഹുവിനെ സ്തുതിച്ചു. ശേഷം നബി ﷺ യുടെ അടുത്തുചെന്ന് അബൂത്വല്‍ഹത്ത്(റ) തലേ രാത്രിയിലെ സംഭവങ്ങളെല്ലാം വിവരിച്ചുകൊടുത്തു. നബി ﷺ പറഞ്ഞു: "നിങ്ങളുടെ ഈ രാത്രിയില്‍ അല്ലാഹു നിങ്ങള്‍ക്ക് കുടുതല്‍ അനുഗ്രഹങ്ങള്‍ ചൊരിയട്ടെ." ആ ബന്ധത്തിലുണ്ടായ ഗര്‍ഭത്തില്‍ പിറന്ന കുഞ്ഞായിരുന്നു പില്‍ക്കാലത്ത് ക്വുര്‍ആന്‍ പണ്ഡിതനായി അറിയപ്പെട്ട അബ്ദുല്ലാഹിബ്നു അബീത്വല്‍ഹത്ത്(റ).

ചെറിയ പ്രയാസങ്ങള്‍ പോലും പെരുപ്പിച്ചുപറഞ്ഞ് കുടുംബ ജീവിതത്തില്‍ അലോസരങ്ങളുണ്ടാക്കുന്ന സ്ത്രീകള്‍ക്ക് ഒരു വലിയ മാതൃകയാണ് ഉമ്മു സുലൈം(റ). അതിജീവനശക്തി ദൈവബോധത്തില്‍ കൂടി എങ്ങനെ ശീലിക്കാനാവുമെന്നതിന്‍റെ ഉദാഹരണമാണ് ഈ ദമ്പതിമാര്‍. 'അല്ലാഹുവേ നീ തന്നത് തടയാനോ, തടഞ്ഞുവെച്ചത് തരാനോ ആര്‍ക്കും കഴിയില്ല' എന്ന വിധിയിലുള്ള വിശ്വാസംകൊണ്ട് ഏത് മഹാപ്രതിബന്ധങ്ങളെയും അഭിമുഖീകരിക്കാനുള്ള മനഃശക്തി നമുക്ക് നേടാനാവും. "പറയുക: അല്ലാഹു ഞങ്ങള്‍ക്കു രേഖപ്പെടുത്തിയതല്ലാതെ ഞങ്ങളെയൊന്നും ഒരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്മാര്‍. അല്ലാഹുവിന്‍റെമേല്‍ മാത്രമാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്" (ക്വുര്‍ആന്‍ 9:51).

ദുരന്തങ്ങളുടെ നെരിപ്പോടില്‍ വെന്തുനീറിയിട്ടും മനഃശക്തി കൈവിടാതെ, അല്ലാഹുവിലുള്ള പ്രതീക്ഷമങ്ങാതെ അതിജീവിച്ച് ഉന്നതങ്ങളുടെ തോളിലേറിയ എത്രയോ മഹാമനുഷ്യരുടെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. "അറിയുക ദൈവസ്മരണകൊണ്ടത്രെ മനസ്സുകള്‍ ശാന്തമാവുക" (ക്വുര്‍ആന്‍ 13:28).