പോസിറ്റീവ്

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 ഫെബ്രുവരി 06 1442 ജുമാദല്‍ ആഖിറ 24

'പോസിറ്റീവ്' എന്ന പദം ശുഭസൂചനയുടെതായിരുന്നു ഇക്കാലമത്രയും. കൊറോണ വൈറസ് എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച കൂട്ടത്തില്‍ ഈ പദത്തെയും അര്‍ഥം തെറ്റിച്ചു. പോസിറ്റീവ് എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടുന്ന സ്ഥിതിയായി. നെഗറ്റീവ് റിസര്‍ട്ട് വന്നാല്‍ മതിയായിരുന്നു എന്ന് ചിന്തിച്ചുതുടങ്ങി. നമുക്കിനി പോസിറ്റീവിലേക്കുതന്നെ തിരിച്ചുവരണം. വിചാരത്തിലും വികാരത്തിലും സമീപനത്തിലും പ്രതീക്ഷയിലും പോസിറ്റീവായിത്തന്നെ പുനരവതരിക്കണം.

ദൃശ്യ, ശ്രവണ, പാരായണങ്ങളിലൊക്കെയും നെഗറ്റീവ് കാര്യങ്ങളേയുള്ളൂ. സന്തോഷത്തിന്ന് വകനല്‍കുന്നത് വളരെ വിരളമാണ്. അത്കൊണ്ടുതന്നെ മനസ്സുകളുടെ പിരിമുറുക്കങ്ങളും പ്രതികരണ ചിന്തകളും പരസ്പര വിദ്വേഷങ്ങളും ജീവിതത്തില്‍നിന്നുതന്നെയുള്ള ഒളിച്ചോട്ടങ്ങളും വര്‍ധിച്ചുവരികയാണ്. ഇങ്ങനെ  വേവും ചൂടുമായി അസ്വസ്ഥജീവിതം നയിക്കാനല്ല ബുദ്ധിയും വിവേകവുംകൊണ്ട് അനുഗൃഹീതനായ മനുഷ്യനെ അല്ലാഹു പടച്ചത്. "എന്‍റെ പക്കല്‍ നിന്ന് 'ഹുദാ' (നേര്‍വഴി) വരുമ്പോള്‍, അത് പിന്തുടര്‍ന്നവന്ന് പേടിക്കാനും ദുഃഖിക്കാനുമില്ല" (ക്വുര്‍ആന്‍ 2:38) എന്ന് മനുഷ്യജീവിതത്തിന്‍റെ തുടക്കംകുറിക്കുമ്പോള്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്. പ്രതീക്ഷ കൈവിടാതെ വിവേകപൂര്‍വം ജീവിതത്തെ സമീപിക്കാനാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്. രാത്രിയില്‍ നേരത്തെ കിടന്നുറങ്ങി, നിശാന്ത്യയാമങ്ങളില്‍ ഉണര്‍ന്നെഴുന്നേറ്റ് നമസ്കരിക്കാന്‍ ശക്തമായി പ്രേരിപ്പിച്ച പ്രവാചകന്‍ ﷺ ആ നിശാനമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ഥനയില്‍ ഉരുവിട്ടിരുന്ന ചില വരികള്‍ ഇങ്ങനെയായിരുന്നു: 'ആകാശഭൂമികളെ സൃഷ്ടിച്ചവന്‍റെ നേര്‍ക്കുനേരേ ഞാനിതാ വിധേയപൂര്‍വം മുഖം തിരിച്ചിരിക്കുന്നു. അവന്‍റെ പരമാധികാരത്തിലും അവനോടുള്ള വിധേയത്വത്തിലും അവന്‍റെ സവിശേഷതകളിലും മറ്റാരെയും ഞാന്‍ പങ്കുചേര്‍ക്കുന്നവനല്ല. എന്‍റെ പ്രാര്‍ഥന, പുണ്യകര്‍മങ്ങള്‍, എന്‍റെ ജീവിതവും മരണവും എല്ലാം ലോകപരിപാലകനായ അല്ലാഹുവിന്നു മാത്രമാണ്...'

ഇങ്ങനെ സമ്പുര്‍ണ സമര്‍പ്പിത പ്രതിജ്ഞയെടുത്തുകൊണ്ട് പ്രാര്‍ഥിച്ചു നേരംപുലരുന്ന ഒരു വിശ്വാസിക്ക് ലഭിക്കുന്ന മനശ്ശാന്തിയും ആത്മവിശ്വാസവും എന്തുമാത്രം ഉല്‍കൃഷ്ടമായിരിക്കുമെന്ന് സ്വയം അനുഭവിച്ചാസ്വദിച്ചാല്‍ പിന്നെ, നിരാശക്കും മനസ്സിന്‍റെ അലോസരങ്ങള്‍ക്കും എവിടെയും ഇടമുണ്ടായിരിക്കില്ല. ഇമാം അഹ്മദ് ഉദ്ധരിച്ച ഒരു നബിവചനത്തില്‍ കാണാം: "നിശ്ചയം, അല്ലാഹുവിങ്കല്‍നിന്ന് സഹായം ലഭിക്കുന്നത് ക്ഷമയോടൊപ്പമാണ.്" ഇഷ്ടപ്പെട്ടവര്‍ അപകടത്തില്‍ പെടുമ്പോള്‍ കരയാതിരിക്കുക മാത്രമല്ല ക്ഷമ എന്നത്; മനസ്സിനെ പതറാതെ പിടിച്ചുനിര്‍ത്താനുള്ള കഴിവാണ് ക്ഷമ. ഈയൊരു ഒറ്റമൂലി മതി ജീവിതം എപ്പോഴും പോസിറ്റീവായിരിക്കാന്‍.

അന്‍തറബ്നു ശദ്ദാദ് എന്ന പ്രസിദ്ധ അറബികവിയെപ്പറ്റി ഒരു കഥയുണ്ട്. അസാമാന്യ ധീരത പ്രകടിപ്പിച്ച കവിയായിരുന്നു അദ്ദേഹം. ഈ മഹാധീരതക്ക് പാരിതോഷികമായി യജമാനന്‍ അയാളെ മോചിപ്പിക്കുകയും പിന്നീട് തന്‍റെ നാട്ടുകാര്‍ക്ക് നേതാവാക്കുകയും ചെയ്തുവത്രെ. ഒരിക്കല്‍ ഒരാള്‍ അന്‍തറയോട് ചോദിച്ചു: 'താങ്കളെങ്ങനെയാണ് ഇത്ര ധീരത കാണിക്കുന്നത്?' അദ്ദേഹം പറഞ്ഞു: 'ക്ഷമകൊണ്ട്.' അന്നാട്ടിലെ മഹാധീരനായി വിലസിയിരുന്നയാള്‍ ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞു: 'ഞാനാണ് നിന്നെക്കക്കാള്‍ ധീരന്‍.' അന്‍തറ പറഞ്ഞു: 'ശരി. നമുക്കൊന്ന് പരീക്ഷിക്കാം.' അന്‍തറ തന്‍റെ കൈവിരല്‍ അദ്ദേഹത്തിന്‍റെ വായില്‍ വെച്ചു. അയാളുടെ കൈവിരല്‍ പിടിച്ചു തന്‍റെ വായിലും വെച്ചു. പിന്നീട് അതിന്മേല്‍ അന്‍തറ ഒരു കടി കൊടുത്തു. ഇതില്‍ ക്ഷുഭിതനായി അപരനായ ധീരന്‍ അന്‍തറയുടെ കൈവിരല്‍ ശക്തിയോടെ കടിച്ചു ഞെരിച്ചു. അന്‍തറയും അക്ഷോഭ്യനായി അയാളുടെ വിരല്‍ കടിച്ചുപിടിച്ചു. ഒടുവില്‍ അപരന്‍ നിലവിളിച്ചു. അന്‍തറ കടിവിട്ടുകൊണ്ട് ചോദിച്ചു: 'എന്തിനാണ് ഇത്ര ധീരനായ താങ്കള്‍ കരഞ്ഞത്?' 'വേദന സഹിക്കാനായില്ല' അയാള്‍ പറഞ്ഞു. 'എനിക്കും നല്ല വേദനയുണ്ടായിരുന്നു. പക്ഷേ, ഞാനത് സഹിച്ചു' പുഞ്ചിരിയോടെ അന്‍തറ പറഞ്ഞു. ഇതൊരു കഥയാണ് എന്നാല്‍ തനിക്ക് വേദന വരുമ്പോള്‍ ക്ഷമ കൈവിട്ടുപോകുകയാണ് നമ്മില്‍ പലര്‍ക്കും.

ഒരിക്കല്‍ ഒരു ക്വബ്റിന്നടുത്തിരുന്ന് കരയുന്ന ഒരു സ്ത്രീയോട്, ആ വഴിക്കു നടക്കവെ നബി ﷺ പറഞ്ഞു: 'അല്ലാഹുവെ സൂക്ഷിക്കൂ, ക്ഷമിക്കൂ.' ആ സ്ത്രീ പറഞ്ഞു: 'എന്‍റെതുപോലൊരു ദുരിതം താങ്കള്‍ക്കു വരാത്തതുകൊണ്ടാണിപ്പറയുന്നത്.' നബിയാണതെന്ന് ആ സ്ത്രി അറിഞ്ഞിരുന്നില്ല. പിന്നീട് ആളെ അറിഞ്ഞപ്പോള്‍ അവര്‍ നബി ﷺ യുടെ അടുത്തുചെന്ന് മാപ്പു പറഞ്ഞു: 'താങ്കളാണെന്ന് ഞാനറിഞ്ഞില്ല.' നബി ﷺ പറഞ്ഞു: 'ആദ്യഘട്ടത്തിലാണ് ക്ഷമ വേണ്ടിയിരുന്നത്' (ബുഖാരി, മുസ്ലിം).

ജീവിതത്തെ ഏതു സന്ദര്‍ഭത്തിലും പോസിറ്റീവായി കാണുകയാണ് നാം വേണ്ടത്. നമ്മുടെ വിശ്വാസവും ആരാധനാകര്‍മങ്ങളും ദിക്റുകളും ദുആകളും അതിന്ന് സഹായകവുമാണ്.